News

Archive for: August 20th, 2017

കേന്ദ്രവിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘം പരസ്യമായി പശുക്കിടാവിനെ കൂട്ടലേലം ചെയ്തു

ഇരിങ്ങാലക്കുട : കാലിക്കച്ചവട ചന്തകളും, അറവുശാലകളും നിരോധിച്ചു കൊണ്ടും, ബീഫ് വില്‍പന രാജ്യത്ത് നിരോധിച്ചും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതില്‍ പ്രതിഷേധിച്ചു കൊണ്ട് കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ആല്‍ത്തറയില്‍ പരസ്യമായി പശുക്കിടാവിനെ കൂട്ടലേലം ചെയ്തു. കര്‍ഷക സംഘം ഏരിയാ കമ്മിറ്റി വില കൊടുത്തു വാങ്ങിയ ഒരു പശുക്കിടാവിനെ കര്‍ഷകര്‍ക്ക് വളര്‍ത്തുന്നതിനായാണ് പരസ്യമായ ലേലം സംഘടിപ്പിച്ചത്. 10 രൂപയില്‍ നിന്നും തുടങ്ങിയ കൂട്ടലേലത്തില്‍ പങ്കെടുക്കാന്‍ വളരെയേറെപ്പേര്‍ എത്തിയിരുന്നു. ലേലത്തിനിടെ മഴപെയ്തെങ്കിലും കനത്തമഴയെ അവഗണിച്ചു ലേലം ആവേശപൂര്‍വം മുന്നേറി. കൂട്ടലേലമായതിനാല്‍ വഴിപോക്കരും പങ്കെടുത്തു. കൂട്ടലേലം ആറായിരം രൂപക്കുമേല്‍ കടന്നപ്പോള്‍ ഒരാള്‍ക്ക് വിളിക്കാവുന്ന തുക 200 രൂപയിലെത്തിയിരുന്നു. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്‍, ടി.എസ്. സജീവന്‍ മാസ്റ്റര്‍, ഹരിദാസ് പട്ടത്ത്, എം ബി രാജു മാസ്റ്റര്‍ , ഗോകുല്‍ ദാസ് തുടങ്ങിയവര്‍ ലേലം നിയന്ത്രിച്ചു. കര്‍ഷകനായ കരുവന്നൂര്‍ സ്വദേശി മോഹനന്‍ കുറ്റശേരിക്ക് ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന വാശിയേറിയ കൂട്ടലേലത്തില്‍ പശുകിടാവിനെ 6200 രൂപയ്ക്കു ലഭിച്ചു. പരമ്പരാഗത ശൈലിയില്‍ താമ്പ് പണം വാങ്ങി കയര്‍ നിലത്തിട്ടു ലേലം വിജയിച്ച കര്‍ഷകന് പശുക്കിടാവിനെ കൈമാറി .

പശുവെന്ന വീട്ടുമൃഗത്തിന്റെ സംരക്ഷണത്തിനല്ല മറിച്ച് വംശനാശത്തിനുള്ള ഉത്തരവാണിതെന്ന് അശോകന്‍ ചരുവില്‍

ഇരിങ്ങാലക്കുട : കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ് പശുവെന്ന വീട്ടുമൃഗത്തിന്റെ വംശനാശത്തിനുള്ളതാണെന്നും അല്ലാതെ സംരക്ഷണത്തിനല്ല ഉപകരിക്കുകയെന്നും സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് കാലിക്കച്ചവട ചന്തകളും, അറവുശാലകളും നിരോധിച്ചു കൊണ്ടും, ബീഫ് വില്‍പന നിരോധിച്ചും വിജ്ഞാപനമിറക്കിയതില്‍ പ്രതിഷേധിച്ചു കൊണ്ട് കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ആല്‍ത്തറയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സംഘം ഏരിയ കമ്മിറ്റി പ്രസിഡണ്ട് ടി.എസ്. സജീവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ ധര്‍ണ്ണയെ അഭിവാദ്യം ചെയ്തു കൊണ്ട് സാഹിത്യകാരന്‍ ബാലകൃഷ്ണന്‍ അഞ്ചത്ത്‌, കെ.പി. ദിവാകരന്‍ മാസ്റ്റര്‍, എം.ബി. രാജു, കെ.കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ധര്‍ണ്ണയ്ക്കു ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ – കര്‍ഷക വിരുദ്ധ വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. കര്‍ഷക സംഘം ഏരിയാ കമ്മിറ്റി വില കൊടുത്തു വാങ്ങിയ ഒരു പശുകുട്ടിയെ വളര്‍ത്തുന്നതിനായി പരസ്യമായി ലേലം ചെയ്തു ക്ഷീരകര്‍ഷകന് കൈമാറി.  കര്‍ഷക സംഘം ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്‍ സ്വാഗതവും, ട്രഷറര്‍ ഹരിദാസ് പട്ടത്ത് നന്ദിയും പറഞ്ഞു

തോട് മൂടി റിയല്‍ എസ്റ്റേറ്റുകാര്‍ മതില്‍ കെട്ടി – വെള്ളക്കെട്ട് ഭീഷണിയില്‍ പരിസരവാസികള്‍

ഇരിങ്ങാലക്കുട : നഗരസഭ അനുമതി ഇല്ലാതെ പാടത്തു മതില്‍ കെട്ടിയ റിയല്‍ എസ്റ്റേറ്റുകാരുടെ നടപടിയിലൂടെ പരിസരവാസികള്‍ വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്നു .ആദ്യ മഴയില്‍ തന്നെ കൂടല്‍മാണിക്യം തെക്കേ നട റോഡിഡിലെ ഭവന്‍സ് സ്കൂളിന് എതിര്‍വശത്തുള്ള പാടത്ത് നിന്നും വെള്ളം ഒഴുകി പോകാതെ സമീപത്തു താമസിക്കുന്നവരുടെ പുരയിടങ്ങളിലേക്ക് വെള്ളം കയറി കൈപ്പാറ വള്ളി ,കൈപ്പാറ കുട്ടന്‍ എന്നിവരുടെ വീടുകള്‍ വെള്ളക്കെട്ടില്‍ ആയി . വരും ദിവസങ്ങളിലെ മഴയില്‍ ഈ മേഖലയില്‍ ഇരുപതോളം വീടുകള്‍ വെള്ളക്കെട്ടില്‍ ആകുന്ന ഭീഷണിയില്‍ ആണ് ഇപ്പോള്‍ . സംഭവസ്ഥലം ചൊവ്വാഴ്ച ഉച്ചയോടെ നഗരസഭ കൗണ്‍സിലര്‍ അമ്പിളി ജയന്‍ സന്ദര്‍ശിച്ചു . വെള്ളക്കെട്ടിന് കാരണമായ മതില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ സമാനമായ
സംഭവം ഉണ്ടായപ്പോള്‍ നഗരസഭ ഇടപെട്ട് പൊളിച്ചുകളഞ്ഞതാണെന്നും അനധികൃതമായി ഉടമ വീണ്ടും കെട്ടിയതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് വഴി വച്ചതു എന്നും ഇവര്‍ പറഞ്ഞു . വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പരിസരവാസികള്‍ക്ക് കൗണ്‍സിലര്‍ ഉറപ്പ് നല്‍കി . റിയല്‍ എസ്റ്റേറ്റ് ലോബികളുടെ കൈപിടിയിലാണ് ഈ മേഖലയിലെ പാടങ്ങള്‍ എല്ലാം .മുറിച്ചു വില്‍ക്കുമ്പോള്‍ അതിര്‍ത്തി തിരിക്കാനായി ഇവിടെ അനധികൃതമായി മതില്‍ കെട്ടുന്നതാണ് വെള്ളം ഒഴുകി പോകാന്‍ തടസ്സവും അതുമൂലം രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുന്നതും .

കൂടല്‍മാണിക്യം കൂത്തമ്പല നവീകരണം പൂര്‍ത്തിയായി – പ്രതിഷ്ഠാചടങ്ങുകള്‍ ജൂണ്‍ 25 ന്

 ഇരിങ്ങാലക്കുട : നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ആകൃതി കൊണ്ടും വലുപ്പം കൊണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കൂത്തമ്പലമായ ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഈ കൂത്തമ്പല പ്രതിഷ്ഠാ ചടങ്ങ് 2017 ജൂണ്‍ മാസം 25 – ാം തീയതി ഞായറാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതായി പത്രസമ്മേളനത്തില്‍ കൂടല്‍മാണിക്യം ദേവസ്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങുകള്‍ ആറു ദിവസങ്ങളായിട്ടാണ് നടത്തുന്നത്. ദേവപ്രതിഷ്ഠയോളം പ്രാധാന്യമുള്ളതാണ് കൂത്തമ്പല പ്രതിഷ്ഠയും. കേരളത്തില്‍ 25ല്‍ അധികം കൂത്തമ്പലങ്ങളുണ്ടെങ്കിലും ഇത്തരത്തില്‍ വിശദമായ ഒരു പ്രതിഷ്ഠാകര്‍മം നടന്നിട്ട് ഉദ്ദേശം 300 ല്‍ അധികം വര്‍ഷമായി എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ കൂത്തമ്പലത്തിനു കേടുപാടുകള്‍ സംഭവിച്ച് ജീര്‍ണാവസ്ഥയില്‍ ആയപ്പോള്‍ 2012 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യ പ്രകാരം സ്വാമി വിവേകാനന്ദന്റെ 150 – ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇതുനുള്ള ഫണ്ട് അനുവദിച്ചത് . നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ലോകത്തിലെ തന്നെ അനശ്വര പൈതൃകമെന്നു യുനെസ്കോ അംഗീകരിച്ചതും ഭാരതത്തിന്റെ തനതു കലാരൂപവുമായ കൂത്ത്, കൂടിയാട്ടം എന്നിവ സംരക്ഷിച്ചു പോരുന്നത് കേരളത്തിലെ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളാണ്. ദേവപൂജകളിലെ നൃത്തത്തിന്റെ പ്രത്യക്ഷ രൂപമാണ് കൂത്ത്. ദേവദര്‍ശനം പോലെ പ്രാധാന്യവും ഫലസിദ്ധിയും ഉള്ളതാണ് അനുഷ്ഠാനപ്രധാനമായ കൂത്തിന്റെ ദര്‍ശനവും. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് മഞ്ചേശ്വരം വരെ നീണ്ടു കിടക്കുന്ന കേരളത്തില്‍ നിരവധി കൂത്തമ്പലങ്ങളുണ്ട്. മഹാക്ഷേത്രങ്ങളിലെ പ്രശസ്തിയും ലക്ഷണസമ്പൂര്‍ണതയും തികഞ്ഞ ഒരു കൂത്തമ്പലമാണ്  കൂടല്‍മാണിക്യത്തിലേതു . ശ്രീകോവിലും ക്ഷേത്രവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഇവിടെയുള്ളത്. അശുദ്ധി വിഷയത്തില്‍ പോലും വളരെ ബന്ധമുണ്ട്. ശ്രീ സംഗമേശ്വര സ്വാമിക്ക് ദ്രവ്യകലശത്തോടെയാണ് ക്രിയകള്‍ ആരംഭിക്കുന്നത്. കൂത്തമ്പലത്തിലെ ശുദ്ധിക്രിയകള്‍, ബീജാരോപണം, കലശപൂജകള്‍, തത്വഹോമം, നാന്ദീമുഖം, പുണ്യാഹം തുടങ്ങി അനേകം ചടങ്ങുകള്‍ ഇവിടെ നടക്കുന്നുണ്ട് എന്ന് ദേവസ്വം തന്ത്രി പ്രതിനിധി തന്ത്രി എ എസ് ശ്രീവല്ലഭന്‍ നമ്പൂതിരി പറഞ്ഞു.


ക്ഷേത്രം തന്ത്രിമാര്‍, പരികര്‍മ്മിമാര്‍, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, രജനീഷ് ചാക്യാര്‍, നാരായണന്‍ നമ്പ്യാര്‍, വില്ലിവട്ടത്ത് രാമനാഥന്‍ നമ്പ്യാര്‍, ക്ഷേത്ര പാരമ്പര്യ-പാരമ്പര്യേതര ജീവനക്കാര്‍ തുടങ്ങിയവരും ഈ ക്രിയാ പദ്ധതികളില്‍ പങ്കെടുക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയാണ് സമര്‍പ്പണചടങ്ങുകള്‍ നടത്തുന്നത്. ജന്മാന്തര പുണ്യങ്ങളുടെ ഫലമായി ഇരിങ്ങാലക്കുട ദേശത്തിനു ഈ സത്കര്‍മം ദര്‍ശനപുണ്യമായി വന്നിരിക്കുന്നു. സര്‍വ്വപാപനിവാരണത്തിനു കൂത്തിന്റെ ദര്‍ശനം സാധ്യമാകുന്നത് പോലെ കൂത്തമ്പലത്തിന്റെ പ്രതിഷ്ഠ ദര്‍ശിക്കുന്നതും സര്‍വ്വദോഷപരിഹാരമാണ്. ഒരു മനുഷ്യആയുസ്സിലെ സര്‍വ്വ ദോഷങ്ങളെയും തീര്‍ത്ത് ഐശ്വര്യാദി സര്‍വ്വഗുണങ്ങളെയും പ്രദാനം ചെയ്യുമെന്ന് ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നു. വിശേഷിച്ച് കൂടല്‍മാണിക്യം കൂത്തമ്പലത്തിലെ അംഗുലിയാങ്കം കൂത്ത് സന്താനലബ്ദി, മംഗല്യസിദ്ധി എന്നിവയ്ക്ക് ഉത്തമമാണെന്ന് അനുഭവസ്ഥര്‍ തന്നെ പറയുകയും ഇപ്പോഴും വഴിപാടുകള്‍ നടത്തി വരുകായും ചെയ്യുന്നു. ആയതിനാല്‍ ഈ കൂത്തമ്പല പ്രതിഷ്ഠാചടങ്ങുകള്‍ ദര്‍ശിച്ച് യഥാശക്തി വഴിപാടുകള്‍ ചെയ്‌താല്‍ എല്ലാവിധ ശ്രേയസ്സുകള്‍ക്കും പാത്രീഭൂതരാകാവുന്നതാണ് എന്ന് പത്രസമ്മേളനത്തില്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ വി പി രാമചന്ദ്രന്‍ , സി മുരാരി , വിനോദ് തറയില്‍ അഡ്മിനിസ്ട്രേറ്റര്‍ എ എം സുമ എന്നിവര്‍ പറഞ്ഞു.

നൂറ്റൊന്നംഗ സഭയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധ പ്രവര്‍ത്തനം സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധ പ്രവര്‍ത്തനം സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തുന്നു.   ജൂണ്‍ 11 ന്ഞായറാഴ്ച രാവിലെ 9 മുതല്‍ 12.30 വരെ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.  ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ മരുന്നുവിതരണവും, രക്ത ഗ്രൂപ്പ് നിര്‍ണയവും നടത്തുന്നു.വിവിധ വിഭാഗങ്ങളിലായി പ്രഗത്ഭരായ 15 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ നിമ്യ ഷിജു നിര്‍വ്വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447047101, 9446413810 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ഗ്രാമീണത നിറഞ്ഞ തന്മയത്വം തുളുമ്പുന്ന ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി പന്ത്രണ്ടാം ക്ലാസുകാരിയുടെ ചിത്രപ്രദര്‍ശനം

ഇരിങ്ങാലക്കുട : തനിക്കു ചുറ്റുമുള്ള ഗ്രാമീണകാഴ്ചകളെയും മറ്റും മനോഹരമായി കാന്‍വാസിലേക്ക് പകര്‍ത്തി ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനി. ചുറ്റിലും കാണുന്നതെന്തോ അതെല്ലാമാണ് ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ പടമാട്ടുമ്മല്‍ വീട്ടില്‍ പി യു പയസിന്റെയും പ്രതിഭയുടെയും മകളായ പന്ത്രണ്ടാം ക്ലാസ്സുകാരി കരുണ പയസിന്റെ ചിത്രഇതിവൃത്തങ്ങള്‍ . ഇങ്ങനെ വരച്ചിരിക്കുന്ന മുപ്പത്തിമൂന്നു ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തൃശൂര്‍ ആര്‍ട്ട് ഗാലറിയില്‍ ഈ കലാകാരി ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് . കരുണയുടെ ആദ്യ ചിത്രപ്രദര്‍ശനമാണിത്‌. തന്മയത്വം തുളുമ്പുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്‌.വരച്ചത് നിരവധിയെണ്ണം ഉണ്ടെങ്കിലും ഇതില്‍ നിന്നും തിരഞ്ഞെടുത്തവ മാത്രമാണ് പ്രദര്‍ശനത്തിനുള്ളത്‌ . നിരവധി പോര്‍ട്രേറ്റുകളും വരച്ചിട്ടുണ്ട് ഈ അതുല്യ പ്രതിഭ. 2012 മുതല്‍ വരച്ച ചിത്രങ്ങള്‍ ഇതില്‍ ഉണ്ട് . വരയ്ക്കാനായി എല്ലാ മാധ്യമങ്ങളും ഉപയോഗിക്കുന്ന ശീലമാണ് ഈ മിടുക്കിക്കുള്ളത് . നാലാം വയസ്സുമുതല്‍ തുടങ്ങിയതാണ് ഈ ചിതം വര . കുറച്ചു കാലയളവില്‍ മാത്രമേ ചിത്രം വര പഠിക്കാന്‍ പോയിട്ടുള്ളൂ . സ്കൂളിലെ ചിത്രരചന അധ്യാപികയായ ആര്‍ബെര്‍ട് ആന്റണിയാണ് ചിത്രരചനയില്‍ കരുണയുടെ വഴികാട്ടി. കരുണ പയസ് ഒരുക്കിയ ഏകാംഗ ചിത്രപദര്‍ശനം ട്രാന്‍സ്‌ഫിഗറേഷന്‍ ശ്രദ്ധേയമാകുന്നു . തനിക്ക് ചുറ്റും കാണുന്ന ഗ്രാമീണ കാഴ്ചകളുടെ സൗന്ദര്യം ഒട്ടും പോകാതെയാണ് കരുണ കാന്‍വാസിലേക്ക് പകര്‍ത്തുന്നത് .  ആളുകള്‍ തിങ്ങി നിറഞ്ഞ കടത്തുവഞ്ചിയും,   കോഴിയും , പൂച്ചയും , വാഴക്കുലയും , തേങ്ങാക്കുലയുമെല്ലാം നിത്യകാഴ്ചകളാണെങ്കിലും കാന്‍വാസിലേക്ക് പകര്‍ത്തിയ ഈ കാഴ്ചകളെ ആരെയും ആകര്‍ഷിക്കുന്നതാണ്. പെന്‍സില്‍ ഡ്രോയിങ്ങില്‍ ഒരുക്കിയിരിക്കുന്ന അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ ചിത്രവും , തന്റെ സഹപടികളുടെ മുഖങ്ങളെല്ലാം ഉള്‍പ്പെടുത്തി വരച്ച സൗഹൃദത്തിന്റെ ചിത്രങ്ങളെല്ലാം എല്ലാവരെയും ആകര്‍ഷിക്കുന്നതാണ് . ജൂണ്‍ ഒന്‍പതിനാണ് ഈ കലാകാരിയുടെ ചിത്രപ്രദര്‍ശനം അവസാനിക്കുക.

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : തൊഴുത്തുംപറമ്പില്‍ തോമന്‍മറിയം ട്രസ്റ്റിന്റെ വിദ്യാനിധി പ്രകാരം നിര്‍ധനരായ 500 വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട കത്തിഡ്രല്‍ വികാരി ഫാ. ജോയ് കടമ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ടെസ്സ അബിന്‍ സ്വാഗതം ആശംസിച്ചു . ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുഗ്രഹപ്രഭാഷണം നടത്തി.  ഫാ. വിന്‍സെന്റ് ആലപ്പാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . മുന്‍ മുസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ. ജോണ്‍ നിതിന്‍ തോമസ് , ഡോ ജോസ് ടി എം , അഡ്വ . ടി ജെ തോമസ് , ജോസ് ടി എ , അഡ്വ. മിഥുന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ പി ടി എ യുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു . ആര്‍ട്ടിസ്റ് ഗിരീഷ് പുളിയൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ 27 വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണപ്പതക്കം നല്‍കി ആദരിച്ചു. 9 എ പ്ലസ് നേടിയ 33 വിദ്യാര്‍ത്ഥികളെ ട്രോഫി നല്‍കി അനുമോദിച്ചു. വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മെഡല്‍ നല്‍കി അനുമോദിച്ചു. യോഗത്തില്‍ പി ടി എ പ്രസിഡന്റ് പി ടി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി വി ശിവകുമാര്‍ വിജയോത്സവം സപ്ലിമെന്റ് പ്രകാശനം ചെയ്തു. മിനി ജോസ് , മദര്‍ ജെസ്മി , സി മെറീന , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി റോസെലെറ്റ് സ്വാഗതവും സി നവീന നന്ദിയും പറഞ്ഞു.

Top
Close
Menu Title