News

Archive for: August 20th, 2017

വര്‍ഷമാപിനി സിവില്‍സ്റ്റേഷന്‍ കോംപൗണ്ടിലേക്ക് മാറ്റി സ്ഥാപിക്കണം – ജോയിന്റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന് പതിച്ചുനല്‍കിയ കച്ചേരി പുറമ്പോക്കില്‍ പ്രവര്‍ത്തിപ്പിക്കുന്ന വര്‍ഷമാപിനി സംവിധാനം സിവില്‍സ്റ്റേഷന്‍ കോംപൗണ്ടിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റി ജില്ലാകളക്ടര്‍ക്ക് നല്‍കിയ നിവേദനത്തിലാവശ്യപ്പെട്ടു. പ്രദേശത്തെ വൃക്ഷങ്ങള്‍ മഴനേരിട്ട് മാപിനിയില്‍ പതിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ശേഖരിക്കപ്പെടുന്ന മഴയുടെ അളവില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട് വര്‍ഷമാപിനി മാറ്റി സ്ഥാപിച്ച് കൃത്യമായ മഴയുടെ അളവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതുവഴി താലൂക്കിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ആസൂത്രണവും വേഗതയും കൈവരുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷമാപിനി മാറ്റിസ്ഥാപിക്കുന്നതിന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സാങ്കേതിക സഹായം നല്‍കാത്തതാണ് ഇരിങ്ങാലക്കുടയുടെ കൃത്യമായ മഴയുടെ തീവ്രത അധികാര കേന്ദ്രങ്ങളിലെത്താത്തതിനും അര്‍ഹതപ്പെട്ട ആനുകൂല്ല്യങ്ങള്‍ താലൂക്ക് പരിധിയില്‍ നിഷേധിക്കപ്പെടുന്നതിനും കാരണമെന്ന് മേഖലാ കമ്മറ്റി ആരോപിച്ചു. അനുവദിച്ചുകിട്ടിയ വസ്തുവില്‍ ശബരിമലതീര്‍ത്ഥാടക്കായുള്ള ഇടത്താവളകെട്ടിട നിര്‍മ്മാണത്തിനൊരുങ്ങുകയാണ് കൂടല്‍മാണിക്യം ദേവസ്വം. ഇതിനായുള്ള പ്രാഥമിക സര്‍വേജോലികള്‍ ഇക്കഴിഞ്ഞദിവസം നടത്തിയിരുന്നു. ഏറെ പരിമിതികളോടെയാണ് തഹസില്‍ദാരുടെ ഓഫീസിന്‍കീഴില്‍ വര്‍ഷമാപിനി സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. അവധിയില്ലാതെ പ്രവര്‍ത്തിച്ചാണ് ഇരിങ്ങാലക്കുടയിലെ മഴവിവരങ്ങള്‍ ജില്ലാഭരണകൂടത്തിന് കൈമാറുന്നത്. ദിവസേന രാവിലെ ആറിന് മഴമാപിനിയില്‍ നിന്നും മഴയുടെ അളവ് ശേഖരിച്ച് കൈമാറുന്നത് ഡെപ്യൂട്ടി ഒബ്‌സര്‍വറാണ്. മുന്നുറ്റമ്പത് രൂപയെന്ന തുച്ഛവേതനമാണ് ഈ ജോലിക്ക് അധികവേതനമെന്നതിനാല്‍ മിക്കവാറും റവന്യൂജീവനക്കാരും ഈ ജോലിക്ക് തയ്യാറാകാതെ മാറിനില്‍ക്കുകയാണ് പതിവ്. അവധിയില്ലാതെ അതിരാവിലെ ജോലി നോക്കുന്ന വര്‍ഷമാപിനി ജീവനക്കാരുടെ വേതനവര്‍ദ്ധനവിനായും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നിരാശയാണ് ഫലമെന്ന് ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. വര്‍ഷമാപിനിയെ കുറിച്ച് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാര്‍ത്ത നല്‍കിയിരുന്നു

related news : മഴയുടെ അളവറിയിച്ചു ഇരിങ്ങാലക്കുടയുടെ സ്വന്തം മഴമാപിനി

സീതാറാം യെച്ചൂരിക്ക് നേരെയുള്ള കൈയ്യേറ്റശ്രമം : ഇരിങ്ങാലക്കുടയില്‍ സിപിഎം പ്രതിഷേധ റാലി

ഇരിങ്ങാലക്കുട : പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹിയിലെ എകെജി ഭവനില്‍ വച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുള്ള കൈയ്യേറ്റ ശ്രമത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ സിപിഎം പ്രതിഷേധ റാലി സംഘടിപ്പിച്ചു. പാര്‍ട്ടി ഓഫീസില്‍നിന്നും ആരംഭിച്ച പ്രതിഷേധ റാലിക്ക് സി പി ഐ എം ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ , ടി ജി ശങ്കരനാരായണന്‍, വി മനോജ് കുമാര്‍, കെ സി പ്രേമരാജന്‍, കെ പി ദിവാകരന്‍ മാസ്റ്റര്‍, ടിഎസ്‌സജീവന്‍, എംബി രാജു എന്നിവര്‍ നേതൃത്വം നല്‍കി . സംഘപരിവാറിനെതിരെ രൂക്ഷമായ മുദ്രവാക്യങ്ങളുമായാണ് പ്രതിഷേധ റാലി നഗരം ചുറ്റിയത്. ഠാണാവില്‍ ചേര്‍ന്ന യോഗത്തില്‍ ഉല്ലാസ്‌കളക്കാട്ട്,പ്രൊഫ കെയു അരുണന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. പൊറത്തിശേരി, വേളൂക്കര, പടിയൂര്‍, പൂമംഗലം, പുല്ലൂര്‍, മുരിയാട്, കാട്ടൂര്‍, കാറളം, കിഴുത്താണി , ടൗണ്‍ ലോക്കല്‍ കമ്മിറ്റികളിലും ബ്രാഞ്ചുകളുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

പാടത്ത് മരുന്ന് മാലിന്യം നിക്ഷേപിച്ച കമ്പനിയെ കൊണ്ട് മാലിന്യം നീക്കിച്ചു

തൊമ്മാന :  പോട്ട മൂന്നുപീടിക റോഡില്‍ തൊമ്മാന പാടത്ത് അനധികൃതമായി  മരുന്ന് മാലിന്യം നിക്ഷേപിക്കുകയും തുടര്‍ന്ന്‌  ഡി വൈ എഫ് ഐ  തൊമ്മാന യൂണിറ്റ് വേളൂക്കര ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്   നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വേളൂക്കര ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് തൊമ്മാന ഡി വൈ എഫ് ഐ  പ്രവര്‍ത്തകരും നാട്ടുകാരും കൂടി നടത്തിയ പരിശോധനയില്‍ ഇരിങ്ങാലക്കുടയിലെ  സി ഇ- ബയോടെക്     എന്ന സ്ഥാപനത്തിലെ മരുന്നുകളാണെന്ന് തെളിയുകയും തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസും,  വേളൂകര ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റും നാട്ടുകാരും ചേര്‍ന്ന് സി ഇ- ബയോടെക് എന്ന കമ്പനിയെ കൊണ്ട് തന്നെ അവിടെ നിന്നും മാലിന്യം നീക്കിക്കുകയും അവരുടെ  ഓഫീസില്‍  തന്നെ നിക്ഷേപിക്കുകയും ചെയ്തു. വേളൂക്കര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉമേഷ് , ഇരിങ്ങാലക്കുടഎസ് ഐ   സുശാന്ത് , പ്രദേശവാസികള്‍ എന്നിവര്‍ നേതൃത്വം നല്‍കി

മഴയുടെ അളവറിയിച്ചു ഇരിങ്ങാലക്കുടയുടെ സ്വന്തം മഴമാപിനി

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ പെയ്ത മഴയുടെ അളവ് എത്രയെന്നു അറിയുമോ ? 23.4 മില്ലി മീറ്റര്‍. ഇന്നലെ റെക്കോര്‍ഡ് മഴയായ് 80.2 മില്ലി മീറ്ററും … ഇടവപാതി മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ഓരോ ദിവസവും എത്ര മഴ പെയ്തു എന്ന് നാം അറിയുന്നത് വാര്‍ത്തയിലൂടെ ആണ്. ഒരു പ്രദേശത്ത്‌, ഒരു നിശ്ചിത സമയത്തിനുള്ളില്‍ എത്രമാത്രം അളവ്‌ മഴ ലഭിച്ചു എന്നത്‌ അളക്കുവാനുപയോഗിക്കുന്ന ഉപകരണമാണ്‌ മഴമാപിനി അഥവാ വര്‍ഷമാപിനി. ഇരിങ്ങാലക്കുടയില്‍ ഇത്തരത്തില്‍ ഒന്നു അര നൂറ്റാണ്ടിലധികമായി പഴയ താലൂക്ക് ഓഫീസ് നിലനിന്നിരുന്ന ആല്‍ത്തറക്കു സമീപത്തെ കൂടല്‍മാണിക്യം ദേവസ്വം കച്ചേരി വളപ്പില്‍ പ്രവര്‍ത്തിപ്പിക്കുന്ന വര്‍ഷമാപിനി സംവിധാനം. ഈ സംവിധാനത്തിലിടെ അളക്കുന്ന മഴയുടെ കണക്കുകള്‍ പലവിധ കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്നുണ്ട്. മുകുന്ദപുരം തഹസില്‍ദാരുടെ ഓഫീസിന്‍കീഴിലാണ് വര്‍ഷമാപിനി സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. മഴനേരിട്ട് മഴമാപിനിസംഭരണിയില്‍ ശേഖരിക്കുകയും സംഭരണിയില്‍ സ്ഥാപിച്ചിരിക്കുന്ന അളവുപകരണം പരിശോധിച്ച് മഴയുടെ തോത് ജില്ലാഭരണകൂടത്തിന് കൈമാറുകയുമാണ് ചെയ്യുന്നത്. മുകുന്ദപുരം തഹസില്‍ദാരുടെ കീഴില്‍ താലൂക്ക് ഓഫീസിലെ ജീവനക്കാരിയായ നീനു യു.പി ഒബ്‌സര്‍വര്‍ ആയും മനവലശ്ശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരനായ അജിത്കുമാര്‍ വി ഡെപ്യൂട്ടി ഒബ്‌സര്‍വര്‍ ആയും അവധിയില്ലാതെ പ്രവര്‍ത്തിച്ചാണ് ഇരിങ്ങാലക്കുടയിലെ മഴവിവരങ്ങള്‍ ജില്ലാഭരണകൂടത്തിന് കൈമാറുന്നത്. ദിവസേന രാവിലെ ആറിന് മഴമാപിനിയില്‍ നിന്നും മഴയുടെ അളവ് ശേഖരിച്ച് കൈമാറുന്നത് ഡെപ്യൂട്ടി ഒബ്‌സര്‍വറാണ്. മാസം മുന്നുറ്റമ്പത് രൂപയെന്ന തുച്ഛവേതനമാണ് ഈ ജോലിക്ക് അധികവേതനമെന്നതിനാല്‍ മിക്കവാറും റവന്യൂജീവനക്കാരും ഈ ജോലിക്ക് തയ്യാറാകാതെ മാറിനില്‍ക്കുകയാണ് പതിവ്.

ഒരു നിശ്ചിത വായ് വട്ടമുള്ള ഒരു ഫണലും, അതിനടിയില്‍ മഴവെള്ളം ശേഖരിക്കാനായി ഘടിപ്പിച്ചിരിക്കുന്ന ഒരു കുഴല്‍പ്പാത്രവുമാണ് മഴമാപിനിയുടെ പ്രധാന ഭാഗങ്ങള്‍. കുഴല്‍പാത്രത്തിന്റെ ഒരു വശത്ത് താഴെ നിന്ന് മുകളിലേക്കുള്ള ഉയരം മില്ലീമീറ്ററില്‍ ആണ് രേഖപെടുത്തുന്നത് . തുറസ്സായ ഒരു സ്ഥലത്താണ്‌ മഴ അളക്കുന്നതിനായി മഴമാപിനി വയ്ക്കേണ്ടത്‌. മരങ്ങളില്‍നിന്നും, കെട്ടിടങ്ങളില്‍നിന്നും മറ്റുമുള്ള വെള്ളം ഫണലില്‍ പതിക്കാനിടവരരുത്‌. ഒരു മണിക്കൂറോളം തോരാതെപെയ്യുന്ന മഴയുടെ അളവ് ഏകദേശം പതിനഞ്ചു മില്ലീമീറ്ററോളം വരും. മഴമാപിനിയില്‍, ഫണലിന്റെ വായ്‌വട്ടത്തിന്റെ പത്തിലൊന്ന് വായ്‌വട്ടമായിരിക്കും കുഴല്‍പ്പാത്രത്തിന്റെ വ്യാസം. ചെറിയ വര്‍ഷപാതം പോലും കൃത്യമായി അളക്കുന്നതിനായിട്ടാണ്‌ ഇങ്ങനെ ഒരു ഘടന ഉപയോഗിക്കുന്നത്. ഈ വ്യാസവ്യത്യാസം കൊണ്ട് ഫണലില്‍ വീഴുന്ന ഒരു മില്ലീ മീറ്റര്‍ മഴ കുഴല്‍ പാത്രത്തില്‍ വീഴുമ്പോള്‍ അതിന്റെ ഉയരം പത്തു മില്ലീമീറ്ററായി പെരുപ്പിക്കപ്പെടുന്നു. മഴയളക്കുന്നതില്‍ വരാവുന്ന പിശക് കുറയ്ക്കുവനായിട്ടാണ് ഇങ്ങനെ ഒരു പെരുപ്പിച്ച‌തോത് ഉപയോഗിക്കുന്നത്‌. 250 മില്ലിമീറ്റര്‍ ഉയരമുള്ള മാപിനിക്ക്‌ 25 മില്ലീമീറ്റര്‍ മഴ അളക്കുവാന്‍ സാധിക്കും അതില്‍ കൂടുതല്‍ മഴപെയ്താല്‍ അതും കൃത്യമായി അളക്കാന്‍ വേണ്ടിയുള്ള സംവിധാനമാണ്‌ മാപിനിയുടെ പുറംകുഴല്‍. കൂടുതല്‍ മഴപെയ്താല്‍ കുഴലിലെ വെള്ളം മുകളറ്റത്തുള്ള ഒരു ദ്വാരം വഴി പുറത്തെ വലിയ കുഴലില്‍ ശേഖരിക്കപ്പെടും ഇങ്ങനെ ശേഖരിക്കപ്പെടുന്ന വെള്ളം മഴയ്ക്കുശേഷം ചെറിയകുഴലുപയോഗിച്ച്‌ അളന്നുതിട്ടപ്പെടുത്തുന്നു.

എന്നാല്‍ കച്ചേരിവളപ്പില്‍ നിലവില്‍ വര്‍ഷമാപിനി പ്രവര്‍ത്തിപ്പിക്കുന്ന പ്രദേശത്തെ വൃക്ഷങ്ങള്‍ മഴ നേരിട്ട് മാപിനിയില്‍ പതിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ശേഖരിക്കപ്പെടുന്ന മഴയുടെ അളവില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി ഒബ്‌സര്‍വര്‍ അഭിപ്രായപ്പെടുന്നു. കുറഞ്ഞതോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഴയുടെ അളവ് പലപ്പോഴും കാലവര്‍ഷദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഭരണകൂടത്തിന്റെ അടിയന്തിരശ്രദ്ധ കിട്ടുന്നതിനും തടസ്സമുണ്ടാക്കുമെന്ന ആശങ്കയുണ്ട്. കൂടുതല്‍ സ്ഥല സൗകര്യമുള്ള താലൂക്ക് ആസ്ഥാനം കൂടിയായ സിവില്‍സ്റ്റേഷനിലേക്ക് വര്‍ഷമാപിനി മാറ്റി സ്ഥാപിച്ചാല്‍ കൃത്യമായ മഴയുടെ അളവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതുവഴി താലൂക്കിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ആസൂത്രണവും വേഗതയും കൈവരുത്താം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെന്നും വര്‍ഷമാപിനി സംവിധാനം മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സാങ്കേതിക മേല്‍നോട്ടം ലഭിക്കാന്‍ കാലതാമസം നേരിടുന്നതാണ് നിലവിലെ താമസത്തിനു കാരണമെന്നും മുകുന്ദപുരം തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു . മഴമാപിനി സ്ഥാപിക്കുന്നതിനുള്ള സ്ഥലവും കാര്യങ്ങളുമേര്‍പ്പെടുത്തി വിവരങ്ങള്‍ ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അറിയുന്നു.

related news : വര്‍ഷമാപിനി സിവില്‍സ്റ്റേഷന്‍ കോംപൗണ്ടിലേക്ക് മാറ്റി സ്ഥാപിക്കണം – ജോയിന്റ് കൗണ്‍സില്‍

എം എല്‍ എ മാരുടെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതി പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിക്കാത്തത് ജില്ലയില്‍ ഇരിങ്ങാലക്കുടയില്‍ മാത്രം

ഇരിങ്ങാലക്കുട : ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളില്‍ ഇരിങ്ങാലക്കുട ഒഴിച്ചു ബാക്കി എല്ലായിടത്തും എം എല്‍ എ മാരുടെ നിയോജകമണ്ഡല ആസ്തി വികസന പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിച്ചു. 2016 -17 സാമ്പത്തിക വര്‍ഷത്തെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതിയിലുള്‍പ്പെട്ട പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി വെറും മൂന്ന് ആഴ്ച മാത്രം അവശേഷികുമ്പോഴാണ് ഈ അവസ്ഥ . ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 485 ലക്ഷം രൂപക്കുള്ള 14 പ്രോജക്റ്റുകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത് . ഇതില്‍ ഒന്നിന് പോലും ഭരണാനുമതി ലഭിച്ചിട്ടില്ല . ഇതില്‍ ഒന്നിന് പോലും കണ്‍കറന്‍സ് ഇഷ്യൂ ചെയ്തതായി സര്‍ക്കാരിന്റെ എ ഡി എസ് പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങളില്‍ കാണുന്നില്ല . സമീപ നിയോജകമണ്ഡലങ്ങളായ ചാലക്കുടിയി ബി ഡി ദേവസ്സി എം എല്‍ എ യുടെ 16 പ്രോജക്റ്റുകളില്‍ 14 എണ്ണത്തിനും കണ്‍കറന്‍സും എ ഡി എസ് ഉം ലഭിച്ചിട്ടുണ്ട് . പുതുക്കാട് സി രവീന്ദ്രനാഥ് മന്ത്രിയുടെ മണ്ഡലത്തില്‍ 12 പ്രവര്‍ത്തികളില്‍ 11 എണ്ണത്തിനും കണ്‍കറന്‍സ് ഇഷ്യൂ ചെയ്തിട്ടുണ്ട് . നാട്ടിക മണ്ഡലത്തില്‍ ഗീത ഗോപി എം എല്‍ എ യുടെ 18 പ്രവര്‍ത്തികളില്‍ 8 എണ്ണത്തിനും കണ്‍കറന്‍സ് ഇഷ്യൂ ചെയ്തിട്ടുണ്ട് . ആദ്യമായി എം എല്‍ എ മാരായ കൈപ്പമംഗലത്തെ ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എയുടെ 20 പ്രവര്‍ത്തികളില്‍ 3 എണ്ണത്തിനും കൊടുങ്ങലൂര്‍ നിയോജകമണ്ഡലത്തില്‍ അഡ്വ. സുനില്‍ കുമാര്‍ എം എല്‍ എയുടെ 14 പ്രവര്‍ത്തികളില്‍ 2 എണ്ണത്തിനും ഇഷ്യൂ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ആണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ മാത്രം ഒന്നിന് പോലും കണ്‍കറന്‍സ് ഇഷ്യൂ ചെയ്യുകയോ ഭരണാനുമതി ലഭിക്കുകയോ ചെയ്യാത്തത്. എന്നാല്‍ നിയോജകമണ്ഡലത്തില്‍ എം എല്‍ എയുടെ ആസ്തി വികസന പ്രവര്‍ത്തികള്‍ക്കായി 14 പ്രോജക്റ്റുകള്‍ എല്‍ എസ് ജി ഡി വഴിയാണ് നല്‍കിയതെന്നും ഇതില്‍ പലതിനും ഭരണാനുമതി ലഭിക്കാനുള്ള അവസാനഘട്ടത്തിലാണ് എന്ന് എം എല്‍ എയുടെ ഓഫീസ്‌ വിശദികരിക്കുന്നു. ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് വെറും സാങ്കേതികമായ താമസങ്ങള്‍ മാത്രമാണെന്നും നിശ്ചയിച്ച എല്ലാ പ്രവര്‍ത്തികള്‍ക്കും ജൂണ്‍ മാസത്തില്‍ തന്നെ എ എസ് ഓര്‍ഡര്‍ ലഭിക്കുമെന്ന് എം എല്‍ എ കെ യു അരുണന്‍ മാസ്റ്റര്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.

കല്ലംകുന്ന് റോഡില്‍ ഊരകത്ത് പാടത്ത് മെഡിക്കല്‍ മാലിന്യം തള്ളി

ഇരിങ്ങാലക്കുട : ഊരകം – കല്ലംകുന്ന് റോഡില്‍ ഊരകത്ത് പാടത്ത് മെഡിക്കല്‍ മാലിന്യം തള്ളി. കാലഹരണപ്പെട്ട മരുന്നുകളും സിറിഞ്ച് ഉള്‍പ്പെടെയുള്ള സാധനങ്ങളുമാണ് തോട്ടില്‍ തള്ളിയത്. ചാക്കിലും പ്ലാസ്റ്റിക്ക് കവറിലും ആയാണ് മാലിന്യം നിക്ഷേപിച്ചത്. വാര്‍ഡ് അംഗം എം.കെ. കോരുക്കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസിലും പരാതിപ്പെട്ടു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ 2 പേര്‍ വന്ന് തള്ളിയ മാലിന്യം ചാക്കുകളിലാക്കി തിരികെ കൊണ്ടുപോയി. കഴിഞ്ഞ ദിവസം തൊമ്മാന പാടത്ത് മെഡിക്കല്‍ മാലിന്യം തള്ളിയിരുന്നു.

ശാന്തിനികേതന്‍ കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ 80 കുട്ടികള്‍ക്ക് വിദ്യാരംഭം കുറിച്ചുകൊണ്ട് കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനോത്സവം നടത്തി . പ്രവേശനോത്സവ ഉദ്ഘാടനം എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ നിര്‍വഹിച്ചു . എസ് എന്‍ ഇ എസ് പ്രസിഡന്റ് എ എ ബാലന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് എം സി ചെയര്‍മാന്‍ അഡ്വ. കെ ആര്‍ അച്യുതന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ എം ആര്‍ ഹരീഷ് മേനോന്‍ ആമുഖ പ്രസംഗവും നടത്തി. എസ് എന്‍ ഇ എസ് സെക്രട്ടറി എ കെ ബിജോയ് എസ് എന്‍ ഇ എസ് വൈസ് ചെയര്‍മാന്‍ കൃഷ്ണാനന്ദ ബാബു , ട്രഷറര്‍ സുബ്രമണ്യന്‍ , ജോയിന്റ് സെക്രട്ടറി ഗംഗാധരന്‍ , മാനേജര്‍ പ്രൊഫ. വിശ്വനാഥന്‍ , പി ടി എ പ്രസിഡന്റ് പി ജി മോഹനന്‍ ,രമ്യ സുനില്‍ , എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു . പ്രസ്തുത ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു . കെ ജി കോര്‍ഡിനേറ്റര്‍ രമ ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ നേതൃത്വം നല്‍കി .

സ്‌പോട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : സ്‌പോട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനം പ്രതീക്ഷാഭവനില്‍ ആഘോഷിച്ചു . ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വിന്‍സെന്റ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . ക്ലബ് അംഗവും പ്രശസ്ത സിനിമാതാരവുമായ ടോവിനോ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പോള്‍സി സ്വാഗതവും പി ടി എ പ്രസിഡന്റ് ജോര്‍ജ് ആശംസകളും നേര്‍ന്നു . തുടര്‍ന്ന് ടോവിനോയും ക്ലബ് അംഗങ്ങളും ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു.

പ്രതിഷേധ ജ്വാല തെളിയിച്ചു : ഷണ്‍മുഖം കനാലിന്റെ ശോച്യാവസ്ഥയ്ക്ക് കാരണം യു.ഡി.എഫ് സര്‍ക്കാറെന്ന് സി.പി.ഐ

ഇരിങ്ങാലക്കുട : ഷണ്‍മുഖം കനാല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പ്രതിഷേധജ്വാല നടത്തി. മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. ചരിത്രപ്രസിദ്ധമായ ഷണ്‍മുഖം കനാലിന്റെ ഇന്നത്തെ ശോച്യാവസ്ഥയ്ക്ക് കാരണം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ അലംഭാവമെന്ന് സി.പി.ഐ കുറ്റപ്പെടുത്തി. 2005ല്‍ ഷണ്‍മുഖം കനാലിനെ ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും നടപടികളൊന്നും ആയില്ല. വി.എസ് സര്‍ക്കാറിന്റെ കാലത്ത് 2.25 കോടി ഇതിനായി അംഗീകരിക്കുകയും ആദ്യഘട്ടമെന്ന നിലയില്‍ 75 ലക്ഷം അനുവദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കനോലി കനാലില്‍ നിന്നം ചെളി കോരുകയും ഇരുവശത്തും കരിങ്കല്‍ വെച്ച് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം എത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നയപൈസപോലും അനുവദിച്ചില്ല. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ എം.എല്‍ എയായിരുന്ന ഉണ്ണിയാടന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഒന്നും നടപ്പിലായില്ല. കനാലിന്റെ മുനിസിപ്പാലിറ്റി പ്രദേശത്ത് മാലിന്യങ്ങള്‍ നിറഞ്ഞ് നികത്തപ്പെട്ട പോലെയാണ്. പലയിടത്തും ഇരുവശവും കനാലിലേയ്ക്ക് ഇടിഞ്ഞു. മാലിന്യങ്ങളുടെ ദുര്‍ഗന്ധവും ഇഴ ജന്തുക്കളുടെ ശല്യവും ഏറി വരികയാണ്. ഷണ്‍മുഖം കനാല്‍ വ്യത്തിയാക്കി സംരക്ഷിക്കുകയാണെങ്കില്‍ ഇരിങ്ങാലക്കുട, പൂമംഗലം, പടിയൂര്‍ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും സി.പി.ഐ വ്യക്തമാക്കി. കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പി. മണി പറഞ്ഞു. കെ.എസ് സന്തോഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം എന്‍.കെ ഉദയപ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍ എം.സി രമണന്‍, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, ബ്ലോക്കംഗം കെ.എസ് രാധാകൃഷ്ണന്‍, സി. സുരേഷ്, പി.യു സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

Top
Close
Menu Title