News

Archive for: August 20th, 2017

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നു

കോണത്തുക്കുന്ന് : സ്നേഹധാര ചാരിറ്റബള്‍ ട്രസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ഉന്നത പഠന നിലവാരവും സാമ്പത്തികമായി കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ജൂണ്‍ 15ന് മുന്‍പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ അയക്കേണ്ട വിലാസം: Snehadhara Charitable Trust , Near N.S.S. Hall, Konathukunnu -680123  Ph: 9745201962, 9645146236, 9746610110

ഊരകം ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ സൂക്തം പദ്ധതിക്ക് തുടക്കമായി

പുല്ലൂര്‍ : ഊരകം പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തില്‍ ആരോഗ്യ സൂക്തം പദ്ധതിയുടെ ഭാഗമായി നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളില്‍ എന്ന സന്ദേശവുമായി നടത്തുന്ന ശുചിത്വ സംരക്ഷണ യജ്ഞത്തിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടെസി ജോഷി അധ്യക്ഷത വഹിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് എ.എസ്. വത്സ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. രാഖി പ്രസംഗിച്ചു. വര്‍ഷക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർ ഏ.ജി. കൃഷ്ണക്കുമാർ സെമിനാർ നയിച്ചു. ആശാ വർക്കർമാരായ സുവി രാജന്‍, ബിന്ദു മോഹനന്‍ പി.പി. രാജി, ഷീജ ശിവന്‍ എന്നിവർ നേതൃത്വം നല്‍കി.

സതീഷ് വിമലന്‍ മുകുന്ദപുരം താലൂക്ക് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്

ഇരിങ്ങാലക്കുട :  മുകുന്ദപുരം താലൂക്ക് ഹൗസിങ്  കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി സതീഷ് വിമലനെ തിരഞ്ഞെടുത്തു. ഡയറക്ടര്‍  ബോര്‍ഡ് അംഗംങ്ങള്‍: എ ആര്‍ ജയചന്ദ്രന്‍ , കെ ആര്‍ ശങ്കരന്‍ മാസ്റ്റര്‍, ജോസ് പൈനാടത് , അഡ്വ. സി ജി ബാലകൃഷ്ണന്‍ , കെ പി ജോസ് , ഖതീജ അലവി , റാണി എസ് പൈനാടത്  , ഹണി ജോയ് . ഇരിങ്ങാലക്കുട രാമകൃഷ്ണ അയ്യര്‍ റോഡിലാണ് സൊസൈറ്റിയുടെ ആസ്ഥാനം .

ഒരുമയോടെ മുഹമ്മദ് അസ്നാന്റെ ജീവനുവേണ്ടി -രക്തമൂലകോശദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് ജൂണ്‍ 11 ഞായറാഴ്ച

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ 7 – ാം വാര്‍ഡില്‍ താമസിക്കുന്ന ഊളക്കല്‍ അക്ബര്‍ മകന്‍ അസ്നാന് (3) ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനു രക്തമൂലകോശം മാറ്റിവച്ചാല്‍ മാത്രമേ സാധിക്കുകയുള്ളു എന്ന അവസ്ഥയില്‍ ഈ പിഞ്ചോമനയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വേണ്ടി ദാത്രി ബ്ലഡ് സ്റ്റം സെല്‍ ഡോണര്‍ രെജിസ്ട്രിയും , പടിയൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ കലാ-സാംസ്‌കാരിക -സന്നദ്ധ സംഘടനകളും ചേര്‍ന്ന് ജൂണ്‍ 11 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ എച്ച് ഡി പി സമാജം സ്കൂളില്‍ രക്തമൂലകോശദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു . രക്താര്‍ബുദം പോലുള്ള നൂറിലധികം മാരക രക്തജന്യ രോഗങ്ങള്‍ക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവയ്ക്കല്‍ . രക്തദാനം പോലെത്തനെ വളരെ എളുപ്പവും , സുരക്ഷിതവുമാണ് രക്തമൂലകോശദാനവും . രക്തദാനത്തിന് രക്തഗ്രൂപ്പ് സാമ്യം വേണ്ടതുപോലെ രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ആവശ്യമാണ് . കുടുംബത്തില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ ജനിതക സാമ്യം ഉള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25 % മാത്രമാണ് . മിക്കപ്പോഴും കുടുംബത്തിന് പുറത്തുനിന്നും ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു . എന്ന് സംഘാടകസമിതിക്കുവേണ്ടി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു ,അനൂപ് മാമ്പ്ര, കെ വി ഹരീഷ് , ഋഷിപാല്‍ കാവല്ലൂര്‍ , കെ പി കണ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇടതുപക്ഷ ദേശിയ നേതാവ് സീതാറാം യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ അക്രമണത്തിനെതിരെ സി പി ഐ പ്രതിഷേധം

ഇരിങ്ങാലക്കുട :  ഇടതുപക്ഷ ദേശിയ നേതാവ് സി പി ഐ എം ദേശിയ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ കെ ജി ഭവനില്‍ കയറി ശാരീരികമായി ആക്രമിക്കുകയും പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഘപരിവാര്‍ ഗുണ്ടായിസത്തിനെതിരെ ഇരിങ്ങാലക്കുട സി പി ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിന് ശേഷം ബസ്സ് സ്റ്റാന്‍ഡില്‍ നടന്ന പൊതുയോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി സെക്രട്ടറി പി മാണി , സി പി ഐ ജില്ലാ ട്രഷറര്‍ കെ ശ്രീകുമാര്‍ , എം ബി ലത്തീഫ് , എന്‍ കെ രമണന്‍ ,കെ വി രാമകൃഷ്ണന്‍ ,കെ സി ഗംഗാധരന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി .

കെട്ടുചിറ, പൂക്കോട്ടുപുഴ മത്സ്യകാപ്പ് ലേലം നിറുത്തിവയ്ക്കണമെന്ന് മത്സ്യ തൊഴിലാളി യൂണിയന്‍

എടക്കുളം : കെട്ടുചിറ, പൂക്കോട്ടുപുഴ തുടങ്ങിയ മത്സ്യകാപ്പുകള്‍ സ്വകാര്യ ലോബിക്ക് ലേലം ചെയ്യാനുള്ള പടിയൂര്‍ പഞ്ചായത്ത് നടപടി അവസാനിപ്പിക്കണമെന്ന് മത്സ്യ തൊഴിലാളി യൂണിയന്‍ മുകുന്ദപുരം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ നാമമാത്രമായ വരുമാനത്തിന് വേണ്ടി പട്ടിണിയിലാകുന്നത് നൂറുകണക്കിന് മത്സ്യ തൊഴിലാളികളാണ് . പഞ്ചായത്തിന് വരുമാനത്തിന് വേണ്ടിയാണ് ലേലമെന്ന കള്ളപ്രചരണത്തിന് പിന്നില്‍ നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സ്വകാര്യ ലോബികള്‍ നിരോധിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു മത്സ്യങ്ങള്‍ പിടിക്കുന്നതുമൂലം മത്സ്യ സമ്പത്തിന് വംശനാശം സംഭവിക്കുകയാണ്. ലേലം മൂലം തദ്ദേശവാസികള്‍ക്ക് പുഴയില്‍ കുളിക്കുവാനോ, വഞ്ചിയിറക്കുവാനോ, സമീപപ്രദേശങ്ങളില്‍ മത്സ്യം പിടിക്കാനോ സ്വകാര്യ ലോബികള്‍ അനുവദിക്കുന്നില്ല. അതിനാല്‍ ലേലനടപടികള്‍ ഉടന്‍ നിറുത്തിവെച്ച് മത്സ്യ തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി മത്സ്യം പിടിക്കാന്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രദേശവാസികളെ ഉള്‍പ്പെടുത്തി സമരം ശക്തമാക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കെ.കെ ശിവദാസ് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. എം.ഐ ഷെമീര്‍, ഇ.എസ് സുധര്‍മ്മന്‍, ശ്രീനി പുവ്വത്തുംകടവ്, ടി.കെ ബാബു, കെ.പി രാജു, സി.കെ സതീഷ് എന്നിവര്‍ സംസാരിച്ചു.

Top
Close
Menu Title