News

Archive for: August 20th, 2017

ദേവസ്വം നോട്ടീസിനു ശേഷവും കൂടല്‍മാണിക്യം കൊട്ടിലായ്ക്കലില്‍ ആര്‍ എസ് എസ് ശാഖയുടെ കായികാഭ്യാസം തുടരുന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വം അധിനതയിലുള്ള കൊട്ടിലായ്ക്കല്‍ പറമ്പില്‍ ആര്‍ എസ് എസ് ശാഖയുടെ ഭാഗമായുള്ള കായികാഭ്യാസം തുടര്‍ന്ന് നടത്തരുതെന്ന് ദേവസ്വം നോട്ടീസ് നല്‍കിയതിന് ശേഷവും ഇവിടെ തുടരുന്നു. കഴിഞ്ഞ ദിവസം പോലീസിന്റെ സാന്നിധ്യത്തിലാണ് ഇവിടെ കായികാഭ്യാസം നടന്നത്. ഇതേ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കൊട്ടിലായ്ക്കല്‍ പറമ്പില്‍ ആര്‍ എസ് എസ് ശാഖ നടത്തരുത് എന്ന് കാണിച്ചുള്ള നോട്ടീസ് മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയിട്ടുള്ള കാര്യം സ്ഥിതീകരിച്ചു. കഴിഞ്ഞ ആഴ്ച സംഘപരിവാര്‍ സംഘടനകളില്‍ പെട്ട വി എച്ച് പി പ്രവര്‍ത്തകര്‍ കൊട്ടിലായ്ക്കല്‍ പറമ്പില്‍ കൂടല്‍മാണിക്യം ഉത്സവ എക്സിബിഷനില്‍ വന്ന അമ്യൂസ്മെന്റ് പാര്‍ക്കുകാരുമായി ചില വ്യക്‌തിപരമായ സാമ്പത്തിക വിഷയങ്ങളില്‍ തര്‍ക്കമുണ്ടാകുകയും അവരില്‍ ചിലരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വി എച്ച് പി ഭീഷണിയെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തിലാണ് അമ്യൂസ്മെന്റ് പാര്‍ക്കുകാര്‍ കൊട്ടിലായ്ക്കല്‍ പറമ്പില്‍ നിന്ന് സാധന സാമഗ്രികളുമായി പോകാന്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വി എച്ച് പി പ്രവര്‍ത്തകന് അമ്യൂസ്മെന്റ് പാര്‍ക്കുകാരന്‍ പൈസ കൊടുക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് ഇവര്‍ അക്രമം കാണിച്ചതും അവരുടെ വാഹനങ്ങളുടെ താക്കോല്‍ തട്ടിയെടുത്ത് ആര്‍ എസ് എസ് കാര്യാലയത്തില്‍ കൊണ്ട് വച്ചതും. ഇതേ തുടര്‍ന്ന് പോലീസ് ആര്‍ എസ് എസ് കാര്യാലയത്തില്‍ എത്തുകയും വി എച്ച് പി പ്രവര്‍ത്തകരുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. അന്നേ ദിവസം ആര്‍ എസ് എസ് ന്റെയോ ബി ജെ പിയുടെയോ പ്രവര്‍ത്തകരാരും തന്നെ കാര്യാലത്തിലുണ്ടായിരുന്നില്ല. വി എച്ച് പി യുടെ മീറ്റിംഗിനായി കാര്യാലയം നല്‍കിയ ദിവസമാണ് ഈ സംഭവങ്ങള്‍ നടന്നത്.


അമ്യൂസ്മെന്റ് പാര്‍ക്കുകാരുടെ ലോറികള്‍ കടത്തി വിടില്ലെന്ന വി എച്ച് പി ഭീഷണിയെ തുടര്‍ന്ന് വന്‍ പോലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. ഇതിനിടയിലാണ് കൊട്ടിലായ്ക്കല്‍ പറമ്പിന്റെ കവാടത്തില്‍ മുപ്പതോളം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഈ വിഷയങ്ങള്‍ ഒന്നുമറിയാതെ ശാഖയ്ക്കെത്തിയതും പതിവുപോലെ കായികാഭ്യാസം ആരംഭിച്ചതും. അമ്യൂസ്മെന്റ് പാര്‍ക്കുകാരുടെ ലോറികള്‍ കടത്തി വിടാതിരിക്കാനായി വി എച്ച് പി ക്കാരുടെ നിര്‍ദ്ദേശം അനുസരിച്ച് എത്തിയതാണ് ഇവരെന്ന ധാരണയിലായിരുന്നു പോലീസ് സംഘം. ഇതിനിടെ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ആര്‍ എസ് എസ് ശാഖ നടത്താന്‍ ആരനുവാദം നല്‍കിയെന്ന ചോദ്യവും പോലീസ് ഉയര്‍ത്തി. ലോറികള്‍ കടത്തിവിടാന്‍ ശാഖയ്ക്കെത്തിയവര്‍ പക്ഷെ തടസ്സമൊന്നും സൃഷ്ടിച്ചിരുന്നില്ല. പോലിസിന്റെ അഭ്യര്‍ത്ഥന മാനിച്ച് ശാഖ അല്‍പ്പനേരം നിര്‍ത്തി വച്ച് ലോറികള്‍ക്ക് പോകാനുള്ള സൗകര്യം സൃഷ്ടിച്ച് സഹകരിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് ഭരണസമിതിയിലുള്ള കൂടല്‍മാണിക്യം ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളില്‍ ചിലരെ സ്വാധീനിച്ചാണ് കൊട്ടിലായ്ക്കല്‍ പറമ്പില്‍ ആര്‍ എസ് എസ് ശാഖ തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു വന്നിരുന്നത്. പക്ഷെ വി എച്ച് പി പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവും പൊതുവെ സംഘപരിവാര്‍ സംഘടനകളെയെല്ലാം ഇരിങ്ങാലക്കുടയില്‍ ബാധിച്ചതായും ഇതിന്റെ ഭാഗമായി കൊട്ടിലായ്ക്കല്‍ പറമ്പില്‍ ഇനി ശാഖ നടത്താന്‍ പറ്റാത്ത ഒരു അവസ്ഥയും വന്നു ചേര്‍ന്നിട്ടുണ്ട്. വി എച്ച് പി നേതാക്കളുടെ പക്വതയില്ലാത്ത പെരുമാറ്റമാണ് ഇപ്പോളത്തെ സംഭവവികാസങ്ങളുടെ കാരണമെന്നാണ് ആര്‍ എസ് എസ് വിലയിരുത്തുന്നത്.

സേവാഭാരതി, തപസ്യ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സാംസ്‌കാരിക – കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുവെ സമൂഹത്തില്‍ സംഘപരിവാറിന് ഖ്യാതി നേടിക്കൊടുക്കുമ്പോള്‍, വി എച്ച് പി യുടെ ഇത്തരം പക്വതയില്ലാത്ത നീക്കങ്ങള്‍ പൊതുവെ സംഘപരിവാര്‍ സംഘടനകളെ കുറിച്ച്‌ പൊതുജനത്തിനിടയില്‍ അപഖ്യാതി വരുത്തുന്നതായും ആര്‍ എസ് എസ് വിലയിരുത്തുന്നു. സമീപകാലത്തെ വി എച്ച് പി യുടെ പല നടപടികള്‍ക്കും തങ്ങള്‍ തുടര്‍ച്ചയായി ചീത്തപ്പേര് കേള്‍ക്കേണ്ടി വരുന്നതില്‍ ആര്‍ എസ് എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.

അസ്‌നാന് രക്തമൂലകോശത്തിനായി നാടുണര്‍ന്നു – ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം

എടതിരിഞ്ഞി : പടിയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ താമസിക്കുന്ന ഊളക്കല്‍ അക്ബര്‍ മകന്‍ അസ്നാന് (3) എന്ന പിഞ്ചോമനയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വേണ്ടി ഞായറാഴ്ച സംഘടിപ്പിച്ച രക്തമൂലകോശദാന റജിസ്‌ട്രേഷന്‍ ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം . ഒരു നാട് മൊത്തം അസ്‌നാന്റെ ചികിത്സാര്‍ത്ഥം നടത്തിയ ക്യാമ്പില്‍ സഹകരിച്ചു മാതൃക കാട്ടി . ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനു രക്തമൂലകോശം മാറ്റിവച്ചാല്‍ മാത്രമേ സാധിക്കുകയുള്ളു എന്ന അവസ്ഥ വന്നതിനാലാണ് ഇത്തരത്തില്‍ ഒരു ക്യാമ്പ് നടത്തിയത്. രക്താര്‍ബുദം പോലുള്ള നൂറിലധികം മാരക രക്തജന്യ രോഗങ്ങള്‍ക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവയ്ക്കല്‍. രക്തദാനം പോലെത്തനെ വളരെ എളുപ്പവും , സുരക്ഷിതവുമാണ് രക്തമൂലകോശദാനവും . രക്തദാനത്തിന് രക്തഗ്രൂപ്പ് സാമ്യം വേണ്ടതുപോലെ  രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ആവശ്യമാണ് . കുടുംബത്തില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ ജനിതക സാമ്യം ഉള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25 % മാത്രമാണ് . മിക്കപ്പോഴും കുടുംബത്തിന് പുറത്തുനിന്നും ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു രാവിലെ 9 മണി മുതല്‍ എച്ച് ഡി പി സമാജം സ്കൂളിലാണ്  രക്തമൂലകോശദാന രജിസ്‌ട്രേഷന്‍ ക്യാമ്പ്  75 കൗണ്ടറുകളുമായി  150ല്‍ അധികം വളണ്ടിയേഴ്‌സ് ക്യാമ്പ് സുഗമമാക്കി.   പ്രൊഫ. കെ.യു അരുണന്‍ എം എല്‍ എ ,  തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം എന്‍.കെ ഉദയപ്രകാശ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും ക്യാമ്പിനെത്തിയിരുന്നു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, കണ്‍വീനര്‍മാരായ അനൂപ് മാമ്പ്ര, കെ.വി ഹരീഷ്, ഋഷിപാല്‍ കാവല്ലൂര്‍, കെ.പി കണ്ണന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ദാത്രി ബ്ലഡ് സ്റ്റം സെല്‍ ഡോണര്‍ റെജിസ്ട്രി, ബ്ലഡ് ഡോണേഴ്‌സ് കേരള, മൈ ഇരിങ്ങാലക്കുട എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് ക്യാമ്പ് നടത്തിയത്. എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക്, വിവിധ ക്ലബ്ബുകള്‍, കുടുംബശ്രി, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കാളികളായി. ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥിയായ എഡ്വിനെ നാലുവയസ്സുകാരന് മജ്ജദാനം നടത്തിയതില്‍  ആദരിച്ചു.

അഡ്വ. കെ.ആര്‍ തമ്പാന്‍ അനുസ്മരണം : സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ യുവാക്കള്‍ മുന്നോട്ടു വരണമെന്ന് മന്ത്രി ചന്ദ്രശേഖരന്‍

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷം കഴിഞ്ഞിട്ടും അതനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയും കെ.ആര്‍ തമ്പാന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച അഡ്വ. കെ. ആര്‍ തമ്പാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന ഇപ്പോഴത്തെ കടന്നുകയറ്റങ്ങള്‍ക്കെതിരെ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ട്രസ്റ്റ് ചെയര്‍പേഴ്‌സന്‍ പ്രൊഫ. മീനാക്ഷി തമ്പാന്‍ അദ്ധ്യക്ഷയായിരുന്നു. കെ.ആര്‍ തമ്പാന്‍ പുരസ്‌ക്കാരം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ നസീറിന് മീനാക്ഷി തമ്പാന്‍ സമ്മാനിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ സ്മാരക പ്രഭാഷണം നടത്തി. ആനാപ്പുഴ പണ്ഡിറ്റ് കറപ്പന്‍ സ്മാരക വായനശാലക്ക് ഇ.ടി. ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ പുസ്തകങ്ങള്‍ കൈമാറി. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി, ടി.കെ സുധീഷ്, എം.പി ജയരാജ്, രോഹിത് തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എന്‍.എ നസീറിന്റെ ചിത്രങ്ങളുടെ സ്ലയ്ഡ് ഷോ നടന്നു

നൂറ്റൊന്നംഗസഭ ആരോഗ്യ സെമിനാറും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാറിലും തുടര്‍ന്നു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഇരുനൂറോളം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു. രക്ത ഗ്രൂപ്പ് നിര്‍ണ്ണയം വിവിധ ലാബ് പരിശോധനകള്‍ എന്നിവയും നടന്നു. ആരോഗ്യ സെമിനാര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയതു. ക്യാമ്പ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഹരിന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ എം. സനല്‍കുമാര്‍, പി. രവിശങ്കര്‍, എം. നാരായണന്‍കുട്ടി,  ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മാര്‍ക്കറ്റിംഗ് മാനേജര്‍ ആന്‍ജോ ജോസഫ്, കൂത്തുപാലക്കല്‍ വിശ്വനാഥന്‍, പ്രസന്ന ശശി, പി.കെ ജിനന്‍, എന്‍.നാരായണന്‍കുട്ടി, എന്‍. ശിവന്‍കുട്ടി, ആശാ സുഗതന്‍, ഗിരിജാ ദാസ് എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധ പ്രവര്‍ത്തനത്തെ കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.അനില്‍കുമാര്‍ ക്ലാസ്സെടുത്തു.

ജൂണ്‍ 19 മുതല്‍ ജൂലായ് 7 വരെ – വായനപക്ഷാചരണത്തിന് വിപുലമായ ഒരുക്കങ്ങള്‍

രിങ്ങാലക്കുട: ജൂണ്‍ 19 മുതല്‍ ജൂലായ് 7 വരെ വായനാപക്ഷമായി ആചരിക്കുവാന്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ സബ് ജില്ലയിലെ പ്രധാനാധ്യാപകരുടേയും ലൈബ്രറി കൗണ്‍സില്‍ താലൂക്ക് ഭാരവാഹികളുടേയും തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷന്മാരുടേയും സംയുക്ത യോഗ്ഗം തീരുമാനിച്ചു. ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷ നിമ്യഷിജു, മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ ലതവാസു, ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.സുരേഷ് ബാബു സ്വാഗതവും സുരേഷ് പി.കുട്ടന്‍ നന്ദിയും പറഞ്ഞു. പ്രൊഫ,കെ.യു അരുണന്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷ നിമ്യഷിജു എന്നിവര്‍ രക്ഷാധികാരികളും ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ പ്രസിഡന്റും ഖാദര്‍ പട്ടേപ്പാടം കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ലൈബ്രറി കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് എല്ലാ സ്കൂളുകളിലും പക്ഷാചരണകാലത്ത് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുവാനും എറ്റവും മികച്ച രീതിയില്‍ വായനാപക്ഷം ആചരിക്കുന്ന സ്കൂളിന് ട്രോഫി നല്‍കുവാനും യോഗം തീരുമാനിച്ചു.

Top
Close
Menu Title