News

Archive for: August 20th, 2017

വെള്ളക്കെട്ടിനെത്തുടര്‍ന്ന് കാനയിലെ സ്ലാബ് പൊളിച്ചതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം : കയ്യേറ്റം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാതായി നഗരസഭ

ഇരിങ്ങാലക്കുട : മൂന്നു പീടിക റോഡിനോടു ചേര്‍ന്നുള്ള കാനയിലെ സ്ലാബ് വെള്ളക്കെട്ടിനെത്തുടര്‍ന്ന് പൊളിച്ചതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം. യു. ഡി. എഫ്. അംഗം സോണിയ ഗിരിയാണ് വിഷയം ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തി കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. കളത്തുംപടി ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തി നടത്തുന്ന നഴ്‌സറിയിലേക്കുള്ള നടപ്പാതയിലെ സ്ലാബ് കഴിഞ്ഞ ദിവസം ബി. ജെ. പി. കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കിയെന്ന് സോണിയ ഗിരി ആരോപിച്ചു. സ്ലാബ് പൊളിച്ചതിനെതിരെ നഗസഭ, പോലീസ്, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ക്ക് സ്വകാര്യ വ്യക്തി പരാതി നല്‍കിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിലാണോ സ്ലാാബ് പൊളിച്ചു നീക്കിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട സോണിയ ഗിരി സ്ലാബ് പൊളിച്ചു നീക്കുന്നതിനെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്ക് അധികാരമുണ്ടോയെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ നിയമം കൈയ്യിലെടുക്കുന്നത് മുഴുവന്‍ കൗണ്‍ലര്‍മാര്‍ക്കും നാണക്കേടുണ്ടാക്കുമെന്നും സോണിയ ഗിരി പറഞ്ഞു. എന്നാല്‍ നഴ്‌സറിയുടെ മറവില്‍ പാടം മണ്ണിട്ടു നികത്തുകയാണ് അവിടെ നടക്കുന്നതെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ വ്യക്തി നടത്തി കയ്യേറ്റം മൂലം ഉണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് പരിസരവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. നഗരസഭക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. നിയമ വിരുദ്ധ പ്രര്‍ത്തനങ്ങളെ ബി. ജെ. പി. ശക്തമായി എതിര്‍ക്കമെന്ന് ചൂണ്ടിക്കാട്ടിയ സന്തോഷ് ബോബന്‍ ഇതിന്റെ പേരില്‍ വരുന്ന കേസ്സിനെ നേരിടുമെന്നും പറഞ്ഞു. അനധിക്യത കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട എല്‍. ഡി. എഫ്. പാര്‍ലമെന്റരി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ നിയമം കയ്യിലെടുക്കാന്‍ കൗണ്‍സിലര്‍മാര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കുന്നതിന് നിയമവിധേയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. വെള്ളക്കെട്ടു ഒഴിവാക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടത്, കൗണ്‍സിലര്‍മാരുടെ സാന്നിധ്യം തെറ്റില്ലെങ്കിലും കൗണ്‍സിലര്‍മാര്‍ നേരിട്ടു സ്ലാബ് പൊളിച്ചതിനെ പി. വി. ശിവകുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ സ്ലാബ് പൊളിച്ചതില്‍ നഗരസഭക്ക് പങ്കില്ലെന്ന് മുനിസിപ്പല്‍ എഞ്ചിനിയര്‍ മണികണ്ഠന്‍ യോഗത്തില്‍ വിശദീകരിച്ചു. നഗരസഭക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കയ്യേറ്റം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കയ്യേറ്റം സ്വന്തം ചിലവില്‍ പൊളിച്ചു നീക്കാന്‍ സ്വകാര്യ വ്യക്തിക്ക് നോട്ടീന് നല്‍കുന്നതിനുള്ള നടപടിക്രമങ്ങളാണ് പൂര്‍ത്തികരിച്ചിട്ടുള്ളതെന്നും മുനിസിപ്പല്‍ എഞ്ചിനിയര്‍ വിശദീകരിച്ചു. അതേ സമയം സ്ലാബ് പൊളിച്ചതുമായി ബന്ധപ്പെട്ട് എത് തരത്തിലുള്ള കേസ്സിനെയും നേരിടാന്‍ തയ്യാറാണന്നാ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ബി. ജെ. പി. അംഗം അമ്പിളി ജയന്‍ പറഞ്ഞു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ബുദ്ധിമുട്ടിയ പരിസരവാസികളുടെ ആവശ്യപ്രകാരമാണ് സ്ലാബ് പൊളിച്ചു നീക്കിയത്. പട്ടികജാതി കുടുംബങ്ങളടക്കമുള്ള പ്രദേശവാസികള്‍ വീട്ടില്‍ വെള്ളം കയറിയ നിലയിലായിരുന്നവെന്ന് അമ്പിളി ജയന്‍ പറഞ്ഞു. കഴിഞ്ഞ തവണ ഈ പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലറായിരുന്ന സന്തോഷ് ബോബന്‍ അന്നൊന്നും നടപടി സ്വീകരിക്കാതിരുന്നതനെ സോണിയ ഗിരി ചോദ്യം ചെയ്തതും, നിയമം കയ്യിലെടുക്കുന്നതിനെതിരെ എല്‍. ഡി. എഫ്. അംഗങ്ങള്‍ രംഗത്തു വന്നതും അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദത്തിന് വഴിവച്ചു. നഗരസഭ പ്രദേശത്തെ നീര്‍ച്ചാലുകളിലെ തടസ്സങ്ങള്‍ നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു.

related news : വെള്ളക്കെട്ടിന് കാരണമായ തോട് കൈയേറി കെട്ടിയ മതില്‍ പൊളിച്ചുകളഞ്ഞു

തോട് മൂടി റിയല്‍ എസ്റ്റേറ്റുകാര്‍ മതില്‍ കെട്ടി – വെള്ളക്കെട്ട് ഭീഷണിയില്‍ പരിസരവാസികള്‍

ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള കനാല്‍ നിര്‍മാണത്തിന് നഗരസഭാ അനുമതി

ഇരിങ്ങാലക്കുട : ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള കനാല്‍ നിര്‍മാണത്തിന് അനുമതി നല്‍കാന്‍ ചൊവാഴ്ച ചേര്‍ന്ന അടിയന്തര മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ബുധനാഴ്ച ചേരുന്ന ഉന്നതതല യോഗം കനാല്‍ നിര്‍മാണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും അതിനു മുന്‍പായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമായ സാഹചര്യത്തിലായിരുന്നു ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തിര യോഗം വിളിച്ച് ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്തത്. നഗരസഭാ പരിധിക്കകത്തെ കാര്‍ഷികകാവശ്യത്തിനും, ശുദ്ധജലത്തിനും ശാശ്വത പരിഹാരം പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഉണ്ടാകുമെന്ന് നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. കാര്‍ഷികാവശ്യത്തിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്ന പദ്ധതി നടപ്പിലാക്കണമെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ പദ്ധതിയുടെ നിര്‍വഹണ സമയത്തും ഇത്തരം കൂട്ടായ്മ ആവശ്യമാണന്ന് ചൂണ്ടിക്കാട്ടി. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.

രൂക്ഷമായ ഗതാഗതക്കുരുക്കില്‍ ബസ്സ് സ്റ്റാന്‍ഡും പരിസരവും വലയുന്നു

ഇരിങ്ങാലക്കുട : ബസ്സ് സ്റ്റാന്‍ഡും പരിസരവും ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പിലും രൂക്ഷമായ ഗതാഗതകുരുക്ക് പതിവ് കാഴ്ചയാകുന്നു .ഠാണാവില്‍ നിന്നുള്ള മെയിന്‍ റോഡ് വഴി എത്തുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫീസിനു മുന്‍പിലൂടെ കാട്ടൂര്‍ റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് ഈ ഗതാഗതകുരുക്ക് കൂടുതല്‍ . കൂടല്‍മാണിക്യം റോഡില്‍ നിന്നും ടൗണ്‍ ഹാള്‍ റോഡില്‍ നിന്നും ഉള്ള വാഹനങ്ങള്‍ കൂടി എത്തുമ്പോള്‍ ഗതാഗതകുരുക്ക് ഊരാക്കുരുക്കിലേക്ക് നീങ്ങുന്നു . ഇതിനിടെ ബസ്സ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഉള്ള ബസ്സുകളുടെ ധൃതി ഗതാഗതകുരുക്ക് അഴിക്കാന്‍ സാധ്യമാകാത്ത അവസ്ഥയിലാക്കുന്നു. പോലീസിന്റെ സാന്നിധ്യം ഇവിടെ ഒരിക്കലും ഉണ്ടാകാത്തതാണ് വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത തിരക്കിന് പ്രധാന കാരണം . മൂന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍  ബാക്കി കിടക്കുന്ന ബൈപാസ് റോഡിന്‍റെ ടാറിങ് കഴിഞ്ഞ് ഗതാഗതത്തിനു തുറന്നു കൊടുത്താല്‍ മാത്രമേ ഇതിനു ഒരു ശാശ്വത പരിഹാരം ഉണ്ടാകൂ. ഠാണാവിലും മാസങ്ങളായി ഗതാഗതക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. പലരും യാത്രകള്‍ ഈ വഴികള്‍ ഒഴിച്ച് പോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് ഇട റോഡുകളിലും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്.

പോള്‍ കോക്കാട്ട് മാസ്റ്റര്‍ 80-ന്‍റെ നിറവില്‍

വല്ലക്കുന്ന് : 1977- ലും 1980-ലും മാളയില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന് എതിരെ മത്സരിച്ച സി.പി.ഐ.എം. സ്ഥാനാര്‍ഥിയായിരുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ അരനൂറ്റാണ്ട് കാലമായി നിറസാന്നിദ്ധ്യമായ പോള്‍ കോക്കാട്ടിന് ജൂണ്‍ 13 -ന് എണ്‍പത് തികഞ്ഞു .ലളിതമായ പിറന്നാള്‍ ആഘോഷത്തില്‍ അദ്ദേഹം സ്മരണകള്‍ പുതുക്കി.കേരള സിറ്റിസന്‍ ഫോറം പ്രസിഡന്‍റ് പി.എം.ഷാഹുല്‍ഹമീദ് പൊന്നാട ചാര്‍ത്തി.ഡോ . മാര്‍ട്ടിന്‍പോള്‍ ,ഡേവിസ് ആളൂക്കാരന്‍ ,കെ.പി.കുരിയന്‍ ,സുരേഷ് പൊറ്റക്കല്‍ ,തോമസ്‌ പഞ്ഞിക്കാരന്‍ ,പി.കെ.രവി വല്ലക്കുന്ന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആളൂര്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റും ,കരുണ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റും ,റിട്ടയേഡ് ബി.വി.എം.ഹൈസ്കൂള്‍ പ്രധാന അധ്യാപകനുമായിരുന്നു പോള്‍ കോക്കാട്ട് . അടിയന്തിരാവസ്ഥയില്‍ ഒന്നര വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് .നിരവധി ട്രേഡ് യൂണിയന്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം .തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കാതറിന്‍ പോള്‍ സഹധര്‍മിണിയാണ് .

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു

ഇരിങ്ങാലക്കുട: നഗരസഭ ബിജെപി 33 – ാം ബൂത്തില്‍ പ്ലസ് ടുവിനും , എസ് എസ് എല്‍ സി ക്കും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. അതിനോടനുബന്ധിച്ച് പുതിയ അദ്ധ്യനവര്‍ഷത്തിലേക്ക് കടന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. മൂര്‍ക്കനാട് നടന്ന പരിപാടിയില്‍ ബിജെപി 33 – ാം ബൂത്ത് പ്രസിഡണ്ട് സതീഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പ്രസിഡണ്ട് വി.സി. രമേഷ്, വൈസ് പ്രസിഡണ്ട് സൂരജ് നമ്പ്യാങ്കാവ് ,ബാലചന്ദ്രന്‍, സുബ്രന്‍, ഗോപാലന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

വി എച്ച് പി പ്രഖണ്ഡ്‌ സമ്മേളനവും വിദ്യാര്‍ത്ഥി അനുമോദനവും

ഇരിങ്ങാലക്കുട : ജൂണ്‍ 25 ന് നടക്കുന്ന വി എച്ച് പി ഇരിങ്ങാലക്കുട പ്രഖണ്ഡ്‌ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പ്രഖണ്ഡിന്റെ പരിധിയില്‍ വരുന്ന കേരള സിലബസില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിക്കാന്‍ തീരുമാനിച്ചു . ഇതിനു മുന്നോടിയായി നടന്ന വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ്‌ ബൈഠക്കില്‍ പ്രഖണ്ഡ്‌ പ്രസിഡന്റ് ശിവാജി യു കെ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ ജോയിന്റ് സെക്രട്ടറി അഭിലാഷ് കുണ്ടറത്തറ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ വൈസ് പ്രസിഡന്റ് രഘുനാഥ്‌ നിര്‍ദ്ധനനായ ക്യാന്‍സര്‍ രോഗിക്ക് ധനസഹായവിതരണം നടത്തി . പ്രഖണ്ഡ്‌ സെക്രട്ടറി വി ആര്‍ മധു നന്ദി പറഞ്ഞു .

മഹാത്മാ മാനവ ദര്‍ശന വേദി പ്രവര്‍ത്തനം ആരംഭിച്ചു

പൊറത്തിശ്ശേരി : മഹാത്മാ മാനവ ദര്‍ശന വേദി പൊറത്തിശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു മഹാത്മാ മാനവ ദര്‍ശന വേദിയുടെ ഉദ്ഘാടനം എം പി ജാക്സണ്‍ നിര്‍വഹിച്ചു . അഡ്വ. പി എന്‍ സുരേഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . പൊറത്തിശ്ശേരിയിലെ വിവിധ കലകളില്‍ പ്രാവീണ്യം തെളിയിച്ചവരെയും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ആദരിച്ചു . പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകവും കുടയും ആന്റോ പെരുമ്പിള്ളി വിതരണം ചെയ്തു. ചടങ്ങില്‍ ടി വി ചാര്‍ളി , ബൈജു കുറ്റിക്കാടന്‍ , എം ആര്‍ ഷാജു , ബെന്‍സി ഡേവിഡ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . എം ബി നെല്‍സണ്‍ സ്വാഗതവും എം ആര്‍ ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു .

റിയാദില്‍ മതസൗഹാര്‍ദ്ദം നിറഞ്ഞ ഇഫ്താര്‍ വിരുന്ന്

റിയാദ് : റിയാദില്‍ മതസൗഹാര്‍ദ്ദവും സാഹോദര്യവും വിളിച്ചോതുന്നതായിരുന്നു വാലപ്പന്‍ എക്സിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഓവര്‍സീസ് സഹോദരസ്ഥാപനമായ സി ടി ടി ഇ യും സംയുക്തമായി നടത്തിയ ഇഫ്താര്‍ വിരുന്ന്. കല്ലേറ്റുംകര സ്വദേശിയായ ഷാജു വാലപ്പന്റെ ഉടമസ്ഥതയിലുള്ള വാലപ്പന്‍ എക്സിം ഇന്ത്യ കമ്പനി എല്ലാ വര്‍ഷവും നടത്തി വരുന്ന ഇഫ്താര്‍ നോമ്പുതുറ സൗദി അറേബ്യയില്‍ ഒരു വേറിട്ട കാഴ്ചയാണ് . സൗദി അറേബ്യയില്‍ അന്യമതസ്ഥര്‍ വിപുലമായി നടത്തുന്ന നോമ്പുതുറ ആദ്യമായാണ് സഹോദരസ്ഥാപനമായ സി ടി ടി ഇ- ല്‍ .റംസാന്‍ മാസത്തില്‍ എല്ലാ ദിവസവും സ്റ്റാഫിനും ജോലിക്കാര്‍ക്കും നോമ്പുതുറക്ക് കമ്പനി വക സൗജന്യ ഇഫ്താര്‍ വിരുന്ന് ഒരുക്കാറുണ്ട് .സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാലപ്പന്‍ എക്സിം നടത്തിയ നോമ്പുതുറക്ക് സ്പോണ്‍സര്‍ മര്‍സൂക്‌ മുസിലിയ അല്‍ ഷിബാനി,അല്‍ മാസ് റീമാസ് ജ്വല്ലറി ഫാക്ടറി ഓണര്‍ ഗാലിബ് അല്‍ ഒനേസി , വാലപ്പന്‍ എക്സിം ചെയര്‍മാന്‍ ഷാജു വാലപ്പന്‍ സ്റ്റാഫ് പ്രതിനിധികളായ ഫസല്‍ റഹ്‌മാന്‍ അരിപ്പുറത്ത്, ജിയോ എടാട്ടൂക്കാരന്‍ ,ഡാല്‍വിന്‍ തുളുവത്ത്,പി എസ് വി പ്രതിനിധി രതീഷ് നാരായണന്‍ ,ഫോര്‍ക്ക ജനറല്‍ കണ്‍വീനര്‍ സനൂപ് പയ്യന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . ഓഡിയോ വീഡിയോ പ്രതിനിധികളും കമ്പനി പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു .

സുമനസ്സുകളുടെ സഹായത്തോടെ ഐശ്വര്യ ഇനി കലാലയത്തിലേക്ക്

മാപ്രാണം : രണ്ട് വര്‍ഷത്തോളം ജീവിതത്തിന്റെ ദുരിതങ്ങള്‍ മുടക്കിയ ഐശ്വര്യയുടെ പഠനമെന്ന സ്വപ്നത്തിന് സുമനസ്സുകളുടെ സഹായത്തോടെ പുതുജീവന്‍. സ്വന്തം പിതാവിന്റെ പീഡനങ്ങള്‍ മൂലം പാതിരാത്രി വീട് വിട്ട് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ ഐശ്വര്യയുടെ രണ്ട് വര്‍ഷത്തോളം മുടക്കിയ പഠനം സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്തിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ഐശ്വര്യയുടെ തുടര്‍പഠനത്തിനായുള്ള പഠനചിലവിന്റെ ആദ്യ ഘഡു തുക ഇരിങ്ങാലക്കുടയിലെ പ്രമുഖ കമ്പ്യൂട്ടര്‍ സ്ഥാപനമായ എസ്സാര്‍ അസ്സോസിയേറ്റ്സ് മാനേജിങ് ഡയറക്ടര്‍ രാജേഷ്മേനോന്‍ പാര്‍ട്ടി ബ്ലോക്ക് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ആര്‍.എല്‍.ജീവന്‍ലാല്‍ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി എം.എസ്.സനീഷ്. എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കൈമാറി . ബാക്കി തുകയും യൂണിഫോം പുസ്തകം എന്നിവക്കുള്ള തുകയും സി പി ഐ (എം) സൗത്ത് ലോക്കല്‍ കമ്മിറ്റി നല്‍കുമെന്ന് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എം.ബി.രാജുമാസ്റ്റര്‍ അറിയിച്ചു.ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ഐശ്വര്യയുടെ വീട് നേരത്തെ പുനഃനിര്‍മ്മിച്ചു നല്‍കിയിരുന്നു .

സിവില്‍ സര്‍വീസസ് എന്നത് പ്രയത്നത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമാണ് -ഡോ ഹരികൃഷ്ണന്‍ ഐ ആര്‍ എസ്

ഇരിങ്ങാലക്കുട : സിവില്‍ സര്‍വീസസ് എന്നത് പ്രയത്നത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമാണ് എന്ന് കൊച്ചിന്‍ ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായ ഡോ ഹരികൃഷ്ണന്‍ ഐ ആര്‍ എസ് അഭിപ്രായപ്പെട്ടു . സിവില്‍ സര്‍വീസിലേക്കുള്ള പാത ബുദ്ധിമുട്ടുള്ളതാണെങ്കിലും അത് ആത്മാര്‍ഥമായി പരീശീലിക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . വിവേകാനന്ദ ഐ എ എസ് അക്കാദമി ഐ എ എസ് ഫൗണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂള്‍ , പ്ലസ് ടു ,ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ മാസവും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 38 – ാം മത് എഡിഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു . ചടങ്ങില്‍ എം ആര്‍ മഹേഷ് , ആന്റോ പെരുമ്പുള്ളി , സീനിയര്‍ പത്രപ്രവര്‍ത്തകന്‍ എ ടി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു .

പട്ടേപ്പാടം റൂറല്‍ സഹകരണ ബാങ്കിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ സഹായ പദ്ധതിക്കു തുടക്കമായി

പട്ടേപ്പാടം: പട്ടേപ്പാടം റൂറല്‍ സഹകരണ ബാങ്കിന്റെ ‘ പൊതു വിദ്യാഭ്യാസ സംരക്ഷണ സഹായ പദ്ധതി’ പട്ടേപ്പാടം എ.എല്‍.പി.സ്കൂള്‍ കുട്ടികള്‍ക്ക് കസേരകളും ഉച്ചയൂണിനുള്ള സ്റ്റീല്‍ പാത്രങ്ങളും നല്‍കികൊണ്ട് ജില്ല പഞ്ചായത്ത് അംഗം കാതറിന്‍ പോള്‍ നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക കെ.എസ്.ലാലി സാമഗ്രികള്‍ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് ഖാദര്‍ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു.‘ഓണത്തിനു് ഒരു വട്ടിപ്പൂവ്’എന്ന ബാങ്കിന്റെ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ മുറ്റത്ത് നിര്‍മ്മിക്കുന്ന പൂന്തോട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആമിന അബ്ദുള്‍ ഖാദര്‍, പഞ്ചായത്ത് അംഗം ടി.എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു. പുഷ്പന്‍ മാടത്തിങ്കല്‍ സ്വാഗതവും കെ.എസ്.ലാലി നന്ദിയും പറഞ്ഞു.

Top
Close
Menu Title