News

Archive for: August 20th, 2017

എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ നികുതി വെട്ടിപ്പ് : പ്രവര്‍ത്തനം ഓഗസ്റ്റ് 31വരെ നിബന്ധനകളോടെ നീട്ടികൊണ്ട് ഹൈകോടതി ഉത്തരവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – തൃശൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എം സി പി കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ഓഗസ്റ്റ് 31 വരെ നിബന്ധനകളോടെ നീട്ടികൊണ്ട് ഹൈ കോടതി ഉത്തരവ്. എം സി പി കണ്‍വെന്‍ഷന്‍ സെന്ററിന് ചുമത്തിയ 2013 -2014 കാലയളവിലെ നികുതി ചോദ്യം ചെയ്തും സെന്ററിന്റെ ലൈസെന്‍സ് പുതുക്കി തരണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ടു റിട്ട് ഹര്‍ജികളും ഒരുമിച്ച് പരിഗണിച്ചു മാര്‍ച്ച് 30 ന് കേരള ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചതനുസരിച്ച് എം സി പി കണ്‍വെന്‍ഷന്‍ സെന്ററിന്റെ താഴത്തെ നില മാത്രം മെയ് 30 വരെ ഉപയോഗിക്കുന്നതിനു അനുമതി നല്കിയിരുന്നു. ഹാളുകള്‍ ബുക്ക് ചെയ്തവരുടെ യാതനകള്‍ പരിഗണിച്ചു നിബന്ധനകളോടെയാണ് അനുമതി നല്‍കിയത് ആയതനുസരിച്ച് 25 ലക്ഷം രൂപ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലേക്ക് അടച്ച് കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ഹര്‍ജികളില്‍ പുതിയതായി മെയ് 31 ന് പുറപ്പെടുവിച്ച  ഇടക്കാല ഉത്തരവനുസരിച്ച് താത്കാലിക പ്രവര്‍ത്തനാനുമതി ആഗസ്റ് 31 വരെ നിബന്ധനകളോടെ നീട്ടി കൊടുത്തു. ഇതനുസരിച്ചു ജൂണ്‍ 25 , ജൂലൈ 25 തീയതികളിലോ അതിനു മുന്‍പായോ 25 ലക്ഷം വീതം മുന്‍സിപ്പാലിറ്റിയിലേക്ക് കൂടുതലായി അടയ്‌ക്കേണ്ടതാണ് . അതുപോലെ തന്നെ മാര്‍ച്ച് 30നു ശേഷം 6 മാസകാലത്തേക്കു എടുത്തിട്ടുള്ളതായ എല്ലാ ബുക്കിങ്ങുകളും റദ്ദ് ചെയ്യണമെന്നും ആ വിവരം അതാതു വ്യക്തികളെ അറിയിക്കണമെന്നും ഈ നിബന്ധന കരുതലോടെ പാലിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. കൂടാതെ റിട്ട് ഹര്‍ജിയില്‍ കക്ഷി ചേരുവാന്‍ ഷൈജു കുറ്റിക്കാട്ടും മാര്‍ട്ടിന്‍ ആലേങ്ങാടനും സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിക്കുകയും അവരുടെ ആക്ഷേപം ബോധിപ്പിക്കുന്നതിനും വാദം കേള്‍ക്കുന്നതിനുമായി ജൂണ്‍ 28ന് റിട്ട് ഹര്‍ജി വച്ചിരിക്കുന്നു.

ഇതിനിടെ ബുധനാഴ്ച കൂടിയ നഗരസഭ കൗണ്‍സിലില്‍ സന്തോഷ് ബോബന്‍ തനിക്ക് ലഭിച്ച ഇടക്കാല കോടതി ഉത്തരവിന്റെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടി ഉന്നയിച്ച ആരോപണത്തില്‍  കുറച്ചു ദിവസമായി നവമാധ്യമങ്ങളില്‍  പ്രചരിക്കുന്ന ഓർഡറിന്റെ കോപ്പി ഇത് വരെ മുൻസിപ്പാലിറ്റിയുടെ ഹൈകോടതിയിലെ വക്കില്‍ കക്ഷിയായ മുന്‍സിപ്പാലിറ്റിക്കു നല്‍കാത്തതില്‍ ദുരുഹത ഉണ്ടെന്നും എം പി ജാക്സണ്‍ ചെയര്‍മാനായിരുന്ന കാലത്ത് നിയമിച്ച അഭിഭാഷകന്‍ തന്നെയാണ് ഇപ്പോഴും മുന്‍സിപ്പാലിറ്റിക്ക് വേണ്ടി വാദിക്കുന്നത് എന്നും അദ്ദേഹം മുൻസിപ്പാലിറ്റിക്കു വേണ്ടി വാദിച്ചതുകൊണ്ടല്ല മറിച്ച് ആലങ്ങാടന്‍ മാര്‍ട്ടിനും ഷൈജു കുറ്റിക്കാടനും നല്‍കിയ ഹര്‍ജികൾ പരിഗണിച്ചുകൊണ്ടും അവരെ കക്ഷി ചേരുവാന്‍ കോടതി അനുവദിച്ചതുകൊണ്ടും കൂടിയാണ് വര്‍ഷങ്ങളായി നഗരസഭക്കു ലഭിക്കുവാനുള്ള നികുതിയില്‍ നിന്നും ലഭിക്കുവാനുള്ള 75 ലക്ഷം രൂപ ലഭിക്കാന്‍ സാഹചര്യം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി . ഈ സമയം ഈ വിഷയത്തില്‍ സി പി എം ഇന്റെ പ്രതിപക്ഷ നേതാവ് പി വി ശിവകുമാര്‍ ഹൈകോടതിയില്‍ മുന്‍സിപ്പാലിറ്റിക്ക് വേണ്ടി പുതിയ അഭിഭാഷകനെ നിയമിക്കണമെന്ന്അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കില്‍ പിന്താങ്ങമെന്നു സന്തോഷ് ബോബന്‍ കൗണ്‍സിലില്‍ അറിയിച്ചു .

related news : എം. സി. പി. കണ്‍വെന്‍ഷന്‍ സെന്റര്‍ : ഹൈക്കോടതികേസ്സിന്റെ വിധി പകര്‍പ്പ് നഗരസഭക്ക് ലഭിക്കാത്തത് ഗുരുതരമായ അനാസ്ഥയും ദുരൂഹവുമെന്ന് പ്രതിപക്ഷം

എം.സി.പി. കണ്‍വെന്‍ഷന്‍ സെന്റര്‍ : ഹൈക്കോടതി കേസ്സിന്റെ വിധി പകര്‍പ്പ് നഗരസഭക്ക് ലഭിക്കാത്തത് ഗുരുതരമായ അനാസ്ഥയും ദുരൂഹവുമെന്ന് പ്രതിപക്ഷം

ഇിരങ്ങാലക്കുട : എം. സി. പി. കണ്‍വെന്‍ഷന്‍ സെന്ററുമായി നഗരസഭക്ക് ഹൈക്കോടതിയിലുള്ള കേസ്സിന്റെ വിധി പകര്‍പ്പ് നഗരസഭക്ക് ലഭിക്കാത്തത് ഗുരുതരമായ അനാസ്ഥയും ദുരൂഹവുമാണന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ നഗരസഭാ കൌണ്‍സില്‍ യോഗാരംഭത്തില്‍ ആരോപിച്ചു. മെയ് 31 വന്ന വിധിയുടെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും നഗരസഭക്ക് ലഭിക്കാത്തത് നഗരസഭ അഭിഭാഷകരുടെ അനാസ്ഥയായി കാണേണ്ടി വരും. താനടക്കമുള്ള ജനപ്രതിനിധികള്‍ ഹൈക്കോടതിയില്‍ കേസ്സ് നടത്തിയാണ് നഗരസഭക്ക് മാസം 25 ലക്ഷം രൂപ ലഭിക്കുന്ന സാഹചര്യമുണ്ടായത്. അഭിഭാഷകരെ മാറ്റുന്ന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ട സന്തോഷ് ബോബന്‍ ഇക്കാര്യത്തില്‍ എല്‍. ഡി. എഫ്, യു.ഡി.എഫിനൊപ്പമാണന്ന് കുറ്റപ്പെടുത്തി. എന്നാല്‍ താന്‍ അന്വേഷിച്ചപ്പോള്‍ വിധി പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നാണ് മുനിസിപ്പല്‍ ഓഫീസില്‍ നിന്നും അറിഞ്ഞതെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ പറഞ്ഞു. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി കൂടിയായ എം. പി. ജാക്‌സണ്‍ ചെയര്‍മാനായിരുന്ന കാലത്തു നിയമി്ച്ച അഭിഭാഷകരാണ് ഇപ്പോഴും ഹൈക്കോടതിയിലുള്ളത്. ഇവര്‍ തമ്മിലുള്ള അവിഹിത ബന്ധമാണോ പകര്‍പ്പു വൈകുന്നതിനു പിന്നിലെന്നും പി. വി. ശിവകുമാര്‍ ചോദിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപണങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു പറഞ്ഞു. കോണ്‍ഗ്രസ്സ് നേതൃത്വം നിയോഗിച്ച അഭിഭാഷകര്‍ കേസ്സു നടത്തി വിജയിച്ചതു കൊണ്ടാണ് നഗരസഭക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപ വീതം ലഭിക്കാനുള്ള സാഹചര്യം ഉണ്ടായതെന്ന് എം.ആര്‍. ഷാജു ചൂണ്ടിക്കാട്ടി. മെയ് 31 വിധി വന്നത് ഇടക്കാല വിധിയാണന്നും ജൂണ്‍ ഒന്നിന് വിധിയുടെ പ്രസ്‌കതഭാഗങ്ങള്‍ അഭിഭാഷകന്‍ അയച്ചു തന്നിട്ടുണ്ടെന്നും സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. ആഗസ്റ്റ് 31 വരെ കണ്‍വെന്‍ഷന്‍ സെന്ററിന് നിബന്ധനകളോടെ പ്രവര്‍ത്തനം തുടരാം. ഇതിനായി ജൂണ്‍ 26, ജൂലൈ 26 തിയ്യതികളില്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപ വീതം നഗരസഭയില്‍ അടക്കണം. വിധിപകര്‍പ്പ് കഴിഞ്ഞ ദിവസം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും താമസിയാതെ നഗരസഭയിലേക്ക് അയക്കുമെന്ന് അഭിഭാഷന്‍ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

related news : എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ നികുതി വെട്ടിപ്പ് : പ്രവര്‍ത്തനം ഓഗസ്റ്റ് 31വരെ നിബന്ധനകളോടെ നീട്ടികൊണ്ട് ഹൈകോടതി ഉത്തരവ്

സ്ലാബ് പൊളിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. അംഗം നടത്തിയ പരാമര്‍ശം വസ്തുതകള്‍ മനസ്സിലാക്കാതെയാണന്ന് അമ്പിളി ജയന്‍

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം സ്ലാബ് പൊളിച്ചതുമായി ബന്ധപ്പെട്ട് യു. ഡി. എഫ്. അംഗം സോണിയ ഗിരി തനിക്കെതിരെ നടത്തിയ പരാമര്‍ശം വസ്തുതകള്‍ മനസ്സിലാക്കാതെയാണന്ന് ബി. ജെ. പി. അംഗം അമ്പിളി ജയന്‍ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. നഴ്‌സറി നടത്തുന്ന സ്വകാര്യ വ്യക്തിക്കെതിരെ മാസങ്ങള്‍ക്കു മുന്‍പെ പ്രദേശവാസികള്‍ ജില്ലാ ഭരണാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുള്ളതാണന്ന് അമ്പിളി ജയന്‍ ചൂണ്ടിക്കാട്ടി. നിരവധി പരാതികള്‍ താന്‍ ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. രാമന്‍ചിറ റോഡില്‍ നിന്നും മാലിന്യം നീക്കം ചെയ്യുക, കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു ശേഷം ഊട്ടുപുരയുടെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യങ്ങള്‍ പുറത്തേക്ക്ക ഒഴുകുന്നതു സംബന്ധിച്ചും പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അമ്പിളി ജയന്‍ കുറ്റപ്പെടുത്തി. എന്നാല്‍ താന്‍ അമ്പിളി ജയനെ വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടില്ലെന്നും നഗരസഭ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ സ്ലാബ് പൊളിച്ച് നിയമം കൈയിലെടുക്കുന്നതിന് തുല്യമായതിനാലാണ് വിമര്‍ശിച്ചതെന്ന് സോണിയ ഗിരി വിശദീകരിച്ചു.

നഗരസഭയുടെ അനുമതി ഇല്ലാതെ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ സ്വകാര്യ സ്ഥാപനത്തിന് എന്‍ട്രസ് കോച്ചിങ്ങിനു നല്‍കിയതില്‍ അന്വേഷണം വേണമെന്ന് നഗരസഭ

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് വാങ്ങി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് കോഴ്‌സ് നടത്തുവാന്‍ ക്ലാസ്സ് റൂം അനുവദിച്ച ഇരിങ്ങാലക്കുട ഗവ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ നടപടിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൊടുങ്ങല്ലൂര്‍ മലബാര്‍ എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററിന് മെഡിക്കല്‍, എഞ്ചിനിയറിങ്ങ് ക്രാഷ് കോഴസ് നടത്തുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹെഡ്മിസ്ട്രസ് നല്‍കിയ കത്ത് സംബന്ധിച്ച് അജണ്ടയിലാണ് അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം കച്ചവട താല്‍പര്യത്തിലാണ് കോഴ്‌സ് നടത്തിയതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു ആവശ്യപ്പെട്ടു. ആയിരക്കണക്കിനു രൂപയാണ് ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്ഥാപനം ഈടാക്കിയിട്ടുള്ളത്. സമൂഹം പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂള്‍ സ്വകാര്യ സ്ഥാപനത്തിനു ഫീസ് വാങ്ങി കോഴ്‌സ് നടത്തുവാന്‍ അനുവദിച്ചിത് അംഗീകരിക്കാനാകില്ലെന്ന് എം. ആര്‍. ഷാജു പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളില്‍ സ്വകാര്യ സ്ഥാപനത്തിന് ഫീസ് വാങ്ങി കോഴ്‌സ് നടത്തുവാന്‍ നല്‍കിയത് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാറും ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വക്കണമെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വാങ്ങിയിരിക്കണമെന്ന് മുനിസിപ്പല്‍ സെക്രട്ടറി ഒ. എന്‍. അജിത് കുമാര്‍ യോഗത്തില്‍ വിശദീകരിച്ചു. സ്വകാര്യ സ്ഥാപനത്തിന് ഫീസ് വാങ്ങി കോഴ്‌സ് നടത്തുവാന്‍ അനുമതി നല്‍കാന്‍ പാടില്ലാത്തതായിരുന്നുവെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു

മാലിന്യങ്ങള്‍ നീക്കി മഴക്കാല ശുചികരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നഗരസഭയില്‍ പ്രതിപക്ഷ ആവശ്യം

ഇരിങ്ങാലക്കുട : പൊതുതോടുകളും ഓടകളും മാലിന്യമുക്തമാക്കി പകര്‍ച്ചവ്യാധികളെ തടയുക , പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത മഴക്കാല ശുചികരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നഗരസഭ കൗണ്‍സിലില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകള്‍ ഏന്തി പ്രതിഷേധം . കൗണ്‍സില്‍ ആരംഭിച്ച ഉടനെ അജണ്ടകള്‍ക്കു മുന്‍പ് പ്രതിപക്ഷ നേതാവ് പി വി ശിവകുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം . ഹരിതകേരളം പദ്ധതിക്കെതിരെ നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കുക അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കി തണ്ണീര്‍ തടങ്ങളും ചാലുകളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു . കല്ലേരി തോട് വൃത്തിയാക്കാന്‍ നഗരസഭ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയെങ്കിലും തോടിന്റെ ഉറവിടത്തില്‍ നിന്നും ഇപ്പോഴും മാലിന്യങ്ങള്‍ ഒഴുകിവരുന്നതിനാല്‍ നഗരസഭ ആരോഗ്യവിഭാഗം ഇടപെട്ട് ഇതിനു ഒരു ശ്വാശ്വത പരിഹാരം കണ്ടെത്തണമെന്ന് കൗണ്‍സിലര്‍ ഷിബിന്‍ ആവശ്യപ്പെട്ടു . ചാവറ കോളനിയില്‍ വെള്ളക്കെട്ട് രൂക്ഷമാണെന്നും കൗണ്‍സിലര്‍മാരുടെ പരാതി ഉണ്ട് . മഴക്കാല പൂര്‍വ ശുചികരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുകളില്‍ നടക്കുന്നുണ്ട് എന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ഇതില്‍ തൃപ്തരായില്ല .

 

 

ഇരിങ്ങാലക്കുടയില്‍ ഫിലിം സൊസൈറ്റി ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : പ്രാദേശികഭാഷ സിനിമകളുടെയും ദേശിയ അന്തര്‍ദേശിയ തലത്തില്‍ അംഗീകാരം നേടിയിട്ടുള്ള സിനിമകളുടെയും അവതരണം ലക്ഷ്യമിട്ട് ഇരിങ്ങാലക്കുടയില്‍ ഫിലിം സൊസൈറ്റി സജീവമാകുന്നു . മികച്ച സിനിമകളുടെ അവതരണത്തിനായി നഗരത്തില്‍ ഒരു സ്ഥിരം വേദിയിലെന്ന തിരിച്ചറിവില്‍ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആണ് സൊസൈറ്റി രൂപംകൊള്ളുന്നത് . 1980 -കളില്‍ സമാന്തരസിനിമയുടെ സൗന്ദര്യം പട്ടണത്തിലെ ചലച്ചിത്ര ആസ്വാദകരിലേക്ക് എത്തിച്ച ഫിലിം സൊസൈറ്റിയുടെ ബാനറിലാണ് സിനിമകള്‍ അവതരിപ്പിക്കുന്നത് തൃശൂര്‍ ചലച്ചിത്ര കേന്ദ്രയുടെയും കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പുതിയ ഫിലിം സൊസൈറ്റിയുടെ രൂപീകരണയോഗം നഗരസഭ ടൗണ്‍ ഹാളില്‍ ചലച്ചിത്ര പ്രേമികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്നു. ആദ്യ ഫിലിം സൊസൈറ്റി സ്ഥാപക സെക്രട്ടറി പ്രൊഫ. എം കെ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു . ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ , വി എസ് വസന്തന്‍ , തേജസ് പുരുഷോത്തമന്‍ , ബിനു ശാര്‍ങ്ധരന്‍ , എം ആര്‍ സിനോജ് , ബിജോയ് അരവിന്ദക്ഷൻ എന്നിവര്‍ സംസാരിച്ചു . ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നവീന്‍ ഭഗീരഥന്‍ കണ്‍വീനറായും , ജോസ് മാമ്പിള്ളി , വി ആര്‍ സുകുമാരന്‍ , മനീഷ് അരിക്കാട്ട്, ടി ജി സജിത്ത് , രാജീവ് മുല്ലപ്പള്ളി , രാധാകൃഷ്ണന്‍ വെട്ടത്ത് എന്നിവര്‍ അംഗങ്ങളായുള്ള ഏഴംഗ കമ്മിറ്റി രൂപികരിച്ചു .

ആരോഗ്യ വിഭാഗത്തിനെതിരെ കൗണ്‍സിലില്‍ ഭരണ- പ്രതിപക്ഷ ഭേദമെന്യേ രൂക്ഷ വിമര്‍ശനം

ഇരിങ്ങാലക്കുട : ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ വളരെ മോശമാണെന്നും വാര്‍ഡുകളിലെ പ്രശ്നങ്ങളില്‍ ഇവരുടെ ഇടപെടല്‍ ക്രിയാത്മകമല്ലെന്നും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചു. ഭരണ കക്ഷിയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഷാജു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു . ഇടതുപക്ഷ കൗണ്‍സിലര്‍മാരായ വത്സല ശശി , ഷിബിന്‍ എന്നിവര്‍ക്കും സമാന അഭിപ്രായമാണ് ഉണ്ടായത് . ബി ജെ പി കൗണ്‍സിലറായ അമ്പിളി ജയന്‍ , കേരള കോണ്‍ഗ്രസ് കൗണ്‍സിലറായ റോക്കി ആളൂക്കാരന്‍ എന്നിവരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരല്ല .മഴക്കാലം കൂടുന്നതോടെ വാര്‍ഡുകളിലെ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുവാനും നഗരസഭ ചെയര്‍പേഴ്സണ്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അര്‍ഹരായ മുഴുവന്‍ കൈവശ കൃഷിക്കാര്‍ക്കും പട്ടയം നല്‍കുക – കേരള കര്‍ഷക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും

ഇരിങ്ങാലക്കുട : അര്‍ഹരായ മുഴുവന്‍ കൈവശ കൃഷിക്കാര്‍ക്കും പട്ടയം നല്‍കുക എന്ന ആവശ്യമുന്നയിച്ച് കേരള കര്‍ഷക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ മുകുന്ദപുരം താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയാ സെക്രട്ടറി കെ.കെ. ഗോഖലെ, കെ.പി.ദിവാകരന്‍മാസ്റ്റര്‍, ടി.ജി. ശങ്കരനാരായണന്‍, അജിത പീതാംബരന്‍, കെ.ബി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ആല്‍ത്തറയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് കെ.ജെ. ജോണ്‍സന്‍, ജിനരാജദാസന്‍, പി.വി. ഹരിദാസ്, വി കെ സുബ്രഹ്മണ്യന്‍, എം അനില്‍കുമാര്‍, കെ കെ മോഹനന്‍, അഡ്വ. മനോഹരന്‍, പി.ആര്‍ ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പടിയൂര്‍ വാര്‍ഡ് വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം

പടിയൂര്‍ : വാര്‍ഡ് വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് 8 – ാം വാര്‍ഡ് അനുമോദനം -2017 സംഘടിപ്പിച്ചു.  2016 -17 ല്‍ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയില്‍ വിജയം കൈവരിച്ച 8 – ാം വാര്‍ഡിലെ എല്ലാ കുട്ടികള്‍ക്കും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ ഇക്‌ണോമിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കൊച്ചുവീട്ടില്‍ നിജില്‍ ജേക്കബിനും അനുമോദനം നല്‍കി . എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിനും കുടുംബശ്രീ പഞ്ചായത്ത് , ബ്ലോക്ക് തല കായികമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബിന്ദു മനോജിനും സ്നേഹോപകാരം നല്‍കി . വാര്‍ഡ് മെമ്പര്‍ ടി ഡി ദശോബ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു ഉദ്ഘാടനം നിര്‍വഹിച്ചു . ബ്ലോക്ക് മെമ്പര്‍ ലത വാസുദേവ് , പഞ്ചായത്ത് മെമ്പര്‍മാരായ ആശ സുരേഷ് , സി എം ഉണ്ണികൃഷ്ണന്‍ , സുനന്ദ ഉണ്ണികൃഷ്ണന്‍ , സുരേഷ് മാഷ് , സുബ്രമണ്യന്‍ ഇ കെ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ആയോധന കലാക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യോഗാദിനാഘോഷം ജൂണ്‍ 18 ന്

ഇരിങ്ങാലക്കുട : ആയോധന കലാക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനാഘോഷം ജൂണ്‍ 18 ഞായറാഴ്ച ഗവ. ബോയ്സ് ഹൈസ്കൂളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ അശോകന്‍ ഗുരുക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു . ഗുരുവന്ദനം ,യോഗമത്സരങ്ങള്‍ ,സാംസ്കാരികസദസ്സ് സമ്മാനദാനം , എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍, കളരിപ്പയറ്റ് , കരാട്ടെ പ്രദര്‍ശനങ്ങള്‍ എന്നിവയാണ് രാവിലെ 8 മണി മുതല്‍ 5 മണി വരെ നടക്കുന്ന ചടങ്ങുകള്‍ . രാവിലെ 11 .30 ന് അശോകന്‍ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കളരിപ്പയറ്റില്‍
പത്മശ്രീ നേടിയ മീനാക്ഷിയമ്മ ഉദ്ഘാടനം ചെയ്യും.  മണിപ്പൂരില്‍ നിന്നുള്ള കൊയ്‌ജോ ജസോബന്ത വിശിഷ്ടതിഥിയായിരിക്കും . ജില്ലാ പോലീസ് മേധാവി എന്‍ വിജയകുമാര്‍ ഐ പി എസ് സുവനീര്‍ പ്രകാശനം നിര്‍വഹിക്കും . വൈകീട്ട് നടക്കുന്ന ചടങ്ങില്‍ സിനിമ സംവിധായകനായ ടോം ഇമ്മട്ടി സമ്മാനദാനം നിര്‍വഹിക്കും . ഷണ്മുഖന്‍ ഗുരുക്കള്‍ , രഘുനാഥ് ഗുരുക്കള്‍ , ഉണ്ണിമോന്‍ ഗുരുക്കള്‍ എന്നിവര്‍ ചടങ്ങില്‍ ആശംസ പ്രസംഗം നടത്തും .

Top
Close
Menu Title