News

Archive for: August 20th, 2017

പനി ബാധിച്ച് യുവതി മരിച്ചു

കാറളം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാറളം പള്ളിപുറത്ത് സനോജിന്റെ ഭാര്യ പ്രിയ (25) ആണ് പനി കരളിനെ ബാധിച്ചതുമൂലം മരിച്ചത്. പനിമൂലം ഒരാഴ്ചയായി ചികിത്സയിലായിരുന്ന പ്രിയക്ക് വ്യാഴാഴ്ച രാവിലെ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ചെറിയപാലത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നിട് കൂടുതല്‍ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ഏഴരയോടെ മരണം സംഭവിച്ചു. രണ്ട് വയസ്സ് പ്രായമായ അഭയാണ് ഏക മകന്‍.

വധശ്രമകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട : വധശ്രമകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ സ്വദേശി നെടുംപുരയ്ക്കല്‍ വീട്ടില്‍ ഷെമീര്‍ (32)നെയാണ് ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് രാത്രി കരുവന്നൂരില്‍ വെച്ച് മൂര്‍ക്കനാട് സ്വദേശി ഉമ്മുവളപ്പില്‍ വീട്ടില്‍ ഷാഫിയെയാണ് ഇയാള്‍ ആക്രമിച്ചത്. തനിക്കെതിരെ പരാതി നല്‍കിയതിലുള്ള വിരോധമാണ് ഇതിന് കാരണം. ഷാഫിയെ തടഞ്ഞ് നിറുത്തി അസഭ്യം പറയുകയും കയ്യില്‍ കരുതിയിരുന്ന കമ്പി വടികൊണ്ട് തലയ്ക്കടിക്കുകയും വലതുകൈ തല്ലിയൊടിക്കുകയും ചെയ്തു. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു. ജില്ലയിലെ കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഷെമീറെന്ന് പോലിസ് പറഞ്ഞു. നിരവധി കഞ്ചാവുകേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2011ല്‍ ചേര്‍പ്പ് പോലിസും 2016ല്‍ ഇരിങ്ങാലക്കുട പോലിസും രണ്ട് കിലോയിലധികം കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു. ഈ കേസുകളില്‍ ഷെമീര്‍ ജയില്‍വാസം അനുഭവിച്ചിരുന്നു . നിരവധി കഞ്ചാവുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കഞ്ചാവ് ഷെമീറെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, ഇരിങ്ങാലക്കുട, തൃശ്ശൂര്‍ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ സുശാന്ത് കെ.എസ്, സി.പി വിജു, മുരുകേഷ് കടവത്ത്, കെ.എ കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

കെണിയൊരുക്കി പൊതുവഴികളിലെ ഒടിഞ്ഞ സ്ലാബുകള്‍

ഇരിങ്ങാലക്കുട : കാല്‍നടക്കാര്‍ക്ക് കെണിയായി നഗരത്തിലെ ഒടിഞ്ഞ സ്ലാബുകള്‍ പതിവ് കാഴ്ചയാകുന്നു. ചെട്ടിപ്പറമ്പില്‍നിന്നും ബസ് സ്റ്റാന്‍ഡില്ലേക്കുള്ള റോഡില്‍ ഫുട്പാത്തിലെ ഒടിഞ്ഞ സ്ലാബുകള്‍ ഒഴിവാക്കി ഏറെ തിരക്കുള്ള റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് ഇറങ്ങി നടക്കേണ്ടി വരുന്നത് അപകട സാധ്യത കൂട്ടുന്നു. വഴിയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വളരെയധികം ബുദ്ധിമുട്ടാണ് ഈ ഒടിഞ്ഞ സ്ലാബുകള്‍ ദിനംപ്രതി ഉണ്ടാക്കുന്നത്. ഇത് വഴി പോകുന്നവരുടെ കാലുകള്‍ സ്ലാബിനിടയില്‍ പെടാനും സാധ്യതയുണ്ട് . വണ്‍വേ ബസ്സ് റൂട്ട് ആയതുകൊണ്ടും വളരെ ചെറിയ വഴി ആയതുകൊണ്ടും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നഗരസഭ ഇടപെട്ട് ഇത് എത്രയും പെട്ടന്നു ശരിയാക്കണമെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു. മാസങ്ങളായി സ്ലാബ് ഈ അവസ്ഥയില്‍ ആയിട്ട് . നിരവധി വിദ്യാത്ഥികളാണ് ഈ വഴി ദിനം പ്രതി പോകുന്നത്. നഗരസഭയുടെ അനാസ്ഥയാണ് റോഡുകളും സ്ലാബുകളും ഇങ്ങനെ  പൊട്ടി പൊളിഞ്ഞു കിടക്കുന്നത് എന്നും ജനങ്ങള്‍ പറയുന്നു.

ഹരിതം സഹകരണം പദ്ധതി ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കില്‍

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ വിതരണം ചെയ്തു. ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എം എസ് കൃഷ്ണകുമാര്‍  വൃക്ഷതൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

കിഴുത്താണി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ജൂണ്‍ 23 മുതല്‍

കിഴുത്താണി : ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചു ജൂണ്‍ 23 മുതല്‍ 30 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു . യജ്ഞാചാര്യന്‍ ഭാഗവത ഗായകരത്നം ബ്രഹ്മശ്രീ കിഴക്കേടം ഹരി നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് യജ്ഞ പരിപാടികള്‍ നടക്കുന്നത് . ജൂണ്‍ 23 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കലവറ നിറക്കലും ആചാര്യനെ സ്വീകരിക്കലും മാഹാത്മ്യ പ്രഭാഷണവും നടക്കും . തുടര്‍ന്ന് ഓരോ ദിവസവും രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 മണി വരെയായിരിക്കും യജ്ഞം നടക്കുന്നത് .

Top
Close
Menu Title