News

Archive for: August 20th, 2017

ഭൂമാഫിയക്ക് വേണ്ടി ഒത്താശ പാടുന്നുവെന്നു ആരോപിച്ച് നഗരസഭ കൗണ്‍സിലര്‍ക്കെതിരെ നാട്ടുകാരുടെ ഫ്ളക്സ് പ്രചരണം

ഇരിങ്ങാലക്കുട : കനത്ത മഴയിലും വെള്ളക്കെട്ടിലും തെക്കേനടയിലെ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ തോടുകള്‍ കയ്യേറി കൈവശം വയ്ക്കുന്ന ഭൂമാഫിയക്ക് വേണ്ടി ഒത്താശ പാടുന്നുവെന്നു ആരോപിച്ച് നഗരസഭ കൗണ്‍സിലറും ഡി സി സി സെക്രട്ടറിയുമായ സോണിയാ ഗിരിക്കെതിരെ ഫ്ളക്സ് പ്രചരണം. നഗരസഭ കൗണ്‍സിലില്‍ സോണിയാ ഗിരി തോട് കയ്യേറിയവര്‍ക്ക്  അനുകൂലമാകുന്ന രീതിയില്‍ സംസാരിച്ചതാണ് തെക്കേനട പ്രദേശത്തെ ജനങ്ങളെ പ്രകോപിപ്പിച്ചത്ത്. ഈ ഭാഗത്തെ പൊതുത്തോട് സ്വകാര്യ വ്യക്തി കയ്യേറി നികത്തിയിരുന്നു. തെക്കേനട പ്രദേശത്തെ അധിക ജലം ഈ തോട്ടിലൂടെയാണ് ഒഴുക്കിപോയിരുന്നത്. പാടത്തുകൂടിയുള്ള തോട് നികത്തിയതോടെ ജല ഒഴുക്ക് തടസ്സപെടുകയും ഈ പ്രദേശത്ത് പതിയെ വെള്ളകെട്ട് രൂപപെടുകയും ചെയ്‌തു. നാട്ടുകാര്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് സ്ഥലം കൗണ്‍സിലര്‍ അമ്പിളി ജയന്‍റെ നേതൃത്വത്തില്‍ തോട് കൈയേറിയ ഒരു ഭാഗം പൊളിച്ചുനീക്കിയിരുന്നു.  ഇതിനെതിരെയാണ് സോണിയഗിരി കൗണ്‍സിലില്‍ തൊടുകയ്യേറിയവര്‍ക്ക് അനുകുലമായി സംസാരിച്ചത് എന്ന് തെക്കേനട നിവാസി സുരേഷ് പറഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് സോണിയ ഗിരിക്കെതിരെ പ്രദേശ വാസികള്‍ ബോര്‍ഡ് സ്ഥാപിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു അനധികൃതമായി കയറി വസ്തുക്കള്‍ നശിപ്പിക്കാന്‍ അധികാരമുണ്ടോ എന്ന് മാത്രമേ ഞാന്‍ കൗണ്‍സിലില്‍ വിശദികരണം ആവശ്യപ്പെട്ടതെന്ന് എന്ന് സോണിയാഗിരി ഇത് സംബന്ധിച്ച് പ്രതികരിച്ചത്. പരാതിക്കാരി തന്റെ വാര്‍ഡില്‍ പെട്ട ആളായത് കൊണ്ടും, ഈ പ്രവര്‍ത്തിക്കു നഗരസഭയുടെ അനുമതിയുണ്ടായിരുന്നോ എന്നും താന്‍ ചോദിച്ചിരുന്നു. മറ്റു ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. പാടം നികത്തിയപ്പോള്‍ അന്നത്തെ സ്ഥലം കൗണ്‍സിലര്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അവര്‍ ചോദിക്കുന്നു

വി.വി.തിലകന്‍ മികച്ച ലൈബ്രറി പ്രവര്‍ത്തകന്‍

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ 2016 – 17 വര്‍ഷത്തെ മികച്ച ലൈബ്രറി പ്രവര്‍ത്തകനായി പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി പ്രസിഡന്റ് വി.വി.തിലകന്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളമായി തിലകന്‍ തുടര്‍ച്ചയായി ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതിനിടയില്‍ വനിത പുസ്തക വിതരണ പദ്ധതിക്കുള്ള സംസ്ഥന അവാര്‍ഡും മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള തലൂക്ക്തല അവാര്‍ഡും താഷ്ക്കന്റ് ലൈബ്രറിക്ക് ലഭിച്ചതില്‍ തിലകന്റെ പങ്ക് എടുത്ത് പറയേണ്ടതാണു്. ജൂണ്‍ 19നു തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന വായനാപക്ഷാചരണ ഉദ്ഘാടന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡ് വിതരണം ചെയ്യും.

ജീവകാരുണ്യത്തിന്റെ മഹാഗ്രന്ഥമാണ് പാണക്കാട് ശിഹാബ് തങ്ങള്‍ – പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ

ഇരിങ്ങാലക്കുട : ജീവകാരുണ്യത്തിന്റെ മഹാഗ്രന്ഥമാണ് പാണക്കാട് ശിഹാബ് തങ്ങള്‍ എന്ന് പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശിഹാബ് തങ്ങള്‍ അനുസ്മരണവും വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരദാനവും റിലീഫ് വിതരണവും നടത്തിയ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വലിയ പാഠങ്ങള്‍ പകര്‍ത്തി നല്‍കിയ മഹാനാണ് പാണക്കാട് ശിഹാബ് തങ്ങള്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ എ റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, ടൗണ്‍ ഇമാം പി എന്‍ എം കബീര്‍ മൗലവി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. പ്രസ് ക്ലബ് പ്രസിഡണ്ട് വി ആര്‍ സുകുമാരന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗീസ് , രാജ്‌കുമാര്‍ നമ്പൂതിരി, വി എം അബ്ദുള്ള, സി പി അബ്ദുള്‍ കരീം, പി ബി അലിയാര്‍, സുധീര്‍ കരിപുരയ്‌ക്കല്‍, എ എന്‍ ജമീഷ, സി എം മുജീബ് എന്നിവര്‍ സംസാരിച്ചു.

ഡിഗ്രി മാനേജ്‌മന്റ് സീറ്റിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഈ വര്‍ഷത്തെ മാനേജ്മെന്റ് സീറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. Bsc.Microbiology, Bsc.BioChemistry, BSc food technology,  BCom finance,  B . Com computer, B .Com Co- operation,  BBA,  BCA, BMMC എന്നീ കോഴ്സ്കള്‍ക്കുള്ള ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത് . അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്തുള്ള കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നേരിട്ട് എത്തി പരിശോധിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് : 0480-833910 , 9846730721.

എടക്കുളം എസ് എന്‍ ജി എസ് എസ് യു പി സ്കൂളില്‍ മഴക്കാല ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി

എടക്കുളം : പൂമംഗലം ഹോമിയോ ഡിസ്പെന്‍സറിയില്‍ നിന്നും എടക്കുളം എസ് എന്‍ ജി എസ് എസ് യു പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഴക്കാല രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കി . ഡോ. റഹ്മത്ത് ബീഗം കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി . ഹെഡ്മിസ്ട്രസ് ദീപ ആന്റണി , പൂമംഗലം ഗ്രാമപഞ്ചയാത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ശിവദാസ് , സ്കൂള്‍ വികസനസമിതി കണ്‍വീനര്‍ പി കെ സുജിത് , ഐരാവതി എം സി എന്നിവര്‍ സംസാരിച്ചു.

ഇ -നെറ്റ് ജനസേവാകേന്ദ്രം ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ ഇ -നെറ്റ് ജനസേവാകേന്ദ്രം ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ നാഷണല്‍ സ്കൂളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു . വാര്‍ഡ് കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍ , സുജ സഞ്ജീവ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ജനസേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു .

സൗജന്യ പനി പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു

തളിയക്കോണം : ഇരിങ്ങാലക്കുട ഗവ. ആയൂര്‍വ്വേദ ആശുപത്രിയുടേയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ പനി പ്രതിരോധ ക്യാമ്പ് തളിയക്കോണത്ത്  സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ ബിന്ദു ശുദ്ധോധനന്‍, സിന്ധു ബൈജന്‍ ഡോ. പ്രീതി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ബിജു ബാലകൃഷ്ണന്‍ സ്വാഗതവും ഡോ. രജിത നന്ദിയും രേഖപ്പെടുത്തി. ക്യാമ്പില്‍ വെച്ച് 220 രോഗികളെ പരിശോധിച്ച് മരുന്നു നല്‍കി.

Top
Close
Menu Title