News

Archive for: August 2017

സ്നേഹഭവന്‍ ഡയറക്ടറെ ആക്രമിച്ച രണ്ട് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : സ്നേഹഭവന്‍ ഐ ടി സി യിലെ ഡയറക്ടര്‍ ഫാ: ജോയ് വൈദ്യക്കാരന് നേരെ ബൈക്കിലെത്തി ആക്രമിച്ച കേസിലെ അറസ്റ്റിലായ രണ്ടു പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി . ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തിന്റെ നേതൃത്വത്തില്‍ പ്രതികളെ മുഖം മറിച്ചാണ് തിങ്കളാഴ്ച തെളിവെടുപ്പിന് എത്തിച്ചത് . സംഭവത്തില്‍ പ്രധാന പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല . സംഭവത്തിനു പുറകില്‍ ഗുഡാലോചന ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം ചില ഉന്നതരിലേക്കും അന്വേഷണം നീളുന്നുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ലെന്നും പോലീസ് പറയുന്നു. കോടാലി മറ്റത്തൂര്‍ വിജയവിലാസം വീട്ടില്‍ മനീഷ്‌കുമാര്‍ (32 ) , കൊടകര വാസുപുരം മരോട്ടിക്കുന്ന് വീട്ടില്‍ രാകേഷ് (30 ) എന്നിവരെയാണ് പോലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയത് . സ്നേഹഭവനില്‍ കരാര്‍ ജോലി ഏറ്റെടുത്ത ആളുടെ പണിക്കാരാണ് അറസ്റ്റിലായ രണ്ടുപേര്‍. വ്യക്തിവൈരാഗ്യം ആണ് അക്രമത്തിനു പുറകില്‍ എന്നും പോലീസ് പറയുന്നു. പ്രതികളും സ്നേഹഭവന്‍ ഐ ടി സി യുമായി ബന്ധമുള്ള ചിലരും നടത്തിവന്നിരുന്ന നിര്‍മ്മാണ പ്രവൃത്തികളുമായി ഉണ്ടായ അഭിപ്രായ വ്യാത്യാസങ്ങളും മറ്റു ചില സംഭവങ്ങളും ആണ് തര്‍ക്കത്തിന് കാരണം എന്ന് പോലീസ് പറയുന്നു. സംഭവത്തിന്റെ ഗൂഢലയോചനയുമായി ബന്ധപ്പെട്ട ഉന്നതരായ പ്രതികളെ ഇനിയും പിടി കൂടാനുണ്ട്. പ്രതികള്‍ പോലീസിന്റെ നീരിക്ഷണത്തിലാണ് . ജൂണ്‍ 24 ന് വൈകിട്ട് ആറരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. ക്രൈസ്റ്റ് കോളേജ് റോഡിലുള്ള സ്നേഹഭവന്റെ വരാന്തയില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം .

എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട : എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചു തകര്‍ത്ത കേസില്‍ പ്രതിഷേധിച്ച് സംയുക്ത ഭരണസമിതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഞായറാഴ്ച ആഹ്വാനം ചെയ്ത ബി ജി പി ഹര്‍ത്താലിന്റെ മറവിലാണ് ഓഫിസ് ആക്രമിച്ചു തകര്‍ത്തത് . എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍  ബ്രാഞ്ച് സെക്രട്ടറി എ എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വി എസ് അനീഷ് , ആര്‍ എല്‍ സിന്ധു , കെ ആര്‍ രേഖ എന്നിവര്‍ സംസാരിച്ചു.

പരിയാടത്ത് മേനോന്‍ ഹരി മോഹന്‍ അന്തരിച്ചു

കോമ്പാറ : പരിയാടത്ത് മേനോന്‍ ഹരി മോഹന്‍ (61 ) അന്തരിച്ചു. ഭാര്യ : മിനി മേനോന്‍ ( റിട്ട . പഞ്ചായത്ത് ജൂനിയര്‍ സുപ്രണ്ടന്റ്  ) മക്കള്‍ : രമ്യ , പൂര്‍ണിമ . മരുമക്കള്‍ : അനൂപ് , അഭിലാഷ്. റിട്ട . വെറ്റിനറി ഡോക്ടര്‍ മേനോന്‍ രവി , മേനോന്‍ സുരേഷ് എന്നിവര്‍ സഹോദരങ്ങളാണ് . ശവസംസ്‌കാരം ആഗസ്ത് ഒന്ന് ചൊവ്വാഴ്ച 12 മണിക്ക് കോമ്പാറ വീട്ടുവളപ്പില്‍ നടക്കും.

എസ് എന്‍ പബ്ലിക് ലൈബ്രറിയുടെ നോവല്‍ സാഹിത്യയാത്ര രണ്ടാം വാരത്തിലേക്ക്

ഇരിങ്ങാലക്കുട : എസ് എന്‍ പബ്ലിക് ലൈബ്രറിയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നോവല്‍ സാഹിത്യ യാത്ര രണ്ടാം വാരത്തിലേക്ക് കടന്നു. രണ്ടാം വാരം ചര്‍ച്ച ചെയ്തത് എം ടി വാസുദേവന്‍ നായരുടെ രണ്ടാം ഊഴമാണ് . രണ്ടാംമൂഴത്തില്‍ എം ടി വാസുദേവന്‍ നായര്‍ സാധാരണക്കാരന്റെ ജീവിത പരിസരം വരച്ചു കാണിക്കുകയും . ഭീമന്‍ പച്ചമനുഷ്യനായി. മഹത്തായ ഇതിഹാസം മനുഷ്യഗാഥയാക്കി മാറ്റി. നഗര സംസ്കാരവും നാടോടി സംസ്ക്കൃതിയും തമ്മിലുള്ള സംഘര്‍ഷമാണ് ഈ ഇതിഹാസ നോവലിന്റെ അന്തര്‍ധാരയെന്ന വിഷയം എഴുത്തുകാരനായ കെ കെ സുഗതന്‍ അവതരിപ്പിച്ചു. ഉണ്ണിക്കൃഷ്ണന്‍ കീഴുത്താണി അദ്ധ്യക്ഷത വഹിച്ചു. പി കെ ഭരതന്‍ ആമുഖപ്രഭാഷണം നടത്തി. ബാലക്കൃഷ്ണന്‍ അഞ്ചത്ത്, കെ ഹരി,രാധാകൃഷ്ണന്‍ വെട്ടത്ത് രാജേഷ് തെക്കിനീയത്ത്, ഗായത്രിദേവി, കെ മായ, അജയഘോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

O -ve കിഡ്നി ആവശ്യമുണ്ട്

ഇരിങ്ങാലക്കുട : ആറു മാസത്തില്‍ അധികമായി കിഡ്‌നിയ്ക്ക് തകരാര്‍ സംഭവിച്ചു ഡയാലിസിസ് ചെയുന്ന കാട്ടുങ്ങച്ചിറ ധര്‍മപോഷണ നഗറില്‍ ചിറയത്ത് കള്ളാപ്പറമ്പില്‍ സൈമണ്‍ എന്ന വ്യക്തിക്ക് O -ve കിഡ്നി ആവശ്യമുണ്ട്. ഇദ്ദേഹത്തിന്റെ ചികിത്സക്കായി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്‌ദുള്‍ ബഷീര്‍ കണ്‍വീനറായുള്ള ‘കള്ളാപ്പറമ്പില്‍ സൈമണ്‍ ചികിത്സ സഹായ സമിതി’ പ്രവര്‍ത്തിച്ചു വരുന്നുണ്ട് . 9447212176 , 8592956716.

മയില്‍പ്പീലി 2017 – ലളിതഗാന മത്സരത്തില്‍ അനുഭവ് ബാബു നായര്‍, നിരഞ്ജന സി.യു. എന്നിവര്‍ വിജയികള്‍

ഇരിങ്ങാലക്കുട : യുവജനങ്ങളില്‍ ലളിത സംഗീത ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നമ്പൂതിരിസ്‌ ഫൈന്‍ ആര്‍ട്ട്‌സ്‌ ക്ലബ്‌ സംഘടിപ്പിച്ച മയില്‍പ്പീലി 2017 – ലളിതഗാന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ അനുഭവ് ബാബു നായര്‍ സീനിയര്‍ വിഭാഗത്തില്‍ നിരഞ്ജന സി യു  എന്നിവര്‍ വിജയികളായി. വി പി കൃഷ്ണ, അശ്വിന്‍ വര്‍ഗീസ് എന്നിവര്‍ രണ്ടാം സ്ഥാനവും ശ്രുതി എം പിഷാരടി , ഐറിന്‍ പോള്‍, ഐശ്വര്യ കെ ജി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. നമ്പൂതിരിസ്‌ ഇന്‍സ്റ്റിറ്റ്യുട്ടില്‍ നടന്ന മത്സരത്തില്‍ വിജയികള്‍ക്കുള്ള ക്യാഷ്‌ പ്രൈസ്‌, മൊമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഗായകന്‍ അസീസ് , പ്രിയ ധീരജ് എന്നിവര്‍ വിതരണം ചെയ്തു. ഡയറക്ടര്‍ കെ പി ജാതവേദന്‍ , സ്റ്റാഫ് പ്രതിനിധി രേഖ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

തൃത്താണി ശിവക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ് 6 ന്

താണിശ്ശേരി : കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി താണിശ്ശേരി തൃത്താണി ശിവക്ഷേത്രത്തില്‍ ആഗസ്റ് 6 ഞായറാഴ്ച പുലര്‍ച്ചെ 5 .30 മുതല്‍ തന്ത്രി ബ്രഹ്മശ്രീ എന്‍ ആര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയഹോമവും നടത്തുന്നു. അന്നേ ദിവസം രാവിലെ 9 മണി മുതല്‍ 10 .30 വരെ പ്രസാദ വിതരണം ഉണ്ടാകും.

സംഘമിത്ര സ്ത്രീകൂട്ടായ്മ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംഘമിത്ര സ്ത്രീകൂട്ടായ്മ ആരോഗ്യം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു. സംഗമം ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കമല രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീധന്വന്തരി ആയുര്‍വേദ ആശുപത്രിയിലെ ഡോ.സാജു ക്ലാസെടുത്തു. ഭാരവാഹികളായ ഷീല സോമന്‍മേനോന്‍, സാജിത മുഹമ്മദലി, ഗീത രവീന്ദ്രന്‍, ഗിരിജ ദാസന്‍, പ്രസന്ന ദാസന്‍, സരള വിശ്വനാഥന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.  സെക്രട്ടറി ഗിരിജടീച്ചര്‍ സ്വാഗതവും സരസ്വതി മുകുന്ദന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കര്‍ക്കിടക കഞ്ഞി വിതരണവും നടന്നു.

മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിക്കു തുടക്കമായി

ഇരിങ്ങാലക്കുട : മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി ആരംഭിച്ചു. കാര്‍ഷിക ഭക്ഷ്യമേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത പൂമംഗലം പഞ്ചായത്തിലെ സ്വയംസഹായ സംഘങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്കാണ് കൂടും കോഴിയും വിതരണം ചെയ്തത്. ഇറച്ചി ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്ന 5000 കോഴികുഞ്ഞുങ്ങളെ ചടങ്ങില്‍ സൗജന്യമായി വിതരണം ചെയ്തു. ഇന്റഗ്രിറ്റി നിധി ലിമിറ്റഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മിത്രഭാരതി സൊസൈറ്റിയുടെ എടക്കുളം ഓഫീസില്‍ വെള്ളാങ്കല്ലൂര്‍ ബി ഡി ഒ. തമ്പി എം.ആര്‍. നിര്‍വ്വഹിച്ചു. മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം.യു മനോജ്, സെക്രട്ടറി ഷാന്റി കൈപറമ്പില്‍ ഇന്റഗ്രിറ്റി നിധി ലിമിറ്റഡ് റീജയണല്‍ ബോര്‍ഡ് പ്രസിഡണ്ട് ധില്ലന്‍ ഏ.വി, വൈസ് പ്രസിഡണ്ട് പി.പരമേശ്വരന്‍ ബോര്‍ഡംഗങ്ങളായ ജിതേന്ദ്രന്‍ ഒ.എസ്, രാജവര്‍മ്മ.കെ.എം, സജീവ് കുരിയക്കാട്ടില്‍, സി.വി.അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുട്ടക്കോഴി വളര്‍ത്തല്‍ ലാഭകരമായി നടത്തുന്നതിന് ജോര്‍ജ്ജ് ക്ലാസ്സെടുത്തു. മിത്രഭാരതി സൊസൈറ്റി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ വ്യാപകമായി നടപ്പാക്കുന്നു. കൂടും കോഴിയും ആവശ്യമുള്ളവര്‍ സൊസൈറ്റിയുടെ ഇരിങ്ങാലക്കുട ഓഫീസുമായോ എടക്കുളത്തെ ഓഫീസുമായോ നേരിട്ട് ബന്ധപ്പെടുക.

 

ബ്രഹ്മോസിന്റെ ശില്‍പിക്കൊപ്പം ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ കുട്ടിക്കൂട്ടങ്ങള്‍

ആനന്ദപുരം : ബ്രഹ്മോസിന്റെ ശില്‍പിക്കൊപ്പം ഒരു പകല്‍ മുഴുവന്‍ സംവദിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ . ലോകത്തെ ഏറ്റവും കൃത്യതയും വേഗവുമുള്ള സൂപ്പര്‍ സോണിക് ക്രൂസ് മിസൈലിനെപ്പറ്റിയുള്ള ശാസ്ത്ര കൗതുകം നിറഞ്ഞ വിശേഷങ്ങള്‍ അതിന്റെ സൃഷ്ടാവായ ഡോ എ ശിവതാണുപിള്ളയില്‍ നിന്നും നേരിട്ടറിയാനായ നിമിഷങ്ങള്‍ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ കുട്ടികളുടെ സ്കൂള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവപാഠമായി. തൈക്കാട്ടുശേരി വൈദ്യരത്നം ചികിത്സാലയത്തിലായിരുന്നു ശിവതാണുപിള്ളയുമായി കുട്ടികളുടെ കൂടിക്കാഴ്ച . രാജ്യം അഭിവൃദ്ധി നേടിയെടുത്ത ശാസ്ത്ര വളര്‍ച്ചയിലെ നേട്ടങ്ങളെക്കാളുപരി ലോക പ്രശസ്തരായ മഹദ്‌വ്യക്തിത്വങ്ങളുമായുള്ള സുഹൃദ്ബന്ധത്തെ പറ്റിയാണ് കുടുതലും കുട്ടികള്‍ ചോദിച്ചറിഞ്ഞത് . റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുതിനും ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ എ പി ജെ അബ്‌ദുള്‍ കലാമുമായുള്ള സൗഹൃദത്തെക്കുറിച്ചു ശിവതാണുപിള്ള വിവരിച്ചപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതവും ആവേശവുമായി . ശിവതാണുപിള്ള തന്റെ ബാല്യകാലം വിവരിച്ചപ്പോള്‍ എല്ലാവരും ശ്രദ്ധയോടുകൂടി കേട്ടിരുന്നു. രണ്ടു പദ്മ പുരസ്‌കാര ജേതാവ് കൂടിയായ അദ്ദേഹം കുട്ടികള്‍ക്ക് മുന്നില്‍ സാധാരണ ഒരു അധ്യാപകനെ പോലെയാണ് മനസ്സ് തുറന്നതു . അബ്‌ദുള്‍കലാമുമായുള്ള ബന്ധത്തെക്കുറിച്ചു കുട്ടികള്‍ ചോദിച്ചപ്പോള്‍ ഐ എസ് ആര്‍ ഒ യില്‍ പ്രൊജക്റ്റ് വര്‍ക്കുകളുമായി ബന്ധപ്പെട്ട കഴിയുമ്പോഴാണ് അഗ്നി , പൃഥ്വി , ആകാശ്, ത്രിശൂല്‍, നാഗ് എന്നി മിസൈലുകള്‍ നിര്‍മ്മിച്ച് വിക്ഷേപിച്ചത്. തന്റെ പുസ്തകമായ സക്സസ് മന്ത്ര ഓഫ് ബ്രഹ്മോസിന്റെ ആമുഖം എഴുതിയതും കലാം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. . ഇതിന്റെ കോപ്പിയും സ്കൂളിലെ ലൈബ്രറിക്ക് ശിവതാണുപിള്ള നല്‍കി. ഐ എസ് ആര്‍ ഒ , പി എസ്എല്‍ വി, ജി എസ് എല്‍ വി, പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചുറ്റുപാടുകളെ നല്ലതുപോലെ നീരീക്ഷിക്കണം , നല്ലതുപോലെ വായന വേണം, മുതിര്‍ന്നവരില്‍ നിന്നും അധ്യാപകരില്‍ നിന്നും സകലതിനെപ്പറ്റിയും മനസ്സിലാക്കി വയ്ക്കണം ,കുഞ്ഞുമനസ്സിലെ ലക്‌ഷ്യം സ്വപ്നം കാണണം എന്നൊക്കെ അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. ശാസ്ത്രത്തെ കൂടുതല്‍ അറിഞ്ഞു കര്‍മപഥത്തിലെത്തിക്കാന്‍ ശ്രമിക്കുക , വിദേശം മാത്രം സ്വപ്നം കണ്ടു വളരരുത് .ഒരുപാട് സാദ്ധ്യതകള്‍ സ്വന്തം നാട്ടില്‍ തന്നെയുണ്ട് . ചികിത്സ കേന്ദ്രത്തിലെ പറമ്പില്‍ പുല്ലുകൊണ്ടുണ്ടാക്കിയ വിരിപ്പിനു താഴെയായിരുന്നു കുട്ടികളുമായി ഏറെ നേരം അദ്ദേഹം സംവദിച്ചത്. അധ്യാപകരായ ജി സതീഷ്, പി എസ് ശ്രീകുമാരി, പി എന്‍ ഷീജ , എന്നിവരോടൊപ്പം 8 ,9 ,10 ക്ലാസ്സുകളിലെ ഇരുപതോളം പേരാണ് ശിവതാണുപിള്ളയെ കാണാന്‍ എത്തിയത്. വിദ്യാര്‍ത്ഥികളായ സാരംഗ്, ഗായത്രി, ആര്യ അശോകന്‍, അഞ്ജന ബൈജു, ഗീതാഞ്ജലി ഹരിനാരായണന്‍ എന്നിവരാണ് ചോദ്യങ്ങള്‍ തയാറാക്കി അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ .

പുത്തന്‍തോട്ടില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കണം

തളിയക്കോണം: കരുവന്നൂര്‍, മൂര്‍ക്കനാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലവും ഈ പ്രദേശത്തെ ജലസേചനത്തിനും കുടിവെള്ളത്തിനും ഉതകുന്ന റെഗുലേറ്ററും പുത്തന്‍തോട്ടില്‍ സ്ഥാപിക്കണമെന്ന് കര്‍ഷകസംഘം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷകസംഘം ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി.ആര്‍. ഭരതന്‍ അദ്ധ്യക്ഷനായിരുന്നു. പി.എം. സുതന്‍, കെ.എം. മോഹനന്‍, ടി.എസ്. ബൈജു എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി പി.എം. സുതന്‍, പ്രസിഡണ്ട് ടി.ആര്‍. ഭരതന്‍ എന്നിവരെ തെരഞ്ഞെടുത്തു.

പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

മുരിയാട് : പറമ്പില്‍ പശുവിന് പുല്ല് അരിയുന്നതിനിടയില്‍ മുരിയാട് ആരംഭ നഗറില്‍ വേഴേക്കാടന്‍ ദാസന്‍ ഭാര്യ അംബിക (52)പാമ്പു കടിയേറ്റു. തുടര്‍ന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ ‘സംസ്കാരം തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം 2 മണിക്ക് വീട്ടു വളപ്പില്‍ മക്കള്‍ ധനേഷ് ധന്യ മരുമകന്‍ സഞ്ജു

ചരമം : ബിന്ദു

ഇരിങ്ങാലക്കുട : കൊളംബോ ഹോട്ടല്‍ ഉടമ സി.എല്‍. ജോര്‍ജിന്‍റെ മകളും തൃശൂര്‍ കിഴക്കുമ്പാട്ടുക്കര ചുങ്കത്ത് അയ്യന്തോള്‍ ഡേവിസിന്റെ ഭാര്യ ബിന്ദു (43) അന്തരിച്ചു. മക്കള്‍ ആന്‍റ്റണി, ഡാനിയല്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 3:30ന് തൃശൂര്‍ ലൂര്‍ദ് മെട്രോപൊളിറ്റിന്‍ കത്രീഡലില്‍.

തൃശ്ശൂരും പാലക്കാടും സംസ്ഥാന സബ് ജൂനിയര്‍ ആട്യാ പാട്യാ ചാമ്പ്യന്‍മാര്‍

ഇരിങ്ങാലക്കുട : പതിനാലാം സംസ്ഥാന സബ് ജൂനിയര്‍ ആട്യാ പാട്യാ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയത്തെ തോല്‍പ്പിച്ചു തൃശ്ശൂരും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനെ തോല്‍പ്പിച്ച് പാലക്കാടും ജേതാക്കളായി . പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍ഗോഡും എറണാകുളവും മൂന്നാം സ്ഥാനം പങ്കിട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറവും കോട്ടയവും മൂന്നാം സ്ഥാനം പങ്കിട്ടു. ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബിജോയ് യു (പാലക്കാട് ) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനു എം (തൃശൂര്‍) എന്നിവര്‍ അര്‍ഹരായി . ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 14 ജില്ലകളില്‍ നിന്നായി 350 കായികതാരങ്ങളാണു പങ്കെടുത്തത്.

ഹരിതോത്സവം സംഘടിപ്പിച്ചു

എടക്കുളം : ആരോഗ്യ സമ്പാദനത്തിനായി പ്രകൃതിയിലേക്ക് തിരിച്ചു പോകുകയെന്ന സന്ദേശം ആഹ്വാനം ചെയ്തു കൊണ്ട് എടക്കുളം എസ് എന്‍ ജി എസ് എസ് യു പി എസ് സംഘടിപ്പിച്ച ഹരിതോത്സവം ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വല്‍സല ബാബു ആദ്ധ്യക്ഷം വഹിച്ച യോഗത്തിന് സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ദീപ ആന്റണി.എ. സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ഭരതന്‍. ടി.ടി.കെ. മാതൃകാ കര്‍ഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്ക്കൂള്‍ മാനേജര്‍ വി.സി. ശശീധരന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. വി. ഗോകുല്‍ദാസ് നിര്‍വ്വഹിച്ചു. എസ്.എന്‍.ജി.എസ്.എസ്. സെക്രട്ടറി കെ. കെ. രാജന്‍ കര്‍ക്കിടക കിറ്റ് വിതരണം ചെയ്തു. ബി.പി.ഒ. ടി.എസ്. പ്രസീത കര്‍ക്കിടക കഞ്ഞി വിതരണം നടത്തി. ആശംസകളര്‍പ്പിച്ചു കൊണ്ട് വികസന സമിതി കണ്‍വീനര്‍ പി.കെ.സുജിത്ത്, ജിനരാജ്ദാസ് എന്നിവർ സംസാരിച്ചു. തുടര്‍ന്ന് നടന്ന നാടന്‍ ഭക്ഷണത്തെ സംബന്ധിച്ചും ആരോഗ്യ ശീലങ്ങളെപ്പറ്റിയുമുള്ള ബോധവല്‍ക്കരണ ക്ലാസ്സ് വര്‍ക്കല നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ആര്‍. സ്റ്റാന്‍ലി നയിച്ചു. യോഗത്തിന് പി.ടി.എ. പ്രസിഡണ്ട് കെ.ബി. മനോജ് നന്ദി രേഖപ്പെടുത്തി. ഹരിതോത്സവത്തിന്റെ ഭാഗമായി ഔഷധസസ്യ പ്രദര്‍ശനം, നാടന്‍ ഭക്ഷ്യമേള, പച്ചക്കറി വിത്ത്‌, തൈ വില്‍പ്പന, ഔഷധസസ്യ ചാര്‍ട്ട് പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിരുന്നു.

Top
Close
Menu Title