News

Archive for: September 21st, 2017

ആഹാര്യോത്സവം: ജടായുവധം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ഗുരുകുലത്തില്‍ നടന്ന മാധവചാക്യാര്‍ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി മാധവനാട്യഭൂമിയില്‍ ജടായുവധം അരങ്ങേറി .രാവണനായി സൂരജ് നമ്പ്യാരും സൂതനായി ഗണേഷ് കൃഷ്ണയും സീതയായി ഗായത്രി ഉണ്ണികൃഷ്ണനും ജടായുവായി പൈങ്കുളം നാരായണചാക്യാരും വേദിയിലെത്തി. വി കെ കെ ഹരിഹരന്‍, കലാമണ്ഡലം രാജീവ് എന്നിവര്‍ മിഴാവ് വാദനം ചെയ്തത്.

ഞാറു നട്ടുകൊണ്ട് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : നാഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പൊറത്തിശ്ശേരി പാടത്തു ഞാറുനട്ടുകൊണ്ട് കൃഷി ആരംഭിച്ചു. റിട്ട . ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷമേനോന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഞാറു നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ എസ് എസ് അസി. കോ ഓര്‍ഡിനേറ്റര്‍ അര്‍ച്ചന ടീച്ചര്‍. വളണ്ടിയര്‍മാരായ നിരഞ്ജന , അക്ഷയ് വിത്സണ്‍, രവീണ, മിഥുല്‍ , സായി എന്നിവര്‍ ഞാറു നടലിനു നേതൃത്വം നല്‍കി എന്‍ എസ് എസ് – ലെ 50 . ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കനത്ത മഴയിലും എല്ലാ ഞാറുകളും നട്ടു. പ്രകൃതിയുമായി അടുത്ത് ഇടപെടാന്‍ ഇന്നത്തെ യുവ തലമുറക്ക് ആകും എന്നതിന് ഉത്തമ ഉദാഹരണമാണ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഞാറു നടല്‍.

കഞ്ചാവുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഇരിങ്ങാലക്കുട : കഞ്ചാവുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. എസ്.എന്‍ പുരം പള്ളിനട സ്വദേശി മനവളപ്പില്‍ വീട്ടില്‍ രതീഷി(26)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും മതിലകം പോലിസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. പ്രതി രതീഷ് പാലക്കാട് ജില്ലയില്‍ മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസിലും ചാവക്കാട് പോലിസ് സ്‌റ്റേഷനില്‍ വാഹന മോഷണകേസിലും ഉള്‍പ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ കൊടുങ്ങല്ലൂര്‍, മതിലകം, ചാവക്കാട് തുടങ്ങിയ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2013ല്‍ കഞ്ചാവുവില്‍പ്പന നടത്തിയ കേസില്‍ പിടികൂടിയ പ്രതി കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയശേഷം മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രതിയെ പിടികൂടിയ സംഘത്തില്‍ സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, ബിജു കെ.എ, വഹാബ് ടി.എം, രാഹുല്‍, ബിന്നല്‍ എന്നിവരും ഉണ്ടായിരുന്നു.

തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായ്ക്ക് സംരക്ഷകനായി വാര്‍ഡ് കൗണ്‍സിലര്‍

ഇരിങ്ങാലക്കുട : മനുഷ്യന്റെ നന്ദികേടിനു വീണ്ടും ഒരു ഉദാഹരണംകൂടി. ഉന്നതകുലജാതനായ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് വര്‍ഗ്ഗത്തില്‍ പെട്ട ഒരു നായ കൂടി യജമാനാല്‍ തെരുവിലേക്കെറിയപ്പെട്ടു. വാര്‍ഡിലെ ആളുകളുടെ പരാതിയെ തുടര്‍ന്ന് നായ്ക്കള്‍ക്ക് വേണ്ടിയുള്ള തൃശൂരിലെ സംഘടനയെ ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ക്ക് ഷെല്‍ട്ടര്‍ ഇല്ലാത്തതുകൊണ്ട് ഏറ്റെടുക്കാന്‍ കഴിയില്ലെന്നു അറിയിച്ചതിനെ തുടര്‍ന്ന് നായയുടെ സംരക്ഷണം വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ഏറ്റെടുത്തു. ഇരിങ്ങാലക്കുട മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെ പൂര്‍ണ പിന്തുണയും കൂടി ആയപ്പോള്‍ നായ ഉന്മേഷവാനായി. ഇരിങ്ങാലക്കുട നഗരസഭ കിട്ടമേനോന്‍ റോഡിലാണ് 4 വയസ്സ് പ്രായം വരുന്ന നായ അനാഥനായി എത്തിച്ചേര്‍ന്നത്. ഭക്ഷണം കൊടുത്താല്‍ നായ പോകില്ല എന്ന ഭയം കൊണ്ട് ആരും തന്നെ നായക്ക് ഭക്ഷണം കൊടുക്കാന്‍ തയ്യാറായില്ല . ഓരോ വീടിന്റെയും ഗേറ്റിനു മുന്നില്‍ മഴയും വെയിലും കൊണ്ടാണ് നായ 4 നാള്‍ കഴിഞ്ഞരുന്നത് . നായയുടെ പ്രശ്നം വാര്‍ഡിലെ ജനങ്ങളുടെ ഇടയില്‍ പേടിയും ആവലാതിയും കൂട്ടിയപ്പോള്‍ ആണ് വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ചെറിയ ത്വക്ക് രോഗലക്ഷണമുള്ള നായയെ ബാധിച്ച വലിയ പ്രശ്നം വിശപ്പാണെന്നു മനസ്സിലാക്കിയതോടെ  ഭക്ഷണം നല്‍കുകയും  കനത്ത മഴയില്‍ തണുത്ത് വിറച്ചു നിന്ന നായയെ ഞായറാഴ്ച രാത്രി സന്തോഷ് ബോബന്‍ തന്റെ വീട്ടിലേക്കു കൊണ്ടുവന്നു . ഒരു ദിവസത്തെ ചികിത്സയോടെ തന്നെ നായ ഉന്മേഷവാനായതോടെ കാര്യമായ അസുഖങ്ങള്‍ ഒന്നുംതന്നെ നായക്കില്ല എന്നും സംരക്ഷിക്കാന്‍ ആര് വന്നാലും പൂര്‍ണ ആരോഗ്യവാനായ നായയെ ഏല്‍പ്പിക്കാന്‍ തയ്യറാണെന്നും സന്തോഷ് ബോബന്‍ പറഞ്ഞു. ഇരിങ്ങാലക്കുടയുടെ പല ഭാഗങ്ങളിലും നല്ല ഇനത്തില്‍ പെട്ട ഒരു പാട് നായകള്‍ യജമാനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട് . വളര്‍ത്തു നായകളെ പൊതുനിരത്തില്‍ ഉപേക്ഷിക്കുന്നത് കുറ്റകരമാണ് .

ടി എന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ക്ക്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനിയും സി പി ഐ നേതാവും കലാ- സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു സ: ടി എന്‍ നമ്പൂതിരിയുടെ സ്മരണക്കായി മികച്ച കലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് ഈ വര്‍ഷം അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ അര്‍ഹനായതായി അവര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അറിയിച്ചു. കൂടിയാട്ടത്തിലും ചാക്യാര്‍കൂത്തിലും കുലപതികളായിരുന്ന അമ്മാവന്‍ പത്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യാരുടെയും വലിയമ്മാവന്‍ അമ്മന്നൂര്‍ ചാച്ചുചാക്യാരുടെയും പൈതൃകവും  സര്‍ഗ്ഗ പ്രതിഭയും സ്വായത്തമാക്കിയിട്ടുള്ള കുട്ടന്‍ ചാക്യാര്‍ പ്രസ്തുത കലാരൂപങ്ങളുടെ സമകാലിക പ്രയോക്താക്കളില്‍ പ്രമുഖനാണ് .കൂടിയാട്ടത്തിലും വാചികകൂത്തിലും ഒരു പോലെ പ്രശോഭിക്കുന്ന കുട്ടന്‍ ചാക്യാരുടെ നാട്യശാസ്ത്രനിപുണതയും വാഗ്മികത്വവും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ വര്‍ഷത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത് എന്ന് അവാര്‍ഡ്‌കമ്മിറ്റി ചെയര്‍മാന്‍ കെ വി രാമനാഥന്‍ , അംഗങ്ങളായ ഇ ബാലഗംഗാധരന്‍,, ടി കെ സുധീഷ്, രാജേഷ് തമ്പാന്‍, കെ ശ്രീകുമാര്‍, എന്നിവര്‍ അറിയിച്ചു. ഇപ്പോള്‍ അമ്മന്നൂര്‍ ഗുരുകുലത്തിന്റെ പ്രസിഡന്റായ കുട്ടന്‍ ചാക്യാര്‍ക്ക് കേരളം കലാമണ്ഡലം സംഗീതനാടകഅക്കാദമി എന്നി മഹനീയ സ്ഥാപനങ്ങളുടെ മികച്ച കലാകാരന്മാര്‍ക്കും നാട്യാചാര്യന്മാര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2017 ജൂലൈ 18 ന് എസ് ആന്‍ഡ് എസ് ഹാളില്‍ സംഘടിപ്പിക്കുന്ന സ. ടി എന്‍ നമ്പൂതിരി ചരമവാര്‍ഷികാചരണ ചടങ്ങില്‍ വച്ച് അവാര്‍ഡ് സമര്‍പ്പണം നടക്കുമെന്ന് സ. ടി എന്‍ നമ്പൂതിരി സ്മാരക സമിതി ഭാരവാഹികള്‍ അറിയിച്ചു.

കൂടല്‍മാണിക്യത്തില്‍ നാലമ്പല ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : കര്‍ക്കിടക പുണ്യം തേടിയുള്ള നാലമ്പല ദര്‍ശനം തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ നാലമ്പലങ്ങളില്‍ ഭരത പ്രതിഷ്ഠയുള്ള ക്ഷേത്രമായ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദര്‍ശനത്തിന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കായി പ്രത്യേക സജ്ജീകരങ്ങള്‍ ആണ് ദേവസ്വം ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഭക്തര്‍ക്ക്‌ മഴ നനയാതെ ദര്‍ശനം നടത്തുന്നതിനായി കിഴക്കേ നടയിലും പടിഞ്ഞാറും വടക്കേ നടയിലും പന്തലുകള്‍ ,വാഹനങ്ങള്‍ ആവശ്യമായ സൗകര്യങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അയ്യായിരം പേര്‍ക്ക് വരി നില്‍ക്കാവുന്ന കിഴക്കേ നടപ്പുരയോട് ചേര്‍ന്നുള്ള പന്തലിനു പുറമെ ഇത്തവണ ഊട്ടു പുരക്കും കൂത്തമ്പലത്തിനുമിടയില്‍ പതിനായിരം പേര്‍ക്ക് വരി നില്‍ക്കാനുള്ള കൂറ്റന്‍ പന്തല്‍ ഇത്തവണ ഒരുക്കുന്നത് പ്രത്യേകതയാണ് . റോഡില്‍ ക്യൂ നീണ്ടു ഗതാഗതസ്തംഭനം ഒഴിവാക്കനായിട്ടാണ് ക്ഷേത്രമതില്കെട്ടിനകത്തു ഭക്തജനങ്ങള്‍ക്ക്‌ നില്‍ക്കാനായി കൂറ്റന്‍ പന്തല്‍ ഒരുക്കിയിരിക്കുന്നത് എന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. കിഴക്കേ നടയിലൂടെയാണ് പ്രവേശനം നല്‍കുക. കിഴക്കേ നടയിലൂടെ അകത്തേയ്ക്ക് കടന്ന് ദര്‍ശനം നടത്തിയ ശേഷം പടിഞ്ഞാറേ നടയിലൂടെ പുറത്തേയ്ക്ക് ഇറങ്ങും. തുടര്‍ന്ന് കുലീപിനി തീര്‍ത്ഥക്കുളം വലം വച്ച ശേഷം കിഴക്കേ നടയിലെത്തും. കിഴക്കേ നടയിലാണ് പ്രസാദ വിതരണം നടക്കുക. ഭക്തജനങ്ങള്‍ക്ക് വഴിപാട് നടത്താന്‍ സൗകര്യത്തിന് നാല് കൗണ്ടറുകള്‍ ഒരുക്കും. കുട്ടംകുളം മുതല്‍ ക്ഷേത്രം വരെ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. പകരം കൊട്ടിലാക്കല്‍ പറമ്പിലാണ് പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

സ്റ്റുഡന്‍സ് കെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി സംഗമം നടന്നു

കാട്ടൂര്‍ : സ്റ്റുഡന്‍സ് കെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 5 – ാം വാര്‍ഡില്‍ വിദ്യാര്‍ത്ഥി സംഗമം നടത്തി . ഇക്കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സംഗമത്തില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ധീരജ് തേറാട്ടില്‍ അദ്ധ്യക്ഷത വഹിച്ച സംഗമത്തിന് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ ഡി ഫ്രാന്‍സിസ് ദൈവസഹായം മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരസമര്‍പ്പണം നടത്തി. മിഥുന്‍ മലയാറ്റില്‍, മുന്‍ മെമ്പര്‍മാരായ ഗീത ബാലന്‍ , സി എല്‍ ജോയ് , കാട്ടൂര്‍ പോംപെ വി എച്ച് എസ് ഇ വിഭാഗം പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ എം ആര്‍ , രഞ്ജി , ഡെല്‍വിന്‍ ചിറ്റിലപ്പിള്ളി , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . സംഗമത്തില്‍ വി എച്ച് എസ് ഇ യിലെ എന്‍ എസ് എസ് യൂണിറ്റിന്റെ “നിങ്ങള്‍ ക്യൂവിലാണ് മരണത്തിലേക്കുള്ള ക്യൂവില്‍ എന്ന തെരുവ് നാടകവും ഉണ്ടായിരുന്നു.

ജോലി ഇല്ലാതായിട്ട് പതിനൊന്ന് മാസം : കേരള ഫീഡ്സില്‍ 24 ഗ്രൂപ്പ് തൊഴിലാളികള്‍ ഉപരോധസമരം ആരംഭിച്ചു

കല്ലേറ്റുംകര : കേരള ഫീഡ്സില്‍ 24 ഗ്രൂപ്പ് തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതായിട്ട് പതിനൊന്ന് മാസവും 3 ദിവസവും കഴിഞ്ഞതില്‍ പ്രതിക്ഷേധിച്ച് തിങ്കളാഴ്ച 24 ഗ്രൂപ്പ് തൊഴിലാളികള്‍ കമ്പനി ഓഫീസില്‍ ഉപരോധ സമരം ആരംഭിച്ചു. ഡെന്നി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് റോയ് കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി സി ബാബു സംസാരിച്ചു. കമ്പനിയിലെ കയറ്റിറക്ക് ജോലി ചെയ്യുന്നത് 147, 39, 24, എന്നീ 3 വിഭാഗങ്ങളാണ് മൂന്ന് വിഭാഗങ്ങളും കാലാകാലങ്ങളായി മൂന്ന് വ്യത്യസ്ത എഗ്രിമെന്റ് പ്രകാരമാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ 2016 ആഗസറ്റ് 1– ാം തിയ്യതി മുതല്‍ വിലയ വിഭാഗമായ 147 ഗ്രൂപ്പ് 24- ാം വിഭാഗത്തിന്റെ തൊഴില്‍ തട്ടിയെടുത്തു അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . ഈ കാര്യം മാനേജുമെന്റു പല ചര്‍ച്ചയിലും രേഖകളിലും രേഖപ്പെടുത്തുകയും സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി 24 വിഭാഗം തൊഴിലാളികളുടെ തൊഴില്‍ നഷ്ടപെടുകയും 24 തൊഴിലാളികളും അവരുടെ കുടുംബവും പട്ടിണിയിലാവുകയും ചെയ്തു. കണ്ണില്‍ ചോരയില്ലാത്ത കഴിവുകേടിന്റെ പര്യായമായ കമ്പനി മാനേജ്മന്‍റ് മനപൂര്‍വം ഈ തൊഴിലാളികളെ അവഗണിക്കുയാണ് എന്ന് ഇവര്‍ പറയുന്നു.  ഇതിനെതിരെ ജൂണ്‍ 15 ന് സമര പ്രഖ്യാപന നോട്ടീസ് നല്‍കി . തുടര്‍ന്ന് ജൂണ്‍ 17- ാം തിയ്യതി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 30- ാം തിയ്യതിക്കുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന് കമ്പനി പറഞ്ഞിനാല്‍ സമരം മാറ്റിവച്ചു. എന്നാല്‍ ജൂലൈ 3 വരെ ആയിട്ടും തിരുമാനമാകത്തതിനാല്‍ ജൂലൈ 3 തിങ്കളാഴ്ച കമ്പനി ഓഫീസില്‍ ഉപരോധ സമരം നടത്തുകയും തുടര്‍ന്ന് വരും ദിവസങ്ങളില്‍ കമ്പനിക്കുള്ളില്‍ ” ആത്മാഹുതി ” ചെയ്യുമെന്നും തൊഴിലാളികള്‍ പറഞ്ഞു.

വിജയത്തിളക്കത്തില്‍ ആദിദേവ് സി സുരേഷ്

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ലതലത്തില്‍ നടത്തിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഗണിതശാസ്ത്രവിഭാഗത്തില്‍ മൂന്നാം സ്ഥാനവും ശാസ്ത്ര വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ആദിദേവ് സി സുരേഷ് .തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

തെങ്ങ് വീണ് വൈദ്യുതി തടസ്സപ്പെട്ടു

പടിയൂര്‍ : വളവനങ്ങാടി – കെട്ടുചിറ റോഡിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ നിന്നിരുന്ന തെങ്ങ് വൈകീട്ട് ഇലവന്‍ കെ.വി.ലൈനിനു മുകളിലേക്ക് വീണു. രാത്രി തന്നെ കെ.എസ്‌.ഇ.ബി. ജീവനക്കാര്‍ സ്ഥലത്തെത്തുകയും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. രാവിലെ തെങ്ങ് മുറിച്ചു മാറ്റി . ആളപായമൊന്നും സംഭവിച്ചില്ല.

ദുക്റാന ഊട്ടുതിരുനാളിനു തുടക്കമായി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവക മധ്യസ്ഥനായ വി.തോമാശ്ലീഹായുടെ ദുക്റാന ഊട്ടുതിരുനാളിനു തുടക്കമായി. രാവിലെ 7 .30 ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളികണ്ണൂക്കാടന്‍ വി. കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. ഫാ.ജോയ് കടമ്പാട്ട്, ഫാ.സിന്റോ മാടവന എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വിശ്വാസികള്‍ തോമാശ്ലീഹായുടെ പാത പിന്തുടര്‍ന്ന് വിശ്വാസം കാത്തുസൂക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. തുടര്‍ന്ന് തിരുനാള്‍ ഊട്ടു വെഞ്ചിരിപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ നിര്‍വഹിച്ചു. 2017 -2018 കാലഘട്ടത്തിലെ കൈക്കാരന്മാരായി ഡോ ഇ.ടി. ജോണ്‍ ഇല്ലിക്കല്‍, ഫ്രാന്‍സിസ് കോക്കാട്ട്, ലോറന്‍സ്‌ ആളൂക്കാരന്‍, റോബി കാളിയങ്കര എന്നിവര്‍ ചുമതലയേറ്റു. 25000 പേര്‍ക്ക് ഊട്ടു സദ്യ ഒരുക്കിയിരിക്കുന്നതായി വികാരി ഫാ. ജോയ് കടമ്പാട്ട് അറിയിച്ചു. അസി . വികാരിമാരായ ഫാ. ജിന്‍സണ്‍ പച്ചപ്പിള്ളി , ഫാ. ടിനോ മേച്ചേരി , ഫാ. ലിജോണ്‍ ബ്രഹ്മകുളം സ്പിരിച്ചാലിറ്റി സെന്റര്‍ വൈസ് റെക്ടര്‍ ഫാ. ഷാബു പുത്തുര്‍ , മുന്‍ ട്രസ്റ്റിമാരായ ജോണി പൊഴോലിപറമ്പില്‍ ജോയ്‌സ് പട്ടേരി , ഒ എസ് ടോമി ടെല്‍സണ്‍ കോട്ടോളി , കേന്ദ്രസമിതി പ്രസിഡന്റ് അഡ്വ. ഹെബി ജോളി , പ്രതിനിധി യോഗം സെക്രട്ടറി എബിന്‍ മാത്യു വെള്ളാനിക്കാരന്‍, കലവറ കണ്‍വീനര്‍ , സിജോ ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ഡേവീസ് പടിഞ്ഞാറേക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 500 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ‘യേബേല്‍ 2017’ എന്ന കലാസന്ധ്യയും ഉണ്ടാകും .

Top
Menu Title