News

Archive for: September 21st, 2017

ചെറുതൃക്കോവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നടന്നു

ഇരിങ്ങാലക്കുട : ചെറുതൃക്കോവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നടന്നു. പുനപ്രതിഷ്ഠയുടെ ഭാഗമായി ജീവകലശം അഭിഷേകം നടത്തി. മണ്ഡപത്തില്‍ രക്ഷ വിടര്‍ത്തി പൂജയ്ക്ക് ശേഷം വലിയ പാണികൊട്ടി ജിവകലശം ക്ഷേത്രം പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് അഷ്ടബന്ധ സ്ഥാപനം, കുംഭേശ കലശാഭിഷേകം, നിദ്രാ കലശാഭിഷേകം, ജിവകലശാഭിഷേകം എന്നിവയും നടന്നു. വ്യാഴാഴ്ച രാവിലെ പരിവാര പ്രതിഷ്ഠകള്‍, മാത്യക്കല്‍ പ്രതിഷ്ഠ, വലിയ ബലിക്കല്‍ പ്രതിഷ്ഠ എന്നിവ നടക്കും. വൈകീട്ട് 7.30 മുതല്‍ മോഹിനിയാട്ടം അരങ്ങേറും.

സിനിമ ലോകത്തെ വനിതകളെക്കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം വിവാദമാകുന്നു

ഇരിങ്ങാലക്കുട : ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം വിവാദമാകുന്നു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് അവസരങ്ങള്‍ക്കായി കിടക്ക പങ്കിടേണ്ട അവസ്ഥ ഉണ്ടെന്ന ഒരു നടിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത്തരം കാലം ഒക്കെ പോയെന്നും സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഉള്ളവര്‍ ആ വിവരം പുറത്തുകൊണ്ടുവരുമെന്നതിനാല്‍ ഇപ്പോള്‍ അങ്ങനെയൊന്നും ഈ മേഖലയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം സ്ത്രികളുടെ സ്വഭാവം മോശമാണെങ്കില്‍ ചിലപ്പോള്‍ അവര്‍ കിടക്ക പങ്കിട്ടുവെന്നും വരും എന്ന് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത് . താരസംഘടനയായ അമ്മയുടെ തലപ്പത്ത് സ്ത്രീകളെ നിര്‍ബന്ധപൂര്‍വം കൊണ്ടുവരാതിരിക്കുന്നതല്ലെന്നും മിടുക്കികളായവര്‍ തന്നെ രംഗത്ത് വരണമെന്നും അല്ലാതെ സംവരണം എന്ന പേരില്‍ ഒന്നും അറിയാത്തവര്‍ അല്ല വരേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേഖലകളില്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള ഇന്നസെന്റിന്റെ പ്രസ്താവന ദേശീയ മാധ്യങ്ങളടക്കം  ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും താന്‍ രാജി വെച്ചു എന്നുള്ള അഭ്യൂഹം തിരുത്തികൊണ്ടു ഇരിങ്ങാലക്കുടയിലെ വസതിയില്‍ ബുധനാഴ്ച്ച രാവിലെ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിനിടയിലായിരുന്നു വിവാദംക്ഷണിച്ചു വരുത്തിയ ഈ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ, ഫേസ്ബുക്കിലൂടെ ഇന്നസെന്റ് വിശദികരണം നല്‍കി. ഒരു ചോദ്യത്തിന് മറുപടി പറയുക മാത്രമേ ചെയ്തതെന്നും ,സ്ത്രികളെ കുറിച്ച മോശമായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദികരിക്കുന്നു.

related news : അമ്മയുടെ കസേര വിട്ടുകൊടുക്കാന്‍ തയ്യാര്‍ , പക്ഷെ ഇപ്പോള്‍ രാജി ഇല്ല : അംഗങ്ങളുടെ മോശമായ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു – ഇന്നസെന്റ്

കെ.എല്‍.ഡി.സി കനാലില്‍ ചണ്ടി നിറഞ്ഞ് സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി : നാട്ടുക്കാര്‍ രംഗത്തിറങ്ങി

ചെമ്മണ്ട : കെ.എല്‍.ഡി.സി കനാലില്‍ കിലോ മീറ്ററുകളോളം നീളത്തില്‍ നിറഞ്ഞു കിടക്കുന്ന ചണ്ടി ചെമ്മണ്ട പാലത്തിനടിയില്‍ വന്നടിഞ്ഞതിനെ തുടര്‍ന്ന് കരവിഞ്ഞൊഴുകി സമീപപ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായി. ഇറിഗേഷന്‍ അതികൃതരെ നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും മറുപടിയുണ്ടാവാത്തതുകൊണ്ട് ദുരിതത്തിലായ നാട്ടുകാര്‍ ജനകീയ സമിതിക്ക് രൂപം കൊടുത്തുകൊണ്ട് ചണ്ടി നീക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജെ.സി.ബി അടക്കം വാടകയ്‌ക്കെടുത്ത് അമ്പതോളം പേര്‍ പങ്കെടുത്തുകൊണ്ട് ഒമ്പതു ദിവസം നീണ്ടുനിന്ന യത്‌നത്തിനൊടുവിലാണ് മൂന്ന് കിലോമീറ്ററുകളോളം ചണ്ടി നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്. ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് വീണ്ടും തുടര്‍ച്ചയായി ചണ്ടി ഒഴുകിവരികയാണെന്ന് ജനകീയ സമിതി കണ്‍വീനര്‍ ജോഷി കിറ്റയ്ക്കല്‍ പറഞ്ഞു. മൂന്നടിക്കു മേലെ ചണ്ടി അടിഞ്ഞിരിക്കുന്നതിനാല്‍ രണ്ട് വര്‍ഷമായി കൃഷിക്കാരും മത്സ്യതൊഴിലാളികളും ദുരിതത്തിലാണ്. ഒമ്പതു ദിവസം പിന്നിട്ട ജൂലൈ 3 ന് കൂടിയ ജനകീയ സമിതിയുടെ യോഗത്തില്‍ അതികൃതരുടെ അനാസ്ഥക്കെതിരെ കളക്ടര്‍ക്ക് ഭീമാഹര്‍ജി കൊടുക്കാനും പ്രത്യക്ഷ സമരപരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ സമിതി ചെയര്‍മാന്‍ ജോസെന്റോ ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. എം.ഐ. ഷെമീര്‍, നിമല്‍ കിറ്റക്കല്‍, റിസന്‍ ലാസര്‍, സുനി ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു. ചണ്ടി വാരലിന് ക്ലിന്റണ്‍ കെ.പി, അഗ്മിന്‍ അനിലന്‍, വിശാല്‍ വേലായുധന്‍, ക്രിസ്റ്റോ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഭൂമിയില്‍ ഓക്സിജന്റെ അളവ് കുറഞ്ഞു വരുകയാണ് ഇനിയും ഈ നില തുടരുകയാണെങ്കില്‍ മനുഷ്യ ജീവിതം ദുരിതപൂര്‍ണമാകും – ഡോ.ആര്‍ സുഗതന്‍

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരിസ്ഥിതി വാരാഘോഷ സമാപനത്തിന്റെ ഭാഗമായി ‘പരിസ്ഥിതിയും ജൈവവൈവിധ്യവും ‘എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. ഭൂമിയില്‍ ഓക്സിജന്റെ അളവ് കുറഞ്ഞു വരുകയാണെന്നും ഇനിയും ഈ നില തുടരുകയാണെങ്കില്‍ മനുഷ്യ ജീവിതം ദുരിതപൂര്‍ണമാകുമെന്നും ഡോ. സലിം അലിയുടെ ശിഷ്യനും തട്ടേക്കാട് പക്ഷി വളര്‍ത്തല്‍ കേന്ദ്രത്തിലെ മേധാവിയുമായ ഡോ.ആര്‍ സുഗതന്‍ പറഞ്ഞു. എച്ച് ഡി പി സമാജം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജൈവ വൈവിധ്യ സെമിനാര്‍ ക്ലാസ് എടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഹെഡ്മാസ്റ്റര്‍ എം ഡി സുരേഷ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍, ഭരണസമിതി അംഗങ്ങളായ സുബ്രമണ്യന്‍ കളപ്പുരത്തറ , ചന്ദ്രന്‍ ശാര്‍ത്താംകുടത്ത് , അജിത പീതാംബരന്‍ , എച്ച് ഡി പി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ പി ശ്രീദേവി , പ്രിന്‍സിപ്പല്‍ കെ എ സീമ , പി ജി സാജന്‍ എന്നിവര്‍ പങ്കെടുത്തു.

ശുചികരണത്തിനു ആളില്ലാത്തപ്പോള്‍ നഗരസഭയില്‍ കണ്ടിജന്‍റ് ജീവനക്കാരനെ പ്യൂണായി നിയമിച്ചതില്‍ കൗണ്‍സിലില്‍ ബഹളം

ഇരിങ്ങാലക്കുട : മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ നഗരസഭയില്‍ ശുചികരണത്തിനു വേണ്ടത്ര തൊഴിലാളികള്‍ ഇല്ലാത്ത സമയത്ത് ഭരണപക്ഷ അനൂകൂല തൊഴിലാളി സംഘടനയില്‍പ്പെട്ട കണ്ടിജന്‍റ് ജീവനക്കാരനെ മാസങ്ങളായി പ്യൂണിന്റെ തസ്തികയില്‍ നിലനിര്‍ത്തുന്നതിനെതിരെ നഗരസഭയില്‍ എല്‍ ഡി എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബഹളം. നിയമനത്തെ അനൂകൂലിച്ച നഗരസഭ ചെയര്‍പേഴ്സനെ പ്രതിപക്ഷം ഇതേ തുടര്‍ന്ന് വളയുകയും ചെയ്തു. ശുചികരണത്തിനു വേണ്ടത്ര തൊഴിലാളികള്‍ ഇല്ലാത്തതുമൂലം പലയിടങ്ങളിലും കൗണ്‍സിലര്‍മാര്‍ നേരിട്ട് ശുചികരണത്തിനു ഇറങ്ങിയിരുന്നു എന്ന് കൗണ്‍സിലര്‍മാരായ ഷിബിന്‍ സി സി , പി വി ശിവകുമാര്‍ , മീനാക്ഷി ജോഷി,  എം സി രമണന്‍,  പ്രജിത സുനില്‍കുമാര്‍ , അംബിക കെ വി  എന്നിവര്‍ പറഞ്ഞു. കണ്ടിജന്‍റ്  ജീവനക്കാരന്റെ നിയമനത്തെ അനൂകൂലിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
അഡ്വ. വി സി വര്‍ഗീസ് സംസാരിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല . ഇതേ തുടര്‍ന്ന് സെക്രട്ടറിയുടെ വിശദീകരണം ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. ചില വര്‍ക്കിംഗ് അറേജ്മെന്റുകളുടെ ഭാഗമായി നഗരസഭ ചെയര്‍പേഴ്സന്റെ ശുപാര്‍ശയോടെയാണ് കണ്ടിജന്‍റ് ജീവനക്കാരനെ പ്യൂണായി താത്കാലികമായി നിയമിച്ചത് എന്നും കാലാവധി കഴിഞ്ഞിട്ടും അദ്ദേഹം അവിടെ തുടരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. അദ്ദേഹത്തെ അടുത്ത ദിവസം തന്നെ പഴയ തസ്തികയിലേക്ക് മാറ്റുമെന്ന് സെക്രട്ടറി അറിയിച്ചു. ഇതില്‍ പ്രകോപിതനായ ഭരണപക്ഷത്തെ എം ആര്‍ ഷാജുവും വി സി വര്‍ഗീസും ആരോഗ്യ വിഭാഗത്തില്‍ മറ്റു ചിലരും ഇത്തരത്തില്‍ തസ്തിക മാറി ജോലി ചെയ്യുന്നുണ്ടെന്നും, മാറ്റുകയാണെങ്കില്‍ നിയമം എല്ലാവര്‍ക്കും ബാധകമാക്കണമെന്നും വാദിച്ചു.

അമ്മയുടെ കസേര വിട്ടുകൊടുക്കാന്‍ തയ്യാര്‍ , പക്ഷെ ഇപ്പോള്‍ രാജി ഇല്ല : അംഗങ്ങളുടെ മോശമായ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു – ഇന്നസെന്റ്

ഇരിങ്ങാലക്കുട : താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയില്‍ താരങ്ങള്‍ മോശമായി സംസാരിച്ചതിലും കൂകിയതിലും ക്ഷമ ചോദിക്കുന്നതായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സിനിമ രംഗത്തെ പല ഉന്നതന്മാരും അറസ്റ്റിലായേക്കുമെന്ന സൂചന നിലനില്‍ക്കുമ്പോഴും അവരെ അമ്മ സംരക്ഷിച്ചുവെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ താന്‍ രാജി വച്ചു എന്ന വാര്‍ത്ത ഇന്നസെന്റ് നിഷേധിച്ചു. അംഗങ്ങളില്‍ ആര് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും അവരെ സംരക്ഷിക്കുന്ന പ്രശ്നം ഇല്ലെന്നും സംഘടനാ ഇരക്കൊപ്പം ആണെന്നും ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ദിലീപിനോട് താന്‍ വ്യക്തിപരമായി ഇതില്‍ പങ്കുണ്ടോ എന്ന് ചോദിച്ചുവെന്നും ഇല്ല എന്നായിരുന്നു മറുപടി എന്നും ഇന്നസെന്റ് പറഞ്ഞു. അമ്മപിരിച്ചുവിടണമെന്ന വൈസ് പ്രസിഡന്റ് ഗണേഷ് കുമാറിന്റെ ആവശ്യം ആദ്യം വലിയ വേദനയുണ്ടാക്കിയെന്ന് ഇന്നസെന്റ് പ്രതികരിച്ചു. എന്നാല്‍ ആ കത്തില്‍ ഗണേഷ് പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ കഴമ്പുണ്ട്. അമ്മയിലെ ചില തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. അക്കാര്യം അദ്ദേഹവുമായി സംസാരിച്ച് തെറ്റിദ്ധാരണകള്‍ നീക്കിഎന്നും ഇന്നസെന്റ് പറഞ്ഞു.

related news : സിനിമ ലോകത്തെ വനിതകളെക്കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം വിവാദമാകുന്നു

ജോയന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം വ്യാഴാഴ്ച

ഇരിങ്ങാലക്കുട : ജോയിന്റ് കൗണ്‍സില്‍ ഓഫ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍സ് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ജൂലൈ 6 വ്യാഴാഴ്ച ഇരിങ്ങാലക്കുട പ്രിയഹാളില്‍ നടത്തും. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.യു. കബീര്‍, സംസ്ഥാന കമ്മറ്റി അംഗം ടി.എസ്. സുരേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉണ്ണി എന്നിവര്‍ പങ്കെടുക്കും. പ്രസിഡണ്ട് വി.എന്‍ സുനില്‍ അദ്ധ്യക്ഷനാകും. സെക്രട്ടറി എ.എം.നൗഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജൂലായ് 27,28 തിയ്യതികളിലായി തൃശ്ശൂരിലാണ് ജോയിന്റ് കൗണ്‍സിലിന്റെ ജില്ലാ സമ്മേളനം നടക്കുന്നത്.

Top
Menu Title