News

Archive for: September 21st, 2017

സിപിഐ(എം) കുട്ടംകുളം സമരത്തിന്റെ 71 ാം വാര്‍ഷികമാചരിച്ചു

ഇരിങ്ങാലക്കുട : സിപിഐ(എം) ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടംകുളം സമരത്തിന്റെ 71- ാം വാര്‍ഷികമാചരിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്‌ മുന്‍വശത്തെ റോഡിലൂടെ അവര്‍ണര്‍ക്ക്‌ വഴിനടക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന്‌ വേണ്ടിയാണ്‌ കമ്മ്യുണിസ്‌റ്റ്‌ പാര്‍ടിയുടെയും എസ്‌എന്‍ഡിപിയുടെയും പുലയമഹാസഭയുടെയും നേതൃത്വത്തില്‍ സമരം നടത്തിയത്‌. എസ്‌എന്‍ ക്ലബ്ബ്‌ ഹാളില്‍ സാമുഹ്യസമരങ്ങളുടെ ഭൂതവും വര്‍ത്തമാനവും എന്ന സെമിനാര്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എന്‍ആര്‍ ബാലന്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിന്റെ മതനിരപേക്ഷ മനസിനെ വെട്ടിമുറിച്ച്‌ വര്‍ഗീയത വളര്‍ത്താനാണ്‌ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ത്തുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്‌ നടത്തുന്നത്‌. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളും മതനിരപേക്ഷ മനസും സംരക്ഷിക്കുന്നതിനുള്ള ഉറച്ച നിലപാടാണ്‌ കാലം ആവശ്യപെടുന്നത്‌. ഏരിയ സെക്രട്ടറി ഉല്ലാസ്‌ കളക്കാട്ട്‌ അധ്യക്ഷനായി. പ്രൊഫ കെയു അരുണന്‍ എംഎല്‍എ, അശോകന്‍ ചരുവില്‍ എന്നിവര്‍ സംസാരിച്ചു. കെസി പ്രേമരാജന്‍ സ്വാഗതവും ഡോ കെപി ജോര്‍ജ്‌നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ 5 റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം ജൂലൈ 14ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം ജൂലൈ 14ന് കാലത്ത് 10 മണിക്ക് ഇരി ങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന് പ്രൊഫ. കെ.യു. അരുണ്‍ എം.എല്‍.എ. പുല്ലൂര്‍ മിഷന്‍ ആശുപത്രിക്കും, മന്ത്രിപുരത്തിനും മധ്യേ പോട്ട – മൂന്നുപീടിക റോഡിലെ അപകടകരമായ വളവ് ഇല്ലാതാക്കി വീതികൂട്ടുന്ന പ്രവൃത്തിക്ക് 195 ലക്ഷം രൂപയുടെയും, ഠാണാ മുതല്‍ കൂടല്‍മാണിക്യം ക്ഷേത്രം വരെയുള്ള റോഡിന്റെ ഒന്നാംഘട്ട നവീകരണത്തിന് ഒരു കോടി രൂപയുടെയും, ഈസ്റ്റ് പഞ്ഞപ്പിള്ളി – പാറേക്കാട്ടുകര റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന് 188. 70 ലക്ഷം രൂപയുടെയും, കാട്ടൂര്‍ ഗവ.ആശുപത്രി റോഡ് ബി.എം.ബി.സി. ടാറിങ്ങ് നടത്തുന്നതിന് 171 ലക്ഷം രൂപയുടെയും, മുരിയാട് – കാരൂര്‍ – കൊപ്രക്കളം റോഡ് നവീകരണത്തിന് 186.50 ലക്ഷം രൂപയുടെയും പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷനില്‍ നിന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണത്തിനൊരുങ്ങുന്നത്. അഞ്ചു പ്രവൃത്തികള്‍ക്കായി ആകെ 841.20 ലക്ഷം രൂപയാണ് ബജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത്. ആറു മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. പി.ഡബ്ല്യു.ഡി.റെസ്റ്റ് ഹൗസില്‍ വെച്ച് ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ എം.എല്‍.എ.അരുണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.എ.മനോജ് കുമാര്‍, ഷാജി നക്കര, പഞ്ചായത്ത് പ്രസിഡണ്ടുമാരായ മനോജ് വലിയപറമ്പില്‍, ഇ .സി.ബിജു, സരള വിക്രമന്‍, സന്ധ്യ നൈസന്‍, ജില്ലാ പഞ്ചായത്തംഗം കാതറിന്‍ പോള്‍, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എസ്.സുജ, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.ആര്‍. മിനി, വിവിധ രാഷ്ടീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ത്രീത്വത്തെ അപമാനിച്ച ഇന്നസെന്റ് എം പി ചുമതലയില്‍ തുടരാന്‍ അര്‍ഹനല്ല – യുവമോര്‍ച്ച

ഇരിങ്ങാലക്കുട : ഭാരതീയ ജനത യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ എം പി ഇന്നസെന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി . സ്ത്രീത്വത്തെ അപമാനിച്ച എം പി ചുമതലയില്‍ തുടരാന്‍ അര്‍ഹനല്ല എന്നും സ്വയം രാജിവെച്ചു പുറത്ത് പോകാനും അല്ലാത്തപക്ഷം എം പി യെ വഴിയില്‍ തടഞ്ഞ് ജനകീയ വിചാരണ നടത്തുമെന്നും യുവമോര്‍ച്ച ജില്ല സെക്രട്ടറി മാര്‍ച്ച് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ശെല്‍വന്‍ കൈപ്പമംഗലം , ദീപക് , മിഥുന്‍ കെ പി ,യദു കൃഷ്ണന്‍ എടക്കുളം , അജീഷ് ആളൂര്‍ , രാഹുല്‍ ബാബു എന്നീ യുവമോര്‍ച്ച നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി സംസാരിച്ചു.

സിവില്‍സ്‌റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കണം – ജോയിന്റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട : വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിപ്പിക്കണമെന്നും കോര്‍ട്ട് കോംപ്ലക്‌സ് നിര്‍മ്മാണപദ്ധതി ഉപേക്ഷിക്കരുതെന്നും മേഖലാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ജോയിന്റ് കൗണ്‍സില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സിവില്‍ സ്‌റ്റേഷന്‍ അഡീഷണല്‍ ബ്ലോക്ക് പണിപൂര്‍ത്തീകരിച്ചിട്ടും ഓഫീസുകള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. സബ്ബ് രജിസ്ട്രാര്‍ ഓഫീസ് തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ അപകടകരമായ അവസ്ഥയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.റൂറല്‍ ജില്ലാ ട്രഷറിയും മജിസ്‌ട്രേറ്റ് കോടതിയും അസി.പബ്ലിക്‌ പ്രോസിക്യൂട്ടറുടെ ഓഫീസും പ്രവര്‍ത്തിക്കുന്ന വസ്തു സര്‍ക്കാര്‍ ദേവസ്വത്തിന് പതിച്ചു നല്‍കിയതിനാല്‍ ഈ ഓഫീസുകളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. ഗവ.പ്ലീഡറുടെ ഓഫീസ് സിവില്‍ സ്റ്റേഷനിലെ താല്‍ക്കാലിക സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.പണിപൂര്‍ത്തീകരിച്ച അഡീഷണല്‍ ബ്ലോക്കില്‍ ഇത്തരം ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് വി.എന്‍.സുനില്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എം.യു.കബീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.പി.ഐ.മണ്ഡലം സെക്രട്ടറി പി. മണി,സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ.ഉണ്ണി, റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ആര്‍ പ്രത്വിരാജ്, പി.കെ.ഉണ്ണികൃഷ്ണന്‍,വി.അജിത്കുമാര്‍, എം.കെ.ജമാലുദ്ദീന്‍, സി.കെ.സുഷമ, ഇ.ജി.റാണി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.എം നൗഷാദ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജെ.ക്ലീറ്റസ് വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പി.കെ.ഉണ്ണികൃഷ്ണന്‍ ( പ്രസിഡണ്ട് ) സി.കെ.സുഷമ, എന്‍.വി വിപിന്‍നാഥ് ( വൈസ് പ്രസിഡണ്ടുമാര്‍ )എ.എം.നൗഷാദ് ( സെക്രട്ടറി ) ഇ.ജി.റാണി,പി.ബി.മനോജ്കുമാര്‍ ( ജോയിന്റ് സെക്രട്ടറിമാര്‍ ),കെ.ജെ.ക്ലീറ്റസ് ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

സ്ത്രീവിരുദ്ധ പരാമര്‍ശം : ഇന്നസെന്റിന്റെ വസതിയിലേക്ക് കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട : സ്ത്രീകളെ തുടര്‍ച്ചയായി അപമാനിക്കുന്ന പ്രസ്താവനകളുമായി നിലകൊള്ളുന്ന ചാലക്കുടി എം പി ഇന്നസെന്റ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് – കെ എസ് യുവിന്റെ നേതൃത്വത്തില്‍ ഇന്നസെന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പ്രമുഖ സിനിമ നടി അക്രമിക്കപ്പെട്ടിട്ടും നടിയെ സംരക്ഷിക്കാനുള്ള മനസ്സുപോലും ഇല്ലാതെ വേട്ടക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്ന നിലപാടാണ് താരസംഘടനയുടെ പ്രസിഡഡന്റ് കൂടിയായ ഇന്നസെന്റ് സ്വീകരിക്കുന്നത്. മനസ്സില്‍ അര്‍ബുദം ബാധിച്ച നിലപാടുകള്‍ തുടരുന്ന എം പി സ്ഥാനം രാജി വച്ച് പുറത്ത് പോകണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ മൗനം പാലിക്കുന്ന ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ കാപട്യ നിലപാട് അവസാനിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. മുദ്രവാക്യം വിളികളുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഇന്നസെന്റിന്റെ വീടിന് അമ്പത് മീറ്റര്‍ അകലെ വെച്ച് പോലിസ് വടം കെട്ടി തടഞ്ഞു. മുദ്രവാക്യം വിളികളുമായി എത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലിസ് വലയം ഭേദിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷസാധ്യതയുണ്ടാക്കി. എന്നാല്‍ ആത്മസംയമനത്തോടെ പോലിസ് അതിനെ ചെറുക്കുകയായിരുന്നു. ഇതിനിടെ ചില കോണ്‍ഗ്രസ്സ് നേതാക്കളും പ്രശ്‌നം ഒഴിവാക്കാന്‍ പ്രവര്‍ത്തകരുടേയും പോലിസിന്റേയും മദ്ധ്യത്തിലിറങ്ങി ശാന്തരാക്കി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷോണ്‍ പലിശ്ശേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ധീരജ് തേറാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ ടി കെ നസീര്‍ , വി എസ് അരുണ്‍ രാജ്, ആല്‍വിന്‍ വര്‍ഗീസ് , വിനീഷ് തിരിക്കുളം, കിരണ്‍, അനില്‍ പരിയാരം, എന്നിവര്‍ സംസാരിച്ചു. കെ എസ് യു നേതാക്കളായ ഹക്കീം ഇക്‌ബാല്‍, സജീര്‍ ബാബു, പി എസ് ഷഹീര്‍, എന്‍ എസ് സലാമുദ്ധീന്‍ , ജോസഫ് ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

related news : സിനിമ ലോകത്തെ വനിതകളെക്കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം വിവാദമാകുന്നു

 

പോട്ട – ഇരിങ്ങാലക്കുട സംസ്ഥാനപാത നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണം : ജനതാദള്‍ (യു)

കല്ലേറ്റുംകര : പോട്ടയില്‍ നിന്നും ആരംഭിച്ച് ഇരിങ്ങാലക്കുടയില്‍ കൂടി കടന്നു പോകുന്ന സംസ്ഥാനപാത 61-ല്‍ നടന്ന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ജനതാദള്‍ (യു ) ഇരിങ്ങാലക്കുട-  ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. കോടിക്കണക്കിനു രൂപ ചിലവഴിച്ചു നടത്തിയ റീ ടാറിങ് ഏതാനും മാസം കൊണ്ട് തന്നെ തകരാറിലായി. തുടര്‍ന്ന് ഒരു കോടിയിലധികം രൂപ ചിലവഴിച്ചു നടത്തിയ അറ്റകുറ്റ പണികളും തകര്‍ന്നടിഞ്ഞു. ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ സംസ്ഥാന പാതയില്‍ യാത്ര ദുരിതമാണെന്നു  മാത്രമല്ല കല്ലേറ്റുംകര -വാലപ്പന്‍പ്പടി അടക്കമുള്ള പ്രദേശങ്ങളിലെ അശാസ്ത്രീയ നിര്‍മാണം മൂലം അപകടങ്ങള്‍ പതിവാകുന്നു. നിര്‍മാണത്തിലെ അപാകതകള്‍ പരിശോധിച്ച് അഴിമതിക്കാരേ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും റോഡ് സഞ്ചാരയയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും ചാലക്കുടി- ഇരിങ്ങാലക്കുട നിയോജക മണ്ഡല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രക്ഷോഭ സമര പരിപാടികള്‍  ജൂലൈ 8 ന് രാവിലെ 10 മണിക്ക് കല്ലേറ്റുംകര വാലപ്പന്‍പ്പടിയില്‍ ജനതാദള്‍ (യു ) ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറാലി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പോളി കുറ്റിക്കാടന്‍ അദ്ധ്യക്ഷ വഹിച്ചു. എം സി ആഗസ്തി , ജോര്‍ജ് കെ തോമസ് , പി ഡി നാരായണൻ , കെ കെ ബാബു , എ യു കുമാരന്‍ , വാക്സറിന്‍ പെരേപ്പാടന്‍ , ജിജു കെ വര്‍ഗീസ് , പാപ്പച്ചന്‍ വാഴപ്പിള്ളി , എസ് ജെ വാഴപ്പിള്ളി , കാവ്യ പ്രദീപ് , എ എല്‍ കൊച്ചപ്പന്‍ എന്നിവര്‍ സംസാരിച്ചു.

 

നാലമ്പല തീര്‍ത്ഥാടനത്തിന് പായമ്മല്‍ ക്ഷേത്രം ഒരുങ്ങി

പായമ്മല്‍ : നാലമ്പല തീര്‍ത്ഥാടകരായ ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നതിനായി പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദര്‍ശനത്തിനായി വരുന്ന ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യൂവില്‍ നില്‍ക്കുന്നതിനു ഓലയില്‍ നിര്‍മ്മിച്ച പന്തലുകളാണ് ക്ഷേത്രത്തിനു ചുറ്റും ദേവസ്വം ഒരുക്കിയിരിക്കുന്നത് . കൂടാതെ കര്‍ക്കിടകം 31 ദിവസവും പ്രസാദ ഊട്ട് ഉണ്ടാകും. സാധാരണ ദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കും ശനി ഞായര്‍ ദിവസങ്ങളില്‍ പതിനായിരം പേര്‍ക്കും പ്രസാദ ഊട്ട് ഉണ്ടാകും. ടൂറിസം വകുപ്പില്‍ നിന്നും ലഭിച്ച ഒരു കോടി രൂപയില്‍ നിര്‍മ്മിച്ച ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഏകദേശം 45 വലിയ ബസ്സുകള്‍ക്കും അനവധി ചെറിയ വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ദേവസ്വം ഒരുക്കിയിട്ടുണ്ട് . കൂടാതെ പായമ്മല്‍ ദേവസ്വം പുതിയതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ചെറിയ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ദേവസ്വം ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ വിപുലമായ ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തപസ്യകലാസാഹിത്യവേദിയുടെ വിളംബരയാത്ര ജൂലൈ 7 ന്

ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദി 41-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഉണ്ണായിവാരിയരുടെ നാമധേയത്തില്‍ ആരംഭിക്കുന്ന വിളംബര യാത്ര  ജൂലൈ 7 ന്  ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ നിന്ന് ആരംഭിക്കും. യാത്ര തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി.സുരേഷ് ഉദ്ഘാടനം ചെയ്യും. ഉപജില്ല ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മേനോന്‍ യാത്ര നയിക്കും. ഇരിങ്ങാലക്കുടയിലും പരിസരപഞ്ചായത്തുകളിലും യാത്ര സഞ്ചരിച്ച് മണ്‍മറഞ്ഞുപോയ കലാസാഹിത്യസാംസ്‌കാരിക പ്രതിഭകളുടെ സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി വൈകീട്ട് 5 മണിക്ക് സമ്മേളനനഗരിയായ തൃശ്ശൂര്‍ റീജണല്‍ തിയറ്ററില്‍ സമാപിക്കും. ജില്ലയിലെ 10 സാംസ്‌കാരിക കേന്ദ്രങ്ങളില്‍ നിന്ന് യാത്ര നടക്കുന്നുണ്ട്. യാത്രകള്‍ റീജണല്‍ തിയറ്ററില്‍ സമാപിച്ചതിനുശേഷം സാംസ്‌കാരിക സമ്മേളനവും 29 കലാരൂപങ്ങളെ കോര്‍ത്തിണക്കി നിളായനം നൃത്തസംഗീത ശില്പവും നടക്കും.

കൊടികളും ബസ്സ്സ്റ്റോപ്പും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തില്‍ സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ കൊടികളും ബോര്‍ഡുകളും ബസ് സ്റ്റോപ്പും നശിപ്പിച്ച്  സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നതായി ഹിന്ദുഐക്യവേദി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയുടെ മറവിലാണ് അവിട്ടത്തൂരില്‍ ബോര്‍ഡുകളും കൊടിക്കാലുകളും സെന്ററില്‍ ഉണ്ടായിരുന്ന സംഘപരിവാര്‍ സംഘടനകള്‍ സ്ഥാപിച്ചിരുന്ന ബസ് സ്റ്റോപ്പും നശിപ്പിക്കപ്പെട്ടത്. വേളൂക്കര പഞ്ചായത്തില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു നേരെ നടത്തുന്ന കൊലവിളിയും അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് ഷാജു പൊറ്റക്കല്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മികവുത്സവം -2017 നടന്നു

പടിയൂര്‍ : എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിന് നൂറു ശതമാനം വിജയം കൈവരിച്ചതിന്റെയും ബി എ ഇക്കണോമിക്‌സില്‍ രണ്ടാം റാങ്ക് ജേതാവിനെയും പഞ്ചായത്തിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പടിയൂര്‍ പഞ്ചായത്തിന്റെയും എച്ച് ഡി പി സമാജത്തിന്റെയും നേതൃത്വത്തില്‍ സ്വീകരണവും , സമ്മാനദാനവും നടത്തി . പരീക്ഷയെഴുതിയ 103 വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും , മുന്‍ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ മികവുത്സവം -2017 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കര മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് മെമ്പര്‍മാരായ ലത വാസു, കെ എസ് രാധാകൃഷ്ണന്‍ , ചെയര്‍മാന്മാരായ സുനിത മനോജ് , സി എസ് സുധന്‍, കെ പി കണ്ണന്‍ , ആശ സുരേഷ്, മെമ്പര്‍മാരായ സി എം ഉണ്ണികൃഷ്ണന്‍, ബിനോയ് കെ ബി , മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍ , ഗിരീഷ്, സുരേഷ് മാസ്റ്റര്‍, ശ്രീദേവി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ഉപജില്ലയില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വായനാപക്ഷാചരണത്തിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ എല്‍ പി , യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഖാദര്‍ പട്ടേപ്പാടം , ബാലകൃഷ്ണന്‍ അഞ്ചത്ത് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭരതന്‍ ടി ടി കെ , സുരേഷ് ബാബു എന്‍ എസ്, ഇരിങ്ങാലക്കുട ബി പി ഒ എന്നിവര്‍ ക്വിസ് മത്സരത്തിലെ വിജയികളെ അനുമോദിച്ചു. എല്‍ പി വിഭാഗത്തില്‍ വെള്ളാങ്കല്ലൂര്‍ ജി യു പി എസ് സ്കൂളിലെ ഗാഥാ എ എസ് , ഐഷ തസ്‌ലി എന്നിവര്‍ ഒന്നാം സ്ഥാനവും പുതുക്കാട് സെന്റ് സേവിയേഴ്‌സ് യു പി സ്കൂളിലെ ജീവ സജീവന്‍ , ബെനഡിക് ജോയ്എന്നിവര്‍ രണ്ടാം സ്ഥാനവും ചെങ്ങാലൂര്‍ ജി എല്‍ പി എസ് സ്കൂളിലെ പൂജിത കെ എം ,ഈശാന എ എസ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തില്‍ ചെങ്ങാലൂര്‍ സെന്റ് മേരീസ് എച്ച് എസ് സ്കൂള്‍ നന്ദന കെ എം , ആഗ്ന തെരേസ ബിജോയ് , പറപ്പൂക്കര എ യു പി എസ് സ്കൂളിലെ ഐശ്വര്യ എ ആര്‍, കീര്‍ത്തന വി വി , ആനന്ദപുരം എസ് കെ എച് എസ് എസ് സ്കൂളിലെ റോഷന്‍ ടി എം , മൈഥിലികൃഷ്ണ കെ എച്ച് എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഇരിങ്ങാലക്കുട ബ്ലോക്ക് ഹാളില്‍ ജൂലൈ 7 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും .

Top
Menu Title