News

Archive for: September 21st, 2017

ഹോട്ടലില്‍നിന്നും മൊബൈല്‍ മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി

ഇരിങ്ങാലക്കുട : ഹോട്ടല്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയില്‍. ബംഗാളി സ്വദേശി രുപേന്‍ (20) നെയാണ് ഇരിങ്ങാലക്കുട എസ്.ഐ സുശാന്ത് കെ.എസ്സും സംഘവും അറസ്റ്റ് ചെയ്തത്. വീനസ് ഹോട്ടലിലെ ജീവനക്കാരുടെ 6 ഫോണുകളാണ് ഇയാള്‍ മോഷ്ടിച്ചത്. ഇരിങ്ങാലക്കുട സി.ഐ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ നൈറ്റ് പട്രോളിങ്ങ് നടത്തുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. പോലിസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല . തുടര്‍ന്നുള്ള പോലിസ് ചോദ്യംചെയ്യലിലാണ് പ്രതി മോഷണകുറ്റം സമ്മതിച്ചത്. കളവുപോയ ആറ് മൊബെല്‍ ഫോണുകളും പോലിസ് പ്രതിയില്‍ നിന്നും കണ്ടെടുത്തു. സീനിയര്‍ സി.പി.ഒ അനീഷ് പുതിയേടത്ത്, സി.പി.ഓ മാരായ രാജേഷ് ചെട്ടിയാട്ടില്‍, രാഗേഷ് പൊറ്റേക്കാട്ട് എന്നിവരാണ് പട്രോളിങ്ങ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.

ചെറുതൃക്കോവില്‍ നട തുറപ്പ് ശനിയാഴ്ച

ഇരിങ്ങാലക്കുട : നവീകരണകലശവും പുനഃ പ്രതിഷ്ടയും കഴിഞ്ഞു നടയടച്ച ചെറുതൃക്കോവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നട തുറപ്പ് ശനിയാഴ്ച പുലര്‍ച്ചെ 5ന് നടക്കും. തുടര്‍ന്ന് തത്വ ഹോമം, തത്വ കലശ പൂജ, തത്വ കാലാഭിഷേകം, പരി കാലാഭിഷേകം, കുംഭ കാലാഭിഷേകം, ശ്രീഭൂതബലി തുടങ്ങിയവ നടക്കും. പ്രധാന വഴിപാട് പറനിറക്കല്‍ , നടതുറക്കല്‍ പ്രമാണിച്ച് ഉച്ചക്ക് 11 :30 മുതല്‍ പാണ്ടിസമൂഹം ഹാളില്‍ പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ഭരണസമിതി ഭാരവാഹികളായ ടി കെ ബാലന്‍, കെ ആര്‍ അച്ചുതന്‍, ഒ കൊച്ചുഗോവിന്ദന്‍, ജയശങ്കര്‍ ചക്കഞ്ചാത്ത്, പുത്തില്ലത് നീലകണ്ഠന്‍ നമ്പൂതിരി, സി. നാരായണന്‍കുട്ടി, ഇ ജയരാമന്‍ എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 7 മുതല്‍ 8:30 വരെ പെരിങ്ങോട്ട് സുബ്രഹ്മണ്യന്‍ ആന്‍റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഇടക്കയില്‍ നാദവിസ്മയം എന്ന പരിപാടി അരങ്ങേറും

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഇന്നസെന്റിന്റെ കോലം കത്തിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കെ എസ് യു യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സിനിമ രംഗത്തുള്ളവരെക്കുറിച്ചു ഉള്ള ഇന്നസെന്റിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു കോലം കത്തിച്ചു . ക്രൈസ്റ്റ് കോളേജില്‍ നിന്നും ആരംഭിച്ച ഇന്നസെന്റിന്റെ കോലമേന്തിയുള്ള പ്രകടനം ആല്‍ത്തറക്കലില്‍ വച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഉദ്ഘാടനം
ചെയ്തു. ക്രൈസ്റ്റ് കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ഫയാസ് മുഹമ്മദ്ദ് , സെക്രട്ടറി ടോം ജേക്കബ്ബ് , നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗീസ് , കെ എസ് യു പ്രവര്‍ത്തകരായ ആല്‍ഫിന്‍ വിത്സണ്‍ മേച്ചേരി, മിഥുന്‍, സ്റ്റെയിന്‍സ് , റിയാന്‍ , അതുല്‍ , സന എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ആല്‍ത്തറക്കലില്‍ ഇന്നസെന്റിന്റെ കോലം കത്തിച്ചു.

പഠനം മുടങ്ങിയവര്‍ക്കും പഠിക്കാനാവസരം

വെള്ളാങ്ങലൂര്‍ : വെള്ളാങ്ങലൂര്‍ ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴില്‍ 10 – ാം തരം, ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ നടക്കുന്നു . ജൂണ്‍ 1 ന് 17 വയസ്സ് പൂര്‍ത്തിയായ 7 – ാം ക്ലാസ് ജയിച്ചവര്‍ക്കും , 8 ,9 ,10 ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍ക്കും 2011 വരെ എസ് എസ് എല്‍ സി എഴുതി തോറ്റവര്‍ക്കും 10 – ാം ക്ലാസ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. ജൂണ്‍ 1 ന് 22 വയസ്സ് പൂര്‍ത്തിയായ 10 – ാം ക്ലാസ് ജയിച്ചവര്‍ക്കും പ്രീഡിഗ്രി തോറ്റവര്‍ , പൂര്‍ത്തിയാക്കാത്തവര്‍ എന്നിവര്‍ക്കും ഹയര്‍സെക്കണ്ടറിക്ക് ചേരാവുന്നതാണ്.ജൂലൈ 20 വരെ പിഴയില്ലാതെയും 31 വരെ 50 രൂപ പിഴയൊടു കൂടിയും അപേക്ഷിക്കാവുന്നതാണ് അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും സാക്ഷരതാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക, നമ്പര്‍ : 9946342618

കാട്ടൂര്‍ വി എച്ച് എസ് ഇ ഹാളില്‍ സൗജന്യ ആയ്യുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ജൂലായ് 8 ന്

കാട്ടൂര്‍ : തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയും കാട്ടൂര്‍ പോംപെ സെന്റ് മേരീസ് വി എച്ച് എസ് എസ്, എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ ആയ്യുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ജൂലായ് 8 ശനിയാഴ്ച രാവിലെ 9 .30 മുതല്‍ 1 മണി വരെ കാട്ടൂര്‍ വി എച്ച് എസ് ഇ ഹാളില്‍ സംഘടിപ്പിക്കുന്നു . തുടര്‍ന്ന് ടി എസ് ഗോകുല്‍ ദാസ് നയിക്കുന്ന ‘ആയുസ്സും ആയ്യുര്‍വ്വേദവും’ എന്ന സെമിനാര്‍ ക്ലാസും ഉണ്ടാകും. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി ടി എ പ്രസിഡന്റ് സഹജ രാജന്‍ അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ ടി മുഖ്യാതിഥിയായിരിക്കും. സൗജന്യ രജിസ്ട്രേഷന് ബന്ധപ്പെടുക : 9447545278 .

വായനാപക്ഷാചരണ പരിപാടികള്‍ക്ക് മുകുന്ദപുരം താലൂക്കില്‍ സമാപനമായി

ഇരിങ്ങാലക്കുട : വായനാപക്ഷാചരണ പരിപാടികളുടെ മുകുന്ദപുരം താലൂക്ക് തല സമാപനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിയ യോഗത്തില്‍ സുരേഷ് പി കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ പി ജോര്‍ജ് സമാപനസന്ദേശം നല്‍കി. കെ കെ ചന്ദ്രശേഖരന്‍ ചടങ്ങില്‍ സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് ഓഫീസര്‍ എന്‍ എസ് സുരേഷ് ബാബു സമ്മാനദാനം നിര്‍വഹിച്ചു. ഖാദര്‍ പട്ടേപ്പാടം സ്വാഗതവും ചന്ദ്രിക സുധാകരന്‍ നന്ദിയും പറഞ്ഞു.

വായനാപക്ഷാചരണ സമാപനത്തോടനുബന്ധിച്ച് ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വായനാപക്ഷാചരണ സമാപനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമ സാഹിതിയും, ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളും സംയുക്തമായി സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. മുന്‍ എം.പി.പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. യുവ നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ പി.ടി.എ.പ്രസിഡണ്ട് എം.ബി.രാജു, പ്രിന്‍സിപ്പല്‍ എം. പ്യാരിജ, കെ.ആര്‍.ഹേന, എഴുത്തുകാരായ കൃഷ്ണകുമാര്‍ മാപ്രാണം, കൃഷ്ണവാദ്ധ്യാര്‍, രാധാകൃഷ്ണന്‍ വെട്ടത്ത്, പി.എന്‍.സുനില്‍, കുറ്റിപ്പുഴ വിശ്വനാഥന്‍, സിമിത ലെനീഷ്, കുമാരി.ഒ.അനന്യ എന്നിവര്‍ സംസാരിച്ചു. കവിതാലാപനം നടത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് എഴുത്തുകാരനും സംഗീത സംവിധായകനുമായ പ്രതാപ് സിംഗ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ടി.വി.രമണി സ്വാഗതവും, സി.എസ്.അബ്ദുള്‍ ഹഖ് നന്ദിയും പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെ ഇന്നസെന്റ് ഇന്നസെന്റ് അല്ലാതായി – ഷാനിമോള്‍ ഉസ്മാന്‍

ഇരിങ്ങാലക്കുട : ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ കൂടിയായ കലാകാരന്‍മാര്‍ രംഗത്തിറങ്ങി സ്ത്രീകള്‍ക്കെതിരായി നടത്തുന്ന പരാമര്‍ശങ്ങളും പ്രവര്‍ത്തങ്ങളും അതിരു കടക്കുമ്പോഴാണ്‌ ഇവര്‍ക്കെതിരെ സ്ത്രീകള്‍ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥ വന്നത് എന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട ചലച്ചിത്ര നടിക്ക് വേണ്ടി നിലകൊള്ളാത്ത ‘അമ്മയുടെ പ്രസിഡന്റ്  കേരളത്തിലെ ഒരു എം പി കൂടിയായ ഇന്നസെന്റ് ആണെന്നുള്ളത് ലജ്ജാകരമാണെന്നും അതിനു പുറമെ സ്ഥിരമായി സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന ഇന്നസെന്റ് ഇപ്പോള്‍ ഇന്നസെന്റ് അല്ലാതായി മാറിയിരിക്കുകയാണെന്നും അതുകൊണ്ടു അദ്ദേഹം വഹിക്കുന്ന സ്ഥാനങ്ങള്‍ രാജി വെക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്നസെന്റ് എം പി യുടെ വസതിയിലേക്ക് മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഒരു രാഷ്ട്രീയക്കാരന്‍ ആയതുകൊണ്ടല്ല പകരം കലാകാരന്‍ ആയതിനാലാണ് ജനങ്ങള്‍ ഇദ്ദേഹത്തെ എം പി ആയി തിരഞ്ഞെടുത്തത് എന്നും ഓര്‍മ്മ വേണമെന്നും ഇവര്‍ പറഞ്ഞു. ജനങ്ങളോടും കലാകാരന്മാരോടും പ്രതിബദ്ധത ഇല്ലാത്ത ഇന്നസെന്റിന്റെ മുഖം ഇനി പരസ്യങ്ങളില്‍ കാണിക്കണമോ എന്ന് അതാതു സ്ഥാപനങ്ങള്‍ ആലോചിക്കണ്ട സമയം ആയെന്നു ഷാനിമോള്‍ ഓര്‍മപ്പെടുത്തി. കെ പി സി സി യുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നസെന്റിനു എതിരായ സമരം എന്നും അദ്ദേഹത്തിന്റെ രാജിയില്‍ മാത്രമേ സമരം അവസാനിക്കുള്ളു എന്നും അവര്‍ പറഞ്ഞു. എം പി യുടെ വസതിക്കു സമീപം ഇരിങ്ങാലക്കുട പോലീസ് റോഡില്‍ വടം കെട്ടി മാര്‍ച്ച് തടഞ്ഞു. ഇന്നസെന്റിനെതിരെ രൂക്ഷമായ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാജീവ് ഗാന്ധി ഭവനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ഉടനീളം. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുജ സജീവ്കുമാര്‍ , ബെന്‍സി ഡേവിഡ് , നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷൈജു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

കേരള കാത്തോലിക്ക കെ സി എസ് എല്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ആനിമേറ്റേഴ്‌സ് സംഗമവും നടന്നു

ഇരിങ്ങാലക്കുട : രൂപതയിലെ കെ സി എസ് എല്‍ സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ആനിമേറ്റേഴ്‌സ് സംഗമവും കല്ലേറ്റുംകര പാക്സില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. കുമാരി ആന്‍സി വി ജോസ് അദ്ധ്യക്ഷതനായിരുന്ന സമ്മേളനത്തില്‍ എസ് എസ് എല്‍ സി , പ്ലസ് ടു എന്നിവയില്‍ നൂറു ശതമാനം കരസ്ഥമാക്കിയ വിദ്യാലങ്ങളെ ട്രോഫി നല്‍കി ആദരിച്ചു. രൂപതയിലെ ബെസ്റ് ആനിമേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ജെസ്സി ടീച്ചറെയും , സംസ്ഥാന തലത്തില്‍ ബെസ്റ് ആനിമേറ്ററായി തിരഞ്ഞെടുക്കപ്പെട്ട റവ. സി. ജിസ്സമരിയ സി എച്ച് എഫ്, എന്നിവരെയും ആദരിച്ചു. തുടര്‍ന്ന് സംസ്ഥാന തല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആന്‍സി വി ജോസിനെയും, വൈസ് പ്രസിഡന്റ് ജോജി എം വര്‍ഗീസിനെയും ആദരിച്ചു. റവ. ഫാ. ജോമി തോട്ട്യാന്‍ ക്ലാസുകള്‍ നയിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റവ. ഫാ. ഷാജു ചിറയത്ത്, റവ. ഫാ. ജോസഫ്, സണ്ണി മണ്ടകത്ത്, റവ. സി. ജിസമരിയ , ആന്‍സണ്‍ ഡൊമിനിക് , ഫ്രാന്‍സിസ് പി എ , ജോജി വര്‍ഗീസ് ,ഷൈജു പോട്ടോക്കാരന്‍ , ആന്‍സി വി ജോസ് എന്നിവര്‍ സംസാരിച്ചു.

മുസ്ലിം സര്‍വീസ് സൊസൈറ്റി അവാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 12

ഇരിങ്ങാലക്കുട : എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും A- A+ , A1- A2 ഗ്രേഡ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട മഹല്ലിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും മുസ്ലിം സര്‍വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റ് നല്‍കുന്ന അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. അപേക്ഷകള്‍ പി എ നസീര്‍ , പാളയം കോട്ട് ഹൗസ് മാപ്രാണം , മാടായിക്കോണം പി ഒ , ഇരിങ്ങാലക്കുട -680 -712, ഫോണ്‍ – 9447902803  എന്ന വിലാസത്തില്‍ ജൂലൈ 12 നു മുന്‍പായി ലഭിക്കേണ്ടതാണ്.

മഴക്കാല രോഗപ്രതിരോധ യജ്ഞനത്തിന്റെ ഭാഗമായി മുരിയാട് പഞ്ചായത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനo

മുരിയാട് : മഴക്കാല രോഗപ്രതിരോധയജ്ഞനത്തിന്റെ ഭാഗമായി മുരിയാട് പഞ്ചായത്തില്‍ 14-വാര്‍ഡ് കുടുംബശ്രീ പ്രവര്‍ത്തകരും വാര്‍ഡ് വികസനസമതിയുടെയും വാര്‍ഡ് മെമ്പറുടെയും പുല്ലൂര്‍ മിഷ്യന്‍ ഹോസ്പിറ്റല്‍ നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഉള്ള സ്ക്വാഡ് പ്രവര്‍ത്തനo പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങളും, ഡെങ്കിപ്പനി, എലിപ്പനി, മറ്റു പകര്‍ച്ചവ്യാധികള്‍ എന്നിവ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അടങ്ങിയ ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യുകയും കൊതുക് കൂതാടികള്‍ മുട്ടയിട് വിരിയുവാനുള്ള സാഹചര്യങ്ങള്‍ വീടുകളില്‍ ഒഴിവാകുവാനും ആഴ്ചയില്‍ ഒരു തവണ ഡ്രൈഡേ ആചരിക്കുവാനും എല്ലാ വീട്ടുകാരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്, വാര്‍ഡ് കണ്‍വീനര്‍ എ എന്‍ രാജന്‍, റിജു തടത്തി, ബീന രാജേഷ്, സീത ഷണ്‍മുഖന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ജനസൗഹൃദ 2017 : പിആര്‍ ബാലന്‍മാസ്റ്റര്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജനറല്‍ ആശുപത്രിയില്‍ ശുചീകരണവും നവീകരണ പ്രവര്‍ത്തനങ്ങളും

ഇരിങ്ങാലക്കുട : പിആര്‍ ബാലന്‍മാസ്റ്റര്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ശുചീകരണവും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തും. പൊതുജന പങ്കാളിത്തതോടെ 7,8,9 തിയതികളില്‍ ആശുപത്രി വാര്‍ഡുകള്‍ വൃത്തിയാക്കി പെയിന്റ് ചെയ്യുക, കേടായ ഫാനുകളും ലൈറ്റുകളും വാട്ടര്‍ പൈപ്പുകളും മാറ്റി പുതിയവ സ്ഥാപിക്കുക, കട്ടിലുകളും മറ്റ് ഉപകരണങ്ങളും കേട്തീര്‍ത്ത് പെയിന്റ് ചെയ്ത് നല്‍കുക തുടങ്ങിയ ജോലികളാണ് സൊസൈറ്റി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നത്. ആശുപത്രിയില്‍ അത്യാവശ്യമായ പരിശോധന മേശകളും ഉപകരണങ്ങളും രോഗികള്‍ക്ക് കിടക്കവിരികളും വാങ്ങി നല്‍കും. ‘ജനസൗഹൃദ 2017 ‘ എന്ന പേരില്‍ നടത്തുന്ന പ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെ പ്രൊഫ കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്  അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.മിനി മോള്‍, നഴ്സിംഗ് സൂപ്രണ്ട് ഉഷ , ഡോ. രാമസ്വാമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പിആര്‍ ബാലന്‍മാസ്റ്റര്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറി ടി എല്‍ ജോര്‍ജ്, ജനസൗഹൃദ 2017 കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്‍ , ടി ജി ശങ്കരനാരായണന്‍ , മനോജ് കുമാര്‍ , ഡോ. കെ പി ജോര്‍ജ് , സുരേഷ് ബാബു , കെ സി പ്രേമരാജന്‍ നഗരസഭയിലെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ , ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശുചികരണ യജ്ഞത്തില്‍ പങ്കെടുത്തു.

Top
Menu Title