News

Archive for: September 21st, 2017

ഞായറാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പര്‍ വണ്‍ സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന ടൌണ്‍ ഹാള്‍ റോഡ്, ബസ്സ്റ്റാന്‍ഡ്, കിഴെക്കെ നട എന്നിവിടങ്ങളില്‍ 11 കെ വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂലായ് 9 ഞായറാഴ്ച രാവിലെ 8:30 മണി മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

റോട്ടറി ക്ലബ്ബിന്റെ 2017-18 വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബിന്റെ 2017 – 18 വര്‍ഷത്തെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വേണുഗോപാലന്‍ മേനോന്‍ ഉദ്‌ഘാടനം ചെയ്തു. റോട്ടറി പ്രസിഡണ്ട് ജോയ് മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവര്‍ണര്‍ രാജേഷ് മേനോന്‍, ജി.ജി. ആര്‍ ടി ജി സച്ചിത്ത്, സെക്രട്ടറി പോള്‍സണ്‍ മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.

അമ്പതോളം മോഷണ കേസുകളിലെ പ്രതിയായ മദ്ധ്യവയസ്‌ക്കനെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : അമ്പതോളം മോഷണ കേസുകളില്‍ പ്രതിയായ മദ്ധ്യവയസ്‌ക്കനെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. കോടാലി മുരിക്കിങ്ങല്‍ ആളൂപറമ്പില്‍ ഉടുമ്പ് സുരേഷ് എന്ന സുരേഷ് (48)നെയാണ് കഴിഞ്ഞ ദിവസം രാത്രി ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറും സംഘവും അവിട്ടത്തൂരില്‍ നിന്നും പിടികൂടിയത്. കടുപ്പശ്ശേരി കോക്കാട്ടി വീട്ടില്‍ ജോണ്‍സന്‍ എന്നയാളുടെ ഫാം ഹൗസില്‍ നിന്നും അമ്പത് കിലോയോളം ജാതിക്കയും മറ്റും മോഷണം പോയിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ കാലം മുതലെ മോഷണം ആരംഭിച്ചയാളാണ് സുരേഷെന്ന് പോലിസ് പറഞ്ഞു. ഉയരം കൂടിയ മതിലുകളില്‍ പോലും വലിഞ്ഞുകയറുന്നതില്‍ പ്രാഗത്ഭ്യം നേടിയതിനാലാണ് ഇയാളെ ഉടുമ്പ് സുരേഷ് എന്ന് വിളിക്കുന്നത്. വെള്ളിക്കുളങ്ങര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണ കേസില്‍ പെട്ട് ജയിലിലായിരുന്ന പ്രതി ഏതാനും ദിവസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ ജോലിക്ക് പോകുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ മോഷണം നടത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, വരന്തരപ്പിള്ളി, പുതുക്കാട് തുടങ്ങി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ അമ്പതോളം മോഷണകേസുകള്‍ നിലവിലുണ്ട്. 12ഓളം മോഷണ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ജാതിക്ക, റബ്ബര്‍ ഷീറ്റ്, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകള്‍ മാത്രം മോഷ്ടിക്കുന്ന പ്രത്യേകതരം ശീലവും പ്രതിക്കുണ്ട്. എസ്.ഐ മാരായ കെ.എസ് സുശാന്ത്, ജോഷി പി.എ, സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, സി.പി.ഒ മാരായ മനോജ് പി.കെ, മനോജ് എ.കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സിലോണ്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗം കൊരുമ്പുശ്ശേരി എരണേഴത്ത് മോഹനന്‍ അന്തരിച്ചു

കൊരുമ്പിശ്ശേരി : സിലോണ്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗം ഇരിങ്ങാലക്കുട കൊരുമ്പുശ്ശേരി എരണേഴത്ത് മോഹനന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് ത്യശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ വച്ച് നടക്കും. കല്യാണി ഭാര്യയും മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇ. എം. പ്രസന്നന്‍, പ്രവീണ്‍, ഗീത എന്നിവര്‍ മക്കളുമാണ്. ഊര്‍മ്മിള ദേവി, ഷീജ, സദാനന്ദന്‍ എന്നിവര്‍ മരുമക്കളാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച ശേഷം ജോലി സംബന്ധമായി സിലോണില്‍ എത്തുന്നത്. സിലോണ്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗം, സിലോണ്‍ മലയാളി മഹാജന സഭ ജനറല്‍ സെക്രട്ടറി, നവശക്തി ദ്വൈവാരിക പത്രാധിപര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ബാംഗ്ലൂരില്‍ ശ്രീനാരായണ സമാജം കെട്ടിപടുക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.

പോട്ട – മൂന്നുപീടിക സംസ്ഥാനപാത 61ന്റെ റീ-ടാറിംഗ് അഴിമതിക്ക് പുറകില്‍ വന്‍ തിമിംഗലങ്ങള്‍ : ജനതാദള്‍ (യു)

ഇരിങ്ങാലക്കുട : പോട്ട – മൂന്നുപീടിക സംസ്ഥാന പാത കോടികള്‍ ചിലവിട്ട് റീ ടാറിംഗ് നടത്തിയതിന്റെ പിന്നിലെ അഴിമതിയന്വേഷിച്ചാല്‍ അത് എത്തിച്ചേരുക ചെറുമീനുകളിലോ സ്രാവുകളിലോ അല്ല വന്‍ തിമിംഗലങ്ങളിലാണെന്ന് ജനതാദള്‍ (യു) ജില്ലാ പ്രസിഡന്‍റ് യൂജിന്‍ മോറേലി അഭിപ്രായപ്പെട്ടു. ചാലക്കുടി – ഇരിങ്ങാലക്കുട നിയോജക മണ്ഡലങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കല്ലേറ്റുംകര വാലപ്പന്‍ പടിയില്‍ റോഡിന്റെ നിര്‍മ്മാണത്തിലെ അപാകതകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . റോഡിലെ കുഴിയടച്ച് പ്രശ്നം പരിഹരിക്കണമെന്നല്ല പാര്‍ട്ടി ആവശ്യപ്പെടുന്നത്, ഈ റോഡിനെ ഈ അവസ്ഥയില്‍ എത്തിച്ച് കോടികള്‍ തട്ടിയെടുത്തവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം എന്നാണ്. ഇത് സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തിച്ച്, ജനങ്ങളുടെ സംശയങ്ങള്‍ക്ക് നിവാരണം നടത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. രാജാവ് നഗ്നനെങ്കില്‍, ആ നഗ്നത വിളിച്ച് പറയാന്‍ പാര്‍ട്ടിക്ക് ” മുന്നണി ” ഒരു വിഷയമല്ല. അതിനുള്ള ആര്‍ജ്ജവം എന്നും പാര്‍ട്ടി കാണിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു .ജില്ലാ ഭാരവാഹികളായ പി.ഡി.നാരയണന്‍, ജോര്‍ജ് കെ തോമസ്, അഡ്വ. പാപ്പച്ചന്‍ വാഴപ്പിള്ളി, യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്സറിന്‍ പെരെപ്പാടന്‍, മഹിളാ ജനത സംസ്ഥാന സെക്രട്ടറി കാവ്യ പ്രദീപ്, എസ്.ജെ വാഴപ്പിള്ളി മാസ്റ്റര്‍ , അഡ്വ. കെ.എം.ബാബു, ജോര്‍ജ് വി. ഐനിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് ഭാരവാഹികള്‍

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിലെ 2017 -19 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വ്യാപാരഭവനില്‍ നടന്നു . ടി വി ആന്റോ (പ്രസിഡന്റ് ), ജോസ് മൊയലന്‍(ജന. സെക്രട്ടറി), എബിന്‍ മാത്യു വെള്ളാനിക്കാരന്‍ ( ട്രഷറര്‍ ), പി വി ബാലസുബ്രമുണ്യന്‍ , എ പി തോമസ്, ഷാജു പാറേക്കാടന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും , ഡീന്‍ ഷഹീദ് , വി കെ അനില്‍കുമാര്‍ എന്നിവര്‍ ജോ. സെക്രട്ടറിമാരും ആയി തിരഞ്ഞെടുത്തു.

താഷ്കെന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ‘വിമുക്തി ലഹരി’ വിരുദ്ധ ക്യാമ്പ്‌ നടന്നു

പട്ടേപ്പാടം : താഷ്കെന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ‘വിമുക്തി’ ലഹരി വിരുദ്ധ ക്യാമ്പ്‌ നടന്നു . ലൈബ്രറി പ്രസിഡന്റ്‌ വി വി തിലകന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എക്സ്സൈസ് പ്രിവേ‌ന്റിവ്‌ ഓഫീസര്‍ കെ എ ജയദേവന്‍, എം കെ സുഗതന്‍ എന്നിവര്‍ ബോധവത്കരണ ക്ലാസിനു നേതൃത്വം നല്‍കി. വെള്ളാങ്ങല്ലുര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഗീത മനോജ്‌, പഞ്ചായത്ത്‌ അംഗങ്ങളായ ആമിന അബ്ദുള്‍ ഖാദര്‍ , ടി എസ് സുരേഷ്, ലൈബ്രറി സെക്രട്ടറി റെമിതാ സുധീന്ദ്രന്‍, അസീബ് അബ്ദു എന്നിവര്‍ സംസാരിച്ചു.

അണ്ടര്‍ 14 സുബ്രതോ കപ്പ് : ഇരിങ്ങാലക്കുട സബ് ജില്ലയില്‍ എച്ച് ഡി പി സമാജം സ്‌കൂള്‍ ജേതാക്കളായി

എടതിരിഞ്ഞി : ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ഇരിങ്ങാലക്കുട സബ് ജില്ല സുബ്രതോ കപ്പ് അണ്ടര്‍ 14 -ബോയ്സിന്റെ ഫുട്ബാള്‍ മത്സരത്തില്‍ എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നേടി. കൂടാതെ അണ്ടര്‍ 17 വിഭാഗത്തിലും റണ്ണര്‍ അപ് ആണ് ഈ ടീം. വിജയികളെ അധ്യാപകരും മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.

കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 10 ന്

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 10 തിങ്കളാഴ്ച വിശേഷാല്‍ ചടങ്ങുകളോടെ ആഘോഷിക്കും എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. ഇതിനോട് അനുബന്ധിച്ചു ഗണപതിഹോമം , അപ്പം , നിവേദ്യം, എന്നി വഴിപാടുകള്‍ ഭക്തജനങ്ങള്‍ക്ക് രസീത് ആക്കാവുന്നതാണ്.

ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സ്കൂള്‍തല ശാസ്ത്ര ക്വിസ് മത്സരം

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 13 വ്യാഴാഴ്ച സ്കൂള്‍ തല ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം ബഹിരാകാശരംഗത്ത് ഇന്ത്യയുടെ സംഭാവന’ എന്നതാണ് വിഷയം . പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാലയങ്ങള്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 9544690064 ,9895966593 , മുഖ്യമന്ത്രിയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവും ,വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനുമായിരുന്ന എം ചന്ദ്രദത്തന്‍ ജൂലൈ 15 ന് നടക്കുന്ന സ്കൂള്‍ മെറിറ്റ് ഡേയില്‍ സമ്മാനദാനം നിര്‍വഹിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്യും . ഒന്നാം സമ്മാനം – 5000 രൂപയും രണ്ടാം സമ്മാനം – 3000 രൂപയുമാണ്.

Top
Menu Title