News

Archive for: September 21st, 2017

കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരന് വെട്ടേറ്റു – സമീപവാസി പോലീസ് കസ്റ്റഡിയില്‍

അവിട്ടത്തൂര്‍ : കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരന് വെട്ടേറ്റു. സമീപവാസി പോലീസ് കസ്റ്റഡിയില്‍. അവിട്ടത്തൂര്‍ അഗസ്തപുരം കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരനായ അവിട്ടത്തൂര്‍ മനക്കലപടി സ്വദേശി അഗസ്തപുരത്ത് വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ പ്രമോദ് (48) നാണ് വെട്ടേറ്റത്. സമീപവാസിയായ വൈപ്പിന്‍ വീട്ടില്‍ സുബ്രഹ്മമണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 7.30 നാണ് സംഭവം നടന്നത്. ക്ഷേത്രത്തില്‍ കാണിക്ക ഇട്ടതിനു ശേഷം ഭസ്മം ചോദിച്ചത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. ഉടന്‍ വെട്ടുകത്തി എടുത്ത് പ്രമോദിനെ വെട്ടുകയായിരുന്നു. കൈക്കും കഴുത്തിനും കാലിനും വെട്ടേറ്റ പ്രമോദിനെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക രോഗത്തിന് സുബ്രഹ്മണ്യന്‍ മരുന്ന് കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട എസ്‌ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

എസ് എന്‍ ബി എസ് സമാജം ഭരണസമിതി തിരഞ്ഞെടുപ്പ് : ഔദ്യോഗിക പാനല്‍ വിജയിച്ചു

ഇരിങ്ങാലക്കുട : എസ് എന്‍ ബി എസ് സമാജം ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ പ്രവികുമാര്‍ ചെറാകുളം, എം കെ വിശ്വംഭരന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഔദ്യോഗിക പാനല്‍ വിജയിച്ചു. എസ് എന്‍ ബി എസ് സമാജം 89- ാം വാര്‍ഷിക പൊതുയോഗവും 2017 -2019 വര്‍ഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പുമാണ് ഞായറാഴ്ച നടന്നത്. വിജയന്‍ ഇളയേടത്, സോണിയ ഗിരി എന്നിവര്‍ നേതൃത്വം നല്‍കിയ പാനല്‍ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങി .

എസ്.എന്‍.ബി.എസ് സമാജം തിരഞ്ഞെടുപ്പ് ഫലം : ( ജനറല്‍ വിഭാഗം)

രാമാനന്ദന്‍ ചെറാകുളം – 746, പ്രദീപ് എളന്തോളി – 720, ജോതി ലാല്‍ എളന്തോളി- 712, പ്രകാശന്‍ കുരുംബം കണ്ടത്ത്- 699, വിശ്വംഭരന്‍ മുക്കുളം-690, പ്രദിപ്കുമാര്‍ ചോളി പറമ്പില്‍ – 686, സജിവ് എലിഞ്ഞിക്കോടന്‍ – 681, സത്യന്‍ തറയില്‍ – 681, സിബിന്‍ കൂനാക്കം പിളളി – 679 , വിജു കൊറ്റിക്കല്‍ -660, സോമസുന്ദരന്‍ കൊളുത്തു പറമ്പില്‍- 658, ബാലന്‍ അമ്പാടത്ത് – 499, മുരളി അനന്തത്തു പറമ്പില്‍ – 499, സോണിയാ ഗിരി – 497, അജയന്‍ തേറാട്ടില്‍- 491, രാജന്‍ മണകുന്നത്ത്- 487, മഠത്തിക്കര മോഹനന്‍ – 468, മോഹന്‍ലാല്‍ കണ്ണാംകുളം – 465, വിശ്വനാഥന്‍ പടിഞ്ഞാറൂട്ട് – 457, ബാലന്‍ പെരിങ്ങത്തറ- 442, അഡ്വ.ലിജിമനോജ് – 440,
(ജനറല്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ 11 പേര്‍ വിജയികളായി)

പ്രാദേശികം (പുല്ലൂര്‍ വിഭാഗം) കുമാരന്‍ പൊതുമ്പ് ചിറക്കല്‍ – 645, സുരേഷ് ബാബു കല്ലിങ്ങപ്പുറം – 498 (കോമ്പാറ വിഭാഗം) ഗോപി മണമാടത്തില്‍-685, വിശ്വനാഥന്‍ കരവട്ട്-452 (ടൗണ്‍ വിഭാഗം) പ്രവികുമാര്‍ ചെറാക്കുളം-731, വിജയന്‍ എളയേടത്ത്-426 (തുറവന്‍കാട് വിഭാഗം) സുരേഷ് തുമ്പരത്തി-699, ബിജുമുണ്ടോലി-430

നിരവധി ജീവനുകളെടുത്ത പുല്ലൂര്‍ അപകടവളവ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പുല്ലൂര്‍ : സംസ്ഥാനപാത 61ലെ പുല്ലൂര്‍ മിഷന്‍ ആശുപത്രിക്കും മന്ത്രിപുരത്തിനും മധ്യേയുള്ള അപകടവളവ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പി.ഡബ്ല്യു.ഡി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ ജെ സി ബി ഉപയോഗിച്ച് റോഡിന്‍റെ ഇടതുവശം വൃത്തിയാക്കുന്നുണ്ട് . കഴിഞ്ഞ 5 വര്‍ഷത്തോളമായി പുല്ലൂര്‍ അപകടവളവ് നീക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് . എന്നാല്‍, റോഡ് വികസനത്തിനുവേണ്ടി പി.ഡബ്ല്യു.ഡി. മാര്‍ക്ക് ചെയ്തിരുന്ന സ്ഥലങ്ങളില്‍ പലയിടങ്ങളിലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുണ്ടെന്നും ഒഴുപ്പിച്ചെടുത്ത സ്ഥലങ്ങളില്‍ പലതും കയ്യേറിത്തുടങ്ങിയതായും ഇപ്പോള്‍ ആരോപണമുണ്ട് . 2012ലാണ് പി.ഡബ്ല്യു.ഡി. വളവൊഴിവാക്കിക്കൊണ്ടുള്ള റോഡിനായി സ്ഥലം അടയാളപ്പെടുത്തിയത്. തുടര്‍ന്ന് പലയിടങ്ങളിലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവാദമായ വില്ലയുടെ മതിലടക്കമുള്ള കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടലുകള്‍ മൂലം പൊളിക്കല്‍ അനിശ്ചിതമായി നീണ്ടുപോയിരുന്നു. പിന്നീട് അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ പി.ഡബ്ല്യു.ഡി. നടപടിയെടുത്തപ്പോഴെല്ലാം പൊളിച്ചുനീക്കാതിരുന്ന വിവാദ മതിലും പൊളിച്ചു. എന്നാല്‍ മതിലിനോട് ചേര്‍ന്ന ഗോപുരവും കയ്യേറ്റഭൂമിയിലാണെന്നു ആക്ഷേപമുണ്ട്. അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ അപകടവളവ് ഇല്ലാതാക്കിക്കൊണ്ടുള്ള റോഡ് നിര്‍മ്മാണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദ്ദമുണ്ടായപ്പോളാണ് ഇപ്പോള്‍ മന്ത്രിപുരത്തിനും പുല്ലൂര്‍ മിഷന്‍ ആശുപത്രിക്കും മധ്യേ പോട്ട – മൂന്നുപീടിക റോഡിലെ അപകടകരമായ വളവ് ഇല്ലാതാക്കി വീതികൂട്ടുന്ന പ്രവൃത്തിക്ക് 195 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷനില്‍ നിന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണത്തിനൊരുങ്ങുന്നത്. നൂറിലധികം അപകടങ്ങളും ഇരുപതിലധികം വിലപ്പെട്ട ജീവനുകളും ഇവിടെ പൊലിഞ്ഞിട്ടുണ്ട്.

ആരോഗ്യ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു

പട്ടേപ്പാടം : വേള്ളൂക്കര ഗ്രാമപഞ്ചായത്തിന്റെയും അവിട്ടത്തൂര്‍ ആയുര്‍വേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പട്ടേപ്പാടം താഷ്കെന്റ് ലൈബ്രറി, നിരഞ്ജന വായനശാല, കണ്ടം കുളത്തി പത്രോസ് ആയുര്‍വേദ വൈദ്യശാല, വേളയനാട് ഇ .ടി.എം വൈദ്യ ശാല, ഔഷദി എന്നിവയുടെ സഹകരണത്തോടെ മഴക്കാലരോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍, ആരോഗ്യ ക്യാമ്പ്‌, മരുന്നു വിതരണം എന്നിവ നടന്നു. പട്ടേപ്പാടം റൂറല്‍ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. ആമിന അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി വി . തിലകന്‍, ബ്ലോക്ക്‌ മെമ്പര്‍ ഗീത മനോജ്‌, വാര്‍ഡ്‌ മെമ്പര്‍ ടി .എസ് സുരേഷ്, കെ.കെ .ചന്ദ്രശേഖരന്‍, റെമിതാ സുധീന്ദ്രന്‍, പുഷ്പന്‍ മാടതിങ്കല്‍ , എന്നിവര്‍ സംസാരിച്ചു. ഡോ. ടി വി സ്മിതാ, ഡോ . കെ .ജി സുബിത എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു.

Top
Menu Title