News

Archive for: September 21st, 2017

ജനപ്രതിനിധികളായ അമ്മ ഭാരവാഹികള്‍ ജനങ്ങളോട് മാപ്പ് പറയണം – അമ്മ പിരിച്ച് വിടണം- എഐവൈഎഫ്

നടിയെ അക്രമിച്ച കേസ്സില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ അമ്മയുടെ ഭാരവാഹികള്‍ നടത്തിയ കളളക്കളികള്‍ പുറത്താക്കിയിരിക്കുകയാണെന്ന് എഐവൈഎഫ് . ജനപ്രതിനിധികളായ ഇന്നസെന്‍റും, മുകേഷും, കെബി ഗണേഷ് കുമാറും ഈ വിഷയയത്തില്‍ എടുത്ത സമീപനം ക്രിമിനലുകളെ സംരക്ഷിക്കുന്നതും സ്ത്രീ വിരുദ്ധവുമായിരുന്നു. ഗൂഡാലോചന നടത്തിയവരെ സംരക്ഷിക്കാനുളള ശ്രമം സിനിമ ലോകത്ത് തന്നെ നടന്നതിന്‍റെ തെളിവായിരുന്നു അമ്മഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ നടത്തിയ പ്രതികരണങ്ങള്‍. ഉത്തരവാദിത്ത്വപ്പെട്ട ജനപ്രതിനിധികള്‍ ഇത്തരം ക്രിമിനലുകള്‍ക്ക് കൂട്ടുനിന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണ്, ഇവര്‍ പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം. ക്രിമിനല്‍ സംഘങ്ങളെ സംരക്ഷിക്കുന്ന അമ്മ എന്ന സംഘടന പിരിച്ചുവിടണം എന്നും എഐവൈഎഫ് പ്രതികരിച്ചു. സംഭവം നടന്ന സമയം മുതല്‍ ഈ പ്രശ്നത്തിലെ  ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ കേരള പോലീസ് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്‌.

ക്ഷേത്രങ്ങളില്‍ നിന്നും മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട : പത്തോളം ക്ഷേത്രങ്ങളില്‍ നിന്ന് വിളക്കുകളും മറ്റും മോഷ്ടിച്ച രണ്ടുപേരെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് പിടികൂടി. തമിഴ്‌നാട് നെയവേലി ടൗണ്‍ഷിപ്പിന് സമീപമുള്ള ആനന്ദ് രാജ് (37), ഇയാളുടെ ഭാര്യ വിജയലക്ഷ്മി (33) എന്നിവരെയാണ് പോലിസ് പിടിയിലായത്. എസ്.ഐ സുശാന്ത്, എ.എസ്.ഐ സാജന്‍, ഷാഡോ പോലിസ് അംഗങ്ങളായ സീനിയര്‍ സി.പി.ഒമാരായ എം.ജെ ഷാജു, കെ.എം മുഹമ്മദ് അഷറഫ്, എം.കെ ഹോപി, ഭരതനുണ്ണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഈ മാസം രണ്ടിന് വെളുപ്പിന് മാപ്രാണം വാരിക്കാട്ടുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ അറുപതില്‍ പരം ചുറ്റുവിളക്കുകളാണ് മൂന്ന് പേര്‍ കൂടി മോഷ്ടിച്ചുകൊണ്ടുപോയത്. ഈ കേസിലെ പ്രതികളെ കുറിച്ച് ക്ഷേത്രത്തിലെ സി.സി ടി.വി ക്യാമറയിലെ ചിത്രങ്ങളില്‍ നിന്നും സൂചന ലഭിച്ചിരുന്നു. വ്യക്തമല്ലാത്ത ചിത്രത്തില്‍ മൂന്ന് പേരില്‍ ഒരാള്‍ സ്ത്രീയാണെന്ന് പോലിസ് മനസിലാക്കി. എന്നാല്‍ ക്യാമറയിലെ ചിത്രത്തിലെ ഫോട്ടോയിലുള്ള ആളുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതിരുന്നതിനാല്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മതിലകം, കാട്ടൂര്‍, ഇരിങ്ങാലക്കുട, ചേര്‍പ്പ് എന്നി പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ ഷാഡോ പോലിസ് അന്വേഷണം ഊര്‍ജ്ജിതമായി. ഇതിന്റെ അടിസ്ഥാനത്തില്‍ മാപ്രാണത്തുള്ള ഒരു ഹോട്ടലില്‍ അന്നേദിവസം പുലര്‍ച്ചെ ഇവര്‍ ചായകുടിക്കാന്‍ വന്നിരുന്നെന്ന് വ്യക്തമായി. വെളുപ്പിന് ഫാസ്റ്റ് ബസ്സ് ഇവിടെ നിന്ന് എപ്പോഴാണെന്നും അവര്‍ കടക്കാരനോട് ചോദിച്ചരുന്നു. ഇതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയും പരിസരവും നീരീക്ഷിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേര്‍ മാപ്രാണം ഭാഗത്ത് തെരുവില്‍ താമസിക്കുന്ന ദമ്പതികളാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും മാപ്രാണത്ത് എത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്നാണ് ഇരുവരേയും പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും ആക്രി സാധനങ്ങള്‍ ശേഖരിക്കാനെന്ന വ്യാജേനെ കേരളത്തില്‍ വന്ന് മോഷണം നടത്തുന്നതിനായിട്ടാണ് ആനന്ദ് രാജും വിജയലക്ഷ്മിയും ബന്ധു ഇളവരശനും തൃശ്ശൂരിലെത്തിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ക്ഷേത്രത്തില്‍ നിന്നും എടുത്ത നിലവിളക്കുകളില്‍ കുറച്ചെണ്ണം ഇവര്‍ക്ക് നല്‍കിയതിന് ശേഷം ബാക്കിയുള്ളതുമായി ഇളവരശന്‍ കടന്നുകളഞ്ഞെന്നാണ് ഇരുവരും പറയുന്നത്. കൂടുതല്‍ കളവുകള്‍ തെളിയുന്നതിനായി പ്രതികളിലൊരാളായ ഇളവരശനെ കൂടി കണ്ടെത്തിയാലെ പൂര്‍ത്തിയാകുകയൊള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ് നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ചായക്കടയുടെ മറവില്‍ ലഹരി വില്‍പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു

മാപ്രാണം : കുഴിക്കാട്ടുകോണത്ത് ചായക്കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വിറ്റിരുന്ന മണികണ്ഠന്‍ (35) എന്നയാളെ ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് കെ എസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്. മൂന്ന് രൂപക്ക് ലഭിക്കുന്ന പായ്ക്കറ്റുകള്‍ 50 രൂപക്കാണ് വിറ്റിരുന്നത് ഒന്നിലധികം പായ്ക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് വിലയില്‍ ഇളവു നല്‍കിയിരുന്നു. ദൂരദിക്കുകളില്‍ നിന്നുമുള്ള സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും ഡ്രൈവര്‍മാരും ഇവിടുത്തെ സ്ഥിരം ഉപഭോക്താക്കളാണ്. “മരുന്ന് ” എന്ന കോഡുഭാഷയില്‍ ആവശ്യപ്പെടുന്നവര്‍ക്കു മാത്രമാണ് സാധനം നല്‍കിയിരുന്നത്. ചാവക്കാട്ടുനിന്നുമാണ് ഹോള്‍സെയിലായി ഹാന്‍സ് എത്തിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു അന്വേഷണ സംഘത്തില്‍ എ എസ് ഐ സുനില്‍ കുമാര്‍ കണ്ണങ്കാട്ടില്‍ സി പി ഓമാരായ രാകേഷ് പറപ്പറമ്പില്‍, രാഗേഷ് പൊറ്റേക്കാട്ട് എന്നിവര്‍ ഉണ്ടായിരുന്നു.

നാമകരണം ചെയ്ത് വിശുദ്ധനാക്കേണ്ട വ്യക്തിയാണ് മാര്‍ ജെയിംസ് പഴയാറ്റില്‍ : മാര്‍ ജോര്‍ജ് ആലഞ്ചേരി

ഇരിങ്ങാലക്കുട : ജീവിതവിശുദ്ധികൊണ്ടും കര്‍മപുണ്യങ്ങള്‍ക്കൊണ്ടും ഏവര്‍ക്കും മാതൃകയായ മാര്‍ ജെയിംസ് പഴയാറ്റിലിനെ നാമകരണനടപടികള്‍ നടത്തി വിശുദ്ധനാക്കേണ്ട വ്യക്തിയാണെന്ന് സീറോ മലബാര്‍ സഭാമേലധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണകര്‍മങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ലാളിത്യം പുലര്‍ത്തിയിരുന്ന, ഹൃദ്യമായ വ്യക്തിത്വം സൂക്ഷിച്ചിരുന്ന, ഹൃദയശാന്തതയും എളിമയുമുള്ള, ഒരിക്കല്‍പോലും വൈര്യം മനസില്‍ സൂക്ഷിക്കാത്ത പഴയാറ്റില്‍ പിതാവ്  ഒരു പുണ്യാത്മാവായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്യുന്ന  നല്ല അജപാലകന്റെ വ്യക്തിത്വ സവിശേഷതകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ പഴയാറ്റില്‍ മെത്രാന്‍ വിശുദ്ധരുടെ പാരമ്പര്യമുള്ള സീറോ മലബാര്‍ സഭയ്ക്ക് അഭിമാനമാണെന്ന് സന്ദേശത്തില്‍ സഭാമേലധ്യക്ഷന്‍ പറഞ്ഞു. പിതാവ് സമ്മാനിച്ചതെല്ലാം വിശുദ്ധ വസ്തുക്കളായിരുന്നു, തിരുശേഷിപ്പുകളും വിശുദ്ധരുടെ രൂപങ്ങളുമടങ്ങിയ ചെറിയ ചെറിയ സമ്മാനങ്ങള്‍ ഏവര്‍ക്കും വിശുദ്ധരാകാനുള്ള പ്രചോദനമായിരുന്നുവെന്നും സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി സി.എം.ഐ. അനുസ്മരിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ പുണ്യാത്മാക്കളായ വിശുദ്ധ എവുപ്രാസ്യ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ, ദൈവദാസന്മാരായ ഫാ. ജോസഫ് വിതയത്തില്‍, ഫാ. ആന്റണി തച്ചുപറമ്പില്‍, ഫാ. കനീസിയൂസ് സി.എം.ഐ. എന്നിവര്‍ക്കൊപ്പം പഴയാറ്റില്‍ പിതാവും ഉടന്‍ ചേര്‍ക്കപ്പെടട്ടെയെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രാര്‍ത്ഥിച്ചു.  രാവിലെ 10ന് സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ആരംഭിച്ച അനുസ്മരണ ദിവ്യബലിയിലും തിരുകര്‍മ്മങ്ങളിലും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. read more …

ആചാര്യ വനം പദ്ധതി ആരംഭിച്ചു

കല്ലേറ്റുംകര : മാനാട്ടുകുന്ന് മാധവാചാര്യ പുരുഷ സ്വയം സഹായ സംഘം നടപ്പിലാക്കുന്ന ആചാര്യ വനം പദ്ധതി മാനാട്ടുകുന്നില്‍ പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന സംഗമ ഗ്രാമ മാധവന്റെ ഇളം തലമുറക്കാരായ ഇരിഞ്ഞാടപ്പിള്ളി മനയിലെ ഇപ്പോഴത്തെ തലമുറയിലെ കാരണവന്മാരില്‍ ഒരാളായ ബ്രഹ്മശ്രീ. പുരുഷോത്തമന്‍ നമ്പൂതിരി വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  എ.ബി. ചക്രപാണി ശാന്തി പ്രാര്‍ത്ഥനാ മന്ത്രം ചൊല്ലി വൃക്ഷതൈ കൈമാറുകയും ചെയ്തു. മാധവാചാര്യ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് പി.സി.സുഭാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ സ്വാഗതം ആശംസിക്കുകയും ട്രഷറര്‍ സുധന്‍ പി.സി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കസ്തുര്‍ ബോട്ടിക്ക് : വനിതാ സ്വയം തൊഴില്‍ സംരംഭത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : കസ്തുര്‍ബ വനിതാ ഷോപ്പിംഗ് കോംപ്ലെക്സില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് ജനശ്രീ മിഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ മന്ദിരത്തിനോട് ചേര്‍ന്ന് ‘കസ്തുര്‍ ബോട്ടിക്ക്’ വനിതാ സ്വയം തൊഴില്‍ സംരംഭം ആരംഭിച്ചിരിക്കുന്നു .സംരംഭം ബ്ലോക്ക് ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡിന്റെ അദ്ധ്യക്ഷതയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന ഗിന്നസ് ജേതാവ് ജിത ബിനോയ് നിര്‍വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സിന്ധു അജയന്‍ , ദേവസ്സികുട്ടി പടിയൂര്‍ എന്നിവര്‍ സംസാരിച്ചു. സംരംഭക സിനി നന്ദി പറഞ്ഞു.

ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനം ഐ എ എസ് നേടിത്തരും – ആന്‍മേരി ജോര്‍ജ് ഐ എ എസ്

ഇരിങ്ങാലക്കുട : ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനം ഐ എ എസ്  നേടുവാന്‍  നമ്മളെ  പ്രാപ്തര്‍ ആക്കുമെന്ന് 2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും ഉയര്‍ന്ന റാങ്കോടെ ഐ എ എസ് കരസ്ഥമാക്കിയ എറണാകുളം മരട്‌ സ്വദേശി ആന്‍മേരി ജോര്‍ജ് ഐ എ എസ് അഭിപ്രായപ്പെട്ടു. സിവില്‍ സര്‍വീസ് പരീക്ഷയുടെ മൂന്നു ഘട്ടങ്ങളായ പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് എങ്ങിനെ തയ്യാറെടുക്കണമെന്നു ആന്‍മേരി ജോര്‍ജ് ഐ എ എസ് വിശദീകരിച്ചു. ആത്മവിശ്വാസവും സത്യസന്ധതയുമാണ് ഇന്റര്‍വ്യൂവില്‍ വിജയം കൈവരിക്കുവാനുള്ള മാര്‍ഗങ്ങള്‍ എന്നും അവര്‍ പറഞ്ഞു. ഇരിങ്ങാലക്കുട വിവേകാനന്ദ ഐ എ എസ് അക്കാദമി എല്ലാ മാസവും വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 39 -മത് എഡിഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ ആന്‍മേരിയുടെ പിതാവ് ജോര്‍ജ്, ഡിറക്ടര്‍ എം ആര്‍ മഹേഷ്, മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റോ പെരുമ്പിള്ളി, എ ടി വര്‍ഗീസ്സ് എന്നിവര്‍ സംസാരിച്ചു.

സഹകരണ ബാങ്കിന്റെ അവാര്‍ഡ് ദാനവും ആദരണീയവും നടന്നു

കല്ലേറ്റുംകര : സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 21-ാമത് വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ആദരണീയവും മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊതുരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പോള്‍ കോക്കാട്ട് , പി.എം. ഷാഹുല്‍ഹമീദ് എന്നിവരെ മന്ത്രി പൊന്നാട ചാര്‍ത്തി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ജില്ലാപഞ്ചായത്തംഗം കാതറിന്‍ പോള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസന്‍, അസി. രജിസ്ട്രാര്‍ എം.കെ. അനില്‍, പഞ്ചായത്തംഗം ടി.വി. ഷാജു, ഇ .മുരളീധരന്‍ എന്നിവര്‍ മികച്ച കര്‍ഷകര്‍ക്കും മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്കും, വിവിധ സ്ഥാപനങ്ങള്‍ക്കും സഹായധനവും, ഉപകരണങ്ങളും വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എ. അജയഘോഷ്, മുന്‍ പ്രസിഡന്റുമാരായ പി.ഡി. ജോസ് മാസ്റ്റര്‍, എന്‍.എന്‍. നീലകണ്ഠ്ന്‍ നമ്പൂതിരി, കെ.കെ. പോളി, ഡയറക്ടര്‍മാരായ .കെ.വി.അശോകന്‍, പി. മാലതിയമ്മ, ടി.എ. ജോസ് മാസ്റ്റര്‍ സെക്രട്ടറി ഇ പി. ഡെയ്‌സി എന്നിവര്‍ പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദിനവും പ്രതിഭാപുരസ്‌കാര സമര്‍പ്പണവും

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദിനവും പ്രതിഭാപുരസ്‌കാര സമര്‍പ്പണവും കാട്ടുങ്ങച്ചിറ പി.ടി.ആര്‍ മഹലില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സിനിമാതാരങ്ങളായ കലാഭവന്‍ നൗഷാദ്, രാജേഷ് തംബുരു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കാട്ടൂര്‍ , കാറളം, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി 90 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കിയ 265 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ ഉദയപ്രകാശ്, ടി.ജി ശങ്കരനാരായണന്‍, യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് സി.ഇ.ഒ ടി.എം. മന്‍സൂറലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍, വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, മറ്റു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.എസ്.സുബ്രഹ്മണ്യന്‍ നന്ദി രേഖപ്പെടുത്തി.

ഉണ്ണായിവാരിയര്‍ ദിനാചരണവും സ്ഥാപക ദിനാഘോഷവും പുരസ്‌കാര വിതരണവും 12ന്

ഇരിങ്ങാലക്കുട : കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കിഴിലുള്ള ഇരിങ്ങലക്കുടയിലെ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ സ്ഥാപക ദിനാഘോഷവും ഉണ്ണായിവാരിയര്‍ ദിനാചരണവും ജൂലായ് 12ന് ആഘോഷിക്കുമെന്നു കലാനിലയം പ്രസിഡന്റ് കെ രാജഗോപാല്‍, സെക്രട്ടറി സതീഷ് വിമലന്‍, പ്രിന്‍സിപ്പല്‍ പി നാരായണന്‍ എമ്പ്രാന്തിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തദവസരത്തില്‍ കലാനിലയത്തിന്റെ പരമോന്നത ബഹുമതിയായ ‘ഉണ്ണായിവാരിയര്‍ സമ്മാനം’ കഥകളി ചെണ്ടയില്‍ പ്രമുഖ സ്ഥാനമുള്ള ആയാംകുടി കുട്ടപ്പന്‍മാരാര്‍ക്കും, കഥകളി മദ്ദളത്തില്‍ ശ്രദ്ധേയനായ കലാമണ്ഡലം നാരായണന്‍ നായര്‍ക്കും യഥാക്രമം 2014 , 2015 വര്‍ഷത്തെ പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. സ്ഥാപക ദിനാഘോഷം മുന്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ എം സി ദിലീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എന്‍ഡോവ്മെന്റ് വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവും, ബിരുദദാനവും മുന്‍ കലാനിലയം അധ്യാപകരായ കലാനിലയം ഗോപി, കലാമണ്ഡലം രാജേന്ദ്രന്‍ എന്നിവരെ ആദരിക്കലും എം പി ജാക്സണ്‍ നിര്‍വഹിക്കും. തുടര്‍ന്ന് രമ്യ, രതീഷ എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും, കലാനിലയം കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കഥകളിയും ഉണ്ടായിരിക്കും.

ദേശാഭിമാനി അറിവരങ്ങ് സംഘടിപ്പിച്ചു

ആളൂര്‍ : ദേശാഭിമാനി – അറിവരങ്ങ് ആളൂര്‍ പഞ്ചായത്ത് നോര്‍ത്ത് മേഖല , 23- ാം വാര്‍ഡിന്റെ ക്വിസ് മത്സരങ്ങള്‍ വല്ലക്കുന്നില്‍ നടന്നു. വിവിധ പ്രായക്കാര്‍  ക്വിസ് മത്സരത്തില്‍ പങ്കെടുത്തു. കെ.ആര്‍.ജോജോ,പി.കെ.രവി, കെ.എല്‍.ആന്‍റോ , പി.എ.സുകുമാരന്‍ ,ഉമേഷ്‌ .കെ.യു. എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. വിജയികള്‍ ജൂലൈ 23 ന് നടക്കുന്ന പഞ്ചായത്ത് മത്സരങ്ങളില്‍ പങ്കെടുക്കും.

പി കെ കുമാരന്‍ കാലഘട്ടം സൃഷ്ടിച്ച ഉത്തമ കമ്മ്യൂണിസ്റ് – കെ ശ്രീകുമാര്‍

ഇരിങ്ങാലക്കുട : സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായ കമ്യൂണിസ്റ് പാര്‍ട്ടിയെ മുകുന്ദപുരം താലൂക്കില്‍ കെട്ടിപ്പടുക്കുന്നതില്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം കാഴ്ചവച്ച പി കെ കുമാരന്‍ കാലഘട്ടം സൃഷ്ടിച്ച ഉത്തമ കമ്യൂണിസ്റായിരുന്നു എന്ന് സി പി ഐ ജില്ലാ ട്രഷറര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. കമ്യൂണിസ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവും സാമൂഹ്യപരിഷ്കര്‍ത്താവും കൂടിയായ പി കെ കുമാരന്റെ 14 – ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കെ ശ്രീകുമാര്‍, സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എം ബി ലത്തീഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ടി കെ സുധീഷ്, അനുസ്മരണ പ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ , മണ്ഡലം സെക്രട്ടറി പി മണി ,എന്‍ കെ ഉദയപ്രകാശ്, കെ വി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കക്കൂസ് മാലിന്യം തളളുന്നതിനിടക്കു വണ്ടി കേടായതിനെ തുടര്‍ന്ന് ഉപേക്ഷിച്ച നിലയില്‍

ചേലൂര്‍ : പൂച്ചക്കുളത്തിനു സമീപം ഇരിങ്ങാലക്കുട മൂന്നുപീടിക സംസ്ഥാനപാതക്കരികില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തളളുന്നതനിടയില്‍ വണ്ടി ജാമായി ഇതിനെ തുടര്‍ന്ന്  ഇവര്‍ ലോറി ഉപേക്ഷിച്ചു രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് കരുതുന്നു. ഈ മേഖലയില്‍ റോഡിരികില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.

ശ്രീനാരായണ പൂജ സ്റ്റോഴ്സ് ഉടമ ജയരാജ് അന്തരിച്ചു

ഇരിങ്ങാലക്കുട : കുട്ടന്‍കുളത്തിന് സമീപത്തെ ശ്രീനാരായണ പൂജ സ്റ്റോഴ്സ് ഉടമ മാരാത്ത് ഗോപാലന്‍ മകന്‍ ജയരാജ് 54 വയസ്സ് അന്തരിച്ചു . സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് പട്ടമാളി റോഡിലെ വീട്ടുവളപ്പില്‍. പനിയെതുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം. അമ്മ :ദേവകി , ഭാര്യ: നന്ദിനി , മക്കള്‍: വിപിന്‍ (ദുബായ്) വിമല്‍.

Top
Menu Title