News

Archive for: September 21st, 2017

നടിയെ ആക്രമിച്ച കേസില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ പരിശ്രമിച്ച ലോകസഭാ അംഗം ഇന്നസെന്റ് തല്‍സ്ഥാനം രാജിവക്കണം – കെ സുരേന്ദ്രന്‍

ഇരിങ്ങാലക്കുട : നടിയെ തട്ടികൊണ്ടുപോയ കേസില്‍ ആദ്യം മുതല്‍ തന്നെ ദിലീപ് പ്രതി സ്ഥാനത്തു ആണെന്ന് അറിയുന്നവരാണ് അമ്മയുടെ ഭാരവാഹികളില്‍ ഭൂരിഭാഗവും, അത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇന്നസെന്റും സംഘവും ദിലീപിനെ സംരക്ഷിക്കാനുള്ള പരിശ്രമം നടത്തിയത് എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അമ്മ എന്ന സംഘടനയുടെ സ്വാധീനം ദിലീപിനെ സംരക്ഷിക്കാന്‍ വേണ്ടി ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണം ഇന്നസെന്റിനെതിരെ നിലനില്‍ക്കുന്നതിനാല്‍ ഇന്നസെന്റ് ഉടന്‍ ലോകസഭാ അംഗസ്ഥാനം രാജി വെക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. മാത്രമല്ല സ്ത്രീകളെ അപമാനിക്കുന്ന തരത്തിലും അദ്ദേഹം പ്രസംഗിക്കുകയുണ്ടായി . അതിനാല്‍ ലോകസഭാ അംഗമായി തുടരാനുള്ള ധാര്‍മിക അവകാശം അദ്ദേഹത്തിന് നഷ്ടപെട്ടിരിക്കുന്നു എന്നും ഇന്നസെന്റിന്റെ നടപടികള്‍ അധാര്‍മികവും ജനാധ്യപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്നും അതിനാല്‍ ലോകസഭാ അംഗമായി തുടരാന്‍ അര്‍ഹതയില്ല എന്നും കെ സുരേന്ദ്രന്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നസെന്റിന്റെ രാജി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് മാര്‍ച്ച്

ഇരിങ്ങാലക്കുട : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ച ഇന്നസെന്റ് എം പി സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു . ദിലീപ്, ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവരുടെ കോലം ഏന്തിയ മാര്‍ച്ചില്‍ ഇവര്‍ക്കെതിരെ രൂക്ഷമായ മുദ്രവാക്യങ്ങളാണ് ഉയര്‍ന്നത്. രാജിവ് ഗാന്ധി മന്ദിരത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഇന്നസെന്റിന്റെ വീടിന് സമീപം പോലീസ് തടഞ്ഞു. ബ്ലോക്ക് പ്രസിഡന്റുമാരായ ടി.വി ചാര്‍ളി, ഡിസിസി ജന. സെക്രട്ടറി ആന്റോ പെരുമ്പിള്ളി, നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു, നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, ധീരജ് തേറാട്ടില്‍, വി സി വര്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

ബുധനാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പര്‍ വണ്‍ സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന മതിലകംകടവ് ഭാഗത്ത് വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പീസ് പബ്ലിക് സ്കൂള്‍, മുന്നനാട് പള്ളി, ആംഗ്ലോ ഇന്ത്യൻ സ്കൂള്‍ എന്നിവിടങ്ങളില്‍ ജൂലായ് 12 ബുധനാഴ്ച രാവിലെ 8:30 മണി മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു

ചേലൂരില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി രക്ഷപ്പെട്ടവരെ അറസ്റ് ചെയ്തു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം രാത്രി ചേലൂരില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളുന്നതിനിടയില്‍ വണ്ടി കേടായതിനെ തുടര്‍ന്ന് ലോറി ഉപേക്ഷിച്ചു രക്ഷപ്പെട്ട 3 പേരെ പോലീസ് അറസറ്റ് ചെയ്തു. ചേര്‍ത്തല സ്വദേശി വാരനാട് കരിയില്‍ വീട്ടില്‍ അജിത് നായര്‍, മലപ്പുറം താഴേക്കാട് സ്വദേശി ആലടി പീട് വീട്ടില്‍ മുഹമ്മദ് സാദിഖ് , കൊടുങ്ങലൂര്‍ കോതപറമ്പ് സ്വദേശി രാജീവ് പരിത്തേഴത്ത് എന്നിവരെയാണ് ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് കെ എസിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സ്നേഹധാര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

കോണത്തുകുന്ന്: സ്നേഹധാര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികാഘോഷം വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് രാജേഷ് ബാലന്‍ അധ്യക്ഷനായി. സ്നേഹധാരയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമായ ‘സസ്യ പ്രൊജക്ട്’ മണി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കെ.പി.ദേവദാസ്, സി.ബി. ഷക്കീല, ഡോ.മിഥുന്‍ മോഹന്‍, പി.ഐ.ബാലന്‍, അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ബോബി ടീച്ചര്‍, ഗൗരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സംഗീത മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഉന്നത പഠന നിലവാരമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു.

കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് നാലമ്പലദര്‍ശനത്തിന്റെ ഭാഗമായി നഗരസഭയുടെ ശുചികരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : കര്‍ക്കിടമാസത്തിനു മുന്നോടിയായി ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി കൂടല്‍മാണിക്യ ക്ഷേത്രപരിസരവും ചുറ്റുപാടുകളും നഗരസഭയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. റോഡിരികില്‍ നിന്നിരുന്ന പുല്ലുകളും മാലിന്യങ്ങളും നഗരസഭ വൃത്തിയാക്കി. നാലമ്പല ദര്‍ശനത്തിന് എത്തുന്ന ഭക്ത ജനങ്ങള്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വവും നഗരസഭയും ഒരുക്കി കഴിഞ്ഞു. കൂടാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് ഏരിയയും നഗരസഭ വൃത്തിയാക്കി. നാലമ്പല തീര്‍ത്ഥാടനക്കാലത്ത് ഹോട്ടലുകളിലും താത്കാലിക ഭക്ഷണശാലകളിലും പരിശോധന കര്‍ശനമാക്കും എന്ന് ആരോഗ്യ വിഭാഗം പറഞ്ഞു.

തൃശൂര്‍ ലോകസഭ മണ്ഡലത്തിലെ വിജയം അസാധ്യമായ ഒന്നല്ല – കെ സുരേന്ദ്രന്‍

ഇരിങ്ങാലക്കുട : രണ്ടു വര്‍ഷത്തിനപ്പുറം വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ വിജയം ബി ജെ പി ക്ക് അസാധ്യമായ ഒന്നല്ല എന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ബി ജെ പി യുടെ ഇരിങ്ങാലക്കുട മണ്ഡലം നേതൃത്വയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ബി ജെ പിക്കും സംഘപരിവാറിനും അനുകൂലമാണെന്ന ഘടകത്തിനൊപ്പം നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ലോകസഭാമണ്ഡല വിജയമെന്ന ഒറ്റ ലക്ഷ്യത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി . ബി ജെ പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം , മധ്യമേഖലാ സെക്രട്ടറി എ ഉണ്ണികൃഷ്ണന്‍ , ജില്ലാ പ്രസിഡന്റ് എ നാഗേഷ് , ജില്ലാ വൈസ് പ്രസിഡന്റ് ഇ മുരളീധരന്‍ , നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വേണുമാഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

ദീലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി

അമ്മ അംഗവും ട്രഷറുമായ ദിലീപ് പോലീസിന്റെ അന്വേഷണത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാല്‍ ദിലീപിന്റെ ട്രഷറര്‍ സ്ഥാനവും അമ്മയുടെ പ്രാഥമിക അംഗത്വവും അടിയന്തരമായി റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ യോഗത്തിലാണ് തീരുമാനം. എന്നത്തേയും പോലെ അമ്മയുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിയോടൊപ്പമാണ് എന്നും , തുടര്‍ന്നുള്ള നിയമ നടപടികള്‍ക്ക് ഒപ്പവുമാണെന്നു ‘അമ്മ യോഗത്തില്‍ പ്രഖ്യാപിച്ചു. അമ്മയില്‍ അംഗത്വമുള്ള ചിലരാല്‍ ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിക്ക് വീണ്ടും വേദനയുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെയും നടത്തിയതില്‍ അമ്മയ്ക്കുള്ള പ്രതിഷേധവും അതെ തുടര്‍ന്നുണ്ടായ ഞങളുടെ സഹോദരിക്കുണ്ടായ വേദനയില്‍ ഖേദവും അമ്മ സംഘടന രേഖപ്പെടുത്തി. ഇനി മേലാല്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ അമ്മയുടെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും സംഘടന പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ആനന്ദപുരം ഗവ.യു.പി,സ്കൂളില്‍ ശുചീകരണയജ്ഞം നടത്തി

ആനന്ദപുരം : മഴക്കാലരോഗ നിര്‍മ്മാജന യജ്ഞത്തിന്‍റെ ഭാഗമായി ആനന്ദപുരം ഗവ.യു.പി.സ്കൂളില്‍ ശുചീകരണം നടത്തി.ആനന്ദപുരം റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കും മൂന്നാം വാര്‍ഡ് കുടുംബശ്രീ പ്രവര്‍ത്തകരും സ്കൂള്‍ പി.ടി.എ , എം.പി.ടി.എയും കൈകോര്‍ത്തുകൊണ്ട് നടന്ന പ്രവര്‍ത്തനം പതിനേഴാം വാര്‍ഡ്മെമ്പര്‍ എ.എം ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ബോബന്‍ മാസ്റ്റര്‍ സ്വാഗതവും റൂറല്‍ ബാങ്ക് പ്രസിഡണ്ട് ജോമിജോണ്‍ ,കുടുംബശ്രീ പ്രവര്‍ത്തക സുനിത രവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പി.ടി.എ വൈസ് പ്രസിഡണ്ട് സുനില്‍കുമാര്‍ നന്ദി രേഖപ്പെടുത്തി. സ്കൂള്‍ കൊമ്പൌണ്ടില്‍ വാഴ ,ഇഞ്ചി എന്നിവ നട്ടുകൊണ്ട് കൃഷി ആരംഭിയ്ക്കുകയും ചെയ്തു.

 

ജി എസ് ടി : വ്യാപാരികളുടെ കടയടപ്പ് സമരം ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം

ഇരിങ്ങാലക്കുട : ജി എസ് ടി യുടെ പേരിലുള്ള ആശയകുഴപ്പം പരിഹരിക്കുക ,കട പരിശോധനകള്‍ നിര്‍ത്തലാക്കുക , ലീഗല്‍ മെട്രോളജി വകുപ്പ് നീതി പാലിക്കുക , ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ചൊവാഴ്ച നടത്തുന്ന കടയടപ്പ് സമരം ഇരിങ്ങാലക്കുടയിലും പൂര്‍ണം . വ്യാപാരികള്‍ കടയടച്ച് നഗരത്തില്‍ പ്രകടനം നടത്തി . വ്യാപാരി സമരത്തിനോടൊപ്പം ദിനം പ്രതിയുള്ള ഇന്ധന വില മാറുന്ന സംവിധാനത്തിലെ പാകപ്പിഴകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു പെട്രോള്‍ പമ്പുകളും സമരത്തിലായത് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു.  പ്രകടനത്തിന് ടെന്നിസണ്‍ തെക്കേക്കര , ആന്റോ ടി വി , ജോസ് മൊയലന്‍, എബിന്‍ മാത്യു , ഷാജു പാറേക്കാടന്‍ , പി വി ബാലസുബ്രഹ്മണ്യന്‍ , തോമസ് അവറാന്‍, സീന്‍ ഷാനിദ്, വി കെ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Top
Menu Title