News

Archive for: September 21st, 2017

ബസ്സില്‍ മോഷണശ്രമത്തിനിടെ തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട : ബസ്സില്‍ വ്യദ്ധയായ യാത്രക്കാരിയുടെ ബാഗ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ തമിഴ്‌നാട് രാമേശ്വരം സ്വദേശിനികളായ മഹേശ്വരന്റെ ഭാര്യ മിനിയമ്മ (37), മാരിമുത്തുവിന്റെ ഭാര്യ അര്‍ച്ചന (28) എന്നിവരെ ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്ത്, ട്രാഫിക് എസ്.ഐ തോമസ് വടക്കന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍ നിന്നും തൃശ്ശൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ വെച്ചായിരുന്നു സംഭവം. പുത്തന്‍ചിറ സ്വദേശിനിയായ സലീന (73)ന്റെ 25,000 രൂപ മോഷ്ടിക്കപ്പെട്ടത്. ഇവരില്‍ സംശയം തോന്നിയ യാത്രക്കാരി ഇരിങ്ങാലക്കുട പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംഘം കോണത്തുകുന്നില്‍ എത്തി തമിഴ് സ്ത്രീകളെ പരിശോധിച്ചപ്പോള്‍ മോഷണം പോയ പണം സ്ത്രീകളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. പിടികൂടിയ ഈ സ്ത്രീകള്‍ക്ക് കോയമ്പത്തൂര്‍, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളില്‍ 22 ഓളം മോഷണകേസുകളും കേരളത്തിലെ വിവിധ ജില്ലകളില്‍ പത്തോളം മോഷണ കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇക്കാര്യം അവര്‍ പറഞ്ഞത്. പോലിസ് പിടികൂടിയാല്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു ഇവരുടെ രീതി. ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, അനീഷ് കുമാര്‍ പി.വി, സി.പി.ഒമാരായ എ.കെ രാഹുല്‍, എം.എസ് വൈശാഖ്, വനിത പോലിസുകാരിയായ നിഷി എന്നിവരും ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 5 റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം ജൂലൈ 14 ന്

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ 5 റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. മുരിയാട് – കാരൂര്‍ കൊപ്രക്കളം റോഡിനായി 186 .50 ലക്ഷം രൂപയും , കാട്ടൂര്‍ ഗവ. ഹോസ്പിറ്റല്‍ റോഡിനു 171 ലക്ഷം രൂപയും, ഈസ്റ്റ് പഞ്ഞപ്പിളി- പാറേക്കാട്ടുക്കര റോഡിനു 188 .70 ലക്ഷം രൂപയും , ഠാണാ- കൂടല്‍മാണിക്യം അമ്പലം റോഡിന്‍റെ ബ്യൂട്ടിഫിക്കേഷനു വേണ്ടി 100 ലക്ഷം രൂപയും , പുല്ലൂര്‍ അപകടവളവിന്റെ പുനരുദ്ധാരണത്തിന് വേണ്ടി 195 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ജൂലൈ 14 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ ചേരുന്ന ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ , ജില്ലാ പഞ്ചായത്ത് മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ , മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ , പി ഡബ്ലിയു ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില എത്രയും പെട്ടെന്ന് നല്‍കണം : കേരള കര്‍ഷകസ്വയം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി

ഇരിങ്ങാലക്കുട : കഴിഞ്ഞ മെയ് മാസത്തില്‍ പുഞ്ചകൃഷി ചെയ്ത കര്‍ഷകരില്‍ നിന്നും സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില എത്രയും പെട്ടെന്ന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കര്‍ഷകസ്വയം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പലിശരഹിത വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ഇപ്പോള്‍ വലിയ കടബാധ്യതയിലാണ്.നെല്ലിന്റ സംഭരണവില സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ടി.എസ്.സജീവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.ജി.ശങ്കരനാരായണന്‍, എം.ബി.രാജു, ഹരിദാസ് പട്ടത്ത്, പ്രൊഫ.കെ.കെ.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി : എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കാട്ടൂര്‍ : കോടികണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയ കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വിജിലന്‍സിന്റെ അന്വേഷണം ത്വരിതഗതിയിലാക്കിക്കൊണ്ട് കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുക, അഴിമതിയില്‍ മുങ്ങിയ ബാങ്ക് ഭരണസമിതി രാജിവെക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ ഐ വൈ എഫ് കാട്ടൂര്‍ ബസാറില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ.സുധീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി പി ഐ മണ്ഡലം അസി: സെക്രട്ടറി എന്‍.കെ.ഉദയപ്രകാശ്, ലോക്കല്‍ സെക്രട്ടറി എ.ജെ.ബേബി തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം കെ.എ.പ്രദീപ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തില്‍ എ ഐ വൈ എഫ് പഞ്ചായത്ത് സെക്രട്ടറി ടി.കെ.രമേഷ് സ്വാഗതവും ജോജോ തട്ടില്‍ നന്ദിയും രേഖപ്പെടുത്തി.

രാജീവ് ഗാന്ധി ശുദ്ധജല വിതരണ പദ്ധതിക്കു തുടക്കമായി

മാപ്രാണം : ഇരിങ്ങാലക്കുട നഗരസഭ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 12 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രാജീവ് ഗാന്ധി ശുദ്ധജല വിതരണ പദ്ധതി പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ അഡ്വ.വി.സി.വര്‍ഗ്ഗീസ്, എം.ആര്‍.ഷാജു, വത്സല ശശി, കൗണ്‍സിലര്‍മാരായ പി.വി.ശിവകുമാര്‍ ,കെ. ഡി. ഷാബു, അംബിക പള്ളിപ്പുറത്ത് ,രമേശ് വാരിയര്‍, റോബിന്‍, കെ.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി.പ്രജീഷ് സ്വാഗതവും, കെ.വി.അജിത്കുമാര്‍ നന്ദിയും പറഞ്ഞു. കുഴിക്കാട്ടുകോണം പ്രദേശത്തെ 8,9,10 വാര്‍ഡുകളിലെ 30 കുടുംബങ്ങള്‍ക്ക് നേരിട്ട് വീടുകളില്‍ വെള്ളമെത്തിക്കുന്ന ഈ പദ്ധതിയുടെ നിര്‍വ്വഹണം പൂര്‍ത്തിയാക്കിയത് സോഷ്യോ ഇക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷനാണ്.

Top
Menu Title