News

Archive for: September 21st, 2017

ശാന്തിനികേതനിലെ ശാസ്ത്ര ക്വിസ് ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം ബഹിരാകാശരംഗത്ത് ഇന്ത്യയുടെ സംഭാവന’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് ഏറെ മികവ് പുലര്‍ത്തി . വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ 11 ടീമുകളാണ് മത്സരവേദിയില്‍ മാറ്റുരച്ചത് .ഓരോ ടീം അംഗങ്ങളും മികച്ച നിലവാരം പുലര്‍ത്തി. ഒന്നാം സമ്മാനം ക്യാഷ് പ്രൈസ് 5000 രൂപ കരസ്ഥമാക്കി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളും , രണ്ടാം സമ്മാനം ക്യാഷ് പ്രൈസ് 3000 രൂപ കരസ്ഥമാക്കി എസ് എന്‍ വിദ്യാഭവന്‍ ചെന്ത്രാപ്പിനിയും ജേതാക്കളായി. വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലായ് 15 ന് നടക്കുന്ന മെറിറ്റ് ഡേയില്‍ മുഖ്യമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവും വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനുമായിരുന്ന എം ചന്ദ്രദത്തൻ നിര്‍വഹിക്കും. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ , സെക്രട്ടറി എ കെ ബിജോയ് , മാനേജര്‍ എം എസ് വിശ്വനാഥന്‍ , വൈസ് പ്രിന്‍സിപ്പല്‍ നിഷ ജിജോ എന്നിവര്‍ സന്നിഹിതരായിരുന്നു.

സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിന്റെ കേഡറ്റുകള്‍ക്ക് ക്യാപ് അണിയിച്ച് കൊണ്ട് പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത് പുതിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, ആതുരശ്രൂശുഷ രംഗത്തും കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, മറ്റുള്ളവരുടെ ദുഖങ്ങളില്‍ പങ്ക് ചേരുവാന്‍ വിദ്യാര്‍ത്ഥികളില്‍ സ്നേഹം, ത്യാഗം, സ്വാന്തനം, കരുണ, അറിവ്, എന്നിവ ഉള്‍കൊള്ളുവാന്‍ ഈ സംഘടനയിലുടെ സാധ്യമാകുമെന്ന് പി ടി എ .പ്രസിഡന്‍റ് തോമസ് തൊകലത്ത് പറഞ്ഞു. പ്രധാന അധ്യാപിക ഷേര്‍ളി ജോര്‍ജ്ജ്, വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ റെക്റ്റി കെ. ഡി, ജെ ആര്‍ സി കൗണ്‍സിലര്‍ അല്‍ഫോണ്‍സ എ.പി എന്നിവര്‍ പ്രസംഗിച്ചു.

ചരമം : ലക്ഷ്മി

ഇരിങ്ങാലക്കുട : മുകുന്ദപുരം എസ്.എന്‍.ഡി.പി. യൂണിയന്‍ ഡയറക്ടറും, എസ്.എന്‍.ബി.എസ് സമാജം ഓഡിറ്ററുമായ കെ കെ ചന്ദ്രന്റെ മാതാവ് കണ്ടേങ്ങാട്ടില്‍ കുമാരന്‍ ഭാര്യ ലക്ഷ്മി (89 വയസ്സ് ) അന്തരിച്ചു. മറ്റു മക്കള്‍ : ലീല, രാധാമണി, മോഹനന്‍, ശോഭന, ഷീല. മരുമക്കള്‍ : വിജയന്‍, ശ്രീറാണി, ഷീജ, പരേതരായ പ്രഭാകരന്‍, തിലകന്‍, വത്സന്‍. സംസ്ക്കാരം വ്യാഴാഴ്ച രാത്രി 7 ന് തുറവന്‍കാടിലെ വീട്ടുവളപ്പില്‍.

യു.പി. വിദ്യാര്‍ത്ഥികള്‍ക്കായി വായനാമത്സരം

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 16 ഞായറാഴ്ച 2 മണിക്ക് യു.പി. വിദ്യാര്‍ത്ഥികള്‍ക്കായി വായനാമത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അന്നേദിവസം ഉച്ചക്ക് 1:30ന് ലൈബ്രറിയില്‍ എത്തിച്ചേരണം എന്ന് സെക്രട്ടറി അറിയിച്ചു.

മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. റോസ് വില്യംസിന്റെ നിര്യാണത്തില്‍ ജനതാദള്‍ നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു

ഇരിങ്ങാലക്കുട : ജനതാദള്‍ (യു) ജില്ലാ സെക്രട്ടറിയും മഹിളാ ജനതാദള്‍ ജില്ലാ പ്രസിഡന്റും, ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍പേഴ്സനുമായിരുന്ന പ്രൊഫ. റോസ് വില്യംസിന്റെ നിര്യാണത്തില്‍ ജനതാദള്‍ നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറാലി ,സംസ്ഥാന സമിതി അംഗം കെ കെ ബാബു , സംസ്ഥാന മഹിളാ ജനത സെക്രട്ടറി കാവ്യ പ്രദീപ് , ജോര്‍ജ് കെ തോമസ് , ലിന്‍സണ്‍ ഊക്കന്‍ , എം ഡി ജോയ്, വര്‍ഗീസ് തെക്കേക്കര, ഐ എല്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ശാഖയുടെ ഗുരുപൂജ ഗുരുദക്ഷിണ ഉത്സവം ജൂലൈ 15 ന്

ഇരിങ്ങാലക്കുട : രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ശാഖയുടെ ഗുരുപൂജ ഗുരുദക്ഷിണ ഉത്സവം ജൂലൈ 15 ശനിയാഴ്ച വൈകീട്ട് 5 .30 നു ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടക്കും. ആയുര്‍വേദിക് ഫിസിഷ്യന്‍ ഡോകെ യു പമ്പാവാസന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം തൃശൂര്‍ വിഭാഗം പ്രചാരക് കെ എസ് അനീഷ് മുഖ്യ പ്രഭാഷണം നടത്തും .

വിടവാങ്ങിയത് ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്തെ അതുല്യ പ്രതിഭ

ഇരിങ്ങാലക്കുട:  വിടവാങ്ങിയ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ. റോസ് വില്യംസ് ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസ രംഗത്തെ അതുല്യ പ്രതിഭയാണ്. ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് കോളേജിന്റെ വനിതാ വിഭാഗമായ സെന്റ് ജോസഫ്‌സ് കോളേജ് ആരംഭിക്കുമ്പോള്‍ പദ്മഭൂഷണ്‍ ഫാ.ഗബ്രിയേല്‍ വിശ്വാസമര്‍പ്പിച്ച പ്രഗത്ഭരായ അദ്ധ്യാപക നിരയില്‍ അഗ്രഗണ്യയായിരുന്നു വിടവാങ്ങിയ പ്രൊഫ.റോസ് വില്യംസ്. ചങ്ങനാശേരി അസംപ്ഷന്‍ കോളേജില്‍ നിന്നാണ് ഗബ്രിയേലച്ചന്‍ ചില ബിഷപ്പുമാരുടെയൊക്കെ ഇടപെടല്‍ വഴി പ്രൊഫറോസ് വില്യംസിനെ ഇരിങ്ങാലക്കുടയില്‍ എത്തിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു പറിച്ചുനടീലായിരുന്നു അത്. സെന്റ് ജോസഫ് കോളേജില്‍ ആദ്യത്തെ ധനതത്വശാസ്ത്ര മേധാവി ആയിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് കലാലയത്തിന്റെ മാത്രമല്ല, നാടിന്റെയും വിശ്വസ്തയാവാന്‍ അവര്‍ക്കു കഴിഞ്ഞു. അങ്ങനെ സംവരണമില്ലാത്ത കാലത്ത് ഇരിങ്ങാലക്കുടയുടെ പ്രഥമ വനിതാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി. പൊതുരംഗത്ത് പ്രവര്‍ത്തിച്ചതോടെ ദീര്‍ഘകാലം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറും ചെയര്‍പേഴ്സണും ആയിരുന്നു. 1988 മുതല്‍ 2005 വരെ 17 വര്‍ഷകാലം നഗരസഭാ കൗണ്‍സിലറായിരുന്നു. 1995 മുതല്‍ 1997 വരെയുള്ള രണ്ട് വര്‍ഷകാലം ചെയര്‍പേഴ്‌സനായിരുന്നു. ജനപ്രതിനിധിയെന്ന നിലയില്‍ നാടിന്റെ വികസനത്തിനായി നഗരസഭയില്‍ ധീരമായ പല ചുവടുകളും വച്ച അപൂര്‍വ്വ വ്യക്തിത്വമായിരുന്നു പ്രൊഫ റോസ് വില്യംസ്. രാഷ്ട്രീയ രംഗത്തെന്ന പോലെ സമുദായ രംഗത്തും നിസ്തുല സേവനം കാഴ്ചവക്കുകയും ചെയ്തിരുന്നു. സെന്റ് തോമസ് കത്തിഡ്രല്‍ ഇടവകയിലെ പല സംഘടനകളുടെയും പ്രസിഡന്റ്, തൃശൂര്‍ അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രശോഭിച്ചിരുന്നു.

സേവാഭാരതിയെ സുമനസ്സുകള്‍ ഏല്‍പ്പിച്ച ഭൂമിയുടെ വിതരണം ജൂലായ് 17 നു സുരേഷ് ഗോപി എം.പി നിര്‍വ്വഹിക്കും

ഇരിങ്ങാലക്കുട : തലചായ്ക്കുവാന്‍ ഒരു പിടി മണ്ണ് ഇല്ലാത്തവര്‍ക്ക് നല്‍കുവാനായി ഉദാരമതികളായ സുന്ദരന്‍ പൊറത്തിശ്ശേരിയും വനജ ആണ്ടവന്‍ മുരിയാടും സേവാഭാരതിയെ ഏല്‍പ്പിച്ച 95 സെന്‍റ് സ്ഥലം അര്‍ഹരായ 24 പേര്‍ക്ക് രജിസ്റ്റര്‍ ചെയ്ത രേഖകള്‍ കൈമാറുന്ന ചടങ്ങ് സുരേഷ് ഗോപി എം പി ജൂലൈ 17 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുട കാരുകുളങ്ങര നൈവേദ്യം ഹാളില്‍ നിര്‍വഹിക്കും . ജൂലൈ 16 ഞായറാഴ്ച നിശ്ചയിച്ചിരുന്ന പരിപാടി എം പി യുടെ അടിയന്തര ഡല്‍ഹി യാത്ര പരിഗണിച്ചാണ് 17 – ാം തീയതിയിലേക്ക് മാറ്റിയത്. ഭൂമിയില്ലാത്ത അര്‍ഹരായവരില്‍നിന്നും സേവാഭാരതിക്കു ലഭിച്ച 350 ഓളം അപേക്ഷകരില്‍ നിന്ന് കണ്ടെത്തി 3 സെന്‍റ് ഭൂമി വീതമാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്. ചെമ്മണ്ടയില്‍ സുന്ദരന്‍ നല്‍കിയ ഭൂമിയില്‍ 13 പേര്‍ക്കും മുരിയാട് വനജ നല്‍കിയ ഭൂമിയില്‍ 11 പേര്‍ക്കുമാണ് വിതരണം ചെയ്യുന്നത്. പൊതുവായ കിണര്‍ സൗകര്യം സേവാഭാരതി ഒരുക്കും. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ ഉദാരമതികളായ വ്യക്തികളില്‍ നിന്നോ സഹായം ലഭ്യമാക്കി 24 പേര്‍ക്കും ഏകദേശം 6 ലക്ഷം രൂപ ചിലവില്‍ 550 സ്‌ക്വയര്‍ ഫീറ്റില്‍ വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കണം എന്നാണ് സേവാഭാരതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയില്‍ പങ്കാളികളാവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സേവാഭാരതിയുമായി സഹകരിക്കാം എന്ന് പത്രസമ്മേളനത്തില്‍ സേവാഭാരതി രക്ഷാധികാരി ഭാസ്കരന്‍ പി കെ , പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് പ്രകാശന്‍ കൈമാപറമ്പില്‍ , ട്രഷറര്‍ , കെ ആര്‍ സുബ്രമണ്യന്‍, ജനറല്‍ സെക്രട്ടറിയും സേവാഭാരതി തൃശൂര്‍ ജില്ലാ സംയോജകനുമായ പി ഹരിദാസന്‍ എന്നിവര്‍ അറിയിച്ചു.

മുന്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ.റോസ് വില്യംസിന്റെ നിര്യാണത്തില്‍ നഗരസഭ കൗണ്‍സില്‍ അനുശോചിച്ചു

ഇരിങ്ങാലക്കുട : നഗരസഭയില്‍ നീണ്ട 17 വര്‍ഷക്കാലം കൗണ്‍സിലറും 1995 -97 കാലയളവില്‍ ഇരിങ്ങാലക്കുട ചെയര്‍പേഴ്സനുമായിരുന്ന പ്രൊഫ റോസ് വില്യംസ് വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും വിലപ്പെട്ട സംഭാവനകള്‍ ആണ് നല്‍കിയിട്ടുള്ളത് എന്ന് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന പ്രത്യേക കൗണ്‍സിലില്‍ അനുശോചനകുറിപ്പ് അവതരിപ്പിച്ചുകൊണ്ട് നഗരസഭ അധ്യക്ഷ നിമ്യ ഷിജു പറഞ്ഞു. പൊതുജീവിതത്തില്‍ വളരെ മാതൃകാപരമായ സ്വാഭാവത്തിനു ഉടമയായ പ്രൊഫ. റോസ് വില്യംസിന്റെ നിര്യാണത്തില്‍ ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചു. മുഴുവന്‍ നഗരസഭ ജീവനക്കാരും കൗണ്‍സിലില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി ഇന്‍ചാര്‍ജ് സന്തോഷ്  ജീവനക്കാര്‍ക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരും കൗണ്‍സിലര്‍മാരും യോഗത്തില്‍ സംസാരിച്ചു. പരേതയുടെ മൃതദേഹം വ്യാഴാഴ്ച നാലു മണിക്ക് സംസ്കരിക്കുന്നതിനു മുന്‍പ് തന്നെ വ്യാഴാഴ്ച 11 മണിക്ക് നഗരസഭ അനുശോചന യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തത് ശരിയായ നിലപാടല്ലെന്നു ചില കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

പി എസ് ഡബ്ലിയു കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഷാജു വാലപ്പന് റിയാദില്‍ സ്വീകരണം

റിയാദ് : തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം ചാലക്കുടി താലൂക്ക് പ്രവര്‍ത്തന പരിധിയില്‍ വരുന്ന പി എസ് ഡബ്ലിയു കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഷാജു വാലപ്പന് വാലപ്പന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡും ഓവര്‍സീസ് സഹോദരസ്ഥാപനങ്ങളായ സി ടി ട്രേഡേയ്സും , സി ടി കമ്പനി മാനേജ്‍മെന്റ് സ്റ്റാഫും ജീവനക്കാരും ചേര്‍ന്ന് സ്വീകരണം നല്‍കി. കമ്പനി ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സ്പോണ്‍സര്‍ മര്‍സൂക് മുസ്‍ലിയ അല്‍ ഷീബാനി , അല്‍മാസ് റീമസ് ജ്വല്ലറി ഫാക്ടറി ഓണര്‍ ഗാലിബ് അല്‍ ഒനേസിയും ചേര്‍ന്ന് സ്നേഹോപകരം കൈമാറി . തുടര്‍ന്ന് നടന്ന സ്നേഹവിരുന്നിന്‌ ഫസല്‍ റഹ്മാന്‍ , അരിപ്പുറത്ത് ജിയോ എടാട്ടുകാരന്‍ , ഡാല്‍വിന്‍ തുളുവത്ത് , വിപിന്‍ എം എം , ഉല്ലാസ് ഉത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Top
Menu Title