News

Archive for: September 21st, 2017

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രീയമായ മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രീയമായ മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.എസ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടത്തിയ ശില്പശാലയില്‍ മുണ്ടൂര്‍ ഐ.ആർ.ടി.സിയിലെ പ്രൊഡക്ഷന്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.ജി.ഗോപിനാഥന്‍ പദ്ധതി രേഖ വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭാ പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഇരിങ്ങാലക്കുട നഗരസഭയില്‍ നടപ്പാക്കുവാന്‍ പോകുന്ന ഖരമാലിന്യ സംസ്കരണ പദ്ധതി സംബന്ധിച്ച് സെക്രട്ടറി ഒ.എന്‍.അജിത്കുമാര്‍ വിശദീകരിച്ചു. പ്രൊഫ.എം.കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റഷീദ് കാറളം സ്വാഗതവും, എ.വി.ഗോകുല്‍ദാസ് നന്ദിയും പറഞ്ഞു.

ശനിയാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പര്‍ വണ്‍ സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന സെന്റ് ജോസഫ് കോളേജ് , കെ പി എല്‍ ഓയില്‍ മില്‍, ചന്തക്കുന്ന്, ബി എസ് എന്‍ എല്‍ മൈക്രോവേവ് , ഠാണാ കോളനി, പാര്‍ക്ക് എന്നിവിടങ്ങളില്‍ ജൂലൈ 15 ശനിയാഴ്ച രാവിലെ 8:30 മണി മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

റോഡ് പുനരുദ്ധാരണ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ തട്ടിപ്പെന്ന് ബി ജെ പി

ഇരിങ്ങാലക്കുട : മന്ത്രി ജി സുധാകരന്‍ വെള്ളിയാഴ്ച നിര്‍വഹിച്ച പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ ഉദ്ഘാടനം വെറുമൊരു രാഷ്ട്രീയ തട്ടിപ്പാണെന്നു ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍ ആരോപിച്ചു. എല്ലാ തരം റോഡുകള്‍ക്കും വര്‍ഷവര്‍ഷങ്ങളില്‍ നടക്കുന്ന അറ്റകുറ്റ പണികളാണ് പുനരുദ്ധാരണം എന്ന പേരില്‍ മന്ത്രി വന്നു കൊട്ടി ആഘോഷിച്ചത്. ചരിത്ര സ്മാരകങ്ങളുടെയും അതുപോലെ പ്രാധാന്യമുള്ള നിര്‍മ്മിതികളുടെയും പുനര്‍ നിര്‍മ്മാണത്തെയാണ് പുനരുദ്ധാരണം എന്ന് പറയുക . പുനരുദ്ധാരണം എന്ന് ഈ ചടങ്ങിന് പേരിട്ടത് തന്നെ അസംബന്ധമാണ് . ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ആയ ബി ജെ പി യെ ഈ ചടങ്ങിലേക്ക് നോട്ടീസിന്റെ ഏറ്റവും ഒടുവില്‍ ആശംസ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ബി ജെ പി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഈ നിയോജകമണ്ഡലത്തില്‍ തന്നെ ബി ജെ പിക്കു 9 തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ ഉണ്ട്. സി പി എം ഓഫീസില്‍ നിന്നും എഴുതി തയാറാക്കിയ നോട്ടീസ് പി ഡബ്ലിയു ഡി യുടെ പേരില്‍ അച്ചടിക്കുകയായിരുന്നു. ഈ വീഴ്ച ബി ജെ പി സംഘാടകരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല എന്നും അതിനാല്‍ ആണ്  ബി ജെ പി ചടങ്ങില്‍ നിന്നും വിട്ടു നിന്നതു എന്നും മണ്ഡലം കമ്മിറ്റി വിശദീകരിച്ചു.

 

ഉണ്ണായിവാരിയര്‍ ദിനാചരണവും സ്ഥാപകദിനവും ആഘോഷിച്ചു

ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ ഉണ്ണായിവാരിയര്‍ ദിനാചരണവും സ്ഥാപകദിനാഘോഷവും നടത്തി. കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.സി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കലാനിലയം പ്രസിഡന്റ് കെ. രാജഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. നടനകൈരളി ഡയറക്ടര്‍ വേണുജി ഉണ്ണായിവാരിയര്‍ അനുസ്മരണപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു, ഐ.ടി.സി ബാങ്ക് ചെയര്‍മാന്‍ എം.പി ജാക്‌സന്‍ ബിരുദദാനവും നടത്തി. കൗണ്‍സിലര്‍ അമ്പിളി ജയന്‍, കെ.വി ചന്ദ്രന്‍, കെ.എസ് പത്മനാഭന്‍, എം. ശ്രീകുമാര്‍, കലാനിലയം സെക്രട്ടറി സതീഷ് വിമലന്‍, പ്രിന്‍സിപ്പല്‍ പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്തസന്ധ്യയും കഥകളിയും നടന്നു.

കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാറളം : വിലക്കയറ്റം തടയുക ,റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക , റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി നല്‍കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തങ്കപ്പന്‍ പാറയില്‍, തിലകന്‍ പൊയ്യാറ, വി വി ഹരിദാസ്, വി ഡി സൈമണ്‍, ,ബാസ്റ്റിന്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

ഇന്ദ്രജാല കാഴ്ചകളൊരുക്കി ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ വിജ്ഞാന പെരുമഴ

ഇരിങ്ങാലക്കുട : അറിവും ആനന്ദവും ഇന്ദ്രജാലമായി ഒഴുകിയപ്പോള്‍ ലിറ്റില്‍ ഫ്ലവര്‍ വിദ്യാലയത്തിന് ആനന്ദത്തിന്റെ കുളിര്‍മഴ . വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച നാഥിന്റെ ബോധവല്‍ക്കരണ മാജിക് ഷോ കണ്ണുകളില്‍ വിസ്മയത്തിന്റെ മഴവില്ല് തെളിയിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്‌ലെറ്റിന്റെ പ്രഭാഷണത്തോടെ വിസ്മയക്കാഴ്ച അരങ്ങേറി . മാജിക്കിനൊപ്പം സാമൂഹ്യ തിന്മകള്‍ക്കെതിരെ ചെറുത്തുനില്‍ക്കാനുള്ള പൊടികൈകള്‍ നല്‍കുകയും ആരോഗ്യമുള്ള തലമുറക്കുവേണ്ടി സമയം ചെലവിടുന്ന നാഥിന്റെ ഇന്ദ്രജാലം കണ്ടു കുട്ടികള്‍ അത്ഭുതസ്‌തംഭരായി.ഇന്ദ്രജാലം കൊണ്ട് വിസ്മയം മാത്രമല്ല നന്മയും വിരിയിക്കാന്‍ കഴിയുന്ന മജീഷ്യന്‍ നാഥിന്റെ മായാജാലം എല്‍ എഫ് വിദ്യാലയ സമുച്ചയത്തില്‍ ഏറെ ചലനം സൃഷ്ടിച്ചു.

പുസ്തക പ്രകാശനവും നിര്‍മ്മല്‍ തോമസ് സ്മാരക കലാലയ പുരസ്‌കാര വിതരണവും 15 ന്

ഇരിങ്ങാലക്കുട : തോമസ് ചേനത്തുപറമ്പില്‍ എഴുതിയ ‘ഇവനന്റെ പ്രിയ പുത്രന്‍ – ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനവും നിര്‍മ്മല്‍ തോമസ് സ്മാരക മികച്ച കലാലയ പുരസ്‌കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് സമര്‍പ്പിക്കുന്ന ചടങ്ങും ജൂലൈ 15 ശനിയാഴ്ച 3 മണിക്ക് ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രൊഫ . കെ വി തോമസ് എം പി അദ്ധ്യക്ഷത വഹിക്കും. പുസ്തകത്തിന്റെ പ്രഥമ കോപ്പി കേരള ഗവണ്മെന്റ് അഡിഷണല്‍ അഡ്വ. ജനറല്‍ . രഞ്ജിത്ത് തമ്പാന്‍ സ്വീകരിക്കും. കേരളത്തിലെ ഏറ്റവും നല്ല കലാലയത്തിനുള്ള നിര്‍മ്മല്‍ തോമസ് സ്മാരക പുരസ്‌കാരം വിശിഷ്ടതിഥികളായ ജസ്റ്റീസ് കുര്യന്‍ ജോസഫ്, പ്രൊഫ കെ വി തോമസ് ,എന്നിവര്‍ ചേര്‍ന്ന് സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ റവ.സിസ്റ്റര്‍ ക്രിസ്റ്റിക്ക് സമ്മാനിക്കുമെന്ന് റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആന്റണി തെക്കേക്കര , സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം എസ് അനില്‍കുമാര്‍ , സ്വാഗതസംഘം ചീഫ് കോ ഓര്‍ഡിനേറ്റര്‍ വി സി വര്‍ഗീസ് , തോമസ് ചേനത്തുപറമ്പില്‍ എന്നിവര്‍ പറഞ്ഞു.

തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും സെമിനാറും നടന്നു

ഇരിങ്ങാലക്കുട : തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ 2017 -18 അദ്ധ്യായന വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ കോഴ്സുകളായ B.com Co-Operation, Bsc.Micro Biology, Bsc. Bio.Chemistry എന്നിവയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന സെമിനാറില്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ എം അഹമ്മദ് സ്വാഗതം പറഞ്ഞു. എം ജി യൂണിവേഴ്സിറ്റി ഐ യു സി ഡി എസ് ഡയറക്ടര്‍ ഡോ.ബാബുരാജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കോഴ്സുകളെയും അവയുടെ സാധ്യതകളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ഐ യു സി ഡി എസിലെ ലക്ച്ചറര്‍ ഹെന്ന പാരന്റിംഗിനെ കുറിച്ചു രക്ഷിതാക്കളോടും കുട്ടികളോടും പ്രഭാഷണം നടത്തി . ടി ഇ സി എസ് സെക്രട്ടറി ജാതദേവന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിവേഴ്സിറ്റി പരീക്ഷകളിലും ഇന്റേണല്‍ പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് , കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ഉദയപ്രകാശ്, വാര്‍ഡ് മെമ്പര്‍ വിനീഷ്, പി ടി എ പ്രസിഡന്റ് പുരുഷോത്തമന്‍ , ട്രഷറര്‍ സിതാര , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആഷിക്ക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ റിന്റൊ ജോര്‍ജ്‌ നന്ദി രേഖപ്പെടുത്തി.

തൃശൂര്‍ എറണാകുളം ജില്ലയിലെ പി ഡബ്ലിയു ഡി ഉദ്യോഗസ്ഥരില്‍ ക്രിമിനലുകളും – മന്ത്രി ജി സുധാകരന്‍

ഇരിങ്ങാലക്കുട : തൃശൂര്‍ എറണാകുളം ജില്ലയിലെ പി ഡബ്ലിയു ഡി ഉദ്യോഗസ്ഥരില്‍ നല്ലൊരു സംഘം ക്രിമിനലുകളാണെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ തുറന്നടിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ  5 റോഡുകളുടെ പുനഃരുദ്ധാരണ പ്രവര്‍ത്തന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മര്യാദക്ക് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പോലും ഈ സംഘം ഭീഷണി പെടുത്തിയിരുന്നു. ചില മുന്‍ ഭരണാധികാരികളും ഈ കൂട്ടത്തില്‍ ഉണ്ട്. ഗവണ്‍മെന്റിന്റെ സൗമനസ്യം കൊണ്ട് ഞങ്ങള്‍ ആരെയും പ്രതികള്‍ ആക്കിയിട്ടില്ല ആരെയും പ്രതികള്‍ ആക്കാന്‍ ഉദ്ദേശിക്കുന്നുമില്ല അത് ഒരു കാലഘട്ടത്തിന്റെ പ്രത്യേകതയാണ് എന്നും അദ്ദേഹം പറഞ്ഞു  . പക്ഷെ ഇനി ഉദ്യോഗസ്ഥര്‍ ആര് തെറ്റ് കാണിച്ചാലും നടപടി ഉറപ്പാണെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ആര്‍ക്കും പരാതി നല്‍കാം അത് അന്വേഷിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കള്ള പെറ്റിഷന്‍ ആണെന്ന് അറിഞ്ഞാല്‍ അവര്‍ക്കെതിരെ ഗൂഢാലോചനയ്ക്ക് ക്രിമിനല്‍ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍  ഇരിക്കുന്ന കുറച്ചു ഉദ്യോഗസ്ഥമാരെ കൂടി സ്ക്രീന്‍ ചെയ്യാന്‍ ഉണ്ടെന്നും. അവര്‍ സ്വയം തിരിച്ചറിയുകയാണെങ്കില്‍ നല്ലത് എന്നും അദ്ദേഹം പറഞ്ഞു . പി ഡബ്ലിയു ഡി റോഡ് വെട്ടിപ്പൊളിച്ചു പൈപ്പിടുന്നതും കേബിള്‍ ഇടുന്നതിനും പുതിയ മാനദണ്ഡം വക്കുമെന്നും അല്ലാതെ റോഡിന്‍റെ നടുവിലൂടെ വെട്ടിപൊളിക്കുവാന്‍ ഇനി അനുവദിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പണം ഉപയോഗിച്ചുണ്ടാക്കിയ ആസ്തികള്‍ കൂടിയാലോചനകള്‍ ഇല്ലാതെ അന്യായമായി വെട്ടിപൊളിക്കുന്ന കോണ്‍ട്രാക്ടര്‍ , ഉദ്യോഗസ്ഥര്‍ , തൊഴിലാളികള്‍, ആര് തന്നെ ആയാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ടില്‍ വെള്ളം നിറഞ്ഞു റോഡ് നശിക്കാതിരിക്കാന്‍ പുതിയ സാങ്കേതിക വിദ്യ ആയ കയര്‍ വസ്ത്രം ഇട്ടുകൊണ്ടുള്ള റോഡ് നിര്‍മ്മാണം , ബേസ് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം എന്നിവയും ബിറ്റുമിനില്‍ 70 ശതമാനം റബ്ബര്‍ ഉപയോഗപെടുത്തികൊണ്ടുള്ള നിര്‍മ്മാണവും  ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട് അത് വര്‍ഷങ്ങളോളം കേടാകാതെ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഠാണാ-കൂടല്‍മാണിക്യം അമ്പലം റോഡ് , മുരിയാട് -കാരൂര്‍ കൊപ്രക്കളം റോഡ് , കാട്ടൂര്‍ -ഗവ. ഹോസ്പിറ്റല്‍ റോഡ് , ഈസ്റ്റ് -പാഞ്ഞപ്പിള്ളി -പാറേക്കാട്ടുക്കര റോഡ്, പുല്ലൂര്‍ അപകടവളവ് റോഡ് എന്നി റോഡുകളുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ടിങ് എന്‍ജിനിയര്‍ സുജാറാണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഹരിശ്രീ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ ഗുരുപൂജ ആഘോഷിച്ചു

തുമ്പൂര്‍ : ഹരിശ്രീ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ ഗുരുപൂജ ആഘോഷിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സൂപ്രണ്ടും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത്രീയ സഹകാര്യവാഹ് പി.എന്‍ ഈശ്വരന്‍ ദീപപ്രോജ്വലനം നടത്തുകയും ഗുരുപൂജ സന്ദേശം നല്‍കുകയും ചെയ്തു. കൊടകര വിവേകാനന്ദ ട്രസ്റ്റ് മെമ്പറും സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറിയുമായ നാലുമാക്കല്‍ അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. മാതൃഭാരതി പ്രസിഡണ്ട് അഡ്വ.സജിനി, ക്ഷേമസമിതി പ്രസിഡണ്ട് അഭിലാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിട്ട. അധ്യാപകരെയും സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തികളെയും വിദ്യാര്‍ത്ഥികള്‍ പാദപൂജചെയ്ത് ആദരിച്ചു.

Top
Menu Title