News

Archive for: September 21st, 2017

ആറാം വയസ്സില്‍ അരങ്ങേറ്റം: സമുദ്രക്ക് കുട്ടിക്കളിയല്ല കഥകളി

ഇരിങ്ങാലക്കുട : കഥകളി പുറപ്പാടിന്റെ ചിട്ടയില്‍ നിന്നും അണുവിട പോലും വ്യതിചലിക്കാതെ മുദ്രാബോധത്തോടും താള-ഭാവ പൂര്‍ണതയോടെ ആറ് വയസ്സുകാരി സമുദ്ര സങ്കല്‍പിന്റെ അരങ്ങേറ്റം കര്‍ക്കിടത്തലേന്ന് കൂടല്‍മാണിക്യം കിഴെക്കെനടപ്പുരയില്‍ എത്തിച്ചേര്‍ന്ന ആസ്വാദകരുടെ മനം കവര്‍ന്നു. അരങ്ങത്ത് നില്‍ക്കുമ്പോള്‍ സമുദ്രക്ക് പ്രായം ആറ് വയസ്സാണെന്നത് ആസ്വാദകര്‍ മറക്കും. അഭിനയവും പാട്ടും വാദ്യവും ചമഞ്ഞൊരൊക്കവുമൊക്കെയായി ആറ് വയസ്സുകാരി സമുദ്രയുടെ കഥകളി പുറപ്പാട് അരങ്ങേറ്റം സദസ്സിനെ പിടിച്ചിരുത്തി. പൂതനാമോക്ഷം കഥകളിയോട് അനുബന്ധിച്ചാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സമുദ്ര കഥകളിയില്‍ ‘പുറപ്പാട്’ അരങ്ങേറ്റം നടത്തിയത്. ഇത്ര ചെറുപ്പത്തിലേ കഥകളി പോലുള്ള അനുഷ്ഠാന കലയില്‍ തികഞ്ഞ അഭിനയ പാടവത്തോടെ ഈ നാട്യരൂപം അവതരിപ്പിക്കുന്നത് അപൂര്‍വമാണ്. നാല്‍പത്‌ മിനിറ്റ് നീണ്ടുനിന്ന പുറപ്പാട് അരങ്ങേറ്റവും മറ്റൊരു റെക്കാഡിലേക്ക് . ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്കൂള്‍ അധ്യാപകന്‍ പായമ്മല്‍ സുരേഷ് ബാബുവിന്റയും സിജിയുടെയും മകളാണ് സമുദ്ര സങ്കല്‍പ്. ഇപ്പോള്‍ താമസം കൂടല്‍മാണിക്യം പടിഞ്ഞാറെ നടയിലെ കൈലാസ് കോട്ടേജ്ജില്‍. കലാനിലയം മനോജിന്റെ ശിഷ്യയാണ് ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാത്ഥിനി സമുദ്ര . പൂതനാമോക്ഷം കഥകളിയില്‍ കലാമണ്ഡലം വിജയകുമാര്‍ ലളിതയായി . സംഗീതം കലാനിലയം രാമകൃഷ്ണന്‍, കലാനിലയം വിഷ്ണു, കലാനിലയം സഞ്ജയ് . ചെണ്ട കലാനിലയം ദീപക്. മദ്ദളം കലാനിലയം പ്രകാശന്‍. ചുട്ടി കലാനിലയം പ്രശാന്ത്. അണിയറയില്‍ അനിയന്‍ കുട്ടി, ശ്യാം, അവതരണം കലാനിലയം മനോജ്ജും സംഘവും.

നാലമ്പല ദര്‍ശനത്തിനുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് ആരംഭിച്ചു

ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടകര്‍ക്കായുള്ള രണ്ടു സ്പെഷ്യല്‍ കെ.എസ്‌.ആര്‍ടി.സി ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് പ്രൊഫ കെ യു അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു . കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, ദേവസ്വം മാനേജിഗ് കമ്മിറ്റി അംഗങ്ങളായ വിനോദ് തറയില്‍ , രാമചന്ദ്രന്‍, കെ.എസ്‌.ആര്‍ടി.സി ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് പി എ ഷാജു , വെഹിക്കിള്‍ സൂപ്രവൈസര്‍ സലില്‍, ദേവസ്വം മാനേജര്‍ രാജി ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നാലമ്പല സ്പെഷ്യല്‍ ബസ്സുകളുടെ കണ്ടക്ടര്‍മാരായ ശ്രീജിത്ത് പി ആര്‍, കെ കെ സുബ്രമണ്യന്‍, ഡ്രൈവര്‍മാരായ പി സി സുകുമാരന്‍ ശിവദാസ് പി കെ എന്നിവരെ എം എല്‍ എ അഭിനന്ദിച്ചു . വര്‍ഷങ്ങളായി ഇവര്‍ തന്നെയാണ് ഈ സെര്‍വിസിന് പോകുന്നത്. യാത്രക്കാരില്‍നിന്നും വളരെനല്ല അഭിപ്രായമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെക്കുറിച്ചു ലഭിച്ചതെന്നും എം എല്‍ എ പറഞ്ഞു. നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് രണ്ട് സ്‌പെഷല്‍ ബസ്സുകളാണ് സര്‍വീസ് നടത്തുക. രാവിലെ 6നും 6.30-നും കൂടല്‍മാണിക്യം ക്ഷേത്രത്തിനുമുന്നില്‍ രാവിലെ ആരംഭിക്കും. 93 രൂപയാണ് ടിക്കറ്റ് നിരക്ക്. രാമായണമാസം കഴിയുന്നതുവരെ പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്ര പരിസരത്ത് നിന്ന് യാത്ര ആരംഭിച്ച് തൃപ്രയാര്‍, കൂടല്‍മാണിക്യം , മൂഴിക്കുളം , പായമ്മല്‍ എന്നിങ്ങനെ ദര്‍ശനം നടത്തി തിരിച്ച് കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് ഒരു മണിയോടെ എത്തുന്ന രീതിയിലാണ് യാത്ര സജ്ജികരിച്ചിരിക്കുന്നത്.

യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടി കാണിക്കുമ്പോള്‍ എം എല്‍ എ സഹിഷ്ണുത കാണിക്കണം – അഡ്വ. തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട : യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ കെ.യു.അരുണന്‍ എം എല്‍ എ സഹിഷ്ണുത കാണിക്കണമെന്നും വ്യക്തിപരമായി തന്നെ ആക്ഷേപിക്കുവാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും മുന്‍ എം എല്‍ എ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഫണ്ട് അനുവദിച്ച് അതിലേക്ക് ഭരണാനുമതി ലഭിച്ചതാണ് ഠാണാ – കൂടല്‍മാണിക്യം ക്ഷേത്രം റോഡും പുല്ലൂര്‍ അപകട വളവ് റോഡും.2015-16 ബജറ്റില്‍ അംഗീകരിച്ചതാണ് മറ്റു മൂന്ന് റോഡുകള്‍. ഇത് നിര്‍മ്മാണോദ്ഘാടനം നടത്തിയവര്‍ വിസ്മരിക്കരുതെന്നാണ് താന്‍ ചൂണ്ടിക്കാണിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിനാലാണ് ഈ പ്രവൃത്തികള്‍ക്ക് വകുപ്പ് തല സാങ്കേതികാനുമതി ലഭിച്ചത്. ഇതംഗീകരിക്കാന്‍ എം എല്‍ എ തയ്യാറാകണം. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ആളൂര്‍ പൊലീസ് സ്റ്റേഷന്‍ നഷ്ടപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ കോടതിയുടെ ഇടപ്പെടലിനെ തുടര്‍ന്നാണ് സ്റ്റേഷന്‍ നിലനിര്‍ത്താന്‍ സാധിച്ചതെന്ന് രണ്ടാമത്തെ ഉദ്ഘാടനം നടത്തിയ എം എല്‍ എ ഓര്‍ക്കണമായിരുന്നു. 2014-15 ലെ ബജറ്റില്‍ ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സിയെ സബ് ഡിപ്പോയാക്കി ഉയര്‍ത്തിയതും യു ഡി എഫ് സര്‍ക്കാരാണ്. ആയത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇരിങ്ങാലക്കുടയില്‍ വന്ന് പ്രഖ്യാപിച്ചിട്ടുള്ളതും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുള്ളതും പുതിയ സര്‍വീസുകള്‍ ആരംഭിച്ചിട്ടുള്ളതും എ ടി ഒ യെ നിയമിച്ചിട്ടുള്ളതുമാണ്. ഇതും എം എല്‍ എ മനഃപൂര്‍വം വിസ്മരിക്കുകയാണ്. ഇപ്പോള്‍ സബ് ഡിപ്പോയെ തരം താഴ്ത്താന്‍ ശ്രമിക്കുന്നത് നാടിനോടുള്ള വഞ്ചനയാണെന്നും ഉണ്ണിയാടന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

related news : തോമസ് ഉണ്ണിയാടന്‍ നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്നത് ജാള്യം മറയ്ക്കാനാണെന്ന് പ്രൊഫ കെ യു അരുണന്‍ എം എല്‍ എ

Top
Menu Title