News

Archive for: September 21st, 2017

പി.ആര്‍. ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ താലൂക്ക് ജനറല്‍ ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കി

ഇരിങ്ങാലക്കുട : പി.ആര്‍. ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ബഹുജന സഹകരണത്തോടെ നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട താലൂക്ക് ജനറല്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ സമാപനവും, ആശുപത്രിയിലേക്കാവശ്യമായ വിവിധ ഉപകരണങ്ങളുടെ സമര്‍പ്പണവും മുന്‍ കേരള നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ആയിരത്തോളം ആളുകള്‍ അഞ്ച് ദിവസം തുടര്‍ച്ചയായി സന്നദ്ധ പ്രവര്‍ത്തനം വഴി ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍, പെയിന്റിങ്ങ് ,ശുചീകരണം, പൂന്തോട്ട നിര്‍മ്മാണം, ആശുപത്രി ഉപകരണങ്ങളുടെ അറ്റകുറ്റപണി തുടങ്ങി ആറ് ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ചെയ്തിരുന്നു. തുടര്‍ന്ന് വിവിധ വ്യക്തികളും, സ്ഥാപനങ്ങളും സ്പോണ്‍സര്‍ ചെയ്ത കട്ടില്‍, കിടയ്ക, എക്സാമിനേഷന്‍ ടേബിള്‍, ഫ്രിഡ്ജ്, വാട്ടര്‍ കൂളര്‍, മരുന്ന് സൂക്ഷിക്കുവാനുള്ള ഷെല്‍ഫ്,ഐ.വി.സ്റ്റാന്റ്, ബെഡ്ഷീറ്റുകള്‍, ബക്കറ്റുകള്‍ തുടങ്ങി വിവിധ ഉപകരണങ്ങള്‍ കെ. രാധാകൃഷ്ണന്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ.എ.മിനിമോള്‍ക്ക് കൈമാറി. ട്രസ്റ്റ് പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍, കെ.പി.ദിവാകരന്‍ മാസ്റ്റര്‍, ഡോ.കെ.പി.ജോര്‍ജ്, പി.വി.ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ദ്രം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്‍ സ്വാഗതവും, ട്രസ്റ്റ് സെക്രട്ടറി ടി.എല്‍.ജോര്‍ജ് നന്ദിയും പറഞ്ഞു.ജനപ്രതിനിധിക്കും,, വളണ്ടിയര്‍മാരും, പൊതു പ്രവര്‍ത്തകരും, ആശുപത്രി ജീവനക്കാരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

നാലമ്പല ദര്‍ശനത്തിനു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആരംഭം

ഇരിങ്ങാലക്കുട : കര്‍ക്കിടക പുണ്യം തേടിയുള്ള ഭക്തജനങ്ങളുടെ യാത്രക്ക് ഇന്ന് മുതല്‍ ആരംഭം കുറിച്ചു . നാലമ്പലങ്ങളില്‍ ഭരത പ്രതിഷ്ഠയുള്ള ക്ഷേത്രമായ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വന്‍ സജീകരണങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത് . ഭക്തര്‍ക്ക്‌ മഴ നനയാതെ ദര്‍ശനം നടത്തുന്നതിനായി കിഴക്കേ നടയിലും പടിഞ്ഞാറും വടക്കേ നടയിലും പന്തലുകള്‍ ,വാഹനങ്ങള്‍ ആവശ്യമായ സൗകര്യങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അയ്യായിരം പേര്‍ക്ക് വരി നില്‍ക്കാവുന്ന കിഴക്കേ നടപ്പുരയോട് ചേര്‍ന്നുള്ള പന്തലിനു പുറമെ ഇത്തവണ ഊട്ടു പുരക്കും കൂത്തമ്പലത്തിനുമിടയില്‍ പതിനായിരം പേര്‍ക്ക് വരി നില്‍ക്കാനുള്ള കൂറ്റന്‍ പന്തല്‍ ഇത്തവണ ഒരുക്കുന്നത് പ്രത്യേകതയാണ് . റോഡില്‍ ക്യൂ നീണ്ടു ഗതാഗതസ്തംഭനം ഒഴിവാക്കനായിട്ടാണ് ക്ഷേത്രമതില്കെട്ടിനകത്തു ഭക്തജനങ്ങള്‍ക്ക്‌ നില്‍ക്കാനായി കൂറ്റന്‍ പന്തല്‍ ഒരുക്കിയിരിക്കുന്നത് എന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. കിഴക്കേ നടയിലൂടെയാണ് പ്രവേശനം നല്‍കുക. കിഴക്കേ നടയിലൂടെ അകത്തേയ്ക്ക് കടന്ന് ദര്‍ശനം നടത്തിയ ശേഷം പടിഞ്ഞാറേ

നടയിലൂടെ പുറത്തേയ്ക്ക് ഇറങ്ങും. തുടര്‍ന്ന് കുലീപിനി തീര്‍ത്ഥക്കുളം വലം വച്ച ശേഷം കിഴക്കേ നടയിലെത്തും. കിഴക്കേ നടയിലാണ് പ്രസാദ വിതരണം നടക്കുക. ഭക്തജനങ്ങള്‍ക്ക് വഴിപാട് നടത്താന്‍ സൗകര്യത്തിന് നാല് കൗണ്ടറുകള്‍ ഒരുക്കും. കുട്ടംകുളം മുതല്‍ ക്ഷേത്രം വരെ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. പകരം കൊട്ടിലാക്കല്‍ പറമ്പിലാണ് പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. കര്‍ക്കിടക പുണ്യം തേടി പ്രായഭേദമേന്യേ നിരവധി ഭക്തജനങ്ങളാണ് ഇന്ന് രാവിലെ 5 മണി മുതല്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി യുടെ രണ്ടു ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് രണ്ട് സ്‌പെഷല്‍ ബസ്സുകളാണ്   നടത്തുക. രാവിലെ 6നും 6.30-നും കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ നിന്നും സര്‍വീസ് ആരംഭിക്കും.  93 രൂപയാണ് ടിക്കറ്റ് നിരക്ക്. രാമായണമാസം കഴിയുന്നതുവരെ പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും.

 

ഭൂമിദാനം വേറിട്ടൊരു മനസാക്ഷി കാഴ്ച – സുരേഷ് ഗോപി

ഇരിങ്ങാലക്കുട : തലചായ്ക്കുവാന്‍ സ്വന്തമായി മണ്ണ് ഇല്ലാത്തവര്‍ക്ക് ഭൂമിദാനം നടത്തിയ സുന്ദരന്‍ പൊറത്തിശ്ശേരിയുടെയും വനജ ആണ്ടവന്റെയും തീരുമാനം വേറിട്ടൊരു മനസാക്ഷി കാഴ്ചയായി അനുഭവപ്പെട്ടതായി സുരേഷ് ഗോപി എം പി പറഞ്ഞു. സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കാരുകുളങ്ങര നൈവേദ്യം ഹാളില്‍ നടന്ന ഭൂമിദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധ്യമായ കാര്യം സേവാഭാരതി വഴി സാധ്യമാക്കിയതില്‍ സംഘടനക്ക് അഭിമാനിക്കാം എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്നമാണ് വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കുക എന്നത്. ഇത് സര്‍ക്കാരിന് മാത്രം സാധിക്കുന്ന ഒന്നല്ല പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്‌കരിക്കുവാന്‍ വേണ്ടി ‘അണ്ണാറക്കണ്ണനും തന്നാലായത്’ പോലെ ഓരോരുത്തരും അവര്‍ക്കു സാധിക്കുന്ന രീതിയില്‍ ഇതിനു വേണ്ടി പ്രയത്നിക്കണം എന്നും അദ്ദേഹം പറഞ്ഞു. സമ്പത്ത് അല്ല മറിച്ചു അത് ദാനം ചെയ്യാനുള്ള മനസാണ് വലിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിദാനം സുരേഷ്‌ഗോപിയെകൊണ്ട് വിതരണം ചെയ്യിക്കണമെന്ന സുന്ദരന്റെ ആഗ്രഹമാണ് ഇവിടെ സഫലീകരിക്കപ്പെട്ടത്. അസാധ്യമായത് സാധ്യമാക്കിയവരാണ് സുന്ദരനും വനജയുമെന്ന് സുരേഷ്‌ഗോപി എം.പി പറഞ്ഞു. സമര്‍പ്പണത്തിന്റെ ഉദാത്തമാതൃകയാണിവര്‍. സേവാഭാരതിയുമായി തനിക്ക് പതിനാറോളം വര്‍ഷത്തെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമി വീടില്ലാത്ത നിര്‍ധനര്‍ക്ക് നല്‍കുവാന്‍ ഭൂമിദാനം നല്‍കിയ സുന്ദരനെയും വനജയെയും ചടങ്ങില്‍ സുരേഷ് ഗോപി ആദരിച്ചു. സുന്ദരന്‍ തന്റെ സ്വന്തം അധ്വാനത്താല്‍ സ്വന്തമാക്കിയ ഭൂമിയില്‍ നിന്ന് 50 സെന്റ് തലചായ്ക്കാനിടമില്ലാത്ത 13 ഓളം കുടുംബങ്ങളെ കണ്ടെത്തി നല്‍കുന്നതിനായി ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പിച്ചിരുന്നു. 11-ാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട സുന്ദരന്‍ അന്നു മുതല്‍ ഇന്നുവരെ വിവിധ തൊഴിലുകളിലൂടെ നേടിയ പണം കൊണ്ടാണ് ഭൂമി വാങ്ങിയത്. ഇപ്പോള്‍ മാങ്ങ പറിച്ചു വിറ്റ് ഉപജീവനം നടത്തുന്ന ഇദ്ദേഹം ചെമ്മണ്ടയില്‍ 10 വര്‍ഷം മുമ്പ് വാങ്ങിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് സേവാഭാരതിക്ക് നല്‍കുന്നത്. കുടുംബപരമായി വലിയ സാമ്പത്തിക സ്ഥിതിയിലല്ലാത്ത സുന്ദരന്‍ തന്റെ സ്വപ്രയത്‌നംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത സ്വത്തില്‍ നിന്ന് ഒരു ഭാഗമാണ് സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹജീവികള്‍ക്ക് സൗജന്യമായി നല്‍കിയത്. സുന്ദരന്റെ സേവനത്തിന് പുറകേയാണ് വനജയും മക്കളായ അഞ്ജു, അജില്‍ എന്നിവര്‍ അര്‍ഹരായവരെ കണ്ടെത്തി നല്‍കാന്‍ 45 സെന്റ് സ്ഥലം ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പ്പിക്കുന്നത്. ആണ്ടവന്‍ പ്രിയപത്‌നിക്കായി വാങ്ങിയ ഭൂമിയാണ് അവശതയനുഭവിക്കുന്നവര്‍ക്ക് നല്‍കാനാന്‍ വനജ സമര്‍പ്പിച്ചത്. മൂന്നുവര്‍ഷം മുമ്പ് നടന്ന അപകടത്തിലാണ് ആണ്ടവന്‍ മരിച്ചത്. മകള്‍ അഞ്ജു വിവാഹിതയും ബി എഡ് വിദ്യാര്‍ത്ഥിനിയുമാണ്. മകന്‍ അജില്‍ ഏറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്നു. അര്‍ഹതയുള്ളവരിലേക്ക് എത്തിചേരുന്നതിനുവേണ്ടിയാണ് ഭൂമി സേവാഭാരതിയെ

ഏല്‍പ്പിക്കുന്നതെന്ന് വനജയും സുന്ദരനും പറഞ്ഞു. 24 പേര്‍ക്ക് ഭൂമിയുടെ രേഖകള്‍ സുരേഷ്‌ഗോപി വിതരണം ചെയ്തു. 350 ഓളം അപേക്ഷകളില്‍ നിന്നും അര്‍ഹരായ 24 പേര്‍ക്കാണ് ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. ഭൂമിയില്ലാത്ത അര്‍ഹരായവരില്‍ നിന്നും സേവാഭാരതിക്കു ലഭിച്ച 350 ഓളം അപേക്ഷകരില്‍ നിന്ന് കണ്ടെത്തി 3 സെന്‍റ് ഭൂമി വീതമാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്. ചെമ്മണ്ടയില്‍ സുന്ദരന്‍ നല്‍കിയ ഭൂമിയില്‍ 13 പേര്‍ക്കും മുരിയാട് വനജ നല്‍കിയ ഭൂമിയില്‍11 പേര്‍ക്കുമാണ് വിതരണം ചെയ്യുന്നത്. പൊതുവായ കിണര്‍ സൗകര്യം സേവാഭാരതി ഒരുക്കും. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ ഉദാരമതികളായ വ്യക്തികളില്‍ നിന്നോ സഹായം ലഭ്യമാക്കി 24 പേര്‍ക്കും ഏകദേശം 6 ലക്ഷം രൂപ ചിലവില്‍ 550 സ്‌ക്വയര്‍ ഫീറ്റില്‍ വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കണം എന്നാണ് സേവാഭാരതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയില്‍ പങ്കാളികളാവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സേവാഭാരതിയുമായി സഹകരിക്കാം. സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി ഹരിദാസ്, നൂറ്റിയൊന്നംഗ സഭ ചെയര്‍മാന്‍ ഡോ.ഇ പി ജനാര്‍ദ്ദനന്‍, സേവാഭാരതി സംഘടനാ സെക്രട്ടറി യു എന്‍ ഹരിദാസ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ എസ് പത്മനാഭന്‍, സെക്രട്ടറി എം ഡി ശശിധര പൈ, ഭൂമിസമര്‍പ്പണം നടത്തിയ സുന്ദരന്‍, വനജ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

സംസ്ഥാനത്തെ ഏറ്റവും മികച്ച കലാലയത്തിനുള്ള നിര്‍മ്മല്‍ തോമസ് സ്മാരക പുരസ്‌കാരം സെന്റ് ജോസഫ് കോളേജിന്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഏറ്റവും മികച്ച കലാലയത്തിനുള്ള നിര്‍മ്മല്‍ തോമസ് സ്മാരക പുരസ്‌കാരം     ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്  സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫും പാര്‍ലിമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ വി തോമസ് എം പി യും ചേര്‍ന്ന്  സമ്മാനിച്ചു. കോളേജിന് വേണ്ടി പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ ഇസബെല്ലാ പുരസ്‌കാരം ഏറ്റുവാങ്ങി. സമ്മേളനത്തില്‍ തോമസ് ചേനത്തുപറമ്പില്‍ രചിച്ച ‘ഇവനന്റെ പ്രിയപുത്രന്‍’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ജസ്റ്റീസ് കുര്യന്‍ ജോസഫ് ലളിത മാത്യുവിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. കെ വി തോമസ് എം പി അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു . നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണവും ചികിത്സ സഹായവും മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു. തോമസ് ചേനത്തുപറമ്പില്‍ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.

ഇന്ത്യയിലെ പ്രഥമ ലയണ്‍ ലേഡി ക്ലബ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യയിലെ ആദ്യത്തെ ലയണ്‍ ലേഡി ക്ലബ് ഇരിങ്ങാലക്കുടയില്‍ ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ഇന്‍ഡക്ഷനും ലയണ്‍ വി പി നന്ദകുമാര്‍ എം ജെ എഫും ഇന്‍സ്‌റ്റോലേഷന്‍ വി എ തോമാച്ചന്‍ എം ജെ എഫും നിര്‍വഹിച്ചു. പ്രസിഡന്റായി ജിത ബിനോയ് കുഞ്ഞിലിക്കാട്ടിലിനെയും സെക്രട്ടറിയായി ബെന്‍സി ഡേവിഡിനെയും ട്രഷററായി വിമല മോഹന്‍ പട്ടാട്ടിനെയും വൈസ് പ്രസിഡന്റായി ഡോ. സിത്താര യേശുദാസിനേയും ജോയിന്റ് സെക്രട്ടറിയായി രഞ്ജി സത്ത്ജിത്തിനെയും തിരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന ചടങ്ങില്‍ നിര്‍ധനരായ ഇരുപത് വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ വാങ്ങുന്നതിനുള്ള ഫണ്ടും , ഇരുപത് കാന്‍സര്‍ ,കിഡ്നി രോഗികള്‍ക്കുള്ള ചികിത്സ സഹായവും കൈമാറി.

ബൈപാസ് റോഡില്‍ ആറടി ഉയരത്തില്‍ ചെരുപ്പ് മാലിന്യം തള്ളിയ നിലയില്‍

ഇരിങ്ങാലക്കുട : യാത്രക്കാര്‍ക്ക് ഉപകാരമാകുന്നതിനു പകരം ബൈപാസ് റോഡ് ഇപ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് വലിയ തോതില്‍ മാലിന്യം തള്ളാനുള്ള ഒരു ഇടമായിരിക്കുകയാണ് . തിങ്കളാഴ്ച രാവിലെ ബൈ പാസ് റോഡിന്‍റെ രണ്ടാം ഘട്ടം അവസാനിക്കുന്നിടത്ത് റോഡിന്‍റെ മധ്യഭാഗം വരെ ആറടി ഉയരത്തില്‍ ഉപയോഗശൂന്യമായ ചെരുപ്പുകള്‍ അടങ്ങിയ മാലിന്യം തള്ളിയ നിലയില്‍ കാണപ്പെട്ടു. സാധാരണ ബൈപാസ് റോഡിന്‍റെ അരികിലാണ് മാലിന്യം തള്ളാറുള്ളത് . കഴിഞ്ഞ ദിവസം മാലിന്യം തള്ളിയ വാഹനം റോഡിരികില്‍ താഴ്ന്നു പോയത് മൂലം വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞവരെ കഴിഞ്ഞദിവസം പോലീസ് പിടിച്ചിരുന്നു. ഇതുമൂലം ആകാം ‘റിസ്ക് എടുക്കാന്‍ തയാറാകാതെ ഇവര്‍ റോഡില്‍ തന്നെ മാലിന്യം നിക്ഷേപിച്ചു കടന്നു കളഞ്ഞത് ‘ ഇത്ര അധികം തോതില്‍ മാലിന്യം ബൈപാസ് റോഡില്‍ തള്ളുന്നത് ആദ്യമായാണ് .

ബസ് സ്റ്റോപ്പിന് സമീപത്തെ ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്കൂളിന്റെ മതില്‍ അടര്‍ന്ന് ചെരിഞ്ഞു വീഴാറായ അവസ്ഥയില്‍

ഇരിങ്ങാലക്കുട: ഏത് സമയവും നിലംപൊത്താമെന്ന അവസ്ഥയില്‍ ആണ് ഇരിങ്ങാലക്കുട മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിന് മുന്‍വശത്തുള്ള മതില്‍ അടര്‍ന്ന് റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നത്. ഠാണ റോഡില്‍ സ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബസ്സ് സ്റ്റോപ്പിന് സമീപത്തായിട്ടാണ് മതില്‍ അടര്‍ന്നുനില്‍ക്കുന്നത്. സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ ബസ് കാത്തുനില്‍ക്കുന്നത് ഈ സ്‌റ്റോപ്പിനും സമീപത്തുമാണ്. മഴക്കാലമായതിനാല്‍ കുതിര്‍ന്നുനില്‍ക്കുന്ന മതില്‍ ഏത് നിമിഷവും ഇടിഞ്ഞുവീഴുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനാല്‍ എത്രയും പെട്ടന്ന് മതില്‍ പുനര്‍ നിര്‍മ്മിച്ച് ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ആവശ്യം.

വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട സംഘടന ജില്ലാ സമ്മേളനവും ആദരണവും നടന്നു

ഇരിങ്ങാലക്കുട : മുന്‍സിപ്പല്‍ ടൗണ്‍ ഹാളിനു മുന്‍വശത്തുള്ള നക്കര ഹാളില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട സംഘടനാ ജില്ലാ സമ്മേളനം പ്രശസ്ത ജ്യോതിഷനും വേദംഗ ജ്യോതിഷ പരിഷത്ത് ആചാര്യനുമായിരുന്ന ആചാര്യ സേതുമാധവന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എം പി ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സിനിമ , നാടക വേദികളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച സിദ്ധരാജ് നാട്ടികയെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ ബി ശശി മുഖ്യ പ്രഭാഷണം നടത്തി . ജില്ലാ സെക്രട്ടറി എം സി ബിജു സ്വാഗതവും സംഘടന ജില്ലാ ജോ.സെക്രട്ടറി അഭിലാഷ് കണ്ടാരത്തറ നന്ദിയും പറഞ്ഞു. ഏ പി ഗംഗാധരന്‍ പ്രസിഡന്റും എം സി ബിജു ജനറല്‍ സെക്രട്ടറിയും വി ആര്‍ മധു ട്രഷററായും ആയിട്ടുള്ള 18 അംഗ സമിതിയും രൂപികരിച്ചു.

തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ ഡിഗ്രി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു

ഇരിങ്ങാലക്കുട : തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ ഡിഗ്രി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. യൂണിവേഴ്സിറ്റി നല്‍കിയ വെയ്റ്റിംഗ് ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ 18 ,19 തീയ്യതികളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സേവാഭാരതിയെ സുമനസ്സുകള്‍ ഏല്‍പ്പിച്ച ഭൂമിയുടെ വിതരണം സുരേഷ് ഗോപി എം.പി നിര്‍വ്വഹിക്കുന്ന ചടങ്ങ് ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം

ഇരിങ്ങാലക്കുട : തലചായ്ക്കുവാന്‍ ഒരു പിടി മണ്ണ് ഇല്ലാത്തവര്‍ക്ക് നല്‍കുവാനായി ഉദാരമതികളായ സുന്ദരന്‍ പൊറത്തിശ്ശേരിയും വനജ ആണ്ടവന്‍ മുരിയാടും സേവാഭാരതിയെ ഏല്‍പ്പിച്ച 95 സെന്‍റ് സ്ഥലം അര്‍ഹരായ 24 പേര്‍ക്ക് രജിസ്റ്റര്‍ ചെയ്ത രേഖകള്‍ കൈമാറുന്ന ചടങ്ങ് ഇരിങ്ങാലക്കുട കാരുകുളങ്ങര നൈവേദ്യം ഹാളില്‍
സുരേഷ് ഗോപി എം പി നിര്‍വഹിക്കുന്ന ചടങ്ങ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം. തത്സമയ സംപ്രേക്ഷണം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

related news : ഭൂമിദാനം വേറിട്ടൊരു മനസാക്ഷി കാഴ്ച – സുരേഷ് ഗോപി

‘ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി’: പൊറത്തിശ്ശേരി കൃഷിഭവനില്‍ പച്ചക്കറിതൈകള്‍ വിതരണത്തിനെത്തി

പൊറത്തിശ്ശേരി: കൃഷിഭവനില്‍ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിക്കുകീഴില്‍ പച്ചക്കറിതൈകള്‍ വിതരണത്തിനെത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. പരിധിയിലെ കര്‍ഷകര്‍ക്ക് നേരിട്ടെത്തി പച്ചക്കറി കൈപ്പറ്റാവുന്നതാണ്.

ഓണക്കാലത്ത് വിഷരഹിത പച്ചക്കറി : സി.പി.ഐ (എം) ബ്ലോക്ക് സെന്റര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

മാപ്രാണം : സി.പി.ഐ (എം) ബ്ലോക്ക് സെന്റര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. ഓണ സദ്യക്കാവശ്യമായ എല്ലാതരം പച്ചക്കറികളും കൃഷി ഇവിടെ ചെയ്യുന്നുണ്ട്, കൂടാതെ ചോളവും ഇക്കൂട്ടത്തില്‍ കൃഷി ചെയ്യുന്നുണ്ട് . കൃഷിക്കായി 51 അംഗ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട് . കര്‍ഷകനായ വടക്കുട്ട് ശേഖരന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.ഡി.ഷാബു, സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി ആര്‍.എല്‍.ജീവന്‍ലാല്‍ എന്നിവര്‍ രക്ഷാധികാരികളായും, മികച്ച യുവകര്‍ഷക പുരസ്കാര ജേതാവ്കെ ബി ബിജേഷ് ചെയര്‍മാനും, എം എസ് സനീഷ് കണ്‍വീനറും, കെ എസ് .സജീഷ് ജോ. കണ്‍വീനറും ,ജിതിന്‍ ചന്ദ്രന്‍ വൈസ് ചെയര്‍മാനും ആയിട്ടുള്ള സമിതിയാണ് രൂപീകരിച്ചത്. ജൂലൈ 23-ാം തിയ്യതി ഞായര്‍ രാവിലെ 10 മണിക്ക് കൃഷിയുടെ ഔപചാരിക ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍ എ പ്രൊഫ:കെ.യു.അരുണ്‍ നിര്‍വ്വഹിക്കും.

മാധവാചാര്യ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണം

കല്ലേറ്റുംകര: മാനാട്ടുകുന്ന് മാധവാചാര്യ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി മാനാട്ടുകുന്ന് – ഇരിഞ്ഞാടപ്പിള്ളി ക്ഷേത്രം റോഡിന്റെ ഇരുവശത്തുമുള്ള പൊന്തക്കാടുകള്‍ നീക്കി വൃത്തിയാക്കി .സംഘം പ്രസിഡന്‍റ് സുഭാഷ് പി .സി , സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, വൈസ് പ്രസിഡന്റ് ജയപ്രകാശ് വി.വി, ട്രഷറര്‍ സുധന്‍ പി.സി, ജോ. സെക്രട്ടറി രജീന്ദ്രന്‍ കെ.സി, അംഗങ്ങളായ സി.കെ.ഗംഗാധരന്‍, രാജീവ് എം, ജയന്‍ ഞാറ്റുവീട്ടില്‍, സന്തോഷ് ഇടയപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Top
Menu Title