News

Archive for: September 2017

ഓണത്തിന് നിര്‍ധനര്‍ക്ക് സഹായവുമായി വിമല സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍

താണിശ്ശേരി : വിമല സെന്‍ട്രല്‍ സ്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഓണകിറ്റും ഓണക്കോടിയും സ്കൂള്‍ പരിസരത്തുള്ള എണ്‍പതോളം നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കികൊണ്ട്, പി ടി എ പ്രസിഡന്റ് ആന്റോ പെരുമ്പിള്ളി ഓണാഘോഷം ഉത്ഘാടനം ചെയ്തു. ഈ പുതിയ സംരംഭം കുട്ടികളുടെ മനസ്സില്‍ നന്മയുടെയും സമൃദ്ധിയുടെയും പുത്തന്‍ ഉണര്‍വ് പാകി. ഒരു കുടുംബത്തിന് ശരാശരി ആയിരം രൂപയുടെ സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയ കണ്ണമ്പിള്ളി ആശംസകള്‍ നേര്‍ന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ വര്‍ണാഭമായ പൂക്കളം ഒരുക്കി. കുട്ടികളുടെ തിരുവാതിരക്കളി, കസേരകളി, ലെമണ്‍ സ്‌പൂണ്‍ , ചാക്കോട്ടം, കുപ്പിയില്‍ വെള്ളം നിറക്കല്‍, സുന്ദരിക്ക് പൊട്ടുകുത്തല്‍, ആനക്ക് വാല്‍ വരക്കല്‍ തുടങ്ങിയ മത്സരങ്ങളും, അധ്യാപകരുടെ ഓണപ്പാട്ടുകളും പായസ വിതരണവും ഓണാഘോഷം മധുരതരമാക്കി. ചടങ്ങില്‍ അശ്വിന്‍ കെ അനില്‍ സ്വാഗതവും അനുഗ്രഹ ഷാജന്‍ നന്ദിയും പറഞ്ഞു .

സി.പി.ഐ (എം) സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ബി.ജെ.പി. സര്‍ക്കാര്‍, ഇന്ത്യ നാളിതുവരെ പുലര്‍ത്തി വന്ന വിദേശനയത്തെ അട്ടിമറിച്ച്, ഭീകരവാദ പ്രവര്‍ത്തനങ്ങളെയും, സാമ്രാജ്യത്വ അധിനിവേശത്തെയും പ്രോത്സാഹിപ്പിക്കുന്ന സയണിസ്റ്റ് ഭീകരരാഷ്ട്രമായ ഇസ്രായേലുമായി സാമ്പത്തിക സൈനിക സഹകരണം ഉറപ്പിക്കുന്നതിലും, നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിലൂടെ പാലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിച്ച് ഇന്ത്യ – ഇസ്രായേല്‍ – അമേരിക്ക അച്ചുതണ്ട് രൂപീകരിക്കാനുള്ള ശ്രമത്തിലും പ്രതിഷേധിച്ച് സി.പി.ഐ (എം) സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട പൂതക്കുളം മൈതാനിയില്‍ നടന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്‍.ബാലന്‍ ഉദ്ഘാടനം ചെയ്തു. ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷനായി. പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ, പി.കെ.ശിവരാമന്‍, അഡ്വ.കെ.ആര്‍. വിജയ, വി.എ.മനോജ് കുമാര്‍, ഷാജി നക്കര എന്നിവര്‍ പ്രസംഗിച്ചു. കെ.പി.ദിവാകരന്‍ മാസ്റ്റര്‍ സ്വാഗതവും, ഡോ.കെ.പി. ജോര്‍ജ് നന്ദിയും പറഞ്ഞു.

ഗവ മോഡല്‍ ബോയ്സ് വി.എച്ച്.എസ്.ഇയില്‍ ഓണാഘോഷം

ഇരിങ്ങാലക്കുട : ഗവ മോഡല്‍ ബോയ്സ് വി എച്ച് എസ് ഇ യില്‍ ഓണാഘോഷം വിവിധ പരിപാടികളാല്‍ ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ രാവിലെ ഓണ പൂക്കളം ഒരുക്കി. ഉച്ചക്ക് സമുദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു, വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ , വികസന കാര്യ സ്റ്റാന്റിoഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി സി വര്‍ഗ്ഗീസ്, പിടിഎ പ്രസിഡന്റ് തോമസ് പി.എം, കെ.കെ ചന്ദ്രന്‍, പി.ടി എ അംഗങ്ങള്‍ , പ്രിന്‍സിപ്പള്‍ ജിനേഷ് എ, അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഓണസദ്യയില്‍ പങ്കെടുത്തു. തുടര്‍ന്ന് ഉച്ചക്ക് ശേഷം നടന്ന ഓണ പരിപാടികള്‍ ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടേയും , അധ്യാപകരുടേയും ഓണപ്പാട്ട് , കസേരക്കളി, സുന്ദരിക്ക് പൊട്ടു തൊടല്‍ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. പ്രിന്‍സിപ്പള്‍ ജിനേഷ് എ ,അധ്യാപിക രായ സനൂജ എ, മജ്ഞു കെ.എന്‍, പുഷ്പാവതി എം.വി, നിസ കെ.എസ്, അകിലാ ലക്ഷ്മി, ടീ ന വി തോമസ് ,ഡോ ലോഹിതാക്ഷന്‍, ഡോ സി ജി പി സി, ഫെമി ആന്റണി ,റോസി ഗ്ലോറിയ, അധ്യാപകരായ പ്രശാന്ത് ,സലീഷ്, സജീവ് എന്നിവര്‍ നേതൃത്വം കൊടുത്തു.

ഓണസദ്യയില്‍ റെക്കോഡുമായി ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട : ഓണസദ്യയില്‍ 222 ഇനം വിഭവങ്ങളോടെ റെക്കോഡുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. കോളേജിലെ സ്വാശ്രയ കൊമേഴ്സ് ആന്‍റ് മാനേജ്മെന്‍റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ഫാ ജോസ് തെക്കന്‍ സി എം ഐ മെമ്മോറിയല്‍ മെഗാ ഓണസദ്യയില്‍ 24 തരം പായസവും 15 തരം വറവുകളും 6 തരം മധുരവും 20 തരം ചമ്മന്തികളും 13 തരം ഉപ്പിലിട്ടതും 40 തരം സൈഡു കറികളും 26 തരം മെയിന്‍ കറികളും 23 തരം അച്ചാറുകളും 55 തരം തോരനുകളുമാണ് ഉണ്ടായിരുന്നത്. സദ്യയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ ജോളി ആന്‍ഡ്രുസ്, പ്രൊഫ വി പി ആന്റോ, മുനിസിപ്പല്‍ വാര്‍ഡ് മെമ്പര്‍ ഫിലോമിന ജോയ് , ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം അദ്ധ്യാപകന്‍ ഫാ ജോയ് പീനിക്കപ്പറമ്പില്‍, മുന്‍ മാനേജര്‍മാരായ ഫാ ജോണ്‍ പാലിയേക്കര, ഫാ ജോണ്‍ പയ്യപ്പിള്ളി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുഖ്യ സംഘാടകന്‍ പ്രൊഫ അല്‍നിഷാല്‍ മെഗാസദ്യയെക്കുറിച്ച വിശദീകരിച്ചു. പ്രൊഫ കെ ജോസഫ് സ്വാഗതവും പ്രൊഫ കെ എ ഡേവിസ് നന്ദിയും പറഞ്ഞു.

വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തില്‍ കാരുണ്യത്തിന്റെ ഓണാഘോഷം

വല്ലക്കുന്ന് : വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 3 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍ വല്ലക്കുന്ന് കെ സി വൈ എം സംഘടനകളുടെ നേതൃത്വത്തില്‍ ‘മേളം 2017’ ന് തുടക്കം കുറിക്കും. പരിപാടിയുടെ ഭാഗമായി വടംവലി, ഉറിയടി, ഫുട്ബാള്‍, ബ്രൂം ഹോക്കി, പൂക്കള മത്സരം എന്നിവയും 30ല്‍ പരം പായസങ്ങളുടെ എക്സിബിഷനും വിപണിയും ഉണ്ടായിക്കുന്നതാണ്. കൂടാതെ 300ല്‍ പരം പച്ചക്കറി വിഭവങ്ങളുടെ പ്രദര്‍ശനവും അഗതി മന്ദിരത്തിലെ അമ്മമാര്‍ക്ക് ഓണസദ്യയും ഉണ്ടായിരിക്കും. ചടങ്ങിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാതറിന്‍ പോള്‍, മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി ഷാന്റോ, ആളൂര്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റുമാരായ സന്ധ്യ നൈസണ്‍, സരള വിക്രമന്‍, വാര്‍ഡ് മെമ്പര്‍മാരായ ഐ കെ ചന്ദ്രന്‍, ജസ്റ്റിന്‍ ജോര്‍ജ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതിക്കു വേണ്ടി റവ ഫാദര്‍ അരുണ്‍ തെക്കിനിയത്ത്, കെ സി വൈ എം പ്രസിഡണ്ട് ഡെറിക്ക് പോള്‍ , സെക്രട്ടറി ജോജു കോക്കാട്ട്, ട്രെഷറര്‍ മിസ്റ്റോ സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ജോസഫ് തൊടുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

കെ.എല്‍.ഡി.സി കനാല്‍ വൃത്തിയാക്കല്‍ പ്രഹസനം : അഴിമതിക്ക് നിലമൊരുക്കുന്നത് കോള്‍ കൃഷി ഗൂഢ സംഘം

മുരിയാട് : കര്‍ഷക അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികളില്‍ മുരിയാട് കോള്‍ മേഖലയില്‍ നടക്കുന്നത് കോടികളുടെ അഴിമതിയുടെ കൃഷിയാണെന്ന് ഏവര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലായിട്ടും അധികൃതര്‍ വിഹിതം പറ്റി മൗനം പാലിക്കുന്നു. കൃഷി ഒഴിച്ച് ബാക്കിയെല്ലാം അവിടെ നിര്‍ലോപം പുരോഗമിക്കുന്നു, പക്ഷെ ചെയുന്നതിനെല്ലാം ‘കൃഷിക്ക്’ വേണ്ടിയാണെന്ന പ്രചാരണവും. കെ.എല്‍.ഡി.സി. വക ബണ്ടും കനാലും ഇപ്പോള്‍ വീണ്ടും വൃത്തിയാക്കല്‍ ആരംഭിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ ചിലവുവരുന്ന ഈ പ്രക്രിയ അഴിമതിയുടെ വിളനിലമായാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അവര്‍ക്കുവേണ്ടി അഴിമതിക്ക് നിലമൊരുക്കുന്ന കോള്‍ കൃഷി ഗൂഢ സംഘത്തില്‍പെട്ടവര്‍ക്കും അവസരമൊരുക്കുന്നത്. വെള്ളത്തില്‍ കല്ലിടുന്നതുപോലെയാണ് ഇവിടത്തെ സംവിധാനങ്ങള്‍. യാതൊരു ഔദ്യോഗിക നിരീക്ഷണങ്ങളും ഇല്ലാതെയാണ് കെ എല്‍ ഡി സി കനാല്‍ വൃത്തിയാക്കുന്ന പണികള്‍ പുരോഗമിക്കുന്നത്. വല്ലക്കുന്ന് ചെമ്മീന്‍ചാലില്‍ നിന്നു ആരംഭിക്കുന്ന കെ.എല്‍.ഡി.സി കനാല്‍ പക്ഷെ വൃത്തിയാക്കല്‍ തുടങ്ങുന്നത് തൊമ്മാന പാലത്തിനടുത്തു നിന്നും മാത്രമാണ്. കെ.എല്‍.ഡി.സി കനാലില്‍ കിലോ മീറ്ററുകളോളം നീളത്തില്‍ നിറഞ്ഞു കിടക്കുന്ന പുല്ലും ചണ്ടിയും അതിനുപുറമെ കൃഷിയിറക്കാന്‍ ജലസേചനം നടക്കാത്ത രീതിയില്‍ കാടുപിടിച്ച് കിടക്കുന്നതും മാറ്റുവാനാണ് എല്ലാവര്‍ഷവും വൃത്തിയാക്കല്‍ ചടങ്ങ് എന്നപേരില്‍ ഇവിടെ ലക്ഷങ്ങള്‍ പൊടിക്കുന്നത്. തൊമ്മാന മുതല്‍ പുത്തെന്‍തോട് വരെ ബണ്ടില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച 28 പമ്പ് ഹൗസുകളില്‍നിന്നും കൃഷിക്ക് വെള്ളം പമ്പ് ചെയ്യാനും കനാലിലെ നിലവിലെ പുല്ലും ചണ്ടിയും തടസ്സമാണ്. എന്നാല്‍ ഓരോ വര്‍ഷവും കൃഷി കുറഞ്ഞുവരുകയുമാണ്. കൃഷിക്കാര്‍ക്ക് ആവശ്യമുള്ള സമയത്തല്ല കെ എല്‍ ഡി സി കനാല്‍ വൃത്തിയാക്കല്‍ നടക്കുന്നതെന്ന ആരോപണവും എല്ലാവര്‍ഷവും ഉയരുന്നതാണ്. ഫ്‌ളോട്ടിങ് ജങ്കാര്‍ ഉപയോഗിച്ചാണ് കനാല്‍ വൃത്തിയാക്കല്‍ പണികള്‍ നടത്തുന്നത്. കനാലിന്റെ ഉപരിതലത്തില്‍ ഒഴുകിനടക്കുന്ന ചണ്ടികളും , ഉയര്‍ന്നുനില്‍ക്കുന്ന പുല്ലുകളും അവയുടെ വേരുകളും അടിഭാഗത്തുനിന്നും വേണ്ടവിധം വൃത്തിയാക്കിയാല്‍ മാത്രമേ കനാലില്‍ നല്ല ഒഴുക്ക് കടക്കുകയുള്ളു. പക്ഷെ എല്ലാവര്‍ഷവും കോണ്‍ട്രാക്ട് ജോലി ലഭിക്കുവാന്‍ കോണ്‍ട്രാക്ടരുടെയും ഏതാനും ഉദ്യോഗസ്ഥരുടെയും താത്പര്യ പ്രകാരം ‘വൃത്തിയാക്കല്‍ ‘ വെറും ഒരു ചടങ്ങ് മാത്രമായി അവസാനിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാര്‍ കെ.എല്‍.ഡി.സി കനാലിലെ നീരൊഴുക്ക് തടസപ്പെടുത്തുന്ന ചണ്ടികളും ആഴത്തില്‍ വളരുന്ന പുല്ലുകളും ശാശ്വതമായി നശിപ്പിക്കുവാന്‍ ഒരു പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷെ കോള്‍ കൃഷി മേഖലയിലെ ചില ഗൂഢ സംഘത്തില്‍പെട്ടവര്‍ ഇത് അട്ടിമറിക്കുകയായിരുന്നു. വര്‍ഷാവര്‍ഷങ്ങളിലെ വരുമാനം തടസ്സപ്പെടാതിരിക്കാനാണ് ഇതെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. എന്നാലും ‘കര്‍ഷകര്‍ക്കും കൃഷിക്കും വേണ്ടി’ ഇപ്പോഴും കെ എല്‍ ഡി സി കനാല്‍ അഴിമതിയുടെ ഒരു അക്ഷയഖനിയായി തുടരുന്നു.

സേവാഭാരതി സ്വാശ്രയനിലയത്തില്‍ ഓണാഘോഷം

കാട്ടൂര്‍ : സേവാഭാരതി സ്വാശ്രയനിലയം കാട്ടൂരില്‍ ഓണാഘോഷം നടന്നു. സ്വാശ്രയനിലയം പ്രസിഡന്റ്‌ ചെമ്പിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ്‌ രാജന്‍ മുളങ്ങാടന്‍ സ്വാഗതംപറഞ്ഞു. ആര്‍ എസ് എസ് ഇരിങ്ങാലക്കുട ഘണ്ട് കര്യവഹക്ക് ഇ.വീ. ബാബുരാജ്‌ ഉത്ഘാടന കര്‍മം നിര്‍വഹിച്ചു. പൂര്‍വ സൈനിക സേവ പരിഷത്ത് കേരള സംസ്ഥാന സംയോജകന്‍ കെ. സേതുമാധവന്‍ ഓണ സന്ദേശം നല്‍കി. വാര്‍ഡ്‌ മെമ്പര്‍ എം. ജെ. റാഫി , തരാനാഥന്‍ മാസ്റ്റര്‍, പ്രകാശന്‍ കൈമാപരമ്പില്‍ സെക്രട്ടറി സേവാഭാരതി ഇരിങ്ങാലക്കുട എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ കെ. എസ്. അജേഷ് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും എന്‍ എസ് എസ് കരയോഗം വനിതാ സമാജത്തിന്റെ കൈകൊട്ടി കളിയുംനടന്നു.

നാടന്‍ പച്ചക്കറി വിപണനമേള

മുരിയാട് : കൃഷിഭവനും മുരിയാട് പഞ്ചായത്തും ചേര്‍ന്ന് ഓണത്തിന് ഒരു മുറം പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഓണ സമൃദ്ധി – 2017 ന്റെ നാടന്‍ പച്ചക്കറി വിപണനമേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് ,പഞ്ചായത്ത് അംഗങ്ങളായ ജെസ്റ്റിന്‍ ജോര്‍ജ്ജ്, എം.കെ കോരു കുട്ടി, എ എം ജോണ്‍സണ്‍, ക്യഷി അസിറ്റന്റ്റുമാരായ രമ്യ എ എം, ഷൈനി വി എ, വി എസ്. സുകന്യ എന്നിവര്‍ സംസാരിച്ചു.

മുരിയാട് കോള്‍നിലത്തിലെ അനധികൃത മണ്ണെടുക്കല്‍ : മാടായിക്കോണം വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

മുരിയാട് : കോള്‍ നിലത്തില്‍ ഉള്‍പ്പെടുന്ന കൃഷിഭൂമി അനധികൃതമായി മണ്ണിടിച്ച് നീക്കി കരഭൂമി ആക്കുന്നതിനുള്ള ഭൂവുടമയുടെ ശ്രമത്തിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി മുന്‍പാകെ ആനന്ദപുരം സ്വദേശി എം എം സുരേഷ് ബോധിപ്പിച്ച ഹര്‍ജിയില്‍ അന്വേഷണം നടത്തുന്നതിനായി തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ്‌ പി യോട് വിജിലന്‍സ് കോടതി ജഡ്ജ് എ ഹാരിസ് ഉത്തരവിട്ടു. മാടായിക്കോണം വില്ലേജ് ഓഫീസറുടെ ഒത്താശയോടെ റോയ് ജോസ് പൊറത്തൂക്കാരന്‍ മുരിയാട് കോള്‍നിലത്തില്‍ ഉള്‍പ്പെടുന്ന രണ്ടേക്കറോളം പാടശേഖരത്തില്‍ മണ്ണിടിച്ചുനീക്കുകയും ആയതില്‍ ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതിനെതിരെ പാടശേഖരത്തിലെ തന്നെ കൃഷിക്കാരനായ സുരേഷ് വില്ലേജ് ഓഫീസര്‍ മുന്‍പാകെ പരാതിപ്പെട്ടിട്ടും ധിക്കാരപരമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്. കൂടാതെ പരാതിക്കാരന്‍ ജില്ലാ കളക്റ്റര്‍ ഉള്‍പ്പെടെയുള്ള മേലധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ മാടായിക്കോണം വില്ലേജ് ഓഫീസര്‍ മേലധികാരികളെ തെറ്റിദ്ധരിപ്പിക്കുകയും ഇവരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തില്‍ സുരേഷ് ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയെ സമീപിച്ച മണ്ണിടിക്കുന്നതിനെതിരെ അന്യായം ബോധിപ്പിച്ചതിനെതിരെ താത്കാലിക നിരോധന ഇന്‍ജംഗ്ഷന്‍ ഉത്തരവ് സമ്പാദിച്ചിട്ടുള്ളതും തുടര്‍ന്ന് കോടതി നിയോഗിച്ച കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് ബോധിപ്പിച്ചിട്ടുള്ളതുമാണ്. എന്നാല്‍ പ്രതിയായ സ്ഥല ഉടമ ഇന്‍ജംഗ്ഷന്‍ ഉത്തരവ് ധിക്കരിച്ച് നിലത്തില്‍ മണ്ണിടിച്ച നികത്തി വരവെയാണ് പരാതിക്കാരന്‍ വില്ലേജ് ഓഫീസര്‍ക്കും ഭൂവുടമയ്ക്കുമെതിരെ പരാതിയുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്. പരാതിക്കാരന്റെ ഭാഗത്തു നിന്നുമുള്ള വിശദമായ വാദം കേട്ട് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട വിജിലന്‍സ് ഡി വൈ എസ്‌ പി യെ ചുമതലപ്പെടുത്തി ഉത്തരവായി. പരാതിക്കാരന് വേണ്ടി അഡ്വ പി മണികണ്ഠന്‍ , അഡ്വ എ ആര്‍ അരവിന്ദ്, അഡ്വ ഇന്ദു മേനോന്‍ എന്നിവര്‍ ഹാജരായി.

തക്കാളി കൃഷി വിളവെടുപ്പ്

ഇരിങ്ങാലക്കുട : എസ് എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ഒാണസദ്യ ഒരുക്കുന്നതിന്റെ ഭാഗമായി എസ് എന്‍ ഹൈസ്ക്കൂള്‍ പ്രധാനാധ്യാപികയും സീഡ് ക്ലബ്ബ് അംഗങ്ങളും ചേര്‍ന്ന് തക്കാളി കൃഷി വിളവെടുപ്പ് നടത്തി.

ഇരിങ്ങാലക്കുടയിലെ സ്വകാര്യ കെട്ടിട ഉടമയ്ക്കായി ഉന്നതര്‍ : കോന്തിപുലത്ത് അനുവദിച്ച ബിവറേജ് തുറക്കാതെ ഉദ്യോഗസ്ഥര്‍

ഇരിങ്ങാലക്കുട : കൊടകരയില്‍ നിന്നും മാറ്റി സ്ഥാപിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റ് ജനവാസമില്ലാത്ത കോന്തിപുലം തുരുത്തിലേക്ക് മാറ്റാനുള്ള നീക്കം ഇരിങ്ങാലക്കുടയിലെ സ്വകാര്യ കെട്ടിട ഉടമയ്ക്കുവേണ്ടി ഉന്നതര്‍ തടഞ്ഞതായി ആക്ഷേപം. ഒരാഴ്ച മുമ്പാണ് കോന്തിപുലത്തെ ജനവാസമില്ലാത്ത തുരുത്തില്‍ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിന് കോര്‍പ്പറേഷന്‍ ഡെപ്പോ മാനേജര്‍ക്ക് അപേക്ഷ നല്‍കിയത്. എക്‌സൈസ് വകുപ്പ് ഇതിന് ലൈസന്‍സ് നല്‍കുകയും ചെയ്തു. എന്നാല്‍ ഔട്ട്‌ലെറ്റ് ഇരിങ്ങാലക്കുടയിലേക്ക് മാറ്റാന്‍ ദീര്‍ഘനാളായി ശ്രമിക്കുന്ന കെട്ടിട ഉടമയ്ക്ക് വേണ്ടി ബിവറേജ് കോര്‍പ്പറേഷനിലേയും എക്‌സൈസ് വകുപ്പിലേയും ഉന്നതര്‍ നടപടി തടഞ്ഞിരിക്കുകയാണ്. ഓണത്തിന് മുമ്പ് കോന്തിപുലത്ത് ഔട്ട്‌ലെറ്റ് തുറക്കാനാണ് ജീവനക്കാരും ഡെപ്പോ മാനേജറും ചേര്‍ന്ന് സ്ഥലം കണ്ടെത്തിയത്. എന്നാല്‍ കോന്തിപുലത്ത് അനുവദിച്ച ലൈസന്‍സ് റദ്ദാക്കി ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ പരിസരത്തേക്ക് മാറ്റാനാണ് ഇപ്പോള്‍ ഉന്നതരുടെ ശ്രമം. നേരത്തെ സിവില്‍ സ്‌റ്റേഷന് സമീപത്തേക്ക് ഇരിങ്ങാലക്കുടയിലെ ബിവറേജ് മാറ്റാനുള്ള നീക്കം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എക്‌സൈസ് കമ്മിഷണര്‍ തടഞ്ഞ് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കെട്ടിട ഉടമ കൊടകര ബിവറേജ് ഔട്ട്‌ലെറ്റ് ഇതേ കെട്ടിടത്തിലേക്ക് വരുത്താനായി ഉടമ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. തുടര്‍ന്നാണ് ഇപ്പോള്‍ കോര്‍പ്പറേഷന്റെ ഉന്നതരെ പിടിച്ച് കെട്ടിട ഉടമ പുതിയ നീക്കം നടത്തുന്നത്.

ശ്രീ നാരായണഗുരു ജയന്തി ആഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 6 ന് തുടക്കം

ഇരിങ്ങാലക്കുട : എസ് എന്‍ ബി എസ്‌ സമാജം, എസ്‌ എന്‍ വൈ എസ്‌ മുകുന്ദപുരം, എസ്‌ എന്‍ ഡി പി യൂണിയനിലെ 1 , 2 മേഖലയില്‍ ഉള്‍പ്പെടുന്ന ശാഖായോഗങ്ങള്‍, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീ നാരായണഗുരു പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണഗുരു ജയന്തി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 6 ന് വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വര്‍ണശബളമായ ഘോഷയാത്രയും പൊതുസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ആഘോഷപരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. അവാര്‍ഡ് ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എ മനോജ്‌കുമാര്‍, സമ്മാനദാനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവും എസ്‌ എന്‍ ഡി പി മുകുന്ദപുരം യൂണിയന്‍ സെക്രെട്ടറി പി കെ പ്രസന്നന്‍ മുഖ്യപ്രഭാഷണവും നടത്തും. ജയന്തി സന്ദേശം എസ്‌ എന്‍ ഡി പി യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം നല്‍കും. സമ്മേളനാനന്തരം ജിത ബിനോയ് കുഞ്ഞിലിക്കാട്ടിലും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളി ഉണ്ടായിരിക്കും. അന്ന് രാവിലെ 10 മുതല്‍ 12 മണി വരെ എസ്‌ എന്‍ വൈ എസ്‌ സംഘടിപ്പിക്കുന്ന അഖില കേരള പൂക്കളമത്സരവും ഉണ്ടായിരിക്കുന്നതാണ്. എസ്‌ എന്‍ ബി എസ്‌ സമാജം പ്രസിഡണ്ട് വിശ്വംഭരന്‍ മുക്കുളം, എസ്‌ എന്‍ ബി എസ്‌ സമാജം സെക്രട്ടറി രാമാനന്ദന്‍ ചെറാകുളം, എസ്‌ എന്‍ ഡി പി മുകുന്ദപുരം യൂണിയന്‍ സെക്രെട്ടറി പി കെ പ്രസന്നന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നഗരസഭയിലെ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ജില്ലയിലെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 41 വാര്‍ഡുകളിലേക്ക് കര്‍ഷകര്‍ക്കായി മല്‍സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നഗരസഭയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ മത്സ്യക്കുഞ്ഞുങ്ങളടങ്ങിയ പാക്കറ്റ് കര്‍ഷകര്‍ക്ക് നല്‍കി. ഒരു സെന്റിന് 40 മത്സ്യക്കുഞ്ഞുങ്ങള്‍ എന്ന കണക്കിനാണ് വിതരണം. 19 ലക്ഷത്തി മുപ്പത്തൊമ്പതിനായിരത്തി എണ്ണൂറ്റി മുപ്പത് മല്‍സ്യക്കുഞ്ഞുങ്ങളെയാണ് നഗരസഭയില്‍ 42 കര്‍ഷകര്‍ക്കായി വിതരണം ചെയ്തതെന്ന് കോര്‍ഡിനേറ്റര്‍ ഗോപി എ, പ്രൊജക്റ്റ് അസ്സിസ്റ്റന്റുമാരായ കിരണ്‍, ശ്രീലക്ഷ്മി എന്നിവര്‍ പറഞ്ഞു. കട്ട്ല, രോഹു, മൃഗാള്‍, ഗ്രാസ് കാര്‍പ്പ് എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. 40 മുതല്‍ 400 കുഞ്ഞുങ്ങള്‍ വരെയുള്ള പാക്കറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തത്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള തൃശ്ശൂരിലെ മത്സ്യ കര്‍ഷക വികസന ഏജന്‍സിക്കാണ് വിതരണ ചുമതല. ജൂണ്‍-ജൂലൈ മാസത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ ലഭിച്ചാലാണ് ഡിസംബറിലേക്ക് വിളവെടുപ്പ് സാധ്യമാകൂ എന്നും, ഇപ്പോള്‍ തന്നെ രണ്ടു മാസത്തോളം വൈകിയാണ് ലഭിച്ചതെന്ന് കര്‍ഷകര്‍ക്ക് ആക്ഷേപമുണ്ട്. ഇതിനു പുറമെ 400 കുഞ്ഞുങ്ങളങ്ങിയ പാക്കറ്റ് പലപ്പോളും പകുതിയേ ഉണ്ടാകാറുള്ളൂ എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ഓഫീസ് ഠാണാവില്‍ സംസ്ഥാന സെക്രട്ടറി എ സി ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി എസ് സുനീഷ് അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് എ കെ ശശിധരന്‍, എന്നിവര്‍ സംസാരിച്ചു. കെ വി ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജോണ്‍സണ്‍ തൊടുപറമ്പില്‍ നന്ദിയും പറഞ്ഞു.

കലാഭവന്‍ മണിയുടെ ജീവിതത്തിന്റെ സ്വതന്ത്ര നാടകാവിഷ്കാരം മാണിക്യപൊന്നിന്റെ ആദ്യ അവതരണം 30ന്

ഇരിങ്ങാലക്കുട : കലാഭവന്‍ മണിയുടെ ജീവിതത്തിന്റെ സ്വതന്ത്ര നാടകാവിഷ്കാരം “മാണിക്യപൊന്നിന്റെ ” ആദ്യ അവതരണം ആഗസ്ത് 30 ന് വൈകീട്ട് 5 മണിക്ക് പടിയൂര്‍ ഫെസ്റ്റില്‍ നടക്കും. പടിയൂര്‍ സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന പടിയൂര്‍ ഫെസ്റ്റില്‍ നടക്കുന്ന കലാഭവന്‍ മണി അനുസ്മരണത്തില്‍ സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കീഴാള വിമോചനത്തിന്റെ നായകനായി മണിയെ ദൃശ്യവല്‍ക്കരിക്കുന്ന ഈ നാടകത്തില്‍ ചാലക്കുടി പുഴയും പാഡിയും മണിയുടെ വീടുമാണ് പ്രധാന രംഗങ്ങള്‍ .സാധാരണക്കാരനായ മണി കലാഭവന്‍ മണിയാകുന്നതും . പിന്നിട് താരപ്രഭയിലേക്ക് നടന്നടുക്കുമ്പോഴും മണിയെന്ന വ്യക്തിയുടെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങളാണ് പ്രധാന ഇതിവൃത്തം . ജനപ്രിയനയാ ഒരു കലാകാരന്റെ ജീവിതം നാടകമാകുന്നതോടെ നാടകരംഗത്ത് ഒരു ചരിത്ര സംഭമാവുകയാണ് “മാണിക്യപ്പൊന്ന്” മമ്മൂട്ടി അഭിനയിച്ച ഗോഡ്മാന്‍, കലാഭവന്‍ മണി അഭിനയിച്ച കരീബിയന്‍സ് എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് പതിശ്ശേരിയാണ് നാടകത്തിന്റെ രചന നിര്‍വഹിക്കുന്നത്. 2000 -ല്‍ പരം വേദികള്‍ പിന്നിട്ട അച്ഛന്റെ പൊന്നുമക്കള്‍ എന്ന നാടകം അവതരിപ്പിച്ച അങ്കമാലി അമ്മ കമ്മ്യൂണിക്കേഷന്‍സിനു വേണ്ടി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദാനന്തര ബിരുദവും പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സംവിധാനത്തില്‍ ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന രെഞ്ചു ചന്ദ്രനാണ് സംവിധാനം നിര്‍വഹിക്കുന്നത്. കലാഭവന്‍ മണിയുടെ ജീവിതത്തിന്റെ പ്രധാന മുഹൂര്‍ത്തങ്ങളെയും, നാടന്‍ പാട്ടിന്റെ നാട്ടു പച്ചയും കോര്‍ത്തിണക്കി ആണ് നാടകം ആവിഷ്കരിച്ചിട്ടുള്ളത്. കലാഭവന്‍ മണി ആയി പൊടിയന്‍ പള്ളിത്തോട്‌ അഭിനയിക്കുമ്പോള്‍ മയ്യനാട് രവീന്ദ്രന്‍ , ഹരിലാല്‍ മനയ്ക്കലപ്പടി, ജയപ്രകാശ് എടക്കുളം, വസന്ത കൊളത്തുര്‍, ശോഭ എസ് പൂഞ്ഞാര്‍ എന്നിവര്‍ അരങ്ങിലെത്തുന്നു. കലാരത്ന അവാര്‍ഡ് ജേതാവ്, സുജാതന്‍ മാസ്റ്റര്‍ രംഗപടം ഒരുക്കുമ്പോള്‍ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ , കലാഭവന്‍ നൗഷാദ് , സംസ്ഥാന അവാര്‍ഡ് ജേതാവ് കാര്‍ത്തികേയന്‍ വലപ്പാട്, , പ്രമോദ് ശ്രീധര്‍, തുടങ്ങിയവര്‍ അണിയറയില്‍ പങ്കുചേരുന്നു. കലാഭവന്‍ മണിയുടെ ജീവിതത്തിനു നല്‍കുന്ന ഒരു ആദരാഞ്ജലി കൂടിയാണ് ഈ നാടകം, പുലയൂര്‍ സജു ചന്ദ്രന്‍ ആണ് ഈ നാടകം നിര്‍മ്മാണം ചെയ്യുന്നത്.

Top
Menu Title