News

Archive for: August 17th, 2017

ഗ്രാമസഭകളിലെ പങ്കാളിത്ത കുറവ്, പൊതുജനത്തെ പരിഹസിച്ച് ചെയര്‍പേഴ്സണ്‍ : എന്നാല്‍ ബോധവല്‍ക്കരണ പരിപാടിക്ക് എത്തിയത് നാമമാത്ര കൗണ്‍സിലര്‍മാര്‍

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ചേരുന്ന ഗ്രാമസഭകളില്‍ പൊതുജന പങ്കാളിത്തം കുറഞ്ഞു വരുന്നതില്‍ പൊതുജനങ്ങളെ നഗരസഭ ചെയര്‍പേഴ്സണ്‍ പരിഹസിച്ചത് ബോധവല്‍ക്കരണ പരിപാടിക്ക് എത്തിയത് വെറും നാമമാത്ര കൗണ്‍സിലര്‍മാര്‍ മാത്രമാണെന്ന കാര്യം വിസ്മരിച്ച്. തദ്ദേശ സ്ഥാപനങ്ങളുടെ വികസന ക്ഷേമ പദ്ധതികളെ കുറിച്ചും ഓരോ പ്രദേശത്തെയും വികസന പ്രക്രിയകളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഗ്രാമസഭയെ കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെ കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡലിവറി പ്രൊജക്റ്റ് തദ്ദേശ മിത്രം ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ഗ്രാമസഭകളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തംകൊണ്ട് സജീവമാക്കുവാന്‍ വേണ്ടിയുള്ള ബോധവല്‍ക്കരണ നാടക യാത്ര ഇരിങ്ങാലക്കുടയില്‍ എത്തിയപ്പോള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു. ഗ്രാമസഭയില്‍ പങ്കെടുക്കുവാന്‍ ജനങ്ങളെ വീട്ടില്‍ പോയി എടുത്തുകൊണ്ടു വരേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത് എന്ന് ചെയര്‍പേഴ്സണ്‍ കുറ്റപെടുത്തിയപ്പോള്‍ വ്യാഴാഴ്ച നടന്ന ബോധവല്‍ക്കരണ പരിപാടിയിലേക്ക് ക്ഷണിച്ച 41 കൗണ്‍സില്‍മാരില്‍ 10 പേരുടെ പങ്കാളിത്തം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഇതിനു പുറമെ സമീപ പഞ്ചായത്തിലെ പ്രസിഡന്റുമാരെയും അംഗങ്ങളെയും ഈ പരിപാടി അറിയിച്ചിരുന്നു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ഒഴികെ മറ്റാരും ഈ പരിപാടിക്ക് എത്തിയിരുന്നില്ല . എന്നാല്‍ പലരെയും പരിപാടി അറിയിച്ചില്ലെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ഗ്രാമസഭകളില്‍ ക്വറം തികയാതെ കള്ള ഒപ്പിട്ടു ഹാജര്‍ തികച്ചതിനു നഗരസഭയിലെ പല കൗണ്‍സിലര്‍മാര്‍ക്കെതിരെയും പരാതി നിലനില്‍ക്കുമ്പോഴാണ് പൊതുജനത്തിന് മേല്‍ കുറ്റം ആരോപിച്ചു ചെയര്‍പേഴ്സണ്‍ ഈ പരിപാടിയില്‍ സംസാരിച്ചത്. ഇത്തരം ഒരു നാടകം കണ്ടെങ്കിലും പൊതുജനത്തിന് ബോധം വെക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ പങ്കെടുക്കാതിരുന്ന കൗണ്‍സിലര്‍മാരുടെ അഭാവത്തെ കുറിച്ച് ഒന്നും പറയാതിരുന്നത് ശ്രദ്ധേയമായി . ‘ഒരു ഗ്രാമം പറഞ്ഞ കഥ’ എന്ന് പേരിട്ടിരിക്കുന്ന നാടകത്തില്‍ ധാരാളം അപര്യാപ്തതകളുള്ള ഒരു ഗ്രാമം ഗ്രാമ സഭ സജീവമാക്കി സ്വയം പര്യാപ്തമാകുന്ന കഥയാണ് പറയുന്നത്. തദ്ദേശ മിത്രത്തിന്റെ പ്രചരണ വേഷമായ മാഷാണ് സന്ദേശ പ്രചാരകനായി നാടകത്തിലെത്തുന്നത്. ഗ്രാമസഭകളില്‍ പൊതുജനത്തെ പങ്കെടുപ്പിക്കേണ്ട ആവശ്യകത ഇതില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. കൗണ്‍സിലര്‍മാര്‍ക്ക് ഇതില്‍ നിന്നും പല ഗുണപാഠങ്ങളും ലഭിക്കാന്‍ ഉണ്ടായിരുന്നു.

പുല്ലൂര്‍ ശിവ – വിഷ്ണു ക്ഷേത്രത്തില്‍ മഹാ ഗണപതിഹോമവും ഔഷധ കഞ്ഞി വിതരണവും

പുല്ലൂര്‍ : ശിവ വിഷ്ണു ക്ഷേത്രത്തില്‍ ആഗസ്ത് 6 ഞായറാഴ്ച മഹാ ഗണപതിഹോമവും ഔഷധ കഞ്ഞി വിതരണവും നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാ ഗണപതിഹോമം നടക്കും. തുടര്‍ന്ന് ഭഗവാന്‍ ധന്വന്തര മൂര്‍ത്തി വിഭാവനം ചെയ്ത 17 തരം പച്ചമരുന്നുകളുടെ അത്യുത്തമ കൂട്ടുകളാല്‍ നിര്‍മ്മിക്കപ്പെട്ട ഔഷധക്കഞ്ഞി രാവിലെ 10 .30 മുതല്‍ 12 .30 വരെ വിതരണം ചെയ്യും .

സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റുകളുടെ കൂട്ടായ്മ ഇരിങ്ങാലക്കുടയില്‍ രൂപംകൊണ്ടു

ഇരിങ്ങാലക്കുട : സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റുകളുടെ കൂട്ടായ്മ ഇരിങ്ങാലക്കുടയെ കേന്ദ്രീകരിച്ചു രൂപം കൊണ്ടതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കട്ട നിര്‍മ്മിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുക്കളായ ബേബിമെറ്റല്‍ , പാറപ്പൊടി , സിമന്റ് എന്നിവക്ക് ഭീമമായ വര്‍ധനവിനൊപ്പം സിമെന്റിനു 5 % വാറ്റ് ആയിരുന്നത് ജി എസ് ടി വന്നപ്പോള്‍ 28 % ആയിരിക്കുകയാണ് എന്നും അപ്രതീക്ഷിതമായ  വില വര്‍ധനവും ടാക്സ് വര്‍ധനവും മൂലം സാധാരണക്കാര്‍ക്ക് സ്വന്തമായി വീട് പണിയുവാന്‍ വളരെയധികം ചെലവ് വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ സാധാരണക്കാരന്റെ സിമന്റ് കട്ടകള്‍ മാത്രം ആണ് ഇന്ന് ആശ്രയം. സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായി ക്രഷറുടമകളുടെ അനിയന്ത്രിത വില വര്‍ധനവുകള്‍ പിന്‍വലിക്കണമെന്നും ജി എസ് ടി ശതമാനം കുറക്കുകയും ചെയ്യണം എന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അസോസിയേഷന് വേണ്ടി പ്രസിഡന്റ് ബാബു അക്കരക്കാരന്‍, സെക്രട്ടറി പോള്‍ നെടുമ്പക്കാരന്‍, ട്രഷറര്‍ ജോണ്‍സണ്‍ ആന്റണി , ഷൈലന്‍, ബിജു വി വി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അയനം 2017 : സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ മെറിറ്റ് ഡേ ആഗസ്ത് 5 ന്

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പി ടി എ യുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 5 ശനിയാഴ്ച 2 മണിക്ക് മെറിറ്റ് ഡേ സംഘടിപ്പിക്കുന്നു. പ്ലസ് ടു വിഭാഗത്തില്‍ മുഴുവന്‍ എ പ്ലസ് നേടിയ 15 വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ ടാബ്‌ലെറ്റ് കമ്പ്യൂട്ടറും ടോപ് സ്കോര്‍ നേടിയവര്‍ക്ക് ഗോള്‍ഡ് കോയിനും നല്‍കുന്നു. വിജയിച്ച എല്ലാ കുട്ടികള്‍ക്കും ട്രോഫികളും നല്‍കുന്നു. മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ 99 .12 % വിജയവും കോമേഴ്‌സ് വിഭാഗത്തില്‍ 94 .56 % വിജയവും സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ നേടി . മെറിറ്റ് ഡേയില്‍ സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡര്‍ ശ്രീലക്ഷ്മി ക്ലാസ് നടത്തും. മെറിറ്റ് ഡേയുടെ ഉദ്ഘാടനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും . മാനേജര്‍ ഡോ. ആന്റോ ആലപ്പാടന്‍ അദ്ധ്യക്ഷത വഹിക്കും . കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ ജോര്‍ജ് പാറമേല്‍ , മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും എന്ന് പ്രിന്‍സിപ്പല്‍ റെക്ടി കെ ഡി , പി ടി എ പ്രസിഡന്റ് ഡേവീസ് കണ്ണമ്പിള്ളി , വൈസ് പ്രസിഡന്റ് പുഷപവതി പി കെ , കണ്‍വീനര്‍ കെ എ വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജല വിതരണം

ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചു കര്‍ക്കിടകം 1 മുതല്‍ ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം വക ചുക്ക് കാപ്പി , ചുക്ക് വെള്ളം വിതരണം ആരംഭിച്ചു. കര്‍ക്കിടകം 31 വരെ രാവിലെ 5 മണി മുതല്‍ ഉച്ചക്ക് നട അടക്കുന്നത് വരെയാണ് വിതരണം. അഖില ഭാരത അയ്യപ്പ സേവാ സംഘം മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ഉള്ള വളണ്ടിയര്‍മാരാണ് ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിനു മുന്‍ വശത്ത് സ്വമേധയ ശുദ്ധജല വിതരണം നടത്തുന്നത് .

പാചകവാതക സബ്‌സിഡി പിന്‍വലിക്കല്‍ : ഇന്ത്യന്‍ ജനതയോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വെല്ലുവിളിക്കെതിരെ എ ഐ വൈ എഫ്

ഇരിങ്ങാലക്കുട : രാജ്യത്ത് പാചകവാതകത്തിന് നല്‍കി വരുന്ന സര്‍ക്കാര്‍ സബ്‌സിഡി അവസാനിപ്പിക്കാനുള്ള തീരുമാനം സാധാരണക്കാരായ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളി ആണെന്നും , തീരുമാനം ഉടന്‍ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടു എ ഐ വൈ എഫ് ആഹ്വാനപ്രകാരം ഇരിങ്ങാലക്കുട നഗരത്തില്‍ നടന്ന പ്രകടനം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന സായാഹ്‌ന പൊതുയോഗം സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി എന്‍ കെ ഉദയപ്രകാശ് , എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വി ആര്‍ രമേശ് വി ആര്‍ രമേശ് , മണ്ഡലം പ്രസിഡന്റ് എ എസ് ബിനോയ് എന്നിവര്‍ സംസാരിച്ചു.

കേരള പ്രിന്‍റേഴ്സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖല സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കേരള പ്രിന്‍റേഴ്സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖല സമ്മേളനം നടന്നു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. ബിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.എല്‍. സാജന്‍ അദ്ധ്യക്ഷത വഹിച്ചു. സുനില്‍ പി മതിലകം ആശംസകള്‍ അര്‍പ്പിച്ചു. സണ്ണി കുണ്ടുകുളം, ടി.എസ്. ബൈജു, സാജു ടോം എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സണ്ണി കുണ്ടുകുളം (പ്രസിഡണ്ട്) ,ടി.എസ്. ബൈജു (സെക്രട്ടറി), സാജു ടോം (ട്രഷറര്‍) ,സി.എല്‍. സാജന്‍ (വൈസ് പ്രസിഡണ്ട്), വിജീഷ് (ജോ. സെക്രട്ടറി), ബൈജു പ്രകാശം (ജില്ലാ കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്‌ ഹൈസ്കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ആഗസ്റ്റ്‌ 5 ന്

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്‌ ഹൈസ്‌ക്കൂള്‍ വിദ്യാലയത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം ആഗസ്റ്റ്‌ 5-ാം തിയതി ശനിയാഴ്ച രാവിലെ 10.00 ന്‌ നടത്തുന്നു. ഇതിലേക്ക്‌ പൂര്‍വ്വ അധ്യാപക അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഈ വിദ്യാലയത്തില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയിട്ട്‌ 25 വര്‍ഷം തികയുന്ന 1992 എസ് എസ് എല്‍ സി ബാച്ചിനെയും പ്രത്യേകം ക്ഷണിക്കുന്നതായി ഹെഡ്‌മിസ്‌ട്രസ്‌ സി.റോസ്‌ലറ്റ്‌ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക , നമ്പര്‍: 0480 2826372, 9496276372.

ഗ്രാമസഭകള്‍ സജീവമാക്കുവാന്‍ തദ്ദേശമിത്ര നാടകവുമായി ജനമൈത്രി പോലീസ് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ഗ്രാമസഭകളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തംകൊണ്ട് സജീവമാക്കുവാന്‍ തദ്ദേശമിത്ര നാടകവുമായി ജനമൈത്രി പോലീസ് ഇരിങ്ങാലക്കുടയില്‍ എത്തി. നാടകയാത്രയുടെ ജില്ലാതല പര്യടനത്തിന്റെ ഭാഗമായി ബസ്റ്റാന്റില്‍ ‘ഒരു ഗ്രാമം പറഞ്ഞ കഥ’ എന്ന നാടകം അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സി ഐ സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു . തദ്ദേശ സ്ഥാപനങ്ങളുടെ വികസന ക്ഷേമ പദ്ധതികളെ കുറിച്ചും ഓരോ പ്രദേശത്തെയും വികസന പ്രക്രിയകളില്‍ പങ്കെടുക്കാന് ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഗ്രാമസഭയെ കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെ കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡലിവറി പ്രൊജക്റ്റ് തദ്ദേശ മിത്രം കേരളത്തിലെ എല്ലാ താലൂക്ക് കളിലും ഈ നാടകം അവതരിപ്പിക്കുന്നുണ്ട്. ഗ്രാമസഭകള്‍ സജീവമാക്കി നാടിന്റെ വികസനത്തിനൊപ്പം നീര്‍ത്തട സംരംക്ഷണം മാലിന്യ നിര്‍മ്മാര്‍ജ്ജ നം തുടങ്ങിയവയിലും ബോധവത്കരണം നടത്തുന്നു ഈ നാടകം. കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍, ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം ആര്‍ ഷാജു, അഡ്വ. വി സി വര്ഗീസ്, അബ്‌ദുള്‍ ബഷീര്‍, വത്സല ശശി മറ്റു കൗണ്‍സിലേര്‍സ്, ജനമൈത്രി ഓഫീസില്‍ ട്രാഫിക് എസ് ഐ തോമാസ് വടക്കന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തദ്ദേശ മിത്രം അവതരിപ്പിക്കുന്ന നാടകം ജനങ്ങളലെത്തിക്കുന്നത് കേരള ജനമൈത്രി പോലീസാണ് ‘ഒരു ഗ്രാമം പറഞ്ഞ കഥ’ എന്ന് പേരിട്ടിരിക്കുന്ന നാടകത്തില്‍ ധാരാളം അപര്യാപ്തതകളുള്ള ഒരു ഗ്രാമം ഗ്രാമ സഭ സജീവമാക്കി സ്വയം പര്യാപ്തമാകുന്ന കഥയാണ് പറയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചായക്കടയും ശാരീരിക അവശതയുള്ള ലോട്ടറി കച്ചവടക്കാരനും നാട്ടിന്‍ പുറത്തെ ചട്ടമ്പിയും ഒക്കെ കഥാപാത്രങ്ങളായി വന്നു. തദ്ദേശ മിത്രത്തിന്റെ പ്രചരണ വേഷമായ മാഷാണ് സന്ദേശ പ്രചാരകനായി നാടകത്തിലെത്തുന്നത്. കേരളാ പോലീസ് ഉദ്യോഗസ്ഥരായ നുജുമുദീന്‍, ഷറഫ്, ബാബു , അജികുമാര്‍, ചന്ദ്രകുമാര്‍ , ജയന്‍, ഷൈജു , സുനില്‍ കുമാര്‍ , ഷംനാദ് എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്. ജൂലൈ 12ന് തിരുവനന്തപുരത്ത് സംസ്ഥാന തദ്ദേശ സഹകരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്ത നാടകയാത്ര ആഗസ്റ്റ് 22 ന് കാസറഗോഡ് സമാപിക്കും.

Top
Close
Menu Title