News

Archive for: August 17th, 2017

പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

കരൂപ്പടന്ന : രണ്ടാഴ്ച മുമ്പ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.  കരൂപ്പടന്ന പെഴുംകാട് കല്ലിപ്പറമ്പില്‍ അഷറഫിന്റെ മകന്‍ റാഫി (19)യാണ് മരിച്ചത്. ജൂലൈ 16ന് ഉച്ചക്ക് കരൂപ്പടന്ന പെഴുംകാട് ചീപ്പ് ചിറയില്‍ വെച്ച് ഒരു സംഘം ആളുകളും റാഫിയും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി പോലീസ് പറഞ്ഞു. അന്ന് തന്നെ കരൂപ്പടന്ന പുതുക്കാടി പാലത്തിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ റാഫിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു. വെന്റിലേഷനില്‍ ആയിരുന്ന റാഫി വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മരിച്ചത്. പുഴയില്‍ കുളിക്കുന്നതിനിടയില്‍ തലയിടിച്ചു വീണാണ് റാഫിക്ക് ഗുരുതര പരിക്കേറ്റതെന്ന് ഇരിങ്ങാലക്കുട പോലീസ് പറഞ്ഞു. റാഫിയുടെ വീട്ടുകാരുടെ മൊഴി പ്രകാരം മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ടുണ്ടെന്ന് എസ്. ഐ പറഞ്ഞു. കരൂപ്പടന്ന സ്വദേശികളായ അറക്കപ്പറമ്പില്‍ മന്‍സൂര്‍, അറക്കപ്പറമ്പില്‍ ഷഫീക്ക് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നേരത്തേ ഒരു കേസുമായി ബന്ധപ്പെട്ട് റാഫിയെ എക്സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. റാഫിയുടെ ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വെള്ളാങ്ങല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടത്തി. നൂര്‍ജ്ജഹാനാണ് റാഫിയുടെ മാതാവ്. സഹോദരിമാര്‍ ജെസ്ന, ഫാത്തിമ.

 

റാഫിയുടെ മരണത്തില്‍ ദുരൂഹതയെന്ന് വീട്ടുകാര്‍

റാഫിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് വീട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റ് ചികില്‍സയിലായിരുന്ന കരൂപ്പടന്ന പെഴുംകാട് കല്ലിപ്പറമ്പില്‍ അഷറഫിന്റെ മകന്‍ റാഫി കഴിഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ മാസം 16 ന് ഉച്ചക്ക് 12 ന് വീട്ടില്‍ ടി.വി.കാണുകയായിരുന്ന റാഫിയെ ഒരു കൂട്ടുകാരന്‍ വന്ന് ഓട്ടോയില്‍ കയറ്റി കൊണ്ട് പോയതാണെന്ന് റാഫിയുടെ ഉമ്മ പറഞ്ഞു. അന്ന് തന്നെ വൈകീട്ട് 7 മണിയോടെ കൂട്ടുകാര്‍ റാഫിയുടെ വീട്ടില്‍ വന്ന് ഉമ്മയെ പുറത്തേക്ക് വിളിച്ചു കൊണ്ടു പോയി. പുറത്തെത്തിയ ഉമ്മ കണ്ടത് ആംബുലന്‍സില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന മകനെയാണ്. ഉച്ചക്ക് വീട്ടില്‍ നിന്ന് റാഫിയെ വിളിച്ചു കൊണ്ടു പോയത് മുതലുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ചേലൂര്‍ സെന്റ് മേരീസ് എല്‍ പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ചേലൂര്‍ : എടതിരിഞ്ഞി ഗ്രാമത്തിന്റെ അഭിമാനസ്തംഭവും അക്ഷര ചൈതന്യവുമായ ചേലൂര്‍ സെന്റ് മേരീസ് എല്‍ പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ആദ്യ പരിപാടി വെള്ളിയാഴ്ച  പാരിഷ് ഹാളില്‍ നടന്നു. വെള്ളാങ്കലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ശതാബ്‌ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തെരുവോരം മുരുകന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കണ്ണന്‍ കെ പി , പി മണി, ജെയ്‌സണ്‍ അച്ചങ്ങാടന്‍, സന്തോഷ് കെ എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി. മേരീസ് സ്വാഗതവും ആന്‍സി നന്ദിയും പറഞ്ഞു. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ അധ്യാപകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ആദരണം,  പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം, ചികിത്സ സഹായം , 10 നിര്‍ധന കുടുംബങ്ങള്‍ക്ക് ആടിനെ നല്‍കല്‍ , തുടങ്ങിയ പരിപാടികളും തൃശൂര്‍ നവമിത്ര അവതരിപ്പിക്കുന്ന ഒരാള്‍ നാടകവും അരങ്ങേറി.

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ കലാമേളയുടെ അരങ്ങ് ഉണര്‍ന്നു

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ യുവജനോത്സവത്തിനു ആരംഭം കുറിച്ചു. ഇരിങ്ങാലക്കുടയുടെ പ്രിയനടന്‍ ടോവിനോ തോമസ് യുവജനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതത്തില്‍ ലക്ഷ്യബോധത്തോടെ മുന്നേറാന്‍ ദൈവം നല്‍കിയ കഴിവുകളെ പരമാവധി ഉപയോഗിക്കണമെന്ന് ടോവിനോ തോമസ് കുട്ടികള്‍ക്ക് സന്ദേശം നല്‍കി . പി ടി എ പ്രസിഡന്റ് പി ടി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസെലെറ്റ് ടോവിനോ തോമസിന് മൊമെന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ നൃത്തശില്‍പം പരിപാടി നടന്നു. ആര്‍ട്ട്സ് മിനിസ്റ്റര്‍ അശ്വനി സുരേഷ് സ്വാഗതവും അസി. ആര്‍ട്ട്സ് മിനിസ്റ്റര്‍ നന്ദിയും പറഞ്ഞു. റോസ്‌മോള്‍ ടീച്ചര്‍ ആശംസകള്‍ അര്‍പ്പിച്ചു . ഉത്സവത്തിമിര്‍പ്പോടെ നാലു വേദികളായി വിവിധ മത്സരങ്ങള്‍ അരങ്ങേറി .

നടവരമ്പ് ഇടവക സ്ഥാപന ശതാബ്‌ദിക്കും സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഊട്ടുതിരുനാളിനും ആരംഭം കുറിച്ചു

നടവരമ്പ് : സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയില്‍ ഇടവക മധ്യസ്ഥയായ സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഊട്ടുതിരുനാളിനും ഇടവക സ്ഥാപക ശതാബ്‌ദി വര്‍ഷാചരണത്തിനും ആഗസ്ത് 3 ന് കൊടിയേറ്റ തിരുകര്‍മ്മം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ആന്റോ തച്ചില്‍ നിര്‍വഹിച്ചുകൊണ്ട് ആരംഭം കുറിച്ചു. വികാരി റവ. ഡോ ഡേവിഡ് ചെങ്ങിനിയാടന്‍, കൈക്കാരന്മാരായ എം ഡി ലോനപ്പന്‍ , എം കെ ജയ്‌സണ്‍, കണ്‍വീനര്‍മാരായ ബെന്നി കെ കെ , ഷാജു കെ എല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്ത് 3 മുതല്‍ 15 വരെയുള്ള തീയതികളില്‍ നവനാള്‍ തിരുകര്‍മ്മങ്ങളും ഊട്ടുതിരുനാളും നടത്തുവാന്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് ആരംഭം കുറിച്ചു . ആഗസ്ത് 15 ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9 .30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് റവ .ഡോ.ക്ലമന്റ് ചിറയത്തും , വചനസന്ദേശം റവ. ഫാ. ടൈറ്റസ്‌ കാട്ടൂപ്പറമ്പിലും നടത്തുന്നതാണ് . തിരുനാള്‍ പ്രദക്ഷിണവും മാതാവിന് കീരീടവും വളയും എടുത്തുവക്കല്‍ നേര്‍ച്ചയും , നേര്‍ച്ച ഊട്ടും ഉണ്ടായിരിക്കും. ഇടവക സ്ഥാപന ശതാബ്‌ദിയും ഫാത്തിമ പ്രത്യക്ഷീകരണ ശതാബ്‌ദിയും സമുചിതമായി കൊണ്ടാടുന്ന തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് സ്വര്‍ഗ്ഗാരോപിത മാതാവിന്റെ മധ്യസ്ഥത്തില്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ നൂറുക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്നതാണ് . നവനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് വൈദിക ശ്രേഷ്ഠര്‍ കാര്‍മികത്വം വഹിക്കുന്നതാണ്.

പടിയൂരില്‍ സി പി ഐ സി പി എം തമ്മിലടി തെരുവിലേക്ക്

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തില്‍ സി പി എമ്മും സി പി ഐയും കാലങ്ങളായി തമ്മിലുള്ള തമ്മിലടി തെരുവിലേക്ക്. ആഗസ്റ്റ് 15 ന് യുവജനസംഘടനകള്‍ നടത്തുന്ന പരിപാടികളുടെ പ്രചരണങ്ങള്‍ പരസ്പരം നശിപ്പിച്ചതോടെയാണ് തര്‍ക്കം മൂര്‍ച്ചിച്ചത്. എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ സി പി എമ്മിനെതിരെയും ഡി വൈ എഫ്‌ ഐക്കെതിരെയും പഞ്ചായത്തിലൂടനീളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണ്. നാട്ടിലെ സമാധാന ജീവിതം നശിപ്പിക്കുന്ന ഡി വൈ എഫ്‌ ഐയെ തിരിച്ചറിയുക, നാട്ടിലെ സമാധാനം തകര്‍ത്തിട്ടാണോ സ്വാതന്ത്യം സംരക്ഷിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളുമായിട്ടാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത് . എ ഐ വൈ എഫിന്റെ പരിപാടിയുടെ ബോര്‍ഡുകളും പോസ്റ്ററുകളും ഡി വൈ എഫ്‌ ഐ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. സിപിഐ പ്രാദേശിക നേതാവിന്റെ പറമ്പ് മണ്ണിട്ട് നികത്തിയതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ്‌ ഐ കൊടി കൂത്തിയിരുന്നു. പടിയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള വല്ല്യേട്ടന്‍ പോരും വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴുണ്ടായിട്ടുള്ള യുവജനസംഘടനകള്‍ തമ്മിലുള്ള തര്‍ക്കം തെരുവില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ഭയത്തിലാണ് പടിയൂരിലെ ജനങ്ങള്‍.

കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷവും റിട്ടയേര്‍മെന്റും ബ്രോഷര്‍ പ്രകാശനവും ആഗസ്ത് 5 ന്

ഇരിങ്ങാലക്കുട : പ്രമുഖ കഥകളി ഗായകന്‍ കലാമണ്ഡലം ഗംഗാധരനാശാന്റെ ശിഷ്യനും ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ കഥകളി സംഗീത അധ്യാപകനും കലാനിലയം പ്രിന്‍സിപ്പലും ആയ കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരിയുടെ ഷഷ്ട്യബ്ദപൂര്‍ത്തിയും റിട്ടയേര്‍മെന്റും ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 24 ന് ആഘോഷിക്കുന്ന സുകൃതം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനവും , അതിനോട് അനുബന്ധിച്ചു നടത്തുന്ന കഥകളിയും ആഗസ്ത് 5 ശനിയാഴ്ച ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ 4 മണിക്ക് നടക്കും. ദീപപ്രജ്വലനം സദനം കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കലാനിലയം സെക്രട്ടറി സതീഷ് വിമലന്‍ അദ്ധ്യക്ഷത വഹിക്കും. നടനകൈരളി ഡയറക്ടര്‍ വേണുജി ഉദ്ഘാടനം ചെയ്യും. പ്രൊഫ വി കെ ലക്ഷ്മണന്‍ നായര്‍ ആമുഖ പ്രസംഗം നടത്തും. പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ബ്രോഷര്‍ പ്രകാശനവും കലാനിലയം രാഘവനാശാന്‍ ലോഗോ പ്രകാശനവും നടത്തും. ഇ കേശവദാസ് ആശംസ പ്രസംഗം നടത്തും. തുടര്‍ന്ന് നടക്കുന്ന പൂതനാമോക്ഷം കഥകളിയില്‍ കലാമണ്ഡലം ചമ്പക്കര വിജയന്‍ ലളിതയായി രംഗത്തെത്തും . കലാനിലയം രാജീവ് , കലാനിലയം സിനു, എന്നിവരാണ് സംഗീതം, കലാമണ്ഡലം ശിവദാസ് ചെണ്ടയിലും, കലാനിലയം പ്രകാശന്‍ മദ്ദളത്തിലുമായി പശ്ചാത്തല മേളമൊരുക്കും. കലാനിലയം ഹരി സ്വാഗതവും കലാമണ്ഡലം ശിവദാസ് നന്ദിയും പറയും.

ബി.ജെ.പി നിയോജക മണ്ഡലം പഠനശിബിരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട: പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ബി.ജെ.പി നിയോജക മണ്ഡലം പഠന ശിബിരം നടത്തുന്നു. ആഗസ്ത് 6 ഞായറാഴ്ച ശ്രീനാരായണ ഹാളില്‍ നടക്കുന്ന ശിബിരം മദ്ധ്യമേഖല പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ടി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും . ബൂത്ത് ജനറല്‍ സെക്രട്ടറിയും അഞ്ഞൂറോളം കാര്യകര്‍ത്താക്കളും പങ്കെടുക്കും.

Top
Close
Menu Title