News

Archive for: August 17th, 2017

ടൂറിസം മോണിറ്ററിംഗ് കമ്മിറ്റി യോഗം : ദേവസ്വം ചെയര്‍മാനും കൗണ്‍സിലറും തമ്മില്‍ വാക്ക്പോര്

ഇരിങ്ങാലക്കുട : നിയോജകമണ്ഡലതലത്തില്‍ വിനോദസഞ്ചാര വികസനത്തിനായും സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുവാനായും നിയമപരമായ പരിരക്ഷയോടെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ ഇരിങ്ങാലക്കുട റസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രഥമ ആലോചന യോഗത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോനും സ്ഥലം കൗണ്‍സിലറുമായ സന്തോഷ് ബോബനും തമ്മില്‍ രൂക്ഷമായ വാക്ക്പോര് നടന്നു. ടൂറിസം ഡിപ്പാര്‍ട്മെന്റ് ഇപ്പോള്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരു കെട്ടിടം പണിതു നല്‍കിയിട്ടുണ്ട്. ദേവസ്വം ഭൂമിയിലെ നല്ല ഒരു കുളം നികത്തിയാണ് ഇത് നിര്‍മ്മിച്ചത്. കര്‍ക്കിടകമാസത്തില്‍ 31 ദിവസവും ഈ കെട്ടിടത്തില്‍ ടോയ്‌ലെറ്റ് -ബാത്ത്റൂം സൗകര്യങ്ങള്‍ക്കായാണ് ഭക്തജനങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിനു ശേഷം ഈ കെട്ടിടം കൊണ്ട് യാതൊരുവിധ ഉപയോഗവും ഇല്ല . ഇതുപോലെ ആകരുത് ഇനിയുള്ള നിര്‍മ്മാണങ്ങള്‍ എന്ന് സന്തോഷ് ബോബന്‍ പറഞ്ഞതാണ് വാക്ക്തര്‍ക്കത്തിന് തുടക്കം ആയത്. ടൂറിസം പ്രോജക്ടിന്റെ ഭാഗമായി കൂടല്‍മാണിക്യം കൊട്ടിലയ്ക്കല്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് ഗ്രൗണ്ട് ആക്കി മാറ്റുവാനുള്ള പദ്ധതി ദേവസ്വം ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ കൊട്ടിലയ്ക്കല്‍ പറമ്പില്‍ മാലിന്യ നിക്ഷേപം ഉണ്ടായിട്ടും ദേവസ്വം അധികൃതര്‍ വര്‍ഷങ്ങളായി ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും നിഷ്ക്രിയമായ ഭരണ നേതൃത്വം ആണെന്നും സന്തോഷ് ബോബന്‍ പറഞ്ഞു. ടൂറിസം വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അനാവശ്യമായ കാര്യങ്ങള്‍ പറയാന്‍ അനുവദിക്കരുത് എന്ന് യോഗാധ്യക്ഷന്‍ കൂടിയായ ഇരിങ്ങാലക്കുട എം എല്‍ പ്രൊഫ കെ യു അരുണനോട് ദേവസ്വം ചെയര്‍മാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സന്തോഷ് ബോബന്‍ കാര്യങ്ങള്‍ പറയട്ടെ എന്ന നിലപാടിലായിരുന്നു എം എല്‍ എ. കൊട്ടിലയ്ക്കലിലെ ടൂറിസം പദ്ധതികളുടെ പൂര്‍ത്തീകരണം വൈകുന്നതില്‍ അമര്‍ഷവും എം എല്‍ എ പ്രകടിപ്പിച്ചു. ഇതിനിടെ ദേവസ്വം ചെയര്‍മാനും കൗണ്‍സിലറും തമ്മില്‍ എടാ -പോടാ വിളികളും ഉണ്ടായി . എം എല്‍ എ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത് . കൂടല്‍മാണിക്യം ആയി ബന്ധപ്പെട്ട ടൂറിസം പദ്ധതികള്‍ക്ക് ഒരു മാസ്റ്റര്‍ പ്ലാന്‍ വേണമെന്നും വിശാലമായ കൊട്ടിലയ്ക്കല്‍ പറമ്പില്‍ ദീര്‍ഘ വീക്ഷണം ഇല്ലാതെ അവിടെയും ഇവിടെയും കെട്ടിടങ്ങള്‍ പണിയുന്നതല്ല വികസനം എന്നും സന്തോഷ് ബോബന്‍ പറഞ്ഞു. നഗരസഭയിലെ ഗതാഗതക്കുരുക്കിനും പാര്‍ക്കിംഗ് സംവിധാനത്തിനും എന്തു ചെയ്യാന്‍ കഴിയുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവിനോട് ഒരു പദ്ധതി തയ്യാറാക്കി തരുവാന്‍ ടൂറിസം വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. ടൂറിസം വികസന പദ്ധതിയില്‍ ഇതും ഉള്‍പ്പെടുത്താം എന്നും അവര്‍ ഉറപ്പ് നല്‍കി. ജില്ലയില്‍ കൊടുങ്ങലൂര്‍ കുന്നംകുളം എന്നിവയോടൊപ്പം ഇരിങ്ങാലക്കുടയെയും ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ടൂറിസം വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരു ടൂറിസം ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. യോഗത്തില്‍ നഗരസഭ അധ്യക്ഷ നിമ്യ ഷിജു , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി സി വര്‍ഗീസ് , ടൂറിസം ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, ഡി ടി പി സി സെക്രട്ടറി മഹാദേവന്‍ പി , പി ആര്‍ ഒ ജാക്സണ്‍, കിറ്റ്‌കോ പ്രതിനിധി അംബരീഷ് എന്നിവര്‍ പങ്കെടുത്തു.

ഞായറാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പര്‍ വണ്‍ സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന ഠാണാ, ഞവരിക്കുളം,  മാസ് തിയറ്റര്‍, എം എല്‍ എ റോഡ് , ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ 11 കെ വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആഗസ്ത് 6 ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

നിയോജകമണ്ഡലത്തിലെ വിവിധ പ്രവര്‍ത്തികള്‍ക്കായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 52 ,01 ,000 രൂപ അനുവദിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ വിവിധ പ്രവര്‍ത്തികള്‍ക്കായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 52 ,01 ,000 രൂപ അനുവദിച്ചതായി പ്രൊഫകെ യു അരുണന്‍ എം എല്‍ എ അറിയിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 -ലെ എസ് എന്‍ ഡി പി – കണ്ടംകുളത്തി റോഡ് അപ്ഗ്രഡേഷന് വേണ്ടി 4 , 76 ,000 രൂപ , പൂമംഗലം ഗ്രാമപഞ്ചായത്ത് പി എച്ച് സി ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മാതൃക ആരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 13 ,50 ,000 രൂപ , ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 20 – ാം വാര്‍ഡ് അംഗനവാടി മാതൃക അംഗനവാടിയാക്കുന്നതിനു 6 ,75 ,000 രൂപ , വേളൂക്കര ഷോപ്പിംഗ് കോംപ്ലെക്സിന് 27 ,00 ,000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.

പി ഡബ്ലിയു ഡി ഓഫീസിലെ മരം മഴയത്ത് സമീപത്തെ കോളേജ് കെട്ടിടത്തിലേക്ക് വീണു

ഇരിങ്ങാലക്കുട : ശനിയാഴ്ച രാവിലെ പെയ്ത കനത്ത മഴയില്‍ കൂടല്‍മാണിക്യം കുട്ടംകുളത്തിനു പുറകിലെ പി ഡബ്ലിയു ഡി ഓഫീസ് സമുച്ചയം സ്ഥിതി ചെയുന്നിടത്തെ മരം സമീപത്തെ നമ്പൂതിരീസ്‌ കോളേജിന്റെ  കെട്ടിടത്തിന്റെ സ്റ്റോറിലേക്ക് ഒടിഞ്ഞു വീണു. അവധി ദിവസം ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതിരുന്നത് അപകട സാധ്യത കുറച്ചു. സ്റ്റോറിയാര്‍ഡിന്റെ ഷീറ്റുകള്‍ മരം വീണു തകര്‍ന്ന നിലയില്‍ ആണ് .

ഠാണാ ഇപ്പോഴും വെള്ളക്കെട്ടില്‍ : അശാസ്ത്രിയമായ കാന നിര്‍മ്മാണത്തിന് മുടക്കിയത് ലക്ഷങ്ങള്‍

ഇരിങ്ങാലക്കുട : ഠാണാവിലെ സംസ്ഥാന പാതയടക്കം നഗരത്തിലെ പ്രധാന റോഡുകളെല്ലാം ശനിയാഴ്ചത്തെ മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി. വെള്ളക്കെട്ട് ഒഴിവാക്കാനായി ലക്ഷങ്ങള്‍ മുടക്കി നഗരസഭാ പണിത “ഡ്രൈനേജ് കം ഫുട്ട്പാത്ത് ” പദ്ധതി ഇതോടെ പ്രയോജനമില്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ് . കുട്ടംകുളം മുതല്‍ ഠാണാവ് വരെയും ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയും പലയിടത്തും റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഇല്ലാത്തതാണ്. റോഡില്‍ നിന്നും കാനയിലേയ്ക്ക് ശരിയായ രീതിയില്‍ മഴവെള്ളം ഒഴുകിപോകുന്നതിനുള്ള പൈപ്പ് ഇടുന്നതിലെ അശാസ്ത്രിയതയാണ് ഇതിന്റെ പ്രധാന കുറവായി കാണുന്നത്. മഴയില്‍ ഇരിങ്ങലക്കുട നഗരം വെള്ളെകെട്ടിലായതോടെ ഠാണാവിലെ ബി എസ് എന്‍ എല്‍ ഓഫീസിനു സമീപത്തെ കൊടുങ്ങല്ലൂര്‍ ബസ്‌സ്റ്റോപ്പ്, മെയിന്‍ റോഡിലെ കാനറാ ബാങ്കിന് മുന്നിലെ ബസ്‌സ്റ്റോപ്പ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് മൂലം ബസ് സ്റ്റോപ്പില്‍ നിന്ന് നീക്കി യാത്രക്കാര്‍ കയറുന്നതിന് വേണ്ടി ബസ് നിര്‍ത്തുന്നത് ഇപ്പോള്‍ ഇവിടെ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്.

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ ഹിരോഷിമ ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ ഹിരോഷിമ ദിനം അനുസ്മരിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍, അഞ്ജിത പ്രമോദും ടീം അംഗങ്ങളും തീമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ സി. ധന്യ നന്മയുടെയും സമാധാനത്തിന്റെയും സന്ദേശവാഹകരായി കുട്ടികള്‍ മാറണം എന്ന സന്ദേശം നല്‍കി. എച്ച്. എം സി റോസെലെറ്റ് ആശംസകള്‍ നേര്‍ന്നു.

കൂടല്‍മാണിക്യത്തില്‍ അംഗുലിയാങ്കം കൂത്തിന് ആരംഭമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ അനുഷ്ഠാനപ്രധാനമായ അംഗുലിയാങ്കം കൂത്ത് ആരംഭിച്ചു. എല്ലാ വര്‍ഷവും രാമായണമാസമായ കര്‍ക്കിടകത്തിലാണ് ഇത് അരങ്ങേറുന്നത്. ശ്രീരാമന്‍ കൊടുത്ത അംഗുലിയവും വഹിച്ച് ശ്രീരാമദൂതനായി സമുദ്രം കടന്ന് ലങ്കയിലെത്തി സീതയെ കാണുന്ന ഹനുമാനാണ് ഈ കൂത്തിലെ അരങ്ങത്തുവരുന്ന ഏക കഥാപാത്രം. ആദ്യദിവസം ഹനുമദ് വേഷധാരിയായ ചാക്യാര്‍ കൂത്ത് വിളക്കിന്റെ അകമ്പടിയോടെ ക്ഷേത്ര ദര്‍ശനം നടത്തും. കൂത്തമ്പലത്തില്‍ നിന്നും പുറപ്പെട്ട് ശ്രീകോവിലില്‍ ചെന്ന് മണിയടിച്ച് തൊഴുന്ന ചാക്യാര്‍ ഭക്തന്മാരുടെ ആഗ്രഹ സാധ്യത്തിനായി പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് പതിനൊന്ന് ദിവസങ്ങളിലായി രാമായണം കഥ മുഴുവന്‍ നിറഞ്ഞാടി ഭക്തരുടെ സകല പാപങ്ങളും ഇല്ലാതാക്കുകയാണ് കൂത്ത് നടത്തുന്നതിലെ ലക്ഷ്യം. അഭിഷ്ട സിദ്ധി, സല്‍സന്താന ലബ്ദി, മംഗല്യഭാഗ്യം, വ്യവഹാരജയം എന്നിവയ്ക്കായി ഭക്തര്‍ അംഗുലിയാങ്കം കൂത്ത് വഴിപാടായി സമര്‍പ്പിക്കുക പതിവാണ്. അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, രജനിഷ് ചാക്യാര്‍, രാമചന്ദ്രന്‍ നമ്പ്യാര്‍, അപര്‍ണ്ണ നങ്ങ്യാര്‍, ദേവി നങ്ങ്യാര്‍ എന്നിവരാണ് കൂത്ത് നടത്തുന്നത്. കൂത്ത് ഒമ്പതിന് സമാപിക്കും.

Top
Close
Menu Title