News

Archive for: August 17th, 2017

റോഡരുകുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണം : താലൂക്ക് വികസന സമിതി

ഇരിങ്ങാലക്കുട : റോഡരുകുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത്, നഗരസഭ എന്നിവര്‍ നടപടി സ്വീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മഴക്കാലത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡുകളുടെ ദുരവസ്ഥ പരിഹരിക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി. അടുത്ത വേനലിന് മുമ്പ് വാട്ടര്‍ അതോററ്റി, പഞ്ചായത്ത് അധികാരികള്‍ എന്നിവര്‍ ചെയ്യേണ്ട പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. മയക്കമരുന്നിന്റെ ഉപയോഗവും വിപണനവും നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് യോഗം നിര്‍ദ്ദേശം നല്‍കി. പുത്തന്‍ചിറ പാടശേഖരത്തിലെ ചാര്‍ജ്ജില്ലാത്ത ലൈന്‍ അഴിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കെ.എസ്.ഇ.ബി അധികൃതര്‍ യോഗത്തെ അറിയിച്ചു. പൊറത്തിശ്ശേരിയെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആയത് 75 ലക്ഷം രൂപ വകയിരുത്തികൊണ്ട് 250 ഹെക്ടര്‍ സ്ഥലത്ത് സമഗ്ര കേരവികസനമാണ് ലക്ഷ്യമാക്കുന്നതെന്നും കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. റേഷന്‍ മുന്‍ഗണന പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിച്ചുവരുന്നതായി താലൂക്ക് സപ്ലൈ ഓഫീസര്‍ യോഗത്തെ അറിയിച്ചു. എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു, ബ്ലോക്ക് പ്രസിഡന്റുമാരായ അമ്പിളി സോമന്‍, ഷാജ നക്കര, സി.എന്‍. ജയദേവന്‍ എം.പിയുടെ പ്രതിനിധി കെ. ശ്രീകുമാര്‍, തഹസില്‍ദാര്‍ ഐ.ജെ മധുസൂദനന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പി ജി മാനേജ്മെന്റ് പ്രവേശനം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : ആഗസ്ത് 14

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എം കോം മാനേജ്മെന്റ് സീറ്റിനുള്ള പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ ആഗസ്ത് 14 നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ് . ഫോമുകള്‍ കോളേജ് ഓഫീസിലും കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്തുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്നും ലഭിക്കേണ്ടതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക : 0480 -2876986 ,9846730721 .

മുഴുവഞ്ചേരി തുരുത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു ആവശ്യപ്പെട്ട് ഏകദിന നിരാഹാര സത്യാഗ്രഹം

പടിയൂര്‍ : ഗ്രാമപഞ്ചായത്തിലെ 116 – ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവഞ്ചേരി തുരുത്ത് റോഡ് സഞ്ചാരയോഗ്യമാക്കണം എന്നും , മതിലകം പാലത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് 116 – ാമത് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിരാഹാര സമരം ഡി സി സി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഷാല്‍ബിന്‍ പെരേര അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി സി എസ് രവീന്ദ്രന്‍ , മണ്ഡലം പ്രസിഡന്റ് കെ പി ഋഷിപാല്‍ , പഞ്ചായത്ത് അംഗങ്ങളായ സി എം ഉണ്ണികൃഷ്ണന്‍, ടി ഡി ദശോബ്, സുനന്ദ ഉണ്ണികൃഷ്ണന്‍, കെ കെ ഹസി , കെ പി ഉണ്ണിമായ എന്നിവര്‍ സംസാരിച്ചു. 8 മീറ്റര്‍ വീതിയുള്ള മുഴുവഞ്ചേരി തുരുത്ത് റോഡ് പഞ്ചായത്തിന് വിട്ടുകൊടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞുവെങ്കിലും ഇതുവരെയും ഈ റോഡിനു വേണ്ടി ഒരു ഫണ്ടും വിനിയോഗിച്ചിട്ടില്ല പി എം ജി എസ് വൈ പദ്ധതിയിലുള്‍പ്പെടുത്തി ഈ റോഡിനു ഒരു കോടി എട്ടു ലക്ഷം രൂപ അനുവദിച്ചെങ്കിലും 3 പ്രാവശ്യം ടെണ്ടര്‍ നടത്തിയെങ്കിലും ഒരു കോണ്‍ട്രാക്ടറും പണി ഏറ്റെടുക്കാന്‍ തയാറായില്ല. നിരാഹാര സമരത്തിന്റെ സമാപനസമ്മേളനം മുന്‍ എം പി കെ പി ധനപാലന്‍ ഉദ്ഘാടനം ചെയ്തു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡന്റായി രാജലക്ഷ്മി കുറുമാത്ത് സ്ഥാനമേറ്റു

കാട്ടൂര്‍ : രാജലക്ഷ്മി കുറുമാത്തിനെ കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡന്റായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു . സഹകരണ തിരെഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി മുകുന്ദപുരം സഹകരണ സംഘം അസി. രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് വെള്ളാങ്കലൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ റിട്ടേണിങ് ഓഫീസറായി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ ബി അബ്‌ദുള്‍ സത്താര്‍ , ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി , സദാനന്ദന്‍ തളിയപറമ്പില്‍ , ജിനി ജോസ് , പ്രമീള അശോകന്‍, എം ജെ റാഫി , ജോമോന്‍ വലിയവീട്ടില്‍, എം കെ രാജന്‍, ബാങ്ക് സെക്രട്ടറി ടി വി വിജയകുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു . തുടര്‍ന്ന് ചാര്‍ജ് എടുത്ത പ്രസിഡന്റ് ബാങ്കിന്റെ വിജയത്തിനും സഹകാരികളുടെയും മെമ്പര്‍മാരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

‘സമീക്ഷ’ ഭവന്‍സ് വിദ്യാമന്ദിറിന്റെ കലോത്സവം അരങ്ങുണര്‍ത്തി

ഇരിങ്ങാലക്കുട : ഭവന്‍സ് വിദ്യാമന്ദിറിന്റെ കലോത്സവമായ സമീക്ഷക്ക് സ്കൂള്‍ അങ്കണത്തില്‍ തുടക്കം കുറിച്ചു. കലോത്സവം ആകാശവാണിയില്‍ നിന്നും വിരമിച്ച സീനിയര്‍ അനൗണ്‍സറും പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ എം തങ്കമണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ നടനും കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റുമായ ജയരാജ് വാരിയര്‍ മുഖ്യാഥിതി ആയിരുന്നു. കുട്ടികള്‍ക്കായി ശബ്‌ദനിയന്ത്രണത്തെ കുറിച്ചും ഡബ്ബിങ് രീതികളെ കുറിച്ചും തങ്കമണി സംസാരിച്ചു . രാപ്പകല്‍ എന്ന ചലച്ചിത്രത്തിന് വേണ്ടി നടി ശാരദക്ക് നല്‍കിയ ശബ്‌ദം അവര്‍ അവതരിപ്പിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം കൈയടിച്ചു. പഴയ കാലത്തിന്റെ സമൃദ്ധിയെ കുട്ടികള്‍ തിരിച്ചുപിടിക്കണമെന്നും പഴയ കാലത്തെ കവികളെയും കവിതകളെയും പ്രകൃതിയെ എന്ന പോലെ സ്നേഹിക്കണമെന്നും ജയരാജ് വാരിയര്‍ അഭിപ്രായപ്പെട്ടു. വൈസ് ചെയര്‍മാന്മാരായ സി സുരേന്ദ്രന്‍ , സി നന്ദകുമാര്‍ , പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പ്രസന്നകുമാരി , പി ടി എ ഭാരവാഹി ആന്റണി , അംബിക മേനോന്‍ എന്നിവര്‍ സംസാരിച്ചു.

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ : 15 – ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപികരിച്ചു

ഇരിങ്ങാലക്കുട : കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന 15 – ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം നടന്നു .  ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗം കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ഉദ്ഘാടനം ചെയ്തു .  മുന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി വി ചാര്‍ളി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്നു. ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ ബാലകൃഷ്ണന്‍, ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ടി കെ ദിലീപ് കുമാര്‍ , ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി , സോണിയ ഗിരി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സോമന്‍ ചിട്യത്ത് , ശബരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ ജോസഫ്, സ്വാഗതവും യൂണിറ്റ് സെക്രട്ടറി ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.

സമാധാന സന്ദേശത്തിന്റെ നല്ല പാഠം പകര്‍ന്ന് മുരിയാട് സ്കൂളില്‍ സഡാക്കോ കൊക്കുകള്‍ പറന്നു

മുരിയാട് : സഡാക്കോ കൊക്കുകളെ ഉണ്ടാക്കി മുരിയാട്  എല്‍ പി ആന്‍ഡ് യു. പി. സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. 1945ല്‍ അമേരിക്കയുടെ അണുബോംബ് അക്രമണത്തില്‍ രക്തസാക്ഷിയാവേണ്ടിവന്ന ഹിരോഷിമയിലെ പെണ്‍കുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയില്‍ അണുബോംബിടുന്നത്. അപ്പോള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മാരകമായ അണുവികിരണങ്ങള്‍ അവള്‍ക്ക് രക്താര്‍ബുദം വരുത്തിവച്ചു.ആയിരം കടലാസ് കൊക്കുകളെയുണ്ടാക്കി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊക്കുകളെയുണ്ടാക്കി. പക്ഷെ 644 കൊക്കുകളെ ഉണ്ടാക്കിയപ്പോഴേക്കും അവള്‍ മരണത്തിനു കീഴടങ്ങി. പിന്നീട് അവളുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് 1000 എണ്ണം പൂര്‍ത്തിയാക്കി. ആ കൊക്കുകളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും സമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. ഉര്‍ദു ക്ലബ്ബിന്റെയും സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ച വ്യത്യസ്തമാര്‍ന്ന ഈ പരിപാടിയും ഇതിനു പിന്നിലുള്ള ചരിത്രവും കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും രക്ഷിതാക്കള്‍ക്കും യുദ്ധത്തിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പാവങ്ങളുടെ നിസ്സഹായത മനസ്സിലാക്കി കൊടുക്കുന്നതായിരുന്നു.  പ്രധാന അധ്യാപിക സുബി ടീച്ചര്‍, അധ്യാപകരായ വി.ജെ ഉഷ, എം എന്‍ ജയന്തി, എന്നിവര്‍ സംസാരിച്ചു.

നോവല്‍ സാഹിത്യയാത്ര മൂന്നാം വാരത്തിലേക്ക്

ഇരിങ്ങാലക്കുട : എസ് എന്‍ പബ്ലിക് ലൈബ്രറിയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നോവല്‍ സാഹിത്യ യാത്രയുടെ മൂന്നാം വാരത്തില്‍ ചര്‍ച്ച ചെയ്തത് പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി എന്ന നോവലാണ് . എരിഞ്ഞടിയുന്ന ജീവിതാനുഭവങ്ങളില്‍ നിന്നാണ് ‘എരി’ എന്ന നോവലുണ്ടായത്. ശ്രീനാരായണഗുരുവില്‍ നിന്ന് വികസിതമായ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന നിരവധി പ്രതിഷേധ പ്രതികരണങ്ങള്‍ സാമൂഹിക വിപ്ലവങ്ങള്‍ക്ക് പ്രചോദനമാവുകയായിരുന്നു. പ്രത്യക്ഷത്തില്‍ പ്രതിഷേധമായും പരോക്ഷമായി സാഹിത്യത്തിലും അത് കാണാനാകും . ജാതിരഹിത പൊതുസമൂഹത്തിലെ സങ്കല്പ കഥാപാത്രമാണ് പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി എന്ന നോവലെന്ന് എസ്.എന്‍ പബ്ലിക് ലൈബ്രറിയില്‍ നടത്തി വരുന്ന നോവല്‍ സാഹിത്യയാത്രയിലെ മൂന്നാം വാരത്തിലെ പുസ്തകചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്ന ഗായത്രിദേവി.എസ് അഭിപ്രായപ്പെട്ടു . ലാസര്‍ മണലൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പികെ.ഭരതന്‍ ആമുഖപ്രഭാഷണം നടത്തി. അഡ്വ.പി പി മോഹന്‍ദാസ്, കെ.ഹരി, ഉണ്ണിക്കൃഷ്ണന്‍ കിഴുത്താണി എന്നിവര്‍ സംസാരിച്ചു. കെ സരോജിനിടീച്ചര്‍ സ്വാഗതവും വി എം ഗീത നന്ദിയുംപറഞ്ഞു.

ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കാര്യകര്‍ത്താശിബിരം നടന്നു

ഇരിങ്ങാലക്കുട : ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ബൂത്ത് ജനറല്‍ സെക്രട്ടറി ഉപരി കാര്യകര്‍ത്താക്കളുടെ പ്രവര്‍ത്തന ശിബിരം നടന്നു. എസ് എന്‍ ഹാളില്‍ നടന്ന ശിബിരം മധ്യമേഖല പ്രസിഡണ്ട് നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എകാത്മ മാനവദര്‍ശനം എന്ന വിഷയത്തെ കുറിച്ച് നാരായണന്‍ നമ്പൂതിരി മധ്യമേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ ക്ലാസെടുത്തു. ദീനദയാല്‍ ഉപാദ്ധ്യായയുടെ ജീവചരിത്രത്തെകുറിച്ച് ജന്മഭൂമി തൃശ്ശൂര്‍ ബ്യൂറോ ചീഫ് ടി.എസ്.നിലാംബരന്‍ പ്രഭാഷണം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യോദയ പദ്ധതികളെ കുറിച്ച് ജില്ല കമ്മിറ്റി അംഗം കെ.രഘുനാഥ് ക്ലാസെടുത്തു. കാര്യവിസ്ഥാര്‍യോജനയെ കുറിച്ച് പട്ടികജാതിമോര്‍ച്ച പ്രസിഡണ്ട് പി.കെ.ബാബു ക്ലാസെടുത്തു. പാര്‍ട്ടി ഫണ്ട് ശേഖരണത്തിലും ഗൃഹസമ്പര്‍ക്കത്തിലും നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ച ബൂത്തു ഭാരവാഹികള്‍ക്കും പഞ്ചായത്തുഭാരവാഹികളെയും ആദരിച്ചു. തുടര്‍ന്ന് രക്ഷാബന്ധന്‍ ഉത്സവം നടന്നു. ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് പ്രതാപവര്‍മ്മരാജ രക്ഷാബന്ധന്‍ സന്ദേശം നല്‍കി. സമാപനസഭ ജില്ല വൈസ് പ്രസിഡണ്ട് ഇ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുമാസ്റ്റര്‍, പാറയില്‍ ഉണ്ണികൃഷ്ണന്‍ , ഒബിസി മോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, യുവമോര്‍ച്ച സെക്രട്ടറി കെ.പി.വിഷ്ണു, മണ്ഡലം ഭാരവാഹികള്‍, മോര്‍ച്ച ഭാരവാഹികള്‍, കണ്‍വീനര്‍ ഗിരീഷ് കിഴുത്താണി , ജോയിന്റ് കണ്‍വീനര്‍ സുനില്‍ ഇല്ലിക്കല്‍ എന്നിവര്‍ ശിബിരത്തിന് നേതൃത്വം നല്‍കി. ബൂത്ത് ജനറല്‍ സെക്രട്ടറി ഉപരി 350 ഓളം കാര്യകര്‍ത്താക്കള്‍ ശിബിരത്തില്‍ പങ്കെടുത്തു.

Top
Close
Menu Title