News

Archive for: August 17th, 2017

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 12ന് തമിഴ് ചിത്രമായ ‘റേഡിയോപ്പെട്ടി’ സ്ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 12ന് വൈകീട്ട് 6ന് തമിഴ് ചിത്രമായ ‘റേഡിയോപ്പെട്ടി’ സ്ക്രീന്‍ ചെയ്യുന്നു. എഴുപതുകാരനായ അരുണാചലത്തിന് റേഡിയോ പ്പെട്ടിയും സംഗീതവുമില്ലാത്ത ജീവിതം ആലോചിക്കാനേ വയ്യ. കുട്ടിക്കാലത്ത് അച്ഛന്‍ സമ്മാനിച്ചതാണ് ഈ റേഡിയോ. തന്റെ അച്ഛനെ അരുണാചലം കാണുന്നതും ഇതിലൂടെയാണ്. ഒരു നാള്‍ റേഡിയോ പ്പെട്ടി നഷ്ടപ്പെടുമ്പോള്‍ അരുണാചലത്തിന്റെ ജീവിതം തകിടം മറിയുകയാണ്. 2015ലെ ബുസാന്‍ ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ആസ്വാദകരുടെ അംഗീകാരം നേടിയ ചിത്രം കാനഡ, സ്പെയിന്‍, റൊമാനിയ ‘ഗോവ തുടങ്ങി നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഹരി വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യം 83 മിനിറ്റാണ്. സ്വന്തം കുടുംബത്തെ മറന്ന് സമൂഹമാധ്യമങ്ങളില്‍ മുഴുവന്‍ സമയവും അഭിരമിക്കുന്ന പുതിയ കാലത്തെ അടയാളപ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ പറയുന്നു… ശനിയാഴ്ച്ച വൈകീട്ട് 6ന്, വേദി ഓര്‍മ്മ ഹാള്‍, പ്രവേശനം സൗജന്യം. പ്രാദേശികഭാഷ സിനിമകളുടെയും ദേശിയ അന്തര്‍ദേശിയതലത്തില്‍ അംഗീകാരം നേടിയിട്ടുള്ള സിനിമകളുടെയും അവതരണത്തിനായി നഗരത്തില്‍ ഒരു സ്ഥിരം വേദിയിലെന്ന തിരിച്ചറിവില്‍ രൂപീകരിച്ചതാണ് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി. 

പവിത്ര വെഡ്ഡിങ്ങ്സ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : മാറുന്ന കാലത്തെ വസ്ത്ര സങ്കല്‍പ്പങ്ങളനുസരിച്ച് ഏറ്റവും മികച്ച രീതിയിലും ഗുണനിലവാരത്തിലും ഉപഭോക്താക്കളിലേക്ക് വസ്ത്രങ്ങള്‍ പരിചയപ്പെടുത്തി ഇരിങ്ങാലക്കുടയുടെ വസ്ത്ര വിപണനരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച് ഠാണാ ബൈപാസ് റോഡില്‍ പവിത്ര വെഡ്ഡിങ്ങ്സ് ബുധനാഴ്ച രാവിലെ പ്രസിദ്ധ സിനിമാതാരം മിയ ഉദ്ഘാടനം നിര്‍വഹിച്ച് പ്രവര്‍ത്തനം ആരംഭിച്ചു . ആധുനികരീതിയില്‍ മൂന്ന് നിലകളിലായി ഒരിക്കിയിരിക്കുന്ന ഷോറൂമില്‍ കാഞ്ചീപുരം, ബനാറസി , സില്‍ക്‌സ് സാരികള്‍, ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍, മെന്‍സ് & കിഡ്സ് വെയേഴ്സ്, റെഡിമെയ്ഡ് ചുരിദാര്‍ & ചുരിദാര്‍ മെറ്റിരിയല്‍സ് എന്നിവയുടെ അതിവിപുലമായ ശ്രേണികള്‍ മിതമായ വിലയില്‍ ഒരിക്കിയിട്ടുണ്ട് .  ഓണക്കാലത്ത് ഷോപ്പിംഗ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ അഞ്ച് ഹോണ്ട ഫോര്‍ജി ആക്ടിവ സ്കൂട്ടര്‍ സമ്മാനമായി നല്‍കും. ഉദ്ഘാടന ചടങ്ങില്‍ പ്രൊഫ . കെ.യു അരുണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി അഡ്വ. തോമസ് ഉണ്ണിയാടന്‍, എം പി ജാക്സണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ട്ള, സി പി ഐ മണ്ഡലം സെക്രട്ടറി പി മണി, ബിജെപി മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍ കുമാര്‍, എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് വി പി ആന്റോ എന്നിവര്‍ പങ്കെടുത്തു. പവിത്ര വെഡ്ഡിങ്ങ്സ് മാനേജിങ് ഡയറക്ടര്‍ കെ എസ് സുനിലാല്‍ നന്ദി അര്‍പ്പിച്ചു.

‘ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തോണ്‍’ ഇവന്‍റ് ലോഞ്ച് നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പോര്‍ട്ടിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 8 ന് നടക്കാനിരിക്കുന്ന ‘ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തോണ്‍’ ന്റെ ഇവന്‍റ് ലോഞ്ച് എം സി പി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. മുഖ്യാതിഥിയായിരുന്ന രമേശ് കാഞ്ഞാലി മഠം ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സിനിമ താരം ടോവിനോ തോമസ് ജഴ്സി പ്രകാശനം ചെയ്തു. ചടങ്ങില്‍ എം എല്‍ എ പ്രൊഫ കെ യു അരുണന്‍, യുവ സിനിമ സംവിധായകന്‍ ടോം ഇമ്മട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട തരിശ് രഹിത നിയോജകമണ്ഡലമാക്കാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം

ഇരിങ്ങാലക്കുട : നെല്‍കൃഷി സംരക്ഷിക്കുന്നതിനും പതിറ്റാണ്ടുകളായി തരിശിട്ടിരുന്ന നിലങ്ങള്‍ കൃഷി യോഗ്യമാക്കി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തെ ‘തരിശ് രഹിത നിയോജകമണ്ഡലമായി’ മാറ്റാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം. ഇരിങ്ങാലക്കുട റസ്റ്റ് ഹൗസില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങള്‍ പങ്കെടുത്തു. നിയോജകമണ്ഡലത്തില്‍ ഇപ്പോള്‍ രണ്ടുലക്ഷം ഹെക്ടര്‍ കൃഷിയില്‍നിന്നും മൂന്നു ലക്ഷം ഹെക്ടര്‍ കൃഷിയിലേക്കു ഉയര്‍ത്താനുള്ള കര്‍മ്മപദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഒരുപ്പൂവ് ഇരുപ്പൂവാക്കാനും, കരനെല്ക്കൃഷി പ്രോത്സാഹിപ്പിക്കാനും പദ്ധതികള്‍ ഉണ്ടെന്നു യോഗം ഉദ്ഘാടനം ചെയ്തു പ്രൊഫ . കെ.യു അരുണന്‍ എം.എല്‍.എ പറഞ്ഞു. വിത്തുകള്‍ക്ക് സബ്‌സിഡിയും ലഭ്യമാക്കും. കൃഷി ലാഭകരമല്ലാത്തതിനാല്‍ ഉപേക്ഷിച്ച കൃഷിയിടങ്ങളെ ഉപയോഗപ്പെടുത്തി കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചു പിടിക്കാനുള്ള പരിശ്രമമാണിത് എന്നും അദ്ദേഹം പറഞ്ഞു .

തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് ഗ്രാമസഭയില്‍ നിന്നും ഇറങ്ങിപ്പോക്ക്

കാട്ടൂര്‍ : മാസങ്ങളായി കാട്ടൂര്‍ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തിലെ യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഇറങ്ങിപോയി. പല ഗ്രാമസഭകളിലും ജനങ്ങളാല്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും നാളിതു വരെയായി ടെന്‍ഡര്‍ പോലും വിളിച്ചിട്ടില്ലാത്തതാണ് പ്രതിഷേധത്തിന് വഴിവച്ചത് എന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. കോണ്‍ഗ്രസ് മെമ്പര്‍മാരായ എ എസ് ഹെെദ്രോസ്, എം ജെ റാഫി, ബെറ്റിജോസ്, ധീരജ്തേറാട്ടില്‍, അമീര്‍ തൊപ്പിയില്‍, രാജലക്ഷ്മി കുറുമാത്ത് എന്നിവര്‍ നേതൃത്വം നല്‍കി. എന്നാല്‍ തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ ജൂലൈ 21ന് ചേര്‍ന്ന ഗ്രാമ സഭയില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും വ്യാഴാഴ്ച്ച കത്തിക്കാനായുള്ള സംവിധാനങ്ങള്‍ ചെയ്‌തു കൊണ്ടിരിക്കെ തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് കോണ്‍ഗ്രെസ്സുകാര്‍ ഇറങ്ങിപ്പോക്ക് നടത്തിയതെന്നും ഇതിനെ കുറിച്ച് കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മനോജ്‌ വലിയപറമ്പിലില്‍ പറഞ്ഞു. ഓണത്തിന് മുന്‍പ് എല്ലാ തെരുവ് വിളക്കുകളും കത്തിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും കാലതാമസം ഉണ്ടായത് വെറും സാങ്കേതികമാണെന്നും അദ്ദേഹം വിശദീകരിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട റാസ്‌ മെക്ക്(ലോണ്‍ പ്രോസസ്സിംഗ് സെന്റര്‍) ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട റാസ്‌ മെക്കിന്റെ ഉദ്‌ഘാടനം ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗീത ടി ആര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷ്, ഡി ജി എം സുകുമാര്‍, എ ജെ എം നളിനാക്ഷന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി രഘുപതി, സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ റാസ്‌ മെക്ക് എ ജി എം കെ ജി ഗോപകുമാര്‍ സ്വാഗതവും ചീഫ് മാനേജര്‍ സലിം എ എ നന്ദിയും പറഞ്ഞു.

ഗ്യാസ് വിതരണത്തില്‍ ബില്‍ തുക മാത്രം ഈടാക്കാവൂ – കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്‍

ഇരിങ്ങാലക്കുട : നഗരസഭാ പരിധിയില്‍ പാചക വാതക വിതരണം നടത്തുന്നതിന് ഏജന്‍സികള്‍ ബില്ലിലെ തുക മാത്രം ഈടാക്കുകയും കൂടാതെ നിര്‍ബന്ധമായും ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കണമെന്നും കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഉഷ ദാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ സി സുരേഷ് , രാജീവ് മുല്ലപ്പിള്ളി, ടി കെ സുകുമാരന്‍, ശോഭന രാഘവന്‍, കെ ഗിരിജ, വനജ രാമചന്ദ്രന്‍, ടി എം രാംദാസ് എന്നിവര്‍ പ്രസംഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധി മന്ദിരത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനവും, യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനവും സംയുക്തമായി ആചരിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച സേനാനികളുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയോടെ ചടങ്ങ് ആരംഭിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ധീരജ് തേറാട്ടില്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറിമാരായ സിജു യോഹന്നാന്‍, അസറുദ്ദീന്‍ കളക്കാട്ടില്‍, മണ്ഡലം പ്രസിഡൻ്റുമാരായ വിബിന്‍ വെള്ളയത്ത്, അരുണ്‍ജിത്ത്, ശ്രീരാം ജയപാലന്‍, അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Top
Close
Menu Title