News

Archive for: August 17th, 2017

മാതൃഭൂമി ഡയറക്ടര്‍ അഡ്വ. വി ഭാസ്‌കര മേനോന്‍ (78) അന്തരിച്ചു

മാതൃഭൂമി ഡയറക്ടര്‍ അഡ്വ. വി ഭാസ്‌കര മേനോന്‍ (78) അന്തരിച്ചു. കോഴിക്കോട്ടായിരുന്നു അന്ത്യം. മുന്‍ മന്ത്രി കോങ്ങാട്ടില്‍ രാമന്‍ മേനോന്റെ മകനാണ്. ഇരിങ്ങാലക്കുട വട്ടപ്പറമ്പില്‍ ആണ് അമ്മയുടെ വീട് . ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അദ്ദേഹം ഗവണ്‍മെന്റ് പ്ലീഡറായും പ്രവര്‍ത്തിച്ചിരുന്നു. താമസം എറണാകുളത്തും കോഴിക്കോടുമായിരുനെങ്കിലും മുടങ്ങാതെ എല്ലാവര്‍ഷവും കൂടല്‍മാണിക്യം ഉത്സവത്തിനെത്തുമായിരുന്നു. ഇരിങ്ങാലക്കുടയിലെ തറവാട് വീട് ഇദ്ദേഹത്തിനായിരുനെങ്കിലും, വൃദ്ധരായവരെ പരിപാലിക്കാനായി ഒരു സന്നദ്ധ സംഘടനക്ക് സൗജന്യമായി നല്‍കുകയായിരുന്നു. ഇരിങ്ങാലക്കുട മുന്‍ നഗരസഭാ കൗണ്‍സിലര്‍ വട്ടപ്പറമ്പില്‍ മോഹന്‍ദാസ് സഹോദരനാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ട് നടക്കും.

അമ്പതുകളില്‍ ഇരിങ്ങാലക്കുടയുടെ തട്ടകത്തില്‍ ഭാസ്കരമേനോനെ അറിയുന്നത് ബാഡ്മിന്റണ്‍ കളിക്കാരനായിട്ടാണ് . ഫുട്ബോളും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗെയിം ആയിരുന്നു. കൂട്ടുകാരൊക്കെ ഭാസി എന്ന് വിളിക്കും. മുതിര്‍ന്നവര്‍ വട്ടപ്പറമ്പിലെ ഭാസി എന്ന് പറയും. ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഫുട്ബോളില്‍ കമ്പം കയറി . പക്ഷെ ‘അമ്മ , സീതമ്മക്ക് ഇളയമകന്‍ പേടിച്ചു വലിയ ഒരാളാകണം എന്നു നിര്‍ബന്ധമായിരുന്നു. അപ്പോഴും ഭാസിയുടെ മനസ്സില്‍ ദേശീയതയുടെയും മത്സരക്കളികളുടെയും കമ്പം വിട്ടുപോയിരുന്നില്ല . അച്ഛനെ നിഴല്‍ പോലെ കണ്ട ഓര്‍മകളേയുള്ളു. മദിരാശിയില്‍ മന്ത്രിയായ കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ അപൂര്‍വമായേ വീട്ടില്‍ വരാറുള്ളൂ . ചെറുപ്പത്തില്‍ അച്ഛനെ നഷ്ടപെട്ടിരുന്നെങ്കിലും ഭാസിയുടെ ആരാധ്യപുരുഷന്‍ കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായ അമ്മാവന്‍ വട്ടപ്പറമ്പില്‍ രാമന്‍ മേനോന്‍ ആയിരുന്നു. മുകുന്ദപുരം താലൂക്കിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍സിപ്പല്‍ ചെയര്‍മാനും ആയിരുന്നു രാമന്‍ മേനോന്‍. ദേശീയതയുടെ കളിത്തട്ടായിരുന്നു വട്ടപ്പറമ്പിലെ വീട് . ഭാസ്കരമേനോന്റെ സഹോദരി കല്യാണിക്കുട്ടി , സ്വാതന്ത്ര്യസമരത്തില്‍ എടുത്തു ചാടിയ വനിത ആയിരുന്നു. ചിന്നു ചേച്ചി എന്നാണ് എല്ലാവരും വിളിക്കുക . ഡിഗ്രി പഠനത്തിനായി കേരളവര്‍മ്മയില്‍ ചേരുമ്പോഴും എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയായി എറണാകുളം ലോ കോളേജില്‍ പഠിക്കുമ്പോഴും ഭാസി ബാഡ്മിന്റനോടുള്ള കമ്പം വിട്ടില്ല. കോളേജ് ടീമുകളില്‍ കളിച്ച് ഭാസി സര്‍വകലാശാല ടീമില്‍ വരെ എത്തി.

പുല്ലൂരില്‍ വര്‍ഗീയതക്കെതിരെ മാനവീയ സംഗമം നടന്നു

പുല്ലൂര്‍ : കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി വര്‍ഗീയതക്കെതിരെ നടത്തിയ മാനവീയ സംഗമം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഐ.ആര്‍. ജെയിംസ് അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ടി.ഡി. ആന്‍റണി, സി.വി. ജോസ്.ഭാരവാഹികളായ ജോമി ജോണ്‍, അംബിക മുകുന്ദൻ, വിപിന്‍ വെള്ളയത്ത്, കെ.മുരളീധരന്‍, മോഹന്‍ദാസ് പിള്ളത്ത്, കെ.കെ.വിശ്വനാഥന്‍, ബൈജു മുക്കുളം, മുരിയാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ്, അംഗങ്ങളായ തോമസ് തൊകലത്ത്, ഗംഗാദേവി സുനില്‍, ടെസി ജോഷി, എം.കെ.കോരുക്കുട്ടി, ജെസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ചേലൂര്‍ സെന്റ് മേരീസ് എല്‍ പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ചേലൂര്‍ : ചേലൂര്‍ സെന്റ് മേരീസ് എല്‍ പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ആദ്യ പരിപാടി വെള്ളിയാഴ്ച പാരിഷ് ഹാളില്‍ നടന്നു. വെള്ളാങ്കലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ശതാബ്‌ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തെരുവോരം മുരുകന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കണ്ണന്‍ കെ പി , പി മണി, ജെയ്‌സണ്‍ അച്ചങ്ങാടന്‍, സന്തോഷ് കെ എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി. മേരീസ് സ്വാഗതവും ആന്‍സി നന്ദിയും പറഞ്ഞു. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ അധ്യാപകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ആദരണം, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം, ചികിത്സ സഹായം , 10 നിര്‍ധന കുടുംബങ്ങള്‍ക്ക് ആടിനെ നല്‍കല്‍ , തുടങ്ങിയ പരിപാടികളും തൃശൂര്‍ നവമിത്ര അവതരിപ്പിക്കുന്ന ഒരാള്‍ നാടകവും അരങ്ങേറി.

ജവഹര്‍ലാല്‍ നെഹ്‌റു ഹോക്കി ടൂര്‍ണമെന്റില്‍ ആനന്ദപുരം ശ്രീകൃഷ്ണക്കു വിജയം

ആനന്ദപുരം : തൃശ്ശൂരില്‍ നടന്ന ജവഹര്‍ലാല്‍ നെഹ്‌റു ഹോക്കി ടൂര്‍ണമെന്റില്‍  ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ  ഹൈസ്കൂളിലെ ബോയ്സ് വിഭാഗവും ഗേള്‍സ് വിഭാഗവും കരസ്ഥമാക്കി. വിജയികള്‍ക്ക് സ്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാറളം : കാറളം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പി ടി എ, എന്‍ എസ് എസ് ബോധി , ഐ എം എ എന്നിവയുടെ സഹകരണത്തോടെ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ രാജന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് എ ആര്‍ രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ രമാദേവി ടീച്ചര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു. പി ടി എ വൈസ് പ്രസിഡന്റ് സജിത , എന്‍ എസ് എസ് വളണ്ടിയര്‍മാരായ ലക്ഷ്മിപ്രിയ , ലിബിയ , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ നിത്യ ടീച്ചര്‍, ഭവ്യ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നോവല്‍ സാഹിത്യയാത്ര നാലാം വാരത്തിലേക്ക്

ഇരിങ്ങാലക്കുട : എസ് എന്‍ പബ്ലിക് ലൈബ്രറിയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നോവല്‍ സാഹിത്യ യാത്ര നാലാം വാരത്തിലേക്ക് കടന്നു. ആഗസ്ത് 12 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കുന്ന സാഹിത്യയാത്രയില്‍ ഈ വാരം ചര്‍ച്ച ചെയ്യുന്നത് ഒ ചന്ദു മേനോന്റെ ഇന്ദുലേഖയാണ്. പുസ്തകവാതരണം കെ ആര്‍ ദേവദാസ് നടത്തും. നായര്‍- നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദായത്തിന്റെ ആചാരങ്ങളും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നതാണ് ഇന്ദുലേഖയുടെ ഉള്ളടക്കം.

നാദോപാസന ഇരിങ്ങാലക്കുട ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : നാദോപാസന ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികള്‍ക്കുള്ള തിരെഞ്ഞെടുപ്പ് നടന്നു.  പുതിയ ഭാരവാഹികളായി  എം കൃഷ്ണന്‍കുട്ടി മാരാര്‍ (പ്രസിഡന്റ് ), സി നാരായണന്‍കുട്ടി , ഇ കേശവദാസ് (വൈസ് പ്രസിഡന്റുമാര്‍ ), പി നന്ദകുമാര്‍ (സെക്രട്ടറി ) , ശിവദാസ് പള്ളിപ്പാട്ട് (ജോ .സെക്രട്ടറി ), എ എസ് സതീശന്‍ (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ), കെ ആര്‍ മുരളിധരന്‍ (ട്രഷറര്‍ ), എക്സിക്യൂട്ടീവ് അംഗങ്ങളായി കെ വി ചന്ദ്രന്‍ , ടി ആര്‍ രാമന്‍ നമ്പിശന്‍, സി നന്ദകുമാര്‍ , സോണിയ ഗിരി, ഷീല സോമന്‍ മേനോന്‍, സി ജയശങ്കര്‍, ശ്രീകുമാര്‍ , ജിഷ്ണു സനത്ത് എന്നിവരെ തിരഞ്ഞെടുത്തു.

കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രൂപത അവാര്‍ഡ് മീറ്റ് ആഗസ്ത് 15 ന്

ഇരിങ്ങാലക്കുട : കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 15 നു അവാര്‍ഡ് മീറ്റ് സംഘടിപ്പിക്കുന്നു. രൂപതയില്‍ എസ് എസ് എല്‍ സി ക്കും , പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് /എ വണ്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും, ഭൗതിക വിദ്യാഭ്യാസത്തിനു ഉപരിയായി മത പഠനത്തിന് പ്രാധാന്യം നല്‍കുകയും 10 -ലും 12 -ലും യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയവരെയും , കര്‍മ്മ മേഖലയില്‍ വിജയം കൊയ്തെടുത്ത എക്കോ സ്മാര്‍ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ എം ഡി ചാലക്കുടി എലിഞ്ഞിപ്ര സ്വദേശി ജെയിംസ് കെ ഫ്രാന്‍സിസിനു ഈ വര്‍ഷത്തെ കര്‍മ്മശ്രേഷ്ട അവാര്‍ഡും , വേസ്റ്റ് മാനേജ്മെന്റിന് യു എ ഇ സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ കല്ലംകുന്ന് സ്വദേശി ആരോണ്‍ ഷാജുവിന്‌ ശാസ്ത്ര വിജ്ഞാന്‍ അവാര്‍ഡും നല്‍കി ആദരിക്കും. പ്ലസ് ടുവിനു 1200 /1200 മാര്‍ക്ക് ലഭിച്ച അലോക് പല്ലിശേരിയെയും ചടങ്ങില്‍ ആദരിക്കും. അവാര്‍ഡ് മീറ്റിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. ചാലക്കുടി എം പി ഇന്നസെന്റ് , എം എല്‍ എ മാരായ പ്രൊഫ. കെ യു അരുണന്‍, ബി ഡി ദേവസ്സി , മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു , കോളേജ് പ്രിന്‍സിപ്പല്‍ റവ.സി. ക്രിസ്റ്റി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും എന്ന് പത്രസമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ റവ. ഫാ. ആന്റോ ആലപ്പാടന്‍ , രൂപത പ്രസിഡന്റ് റിന്‍സണ്‍ മണവാളന്‍, ജനറല്‍ കണ്‍വീനര്‍ ആന്റണി തൊമ്മാന, രൂപത സെക്രട്ടറി ജോസഫ് അക്കരക്കാരന്‍, കത്ത്രീഡല്‍ യൂണിറ്റ് പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ റിട്ടയേര്‍ഡ് അധ്യാപകര്‍ക്ക് ആനന്ദപുരത്തിന്റെ സ്നേഹാദരം ആഗസ്ത് 13 ന്

ആനന്ദപുരം : അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കി വിരമിച്ച ആനന്ദപുരത്തെ അധ്യാപകരെ 71 – ാം സ്വന്തന്ത്ര്യദിനത്തോട് അനുബന്ധിച്ചു ആഗസ്ത് 13 ന് രാവിലെ ആനന്ദപുരം ചെറുപുഷ്പ ദേവാലയം ഹാളില്‍ ലിറ്റില്‍ ഫ്ലവര്‍ യൂത്ത് ആദരിക്കുന്നു. 43 റിട്ടയേര്‍ഡ് അധ്യാപകരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്.

സെന്റ് ജോസഫ്‌സ് കോളേജില്‍ സൈബര്‍ ക്രൈം സെമിനാര്‍

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിന്റെയും ഇരിങ്ങാലക്കുട സീഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൈബര്‍ മേഖലയിലെ വ്യത്യസ്തങ്ങളായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ മുന്‍ ചീഫ് വീപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് മുജീബ് റഹ്മാന്‍ സെമിനാര്‍ നയിച്ചു. സെമിനാര്‍ സംഘാടക ഇ പി ത്രിപുര സ്വാഗതം പറഞ്ഞു. ഡോ. സി റോസ് ആന്റോ , എം എന്‍ തമ്പാന്‍ , ബോബി ജോസ് , കെ കെ സക്കറിയ , സി എം ഉണ്ണികൃഷ്ണന്‍, ഇ പി സഹദേവന്‍, ജോണ്‍ ട്രീഷ്യസ് , പ്രൊഫ ആര്‍ ജയറാം എന്നിവര്‍ സംസാരിച്ചു. ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തു.

ലൈബ്രറി കൗണ്‍സില്‍ അഖില കേരള വായന മത്സരം : മുകുന്ദപുരം താലൂക്ക്തല വിജയികള്‍

ഇരിങ്ങാലക്കുട : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന അഖിലകേരള വായന മത്സരത്തിന്റെ ഭാഗമായുള്ള മുകുന്ദപുരം താലൂക്ക്തല വായന മത്സരത്തില്‍ സി.ഭരത് രാജ് (നാഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഇരിങ്ങാലക്കുട), ടി.യു.ദേവീകൃഷ്ണ (എച്ച്.ഡി.പി.സമാജം ഹയര്‍ സെക്കണ്ടറി സ്കൂള്‍ എടതിരിഞ്ഞി), ഗോകുല്‍ തേജസ് മേനോന്‍ (എല്‍.ബി.എസ്.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍, അവിട്ടത്തൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കെ.ആര്‍.അരവിന്ദ് ( ദീപ്തി ഹയര്‍ സെക്കണ്ടറി സ്കൂള്‍, തലോര്‍), ആബേല്‍ ജോയ് ( സെന്റ് ജോസഫ്സ് പബ്ലിക്ക് സ്കൂള്‍, ആനന്ദപുരം), ലക്ഷ്മി കെ പവനന്‍ ( എസ്.എന്‍.ഹയര്‍ സെക്കണ്ടറി സ്കൂള്‍,ഇരിങ്ങാലക്കുട), ശ്രീരാഗ് ശിവദാസ് ( ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, നടവരമ്പ്), പി.ഹരി ഗോവിന്ദ് ( ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂള്‍,ആനന്ദപുരം), അഞ്ജന ബൈജു ( ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂള്‍, ആനന്ദപുരം), കെ.ജയകൃഷ്ണന്‍ (ദീപ്തി ഹയര്‍സെക്കണ്ടറി സ്കൂള്‍, തലോര്‍) എന്നിവരും ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നതിനു അര്‍ഹത നേടി.

തരണനല്ലൂര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും എസ് എഫ് ഐക്ക്

താണിശ്ശേരി : കാലിക്കറ്റ് സര്‍വകലാശാലക്ക് കിഴിലുള്ള തരണനല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ്  കോളേജ്  യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐ വിജയിച്ചു. ചെയര്‍മാന്‍ രോഹിത്.ടി.ആര്‍, വൈസ് ചെയര്‍മാന്‍ റഷാന റഷീദ്, ജനറല്‍ സെക്രട്ടറി അക്ഷയ് ബാബു, ജോയിന്റ് സെക്രട്ടറി ലക്ഷ്മിപ്രിയ.എം.ആര്‍, യു.യു.സി ബിന്‍സാഗര്‍ കെ.എസ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ജിജോമോന്‍.പി.പി, ജനറല്‍ ക്യാപ്റ്റന്‍ രാഹുല്‍ പവിത്രന്‍, മാഗസിന്‍ എഡിറ്റര്‍ സെമില്‍.കെ.എസ് എന്നിവര്‍ തിരഞ്ഞെടുക്കപെട്ടു. തരണനെല്ലൂര്‍ കോളേജ് മുതല്‍ താണിശേരി സെന്റര്‍ വരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിജയപ്രകടനം നടത്തി. കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്. ബാബു,  ഡി വൈ എഫ് ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഐ. വി. സജിത്ത്, മേഖല സെക്രട്ടറി  ബി.കെ. അഭിജിത് തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു.

Top
Close
Menu Title