News

Archive for: August 17th, 2017

അധികാര ദുര്‍വിനിയോഗം : തൃശ്ശൂര്‍ ഡി.ഇ.ഒയ്‌ക്കെതിരെ വകുപ്പ്തല നടപടിയെടുക്കണം – കെ.പി.എസ്.ടി.എ

ഇരിങ്ങാലക്കുട : അധികാര ദുര്‍വിനിയോഗം നടത്തിയ തൃശ്ശൂര്‍ ഡി.ഇ.ഒയ്‌ക്കെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ നേതൃത്വക്യാമ്പ് ആവശ്യപ്പെട്ടു. ആറാമത് പ്രവര്‍ത്തി ദിനത്തിലെ ക്ലസ്റ്ററില്‍ നിന്ന് വിട്ടുനിന്ന അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവരോട് ഓഫീസ് സമയം കഴിഞ്ഞ് തന്നെ നേരില്‍ കണ്ട് വിശദീകരണം നല്‍കണമെന്ന് സ്വന്തം നിലയില്‍ ഉത്തരവിറക്കിയ ഡി.ഇ.ഒ അധികാരദുര്‍വിനിയോഗം നടത്തിയിരിക്കുകയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടേയോ, ഉപ ഡയറക്ടറുടേയോ നിര്‍ദ്ദേശമില്ലാതെ സ്വന്തം നിലയില്‍ തൃശ്ശൂരില്‍ മാത്രം ഉത്തരവിറക്കിയത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണം. ഇതുമായി ബന്ധപ്പെട്ട് ലോകായുക്തയ്ക്ക് പരാതി നല്‍കാനും കെ.പി.എസ്.ടി.എ തീരുമാനിച്ചു. കെ.പി.സി.സി ഉന്നതാധികാര സമിതി അംഗം ബൈന്നി ബെഹന്നാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ് അബ്ദുള്‍ ഹഖ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി സെക്രട്ടറി സോണിയാഗിരി, ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, എം. ആര്‍ ഷാജു, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ ബാബുദാസ്, പി.ജെ ആന്റണി, സി.എന്‍ വിജയകുമാര്‍, പി.യു വില്‍സന്‍, ഷാഹിത റഹ്മാന്‍, രവീന്ദ്രന്‍ എ.എസ്, ഇ.കെ സോമന്‍, ഷാജി എം.ജെ, എ.എം ജെയ്‌സന്‍, ടി.യു ജെയ്‌സന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

കര്‍ഷകദിനത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനവും വളര്‍ത്തു നായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പും

പൊറത്തിശ്ശേരി : ചിങ്ങം ഒന്ന് കര്‍ഷകദിനത്തോട് അനുബന്ധിച്ചു മഹാത്മാ മാനവദര്‍ശന വേദിയുടെ ആഭിമുഖ്യത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനവും വളര്‍ത്തു നായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പും അലങ്കാരമത്സ്യ പ്രദര്‍ശനവും ആഗസ്ത് 17 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് സംഘടിപ്പിക്കുന്നു. പ്രദര്‍ശന ഉദ്ഘാടനം ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുശാന്ത് കെ എസ് നിര്‍വഹിക്കും. മികച്ച കര്‍ഷകരെ ആദരിക്കലും സമ്മാനദാനവും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ശശി നിര്‍വഹിക്കും. വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരുന്നവര്‍ പേരുകള്‍ ആഗസ്ത് 14 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം , പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഫീസുമായി ബന്ധപെടുക : 9447618993.

സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുവാന്‍ ഇരിങ്ങാലക്കുട നഗരസഭയും

ഇരിങ്ങാലക്കുട : ഭാരതം സ്വതന്ത്രമായതിന്റെ 70 – ാ മത് വാര്‍ഷികം സമുചിതമായി ആഘോഷിക്കുവാന്‍ ഇരിങ്ങാലക്കുട നഗരസഭ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു ആഗസ്ത് 15 ന് രാവിലെ 9. 30 ന് മുന്‍സിപ്പല്‍ മൈതാനിയില്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ദേശീയപാത ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും. തുടര്‍ന്ന് മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന കര്‍മ്മ പരിപാടിയുടെ നഗരസഭതല പ്രഖ്യാപനവും പ്രതിജ്ഞയും എടുക്കും. നഗരസഭ പ്രദേശത്തെ വിദ്യാലയങ്ങളില്‍ നിന്നും മാര്‍ച്ചിലെ സ്റ്റേറ്റ് സിലബസ് , സി ബി എസ് ഇ , ഐ സി എസ് ഇ വിഭാഗങ്ങളിലെ പത്താം ക്ലാസ് , പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് , എ വണ്‍ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കും.

നാടന്‍ ബോംബ് കണ്ടെടുത്ത വിഷയത്തില്‍ പങ്കില്ലെന്ന് സി പി ഐ (എം) കിഴുത്താണി ലോക്കല്‍ കമ്മിറ്റി

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ പുല്ലത്തറയില്‍ നാടന്‍ ബോംബ് കണ്ടെടുത്തുവെന്ന് പറയുന്ന വിഷയത്തില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടുള്ള വ്യക്തിയുമായി സി പി ഐ (എം ) നു യാതൊരു ബന്ധവും ഇല്ലെന്നും രാഷ്ട്രീയലക്ഷ്യത്തോടു കൂടി ബി ജെ പി യും സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും സി പി ഐ (എം) കിഴുത്താണി ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വി കെ ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ സുരേഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചേലൂര്‍ സെന്റ് മേരീസ് എല്‍ പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ആടിനെ വിതരണം ചെയ്തു

എടതിരിഞ്ഞി : ചേലൂര്‍ സെന്റ് മേരീസ് എല്‍ പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി 10 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് 10 ആടിനെ വിതരണം ചെയ്തു. വെള്ളാങ്കലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. കെ സി ബിജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തെരുവോരം മുരുകന്‍ മുഖ്യാതിഥി ആയിരുന്നു. കണ്ണന്‍ കെ പി ,പി മണി, ജെയ്‌സണ്‍ അച്ചങ്ങാടന്‍ , സന്തോഷ് കെ എസ് , സി.മേരീസ് എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിലെ ജോസ്ലിന് റ്റാക്ക്വോണ്ടോയില്‍ ഗിന്നസ്‌ റെക്കോഡ്

ഇരിങ്ങാലക്കുട : മാര്‍ഷ്യല്‍ ആര്‍ട്‌സ് വിഭാഗത്തില്‍ ഇരിങ്ങാലക്കുടയിലേയ്ക്ക് ഗിന്നസ് റെക്കോഡ്. ക്രൈസ്റ്റ് കോളേജിനടുത്ത് താമസിക്കുന്ന കുട്ടിക്കാട്ട് നെയ്യന്‍ ജോയ് വര്‍ഗീസിന്റെയും സെലിന്റെയും മകള്‍ ജോസ്ലിനാണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വിഭാഗത്തിലുള്ള റ്റാക്ക്വോണ്ടോയില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് കിട്ടിയിരിക്കുന്നത്. ജെ.ആര്‍. ഇന്റര്‍നാഷണല്‍ റ്റാക്ക്വോണ്ടോ അക്കാദമിയുടെ നേതൃത്വത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡിനുവേണ്ടി ഇന്ത്യയിലെ ആറു പ്രധാന വേദികളിലായി നടത്തിയ മത്സരത്തില്‍ 1016 പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ മധുരയില്‍നിന്ന് മത്സരിച്ച ജോസ്ലിന്‍ നെയ്യന്‍ ലോകചാമ്പ്യനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബി.ടെക് ബിരുദത്തിന് ശേഷം ചെന്നൈയില്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ചിട്ടാണ് ഗിന്നസ് പുരസ്‌കാരത്തിന് വേണ്ടിയുള്ള പരിശ്രമം ജോസ്ലിന്‍ പൂര്‍ത്തീകരിച്ചത്. മുന്‍പ് രണ്ട് തവണ തമിഴ്‌നാടിനെ പ്രതിനിധാനംചെയ്ത് മത്സരിച്ച് ജോസ്ലിന്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്.

Top
Close
Menu Title