News

Archive for: August 17th, 2017

അമിതഭാരം കയറ്റുന്ന ലോറികള്‍ ഗതാഗതതടസ്സം പതിവാക്കുന്നു

ഇരിങ്ങാലക്കുട : അനുവദനീയമായ അളവിനധികം ഭാരം കയറ്റി പോകുന്ന ലോറികള്‍ പോട്ട- മൂന്നുപീടിക സംസ്ഥാന പാതയില്‍ പതിവായി ഗതാഗതതടസം സൃഷിടിക്കുന്നതിനു കാരണമാകുന്നു. ചാലക്കുടി റെയില്‍വേ ഗുഡ്സ് ഷെഡ്‌ഡില്‍നിന്നും ഇരിങ്ങാലക്കുടയിലെയും കല്ലേറ്റുംകരയിലെയും കാലിത്തീറ്റ കമ്പനിയിലേക്ക് ചരക്കുകളുമായി പോകുന്ന ലോറികളാണ് ഇതില്‍ ഏറെയും. അമിത ഭാരം മൂലം ലോറിയുടെ ഇരുവശങ്ങളിലേക്കും ചാക്ക് കെട്ടുകള്‍ തള്ളി നില്‍ക്കുന്നത് മൂലം വളരെ പതുക്കെയാണ് റോഡിലൂടെ ഇവ നീങ്ങുന്നത്. ഇത്തരം ലോറികളില്‍ ഭൂരിപക്ഷവും പഴക്കം ചെന്നവയുമാണ് . ബാലന്‍സ് തെറ്റി മറിയുവാന്‍ സാധ്യത ഉള്ളതുകൊണ്ട് ഇത്തരം ലോറികള്‍ റോഡിന്‍റെ ഇടതുവശം ചേര്‍ന്ന് പോകാതെ മധ്യത്തിലൂടെയാണ് യാത്ര . പുറകില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഇത്തരം ഒന്നിലധികം ലോറികളെ മറികടക്കാനാവാത്തതും ഗതാഗതതടസത്തിനു കാരണമാകുന്നു. ലോറികളില്‍ അമിതഭാരം കയറ്റുന്നതിനെതിരെ കുറച്ചുകാലം പരിശോധന ഉണ്ടായിരുന്നു. അപ്പോള്‍ ഇത്തരം അപകടങ്ങളും കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിശോധന വെറും ചടങ്ങായി മാറിയപ്പോള്‍ 10 ടണ്‍ മാത്രം കയറ്റാവുന്ന ലോറിയില്‍ 15 മുതല്‍ 18 ടണ്‍ കയറ്റി പോകുന്ന അവസ്ഥയിലെത്തി. ഒരിടക്ക് തവിടു ചാക്കുകളുമായി അമിതഭാരം കയറ്റിപോകുന്ന ലോറികള്‍ സ്ഥിരമായി കല്ലേറ്റുംകര, വല്ലക്കുന്ന്, തൊമ്മാന എന്നിവിടങ്ങളിലെ കൊടും വളവുകളില്‍ മറയുന്ന പതിവുണ്ടായിരുന്നു .ലോറി ഉടമസ്ഥരുടെ സംഘടന ഇത്തരം അമിതഭാരം കയറ്റി പോകുന്ന പ്രവണതക്ക് എതിരാണ് , കമ്പനികളും കോണ്‍ട്രാക്ടര്‍മാരും ആണ് ഇതിനു നിര്‍ബന്ധിക്കുന്നത് എന്നും ഇവര്‍ പറയുന്നു.

 

ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചത്തില്‍ പ്രതിഷേധിച്ച് വായ് മൂടി കെട്ടി ദീപം തെളിയിച്ച് കുട്ടികള്‍ കൂട്ടായ്മ സംഘടിപ്പിച്ചു

എടതിരിഞ്ഞി : ഗോരഖ്പൂര്‍ മണ്ഡലത്തിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ന്റെ നേതൃതത്വത്തില്‍ എടതിരിഞ്ഞിയില്‍ കുട്ടികള്‍ വായ് മൂടി കെട്ടി ദീപം തെളിയിച്ച് കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് പടിയൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി.വി. വിബിന്‍ അദ്ധ്യക്ഷത വഹിച്ചു.  പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ബിജു, കെ.വി. രാമകൃഷ്ണന്‍, കെ.എസ്. രാധാകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. കെ പി കണ്ണന്‍ സ്വാഗതവും കാര്‍ത്തിക് നന്ദി പറഞ്ഞു .

സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്നവര്‍ മാതാപിതാക്കളുടെയോ മറ്റുളവരുടെയോ നിര്‍ബന്ധം കൂടാതെ വേണം പ്രയത്നിക്കുവാന്‍ – സിദ്ധാര്‍ത്ഥ് ഐ എ എസ്

ഇരിങ്ങാലക്കുട : വിവേകാനന്ദ ഐ എ എസ് അക്കാദമി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ മാസവും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 40 – ാമത് എഡിഷനില്‍ 2017 -ലെ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 15 – ാം റാങ്ക് നേടിയ സിദ്ധാര്‍ത്ഥ് ഐ എ എസ് ക്ലാസ് എടുത്തു. ഐ എ എസ് ലഭിച്ചിട്ടും അദ്ദേഹം ഐ എഫ് എസ് ആണ് തിരഞ്ഞെടുത്തത് . സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്നവര്‍ മാതാപിതാക്കളുടെയോ മറ്റുളവരുടെയോ നിര്‍ബന്ധം കൂടാതെ വേണം അതിനു വേണ്ടി പ്രയത്നിക്കുവാന്‍ അതുപോലെ തന്നെ സ്കൂള്‍ , കോളേജ് പഠനങ്ങള്‍ നിലവാരം ഉള്ള സ്ഥലത്ത് നിന്നും ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡയറക്ടര്‍ എം ആര്‍ മഹേഷ്, എ ടി വര്‍ഗീസ് , ആന്റോ പെരുമ്പിള്ളി എന്നിവര്‍ സംസാരിച്ചു.

Top
Close
Menu Title