News

Archive for: September 20th, 2017

ഭവന പദ്ധതിയുടെ പേരില്‍ യുവാവിനെ മുന്‍ കൗണ്‍സിലര്‍ വഞ്ചിച്ചതായി പരാതി : പ്ലകാര്‍ഡുമായി ഒറ്റയാള്‍ സമരത്തില്‍

ഇരിങ്ങാലക്കുട : ഭവന പദ്ധതിയുടെ പേരില്‍ യുവാവിനെ ഇരിങ്ങാലക്കുട നഗരസഭാ മുന്‍ കൗണ്‍സിലര്‍ വഞ്ചിച്ചതായി പരാതി. പുതുമയുടെ പേരില്‍ വാടകവീട്ടില്‍ നിന്നും മോചനമെന്ന വാഗ്ദാനവുമായി ന്യൂ ഗോള്‍ഡന്‍ പാര്‍പ്പിട പദ്ധതി നടത്തുന്ന മുന്‍ കൗണ്‍സിലര്‍ ലോറന്‍സ് ചുമ്മാറിനെതിരെയാണ് പരാതി . ഇരിങ്ങാലക്കുട ഹിന്ദി പ്രചാര്‍ മണ്ഡലം റോഡില്‍ നക്കര ബില്‍ഡിങ്ങില്‍ പുതുമ എന്ന പേരില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് . മതിലകം കുരുതുകുളം വീട്ടില്‍ ബിജു (37) ആണ് പരാതിക്കാരന്‍. ഇയാള്‍ ഇവിടെ കഴിഞ്ഞ രണ്ടു ദിവസമായി പ്ലകാര്‍ഡുമായി ഒറ്റയാള്‍ സമരത്തിലാണ്. കാരുകുളങ്ങര ചുങ്കത്ത് 5 സെന്‍റ്റ് സ്ഥലത്ത് 600 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിച്ച് നല്‍കാമെന്നു പറഞ്ഞു തന്‍റെ കയ്യില്‍ നിന്നും മൂന്നര ലക്ഷം രൂപ 10 മാസങ്ങള്‍ക്കു മുന്‍പ് വാങ്ങിയെന്നും, പണിപൂര്‍ത്തീകരിക്കുമ്പോള്‍ 19 ലക്ഷം നല്‍കണമെന്നായിരുന്നു ധാരണയെന്നും , എന്നാല്‍ 10 മാസങ്ങള്‍ പിന്നിട്ടിട്ടും വീടുനിര്‍മ്മാണം ആരംഭിച്ചില്ലെന്നും പിന്നീട് പോലിസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പണം തിരികെ നല്‍കാമെന്ന് ലോറെന്‍സ് ചുമ്മാര്‍ സമ്മതിച്ചതായും എന്നാല്‍ പണം നല്‍ക്കുന്നില്ലെന്നും ബിജു പറഞ്ഞു. ബിജുവിന് വീടു നിര്‍മ്മിച്ചു നല്‍ക്കാമെന്നു പറഞ്ഞ സ്ഥലം നിര്‍മ്മാണയോഗ്യമല്ലെന്നു ബോധ്യപെട്ടതായും ഒക്ടോബര്‍ 15ന് മുന്‍പായിട്ടാണ് പണം തിരിച്ചു നല്‍കാമെന്ന ധാരണയെന്നും , പണം നല്‍കുമെന്നും ലോറെന്‍സ് ചുമ്മാര്‍ പറയുന്നു. കഴിഞ്ഞ 17 വര്‍ഷമായി സ്ഥാപനം നടത്തുന്നതായും ഇതുവരെ തനിക്കെതിരെ ഒരുപരാതിയും ഉണ്ടായിട്ടില്ലെന്നും വിവരം പൊലീസിന് ബോധ്യപെട്ടതായും മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പണം അടുത്തമാസം നല്‍കാമെന്നും ലോറന്‍സ് ചുമ്മാര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സ് ബൂത്ത് കമ്മിറ്റിയുടെ ഓണാഘോഷം ബെതസ്ഥ ബോയ്സ് ഹോമില്‍

ഇരിങ്ങാലക്കുട : യൂത്ത് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട തൊണ്ണൂറാം ബൂത്ത് കമ്മിറ്റിയുടെ ഓണാഘോഷം ഇരിങ്ങാലക്കുട ബെതസ്ഥ ബോയ്സ് ഹോമില്‍ വച്ച് നടത്തി. കെ പി സി സി ജന: സെക്രട്ടറി എം പി ജാക്സണ്‍ ഉദ്ഘാടനം ചെയ്ത ഓണാഘോഷ പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു മുഖ്യാഥിതിയും ബൂത്ത് പ്രസിഡണ്ട് സുബിന്‍ പി എസ് അധ്യക്ഷനും ആയിരുന്നു. ഡി സി സി ജന: സെക്രട്ടറി സോണിയ ഗിരി ബോയ്സ് ഹോം അന്തേവാസികള്‍ക്കുള്ള സ്പോര്‍ട്ട്സ് കിറ്റ് വിതരണം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ജോസഫ് ചാക്കോ, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.വി സി വര്‍ഗ്ഗീസ്, എം ആര്‍ ഷാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സനല്‍ കല്ലൂക്കാരന്‍ സ്വാഗതവും വിനില്‍ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. ബോയ്സ് ഹോം അന്തേവാസികളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.

 

കൊരമ്പ്‌ മൃദംഗ കളരിയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് മൃദംഗമേളയും സംഗീതകച്ചേരിയും

ഇരിങ്ങാലക്കുട :  കൊരമ്പ്‌ മൃദംഗ കളരിയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് മൃദംഗമേളയും സംഗീതകച്ചേരിയും അവതരിപ്പിച്ചു. മുപ്പതോളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ മൃദംഗ കച്ചേരിയില്‍ അണിനിരന്നു. രശ്മി ശങ്കര്‍, ശ്രുതി ശങ്കര്‍ എന്നിവര്‍ കച്ചേരി നടത്തി. കൊരമ്പ് വിക്രമന്‍ നമ്പൂതിരി കച്ചേരിക്ക് നേതൃത്വം വഹിച്ചു.

പാറമടയിലെ വാറ്റുകേന്ദ്രത്തില്‍ നിന്ന് 20 ലിറ്റര്‍ ചാരായവും ഉപകരണങ്ങളും പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെള്ളിക്കുളങ്ങര ഇഞ്ചിക്കുണ്ട് വാറ്റുകേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ഇരുപത് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചെമ്പുച്ചിറ മാതിയേങ്കര രാഘവന്‍ എന്നയാളുടെ പ്രവര്‍ത്തനം നിര്‍ത്തിയ പാറമടയില്‍ സ്ഥിതി ചെയ്യുന്ന വാറ്റുകേന്ദ്രത്തില്‍ നിന്ന് മകന്‍ സനുമോനെ (35) എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ എ ജയദേവന്‍ അറസ്റ്റ് ചെയ്തു. വാറ്റുചാരായം വില്‍പ്പനയ്ക്കായി പല സ്ഥലങ്ങളിലേക്കും കൊണ്ട് പോകാന്‍ ഉപയോഗിച്ച ഓമ്നി വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം പി ജീവേഷ്, ശിവന്‍ ഇ വി , ഇ പി ഡൈപ്പസ് എന്നിവരുമുണ്ടായിരുന്നു. കോടാലി മേഖലയില്‍ നിന്നും കഴിഞ്ഞയാഴ്ച്ച 150 ലിറ്റര്‍ വാഷും 6 ലിറ്റര്‍ ചാരായവും പിടികൂടിയിരുന്നു. ഓണത്തോടനുബന്ധിച്ച് എക്‌സൈസ് സംഘം ഈ മേഖലയില്‍ പരിശോധന തുടരുകയായിരുന്നു.

കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടകരമായ രീതിയില്‍ ബാങ്കിന് മുകളില്‍ വെല്‍ഡിങ് നടത്തിയത് പോലീസെത്തി തടഞ്ഞു

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്‍ഡിലെ ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്ക് ശാഖയുടെ കെട്ടിടത്തിന് മുകളില്‍ കാല്‍ നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടകരമായ രീതിയില്‍ വെല്‍ഡിങ് നടത്തിയത് പോലീസെത്തി തടഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ കെട്ടിടത്തിന് മുകളിലെ ട്രസ് വര്‍ക്കിന്റെ വെല്‍ഡിങ്ങിനിടെ തീപ്പൊരികള്‍ താഴേക്ക് വീഴുന്നുണ്ടായിരുന്നു. ഇത് വഴി കടന്നുപോയവരുടെ വസ്ത്രങ്ങളിലും മറ്റും തീപ്പൊരി വീണ് കേടുപാടുകള്‍ സംഭവിച്ചു. ഇതിനു പുറമെ ബാങ്കിന്റെ കെട്ടിടത്തിനു എതിര്‍ വശത്തുള്ള നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനുള്ളില്‍ വ്യാപാരം നടത്തുന്നവര്‍ക്കും തീപ്പൊരി കടയിലേക്ക് തെറിച്ചു വീണ് ശല്യം ഉണ്ടാക്കിയിരുന്നു. ജോലിക്കാരുടെ അടുത്ത് പരാതി പെട്ടപ്പോള്‍ ഇവരുടെ ഭാഗത്തു നിന്നും ധിക്കാരപരമായ പെരുമാറ്റം തുടര്‍ന്നപ്പോള്‍ ഇരിങ്ങാലക്കുട പോലീസിനെ അറിയിക്കുകയായിരുന്നു. ഉച്ചയോടെ പോലീസ് എത്തി പണി നിര്‍ത്തി വച്ചു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ സീറ്റുകളിലും വെല്‍ഡിങ്ങിന്റെ തീപ്പൊരികള്‍ വീണ് കേടുപാടുകള്‍ സംഭവിച്ചു. പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ വയ്ക്കരുതെന്ന് ഒരു കടലാസ്സിലെഴുതി ഒട്ടിച്ചതൊഴിച്ചാല്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇവര്‍ എടുത്തിരുന്നില്ല.

പി എസ് എല്‍ വി പരാജയത്തെ മറികടക്കാന്‍ പ്രചോദനമായി മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഇരിങ്ങാലക്കുട : ഇന്ത്യന്‍ ഗതിനിര്‍ണയ സംവിധാന ശ്രേണിയിലെ എട്ടാം ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞന്മാരെ ആശ്വസിപ്പിക്കുകയും മുന്നോട്ട് കുതിക്കാനുള്ള ഉത്തേജനം നല്‍കിയും മുന്‍ ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ നല്‍കിയ പോസ്റ്റ് വൈറലാകുന്നു. പരാജയത്തില്‍ തളരരുതെന്നും, ഏതു പ്രതിസന്ധിയില്‍ നിന്നും തിരിച്ചു വരാനുള്ള നൈസര്‍ഗികമായ കഴിവ് നമുക്കുണ്ടെന്നും ഇത് പി എസ് എല്‍ വി യുടെ യശസ്സ് വീണ്ടും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഈ പോസ്റ്റ് ഐ എസ് ആര്‍ ഓ ജീവനക്കാര്‍ക്കെല്ലാം പ്രചോദനമായിട്ടുണ്ടെന്ന് അതിനു ലഭിച്ച പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. പി എസ് എല്‍ വി സി-39 റോക്കറ്റിലാണ് ഐ ആര്‍ എന്‍ എസ് എസ് – 1 ഉപഗ്രഹം കുതിച്ചത്. ഉപഗ്രഹം റോക്കറ്റില്‍ നിന്നും വേര്‍പ്പെടാതിരുന്നതാണ് പരാജയ കാരണം.

കെ യു ബി എസ് ഒ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കായിക മത്സരങ്ങള്‍ക്ക് തുടക്കം

ഇരിങ്ങാലക്കുട : കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ യു ബി എസ് ഒ)
ഇരിങ്ങാലക്കുടയില്‍ നടത്തുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഐ.ടി.യു.ബാങ്ക് ജനറല്‍ മാനേജര്‍ ദിലീപ് നിര്‍വ്വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ടി.വി.ചാര്‍ളി, പീറ്റര്‍ ജോസഫ്, ജോസഫ് ചാക്കോ, രഞ്ജിത്ത്, അഡ്വ.ടി.ജെ.തോമസ്‌ എന്നിവര്‍ സംസാരിച്ചു.

ബലിപെരുന്നാള്‍ ആഘോഷിച്ചു

വെള്ളാങ്ങല്ലുര്‍ : കടലായി ജുമാ മസ്ജിദില്‍ നടന്ന ബലിപെരുന്നാള്‍ പ്രാര്‍ത്ഥനയില്‍ ഇമാം അബ്ദു ലത്തീഫ് അല്‍-ഖാസി മി .ഖുത്തുബ നിര്‍വ്വഹിച്ചു.

ഇരിങ്ങാലക്കുട : ടൗണ്‍ ജുമാ മസ്ജിദില്‍ പെരുന്നാള്‍ നമസ്കാരത്തിന് പി എന്‍ എം കബീര്‍ മൗലവി നേതൃത്വം നല്‍കി.

Top
Menu Title