News

Archive for: September 20th, 2017

എല്ലാ വായനക്കാര്‍ക്കും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ ഓണാശംസകള്‍

മാനുഷരെല്ലാരും ഒന്നു പോലെ കഴിഞ്ഞിരുന്ന ഒരു കാലത്തെ നിരന്തരം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരു മിത്താണ് ഓണം. സമത്വത്തിന്റെ ഏകീ ഭാവമാണ് ഓണം നമ്മിലേക്ക് എത്തിക്കുന്നത്. സമൃദ്ധിയുടെ നടുവില്‍ നാട് നിറഞ്ഞൊഴുകുമ്പോഴും മറുവശത്ത് ഉണ്ണാനും ഉടുക്കാനുമില്ലാത്ത ഒരു വിഭാഗം ഉള്ളവന്റെ ഇത്തിരി കനിവിനു വേണ്ടി കേഴുന്നത് നമ്മുടെ ഓണ സങ്കല്‍പ്പത്തെ കീഴ്മേല്‍ മറിക്കുന്നുണ്ട്. എന്നിരുന്നാലും നാം എന്നും ഗൃഹാതുരത്വത്തോടെ നെഞ്ചിലേറ്റിയ ഓണത്തിന് ഒരു നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ എല്ലാ വിശുദ്ധിയുമുണ്ട്. ഒത്തൊരുമയുടെ സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, നന്മയുടെ വെളിച്ചം അത് നമ്മിലേക്ക് നിരന്തരം പകരുന്നുണ്ട്. ഒരു സൗഹൃദത്തിന്റെ നിറച്ചാര്‍ത്തിലേക്ക് സ്നേഹപൂര്‍വ്വം നേരുന്നു,
ലോകമെമ്പാടും ഇന്റര്‍നെറ്റിന്റെ മൃദുലമായ സ്‌പര്‍ശനത്തിലൂടെ ഒന്നിച്ചു ചേരുന്ന ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ …
ന്യൂസ്‌ ടീം – ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം

ആവേശത്തിന്റെ പാരമ്യത്തില്‍ അവസാനവട്ട ഒരുക്കങ്ങളുമായി ഇരിങ്ങാലക്കുട ഉത്രാട പാച്ചിലില്‍

ഇരിങ്ങാലക്കുട : ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങളുമായി ഞായറാഴ്ച ഇരിങ്ങാലക്കുട ഉത്രാട പാച്ചിലില്‍. അവധിയായതിനാല്‍ ബാങ്ക് എ.റ്റി.എമ്മുകള്‍ പലതും ഉച്ചയോടെ കാലിയായി , റോഡിലാണെകില്‍ ബ്ലോക്കും ഒപ്പം ഉച്ചക്ക് ചാറ്റല്‍ മഴയും. ഇനിയുള്ള മണിക്കൂറുകള്‍ പഴമയിലേക്കുള്ള കാത്തിരിപ്പാണ്. ഓണക്കോടിക്കും സദ്യവട്ടങ്ങള്‍ക്കുള്ള അവസാനവട്ട ഓട്ടത്തിലാണ് എല്ലാവരും. കാര്‍ഷിക രംഗത്തെ കൂടിച്ചേരല്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഓണം മാറിയെങ്കിലും ഒന്നാം ഓണം കൂടിയായ ഉത്രാടദിനം ആവേശത്തിന്റെ പാരമ്യത്തിലാണ്. വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന മനുഷ്യരൊഴികെ മറ്റെല്ലാത്തിനും വിലവര്‍ദ്ധിച്ച സമയവും സന്ദര്‍ഭവും കൂടിയാണിത്. പഴക്കവും, പാരമ്പര്യവുമുള്ള ശ്രീ സംഗമേശന്റെ സാനിദ്ധ്യവുമുള്ള ക്ഷേത്രനഗരിയ്ക്ക് ഓണാഘോഷങ്ങളുടെ മുന്‍പന്തിയില്‍ തന്നെയാണ് സ്ഥാനം. ബന്ധുക്കളുമൊത്തുള്ള ഓണം മനസിന്റെ പിന്മടക്കം തന്നെയാണല്ലോ. പാടവും പറമ്പും അന്യാധീനമായത്തോടെ പൂക്കളെക്കൊണ്ടുള്ള ഓണാഘോഷം എന്നാല്‍ ഇത്തവണ കേരളീയര്‍ പൂക്കള്‍ക്ക് വേണ്ടി തമിഴ്‌നാട്ടുകാരെ ആശ്രയിച്ചെങ്കിലും ജൈവ രീതിയിലുള്ള കൃഷികളിലൂടെ സ്വന്തമായി വിളയിച്ചെടുത്ത പച്ചക്കറികള്‍ ആണ് അടുക്കളയില്‍ എത്തിച്ചത്. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് അണു കുടുംബത്തിലെയ്ക്കുള്ള പ്രയാണം സ്വാര്‍ഥത കൈമുതലായ ഒരു തലമുറയെയാണ് സൃഷ്ടിച്ചത്. ഇന്‍സ്റ്റന്റ് ഓണം സമ്മാനിക്കുന്ന ഉപ്പേരിയും തൃക്കാരപ്പനും മറ്റും വലിയ ഡിമാന്റ് തന്നെയായിരുന്നു ഇത്തവണയും . മഹാമടിയന്മാരായ നമ്മള്‍ തൃക്കാരപ്പന് ഇരിപ്പിടമാകേണ്ട തുമ്പപ്പൂ ചെടിയടക്കം വിലകൊടുത്ത് വാങ്ങുന്നു. എന്തായാലും ഉത്രാടപ്പാച്ചില്‍ ഓണാഘോഷങ്ങളുടെ പരിസമാപ്തി തന്നെ സംശയമില്ല.

ഓണം കെങ്കേമമാക്കി റെഡി റ്റു ഈറ്റ് ഓണവിഭവങ്ങള്‍

ഇരിങ്ങാലക്കുട : ഓണം കെങ്കേമമാക്കാന്‍ വിപണി കീഴടക്കി റെഡി റ്റു ഈറ്റ് ‘സ്‌പെഷ്യല്‍’ ഓണവിഭവങ്ങള്‍. ഓണാഘോഷത്തില്‍ വ്യത്യസ്തത കൈവരിക്കാന്‍ പുളിഞ്ചി, കാളന്‍ പോലെ പല തരത്തിലുള്ള വെറൈറ്റി വിഭവങ്ങളും ആകര്‍ഷകമായ പാക്കിങ്ങുകളുമായാണ് ഇത്തവണ ഹോട്ടലുകളും ബേക്കറികളും രംഗത്തുള്ളത്. അര ലിറ്ററിനു 160 രൂപ വീതമാണ് വില. എന്നാല്‍ സ്ഥിരം വിഭവങ്ങളോടുള്ള ആളുകളുടെ പ്രിയവും നഷ്ടമായിട്ടില്ല. ഇക്കുറിയും പാലട, പരിപ്പ്, ഗോതമ്പ് പായസങ്ങള്‍ക്കു ആവശ്യക്കാര്‍ ഏറെയാണ്. ഇത്തവണ വില ലിറ്ററിന് 180 രൂപയാണ്. തിരുവോണനാളില്‍ രാവിലെ 7.30 മുതലാണ് പായസങ്ങളുടെ വിപണി ഉണരുക. പായസങ്ങള്‍ ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങള്‍ മിക്ക ഹോട്ടലുകളും ബേക്കറികളും നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഏവരും ഉത്രാടപാച്ചിലിനേക്കാള്‍ വേഗത്തിലുള്ള ജീവിതരീതിയുള്ളവരായതു കൊണ്ടാകാം എല്ലായിടത്തും ‘റെഡി റ്റു ഈറ്റ്’ ആയിട്ടുള്ള പായസങ്ങളും വിഭവങ്ങളുമേ കാണാനുള്ളൂ.

റേഷന്‍കടകളില്‍ നിന്നും അധികസാധനങ്ങള്‍ വാങ്ങുന്നതിനുള്ള അവസരം ഇന്ന് തീരും: ഉപഭോക്താക്കളുടെ മൊബൈലില്‍ സന്ദേശമയച്ച് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്മെന്‍റ്

ഇരിങ്ങാലക്കുട : ഓണക്കാലം പുതുമകളുടേതാണ്. റേഷന്‍കടകളില്‍ നിന്നും അധിക അളവില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അവസരം സെപ്റ്റംബര്‍ 3 വരെ മാത്രമാണെന്നു ഉപഭോക്താക്കളെ ഇത്തവണ സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്മെന്‍റ് അറിയിച്ചത് അവരുടെ മൊബൈലില്‍ എസ് എം എസ് സന്ദേശം അയച്ചുകൊണ്ടാണ്. സാധാരണയില്‍ കൂടുതലായി 5 കിലോ അരി/ ഗോതമ്പ്/ ആട്ട എന്നിവ നിലവിലെ നിരക്കുകളിലും 1 കിലോ പഞ്ചസാരയ്ക്ക് 22 രൂപ നിരക്കിലും സെപ്റ്റംബര്‍ 3 നകം ഓരോ കാര്‍ഡുടമകള്‍ക്കും വാങ്ങാവുന്നതാണ്.

 

എല്‍.ഐ.സി. ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസില്‍ ഇന്‍ഷുറന്‍സ് വാരാഘോഷം

ഇരിങ്ങാലക്കുട : എല്‍.ഐ.സി. ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസില്‍ ഇന്‍ഷുറന്‍സ് വാരാഘോഷം തുടങ്ങി. കെ.യു. അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്രാഞ്ച് ചീഫ് മാനേജര്‍ സി.ആര്‍.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ഡി.എന്‍.കമ്മത്ത്, ജേക്കബ് സെബാസ്ത്യന്‍, കെ.ആര്‍.വിനി, കമാല്‍ കാട്ടകത്ത്, സി.എന്‍.നിജേഷ് എന്നിവര്‍ സംസാരിച്ചു. ഡെവലപ്പ്മെന്റ് ഓഫീസര്‍ കെ.വേണു, മുതിര്‍ന്ന ഏജന്റ്മാരായ സി.എന്‍.ബാഹുലേയന്‍, പി.വി. നീലകണ്ഠന്‍, എം.എ.ചന്ദ്രന്‍, കെ.എല്‍.പൗലോസ്, സദാനന്ദവതി എന്നിവരെ ആദരിച്ചു. അസി. ബ്രാഞ്ച് മാനേജര്‍ എം.എന്‍.സുരേഷ് സ്വാഗതവും ഗീത മാധവന്‍ നന്ദിയും പറഞ്ഞു. 61 വര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍.ഐ.സി.യില്‍ ഇന്‍ഷുറന്‍സ് വാരാചരണത്തിന്റെ ഭാഗമായി കസ്റ്റമര്‍ മീറ്റ്, ഏജന്റ്സ് ഡേ, ആരോഗ്യ ക്യാമ്പ്, വിവിധ മല്‍സരങ്ങള്‍ എന്നിവ നടത്തും.

ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷം സാന്ത്വനസദനില്‍

ഇരിങ്ങാലക്കുട : സെന്‍ട്രല്‍ ക്ലബ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സാന്ത്വനസദനിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഓണസമ്മാനങ്ങളും നിറഞ്ഞതായിരുന്നു ഓണാഘോഷം. ശനിയാഴ്ച്ച നടന്ന ആഘോഷങ്ങള്‍ റോട്ടറി ഡിസ്‌ട്രിക്‌ട് ഡയറക്ടര്‍ ബേബി പോള്‍ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് പി ടി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബിന്‍സി, അസി. ഗവര്‍ണര്‍ രാജേഷ് മേനോന്‍, സെക്രട്ടറി രാജേഷ് കുമാര്‍, ഭാരവാഹികളായ ഡോ സെയ്ഫ് കോക്കാട്ട്, ബാബു ടി ജി, രമേശ് കെ എസ്, ഷാജു ജോര്‍ജ്, എ ഡി ഫ്രാന്‍സിസ്, അഷ് വാക്ക്, ഫ്രാന്‍സിസ് കോക്കാട്ട് തുടങ്ങിയവര്‍ ഓണസന്ദേശങ്ങള്‍ നല്‍കി.

കല്ലേറ്റുംകരയില്‍ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഓണാഘോഷം

കല്ലേറ്റുംകര : ശാന്തിനഗര്‍ റസിഡന്‍ഷ്യല്‍ അസ്സോസിയേഷനും ചിയേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും ഹരിതം പുരുഷ സ്വയംസഹായ സംഘവും സംയുക്ത ഓണാഘോഷം നടത്തി. ഘോഷയാത്ര ഉദ്‌ഘാടനം ചെയ്തു കൊണ്ട് വാലപ്പന്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ രക്ഷാധികാരിയുമായ ഷാജു വാലപ്പന്‍ ഓണാഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. ഘോഷയാത്രയില്‍ പുലിക്കളിയും ശിങ്കാരിമേളം മാവേലിയുടെയും വാമനന്റെയും ടാബ്ലോയും അണിനിരന്നു. ഘോഷയാത്രയില്‍ ആളൂര്‍ പഞ്ചായത്ത് മെമ്പര്‍ ഉഷ ബാബു, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജോയ് തുളുവത്ത്, സെക്രട്ടറി ഫ്രാന്‍സിസ് കാച്ചപ്പിള്ളി, ഹരിതം പുരുഷ സ്വയം സഹായ സംഘം പ്രസിഡണ്ട് ബാബു സി വി, ചിയേഴ്സ് ക്ലബ് പ്രസിഡണ്ട് അമല്‍ദേവ്, സെക്രട്ടറി ആകാശ് അജയന്‍, മുജീബ് അരിപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര കല്ലേറ്റുംകര ജംഗ്ഷന്‍ വഴി ആശാരിമൂലയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു യോഗത്തില്‍ ചിയേഴ്സ് ക്ലബ് പ്രസിഡണ്ട് ജോസ് ജോണ്‍ സ്വാഗതവും ചിയേഴ്സ് ക്ലബ് സെക്രട്ടറി അധ്യക്ഷനായ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ഉഷ ബാബു കാര്യപരിപാടികള്‍ ഉദ്‌ഘാടനം ചെയ്തു. ചിയേഴ്സ് ക്ലബ് സെക്രട്ടറി ആകാശ് അജയന്‍ നന്ദിയും പറഞ്ഞു. വിവിധ തരം മത്സരങ്ങളും കലാ കായിക പരിപാടികളും ഓണസദ്യയും പൂക്കളമത്സരവും നടന്നു.

Top
Menu Title