News

Archive for: September 20th, 2017

നഗരസഭ അതിര്‍ത്തി കൈയേറി കാറളം പഞ്ചായത്തിന്‍റെ സൂചനാ ബോര്‍ഡ്

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള പഞ്ചായത്തിന്‍റെ സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത് ഇരിങ്ങാലക്കുട നഗരസഭ അതിര്‍ത്തിയില്‍ 100 മീറ്ററോളം കൈയേറിയിട്ട്. ഇരിങ്ങാലക്കുട നഗരസഭയില്‍ സ്ഥിതിചെയ്യുന്ന 33- ാം വാര്‍ഡിലെ ചുങ്കത്താണ് കാറളം പഞ്ചായത്തിന്‍റെ സ്വാഗത ബോര്‍ഡുള്ളത്. കാട്ടൂര്‍ റോഡില്‍ നിലവില്‍ ബോര്‍ഡ് ഉള്ളതിന്റെ 100 മീറ്റര്‍ അപ്പുറമാണ് ശരിക്കുള്ള കാറളം പഞ്ചായത്തിന്റെ 8 – ാം വാര്‍ഡ് സ്ഥിതിചെയ്യുന്ന അതിര്‍ത്തി. അങ്ങനെയിരിക്കെയാണ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ ഈ കയ്യേറ്റം.

ജീവിതം കൊണ്ട്‌ മാതൃക സൃഷ്ടിച്ച കമ്മ്യൂണിസ്‌റ്റായിരുന്നു ബാലന്‍ മാസ്‌റ്ററെന്ന്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌

ഇരിങ്ങാലക്കുട : സിപിഐ (എം) ഏരിയ സെക്രട്ടറിയും കര്‍ഷകസംഘം ജില്ലാകമ്മിറ്റി അംഗവുമായിരുന്ന പിആര്‍ ബാലന്‍മാസ്‌റ്ററുടെ അഞ്ചാം ചരമവാര്‍ഷികദിനമാചരിച്ചു. സിപിഐ(എം) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്‌എന്‍ ക്ലബ്ബ്‌ ഹാളില്‍ ചേര്‍ന്ന അനുസ്‌മരണ സമ്മേളനം മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു.ജീവിതം കൊണ്ട്‌ മാതൃക സൃഷ്ടിച്ച കമ്മ്യൂണിസ്‌റ്റായിരുന്നു ബാലന്‍ മാസ്‌റ്ററെന്ന്‌ മന്ത്രി പറഞ്ഞു.വൃക്ക രോഗികള്‍ക്ക്‌ പിആര്‍ബി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി യുടെ സാമ്പത്തിക സഹായം വിതരണം ചെയ്‌തു.ഏരിയ സെക്രട്ടറി ഉല്ലാസ്‌കളക്കാട്ട്‌ അധ്യക്ഷനായി.ജില്ലാകമ്മിറ്റി അംഗം സികെ ചന്ദ്രന്‍, കെപി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. കെസി പ്രേമരാജന്‍ സ്വാഗതവും വിഎ മനോജ്‌കുമാര്‍ നന്ദിയും പറഞ്ഞു.

ബാങ്കുദ്യോഗസ്ഥന്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

അവിട്ടത്തൂര്‍ : സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മാള ബ്രാഞ്ചിലെ ഉദ്യോഗസ്ഥന്‍ നിമേഷ് (41) ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. തെയ്ക്കാട് സുന്ദരന്റെയും ലതയുടെയും മകനാണ്. ഭാര്യ നിമ്മി, മകള്‍ പാര്‍വതി, സഹോദരങ്ങള്‍ ദിവ്യ, ദിനേഷ്. സംസ്കാരം സെപ്റ്റംബര്‍ 9 ശനിയാഴ്ച്ച രാവിലെ വീട്ടുവളപ്പില്‍ നടത്തും.

ഇരിങ്ങാലക്കുടയില്‍ നിന്നുള്ള പ്ലാസ്റ്റിക് വേസ്റ്റ് ഇനി മുതല്‍ ടാറിങ്ങിന് : ബ്ലോക്ക് പഞ്ചായത്ത് അജൈവ മാലിന്യ സംസ്കരണ കേന്ദ്രം പ്രവര്‍ത്തനസജ്ജം

ഇരിങ്ങാലക്കുട : പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായി പുതിയ ഇടപെടലുകളുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. നാട്ടിലെ റോഡ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവാക്കി പ്ലാസ്റ്റിക് കവറുകളും മറ്റും സംസ്കരിക്കുന്ന കേന്ദ്രം സെപ്റ്റംബര്‍ 10 ഞായറാഴ്ച്ച കാറളത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ കെ ടി ജലീല്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാറളം
ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് പുനഃചംക്രമണത്തിനുള്ള ഈ ആധുനിക സംരംഭത്തില്‍ പ്ലാസ്റ്റിക് ഷെഡിങ് മെഷീനും ബെയ്‌ലിങ് മെഷീനുമുള്‍പ്പെടെ തൊള്ളായിരം സ്‌ക്വയര്‍ ഫീറ്റില്‍ തയാറായ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിനു 15 ലക്ഷത്തോളം രൂപ ചിലവായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാര്‍ വി എ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന 64 വാര്‍ഡുകളില്‍ 128 അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് കുടുംബശ്രീ മുഖേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഉണക്കി വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകളും മറ്റും പ്രകൃതിയ്ക്ക് ദോഷമില്ലാത്ത രീതിയില്‍ സംസ്കരിച്ച് നമ്മുടെ നാട്ടിലെ റോഡ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവായ ഷെഡിങ് പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. മാലിന്യ സംസ്കരണത്തിനൊപ്പം വരുമാനവും ഇത് വഴി ലഭിക്കും. ഉദ്‌ഘാടന ചടങ്ങില്‍ എം എല്‍ എ പ്രൊഫ കെ യു അരുണന്‍ അധ്യക്ഷനായിരിക്കും. തൃശൂര്‍ എം പി സി എന്‍ ജയദേവന്‍, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെ ആദ്യത്തെയുമാണ് ഈ സംരംഭം. പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വനജ ജയന്‍, കമറുദ്ദീന്‍ വലിയകത്ത്, പി വി കുമാരന്‍, മെമ്പര്‍ തോമസ് തത്തംപിള്ളി എന്നിവര്‍ പങ്കെടുത്തു.

Top
Menu Title