News

Archive for: September 20th, 2017

സ്നേഹ സൗഹാര്‍ദ്ദ കുടുംബ സംഗമം

കരൂപ്പടന്ന : എ.കെ.ജി. സാംസ്കാരിക കേന്ദ്രം കരൂപ്പടന്നയുടെ നേതൃത്വത്തില്‍ മുസാഫരിക്കുന്നില്‍ സ്നേഹ സൗഹാര്‍ദ്ദ കുടുംബസംഗമം നടത്തി. ചടങ്ങില്‍ പഴയകാല പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും ആദരിച്ചു. എസ്.എസ്.എല്‍.സി. പ്ലസ്ടു ഉന്നത വിജയികള്‍ക്ക് ഉപഹാരം നല്‍കി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം മുബാറക്ക് ഉദ്ഘാടനം ചെയ്തു. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പി.കെ.ഷിഹാബ് അദ്ധ്യക്ഷനായി. പി.എ.നസീര്‍, പി.ആര്‍.രതീഷ്, വി.എ.സജേഷ്, എം.എം. മുകേഷ്, ജാസ്മിന്‍ അലി, എ.യു.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ഇരുപതിന കര്‍മ്മപദ്ധതികളോടെ ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലിക്കു തുടക്കമായി

ഇരിങ്ങാലക്കുട : സാമൂഹിക പ്രതിബദ്ധതയ്ക്കും വിശ്വാസ വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കുന്ന ഇരുപത് ഇന കര്‍മ്മപദ്ധതികളോടെ ഇരിങ്ങാലക്കുട രൂപതയില്‍ റൂബി ജൂബിലിക്കു തുടക്കമായി. നിര്‍ദ്ധന കിടപ്പു രോഗികളെ സഹായിക്കുന്ന പാലീയേറ്റീവ് കെയര്‍ സംവിധാനം, ഭവന രഹിതര്‍ക്ക് സൗജന്യ ഭവന നിര്‍മ്മാണ പദ്ധതി, സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, അംഗപരിമിതരും രോഗികളും അനാഥരുമായവര്‍ക്ക് സഹായമൊരുക്കുന്ന കാരുണ്യ പദ്ധതികള്‍, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പതിമൂന്നു മണിക്കൂര്‍ ആരാധന, കുടുംബയൂണിറ്റുകളില്‍ വി. കുര്‍ബാന തുടങ്ങിയവ ഇരുപത് തലങ്ങളിലുള്ള പരിപാടികളില്‍ ചിലതാണ്. ഇരിങ്ങാലക്കുട രൂപതാ ദിനത്തോടനുബന്ധിച്ച് രൂപതാ കാര്യാലയത്തില്‍ രാവിലെ 9.30 ന് ആരംഭിച്ച സമ്മേളനം തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാല്‍പതു വര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കി ഇന്നിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സഭ-സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി പ്രയത്‌നിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. മധ്യകേരളത്തിലെ ക്രൈസ്തവസഭാ പുരോഗതിയില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയ ഇരിങ്ങാലക്കുട രൂപതയുടെ ഇനിയുള്ള ബഹുതല വളര്‍ച്ചയ്ക്ക് കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഒരേ ആത്മാവോടും ഒരേ ഹൃദയത്തോടും കൂടെ വിശ്വാസ പാരമ്പര്യങ്ങളെ മുറുകെപിടിച്ച് തിരുഹൃദയത്തണലില്‍ മാര്‍ത്തോമാശ്ലീഹായുടെ പൗതൃകം ഉയര്‍ത്തിപിടിച്ച് മധ്യകേരളത്തിലെ സീറോമലബാര്‍ സഭയുടെ ജീവനുള്ള സാന്നിധ്യമായി രൂപത അനുദിനം വളരുകയാണെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍. പോളി കണ്ണൂക്കാടന്‍ പറഞ്ഞു. വിശ്വാസത്തിന്റെ പ്രഘോഷണമായും പാരമ്പര്യത്തിന്റെ പ്രചരണമായും അനുഷ്ഠാനങ്ങളുടെ ആവര്‍ത്തനമായും സാമൂഹിക വളര്‍ച്ചയുടെ പ്രകടനമായും ഈ ജൂബിലി മാറണം. വരാനിരിക്കുന്ന സുവര്‍ണ്ണ ജൂബിലിയുടെ മുന്നൊരുക്കമായി റൂബി ജൂബിലി നിലകൊള്ളണം, ബിഷപ്പ് കൂട്ടിചേര്‍ത്തു. രൂപതയിലെ മുഴുവന്‍ ഇടവക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വി.കുര്‍ബാനയോടു ചേര്‍ന്ന് ജൂബിലി ദീപം തെളിയിച്ചും ലോഗോ സ്ഥാപിച്ചും കര്‍മ്മ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുവാന്‍ ബിഷപ്പ് ആഹ്വാനം ചെയ്തു. read more …

ബാലകൃഷ്ണന്‍ അഞ്ചത്തിന്റെ ‘മരരാമന്‍’ നോവല്‍ പ്രകാശനം സെപ്റ്റംബര്‍ 10ന്

ഇരിങ്ങാലക്കുട : സാഹിത്യകാരനായ ബാലകൃഷ്ണന്‍ അഞ്ചത്തിന്റെ നാലാമത്തെ പുസ്തകമായ ‘മരരാമന്‍’ എന്ന നോവലിന്റെ പ്രകാശനം സെപ്റ്റംബര്‍ 10 ഞായറാഴ്ച രാവിലെ 10 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കും. പുലിസ്റ്റര്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രകാശനം വൈശാഖന്‍ നിര്‍വഹിക്കും. പി കെ ഭരതന്‍ ആദ്യ പുസ്തകം സ്വീകരിക്കും. അശോകന്‍ ചരുവില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം കെ ശ്രീകുമാര്‍ പുസ്തകം പരിചയപ്പെടുത്തും. കടാങ്കോട് പ്രഭാകരന്‍, വി യു സുരേന്ദ്രന്‍, വിജേഷ് എടക്കുന്നി, കെ രാജന്‍, ടി കെ ഗംഗാധരന്‍, എം സി തൈക്കാട്, വിച്ചു സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിക്ക് പഠനച്ചിലവ് നല്‍കി

ഇരിങ്ങാലക്കുട : സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പൊറത്തിശ്ശേരി തച്ചേഴത്ത് കൃഷ്ണപ്രിയയ്ക്ക് എന്‍ട്രന്‍സ് പഠനച്ചിലവിലേക്ക് ആവശ്യമായ ധനസഹായം കാങ്കപറമ്പില്‍ ജോഷിക്കു വേണ്ടി അദ്ദേഹത്തിന്റെ അമ്മ സുഷമ ടീച്ചര്‍ കൈമാറി. സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്ണന്‍, കെ ആര്‍ സുബ്രഹ്മണ്യന്‍, പി ഹരിദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

താമരത്തമ്പലം ശ്രീരാമക്ഷേത്രത്തില്‍ സ്വര്‍ണഗോളക സമര്‍പ്പണം സെപ്റ്റംബര്‍ 12 ന്

ചേലൂര്‍ : താമരത്തമ്പലം ശ്രീരാമക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ വഴിപാടായി സ്വര്‍ണ ഗോളക സമര്‍പ്പണം സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാടും ക്ഷേത്രം മേല്‍ശാന്തി ശ്രീ സത്യനാരായണന്‍ വടക്കേ മഠവും മുഖ്യകാര്‍മികത്വം വഹിക്കും. വിശേഷാല്‍ പൂജകളോടും നവകം, പഞ്ചഗവ്യ അഭിഷേകം എന്നിവയോട് കൂടെ സ്വര്‍ണ ഗോളകം സമര്‍പ്പിക്കും. രാവിലെ 9.30 മുതല്‍ പഞ്ചാരി മേളവും ഉച്ചയ്ക്ക് രോഹിണി ഊട്ടും ഉണ്ടായിരിക്കുന്നതാണ്.

രാഷ്ട്രീയക്കാരിലും നന്മയുടെ അംശമുള്ളതിനാല്‍ കാര്യം പറഞ്ഞു മനസിലാക്കി കൈകാര്യം ചെയ്യാന്‍ എളുപ്പം – ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ പി എസ്

ഇരിങ്ങാലക്കുട : സമൂഹ സേവനത്തില്‍ പലപ്പോഴും രാഷ്ട്രീയക്കാര്‍ വിലങ്ങുതടി ആവാറുണ്ടെങ്കിലും അവരെ കാര്യം പറഞ്ഞു മനസിലാക്കി കൈകാര്യം ചെയ്യാന്‍ പലപ്പോളും ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല എന്ന് തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ പി എസ് പറഞ്ഞു. രാഷ്ട്രീയക്കാരുടെ മനസിലും സമൂഹത്തിനു വേണ്ടി നന്മ ചെയ്യണമെന്നുള്ള ഒരംശം ബാക്കി ഇപ്പോഴുമുണ്ട്. ഇതിനെ ഉയര്‍ത്തി പിടിച്ചാണ് അവരുടെ ഭാവി എന്നുള്ള തിരിച്ചറിവുള്ളതു കൊണ്ടാണിത്. ഇരിങ്ങാലക്കുടയിലെ വിവേകാനന്ദ ഐ എ എസ്‌ അക്കാദമി ഐ എ എസ്‌ ഫൗണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായി ജില്ലയിലെ മറ്റു വിദ്യാര്‍ത്ഥികളെ കൂടി പങ്കെടിപ്പിച്ച്‌ കൊണ്ട്‌ എല്ലാ മാസവും സൗജന്യമായി സംഘടിപ്പിക്കുന്ന 41- ാംമത് വിദ്യാസാഗരം പഠനവേദിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നമുക്ക്ചുറ്റുമുള്ള ഓരോ വസ്തുതകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് പോലെയാണ് സിവില്‍ സര്‍വീസിനുള്ള പഠനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ സര്‍വ്വീസ് യോഗ്യത നേടുവാന്‍ ആവശ്യമായ പൊതുവായ കാര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. ചടങ്ങില്‍ വിവേകാനന്ദ ഐ എ എസ്‌ അക്കാദമി നടത്തിയ യു പി എസ് സി മോഡല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സീനിയര്‍ ലെവലിലും ജൂനിയര്‍ ലെവലിലും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയ അശ്വതി വി എസ്, അപര്‍ണ പി, ഗ്രീഷ്മ (സീനിയര്‍ ലെവല്‍) അഭിനവ്, ഭരത് രാജ്, റോഡിയ എന്നിവര്‍ക്ക് അദ്ദേഹം ഉപഹാരങ്ങള്‍ നല്‍കി. വിവേകാനന്ദ ഐ എ എസ്‌ അക്കാദമി ഡയറക്ടര്‍ എം ആര്‍ മഹേഷ്‌ , മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റോ പെരുമ്പിള്ളി , എ ടി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

യുവകലാസാഹിതി – ടി.വി. കൊച്ചുബാവ കഥാപുരസ്‌ക്കാരത്തിന്‌ കൃതികള്‍ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : പ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ ടി.വി.കൊച്ചുബാവയുടെ ഓര്‍മ്മയ്‌ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള യുവകലാസാഹിതി – ടി.വി. കൊച്ചുബാവ കഥാപുരസ്‌ക്കാരത്തിന്‌ കൃതികള്‍ ക്ഷണിക്കുന്നു. ഇരുപത്തയ്യായിരം രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്‌പനചെയ്‌ത ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ്‌ പുരസ്‌ക്കാരം. 2014, 2015, 2016 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ നാലു കോപ്പികള്‍ 2017 ഒക്‌ടോബര്‍ 20-നകം അയച്ചുതരണം. അയക്കേണ്ട വിലാസം: അഡ്വ. രാജേഷ്‌ തമ്പാന്‍, ദീപ്‌തി, അഡ്വ. കെ.ആര്‍. തമ്പാന്‍ റോഡ്‌, ഇരിങ്ങാലക്കുട-680121. മൊബൈല്‍: 9447412475 . കൊച്ചുബാവയുടെ 18-ാം ചരമവാര്‍ഷികദിനമായ 2017 നവംബര്‍ 25-ന്‌ ചേരുന്ന അനുസ്‌മരണ സമ്മേളനത്തില്‍ അവാര്‍ഡ്‌ സമ്മാനിക്കും.

Top
Menu Title