News

Archive for: September 20th, 2017

അഴിമതിക്കുഴികളും തലതിരിഞ്ഞ റോഡ് സംസ്കാരവും

തിരിയരുതേ എന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും തിരിഞ്ഞിരിക്കും, പാര്‍ക്കിങ്ങ്‌ അരുതെന്ന് പറഞ്ഞാലോ ഉറപ്പായിട്ടും അവിടെത്തന്നെ വാഹനം പാര്‍ക്ക് ചെയ്തിരിക്കും. ഇത്തരം തലതിരിഞ്ഞ റോഡ് സംസ്കാരമാണ് ഇരിങ്ങാലക്കുടയെ ജില്ലയിലെ തന്നെ ഏറ്റവും ട്രാഫിക് ബ്ലോക്ക് ഉള്ള പട്ടണമാക്കി മാറ്റുന്നത്, ഒപ്പം അഴിമതിക്കുഴികള്‍ നിറഞ്ഞ റോഡുകളും. ബൈപാസ് വികസനത്തിനുള്ള സാഹചര്യം ഭരണകര്‍ത്താക്കള്‍ മനഃപൂര്‍വം വൈകിപ്പിയ്ക്കുകയും കൂടി ചെയ്യുന്നതോടെ നമ്മുടെ ‘വികസന മോഡല്‍’ എന്തിനു വേണ്ടിയാണെന്ന് പതിയെ എല്ലാവരും മനസിലാക്കി വരുന്നു. പുതിയ റോഡ് വന്നാല്‍ പൊതുജനത്തിന് ലാഭവും സൗകര്യവും കൂടുമെങ്കിലും , ഭരണകര്‍ത്താക്കള്‍ക്ക് വേണ്ടപ്പെട്ടവരുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്കു കോട്ടം സംഭവിക്കുമെന്നുള്ള തിരിച്ചറിവാണ് ഈ മെല്ലെപോക്കിനുള്ള കാരണങ്ങള്‍. ദശകങ്ങളായുള്ള ചില താപ്പാനകളുടെ കച്ചവട വരുമാനം ഇല്ലാതാകാന്‍ പറ്റില്ലാലോ, പേരിനു ചില പൊടികൈ സമരങ്ങള്‍ നടത്തുന്നത് ഒഴിച്ചാല്‍ എല്ലാ വികസന നായകന്മാരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ഉള്ളിലിരിപ്പ് ഇതാണെന്നു പൊതുജനം മനസിലാക്കി വരുന്നുണ്ട് എന്നിവര്‍ ആലോചിച്ചാല്‍ കൊള്ളാം. ഏതൊരു നിര്‍മിതിയുടെയും മുകളില്‍ ‘ഇത് എന്‍റെ വഹ’ എന്ന് അഭിമാനപൂര്‍വം എഴുതിവയ്ക്കുന്നവര്‍ എന്തേ കോടികള്‍ ചിലവാക്കിയ ഇപ്പോള്‍ കുഴികള്‍ മാത്രമായി ഒലിച്ചു തീര്‍ന്ന ആധുനിക റോഡ് തന്‍റെ മേല്‍വിലാസത്തിലാണ് പുനര്‍നിര്‍മിച്ചതെന്നു അവകാശം ഉന്നയിക്കാത്തതെന്താണെന്ന് സഞ്ചാരിയുടെ സംശയം . റോഡ് ആഴത്തില്‍ കുഴിയുന്നുണ്ടെങ്കിലും ബിനാമി കെട്ടിടങ്ങള്‍ നികത്തുനിലങ്ങളില്‍ ഉയരുന്നുണ്ടല്ലോ, ആശ്രിതന്മാര്‍ പറയുന്നപോലെ ഇതും പട്ടണത്തിന്റെ വികസനമാണല്ലോ. അതിനെതിരെ ശബ്ദം ഉയര്‍ത്തിയാല്‍ വികസനവിരോധിയാക്കി മുദ്രവെക്കലാണല്ലോ ഇപ്പോഴത്തെ സ്‌പോണ്‍സേര്‍ഡ് കൂട്ടായ്മ്മകളുടെ പ്രതിരോധ രീതികള്‍ …   SANCHARI  – A Political Travelogue

യുവധാര കലാ-കായിക ഓണാഘോഷ മേള

വല്ലക്കുന്ന് : ആളൂര്‍ പഞ്ചായത്ത് വാര്‍ഡ്‌ 23 വല്ലക്കുന്നിലെ യുവധാര കലാ -സാംസ്കാരിക വേദി, ജനകീയ കലാ-കായിക മത്സരങ്ങള്‍ നടത്തി. വിന്സന്റ് പള്ളിപാട്ട് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഉമേഷ്‌ കാളത്ത് , ശ്യാം സുരന്‍, വിഷ്ണു കാളത്ത് , കെ.എല്‍. ആന്‍റോ , പി.എ. സുകുമാരന്‍, പി.കെ.രവി വല്ലക്കുന്ന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മണിക്കുളം ദേവിക്ഷേത്രം നശിപ്പിച്ച നിലയില്‍

മണിക്കുളം ക്ഷേത്രം നശിപ്പിച്ച് വഴി അടച്ചുകെട്ടിയതറിഞ്ഞ് പ്രതിഷേധവുമായി തടിച്ചുകൂടിയ ഭക്തജനങ്ങള്‍

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം കുഴിക്കാട്ട് വിഷ്ണുക്ഷേത്രത്തിലെ കിഴേടമായ മണിക്കുളം ദേവീക്ഷേത്രത്തിലെ നിലവിളക്കുകളും ക്ഷേത്രസാമഗ്രികളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. വിളക്കുകളും റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. ക്ഷേത്രത്തിലേക്കുള്ള വഴിയും അടച്ചുകെട്ടിയിട്ടുണ്ട്. കുഴിക്കാട്ട് വിഷ്ണു ക്ഷേത്രത്തിലെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മണിക്കുളം ദേവീക്ഷേത്രത്തില്‍ പൂജ നടന്നിരുന്നു. നിരവധി ഭക്തജനങ്ങളും ചടങ്ങിനെത്തിയിരുന്നു. പൂജ കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിയതിനു ശേഷമാണ് ക്ഷേത്രം നശിപ്പിച്ചത്. ക്ഷേത്രം നശിപ്പിച്ചതിനെതിരെ കഴിക്കാട്ട് വിഷ്ണുക്ഷേത്രസംരക്ഷണ സമിതി പ്രതിഷേധിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് സമിതി ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി.സി.രാജേഷ്, സെക്രട്ടറി അനൂപ് കൊല്ലാറ, വൈസ് പ്രസിഡണ്ട് സൂരജ് നമ്പ്യങ്കാവ്, മാതൃസമിതി പ്രസിഡണ്ട് തുടങ്ങിയവര്‍ സംസാരിച്ചു.

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ടി എ മാത്തന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് (ഐ) മുന്‍ മണ്ഡലം പ്രസിഡന്റും മുന്‍ നഗരസഭാ കൗണ്‍സിലറും ആയിരുന്ന ടി എ മാത്തന്‍ തെക്കേക്കര (84) അന്തരിച്ചു . സംസ്കാരം സെപ്റ്റംബര്‍ 12 ചൊവാഴ്ച 3 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ സെമിത്തേരിയില്‍ . ഭാര്യാ പരേതയായ അല്ലി. മക്കള്‍ അഡ്വ . ആന്‍റ്ണി തെക്കേക്കര, ചാക്കോച്ചന്‍, ഷീബ, ഷീല, ജോസ്, എബ്രോ. മരുമക്കള്‍ ഷീബ, ഷീല, ജോണ്‍, സജി, സജി പാറക്കല്‍ ,അഷിത. ബൗദ്ധിക ശരീരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് മകന്‍ ചാക്കോച്ചന്റെ വസതിയില്‍ കൊണ്ടുവരും.

നമ്പിയാങ്കാവില്‍ റോഡില്‍ മാംസ മാലിന്യം തള്ളി

കുഴുകാട്ടുകോണം : നമ്പിയാങ്കാവിനു സമീപം കുഴുകാട്ടുകോണം – ആനന്ദപുരം ബണ്ട് റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ മാംസ മാലിന്യം തള്ളിയ നിലയില്‍ സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടു. ടിപ്പറില്‍ കോഴി, പോത്ത് എന്നിവയുടെ മാംസ അവശിഷ്ടങ്ങളാണ് എവിടെന്നിനോ കൂട്ടമായി കൊണ്ടുവന്നു തള്ളിയത്. പുതുക്കാട് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ പള്ളിയുടെ സി.സി ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട് . ഈ മേഖലയില്‍ രാത്രിയുടെ മറവില്‍ റോഡില്‍ മാലിന്യം തള്ളി പോകുന്നത് പതിവായിട്ടുണ്ട് .

ആരാധന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണാഘോഷം

ഇരിങ്ങാലക്കുട : ആരാധന ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണാഘോഷം അയ്യങ്കാവ് മൈതാനത്തിനു സമീപമുള്ള പ്രിയ ഹാളില്‍ വെച്ച് സഘടിപ്പിച്ചു. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ്ബിന്റെ പ്രസിഡന്റ് രാമന്‍ , സെക്രട്ടറി ശരത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അംഗങ്ങളെ ആദരിക്കല്‍, പൂക്കളം, ഓണസദ്യ, തൃശ്ശൂരിലെ അസ്ത്ര ഡാന്‍സ് ക്രൂ അവതരിപ്പിച്ച ഓണം സ്പെഷ്യല്‍ ഫ്ലാഷ് മൊബ് എന്നിവ ഉണ്ടായിരുന്നു. ഷാജു ഒളരിയുടെ മാവേലി വേഷം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി.

ഗൗരി ലങ്കേഷിന്റെ കൊലപാതകം – എ ഐ വൈ എഫ് പ്രതിഷേധ ജ്വാല ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : കര്‍ണ്ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സംഘപരിവാര്‍ അസഹിഷ്ണുതയ്ക്കും വര്‍ഗീയ ഫാസിസത്തിനുമെതിരെ തന്റെ വാക്കുകളിലൂടെ ആശയ പ്രചരണം നടത്തുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത തികഞ്ഞ മതേതരവാദിയായിരുന്നു ഗൗരി ലങ്കേഷ് എന്നും ജാതി മത വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ഗൗരി ലങ്കേഷ് സംഘ പരിവാര്‍ അസഹിഷ്ണുതയുടെ ഇരയാകേണ്ടി വന്നത് എന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു . തങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്നവരെ തെരഞ്ഞുപിടിച്ച് ആസൂത്രിതമായി കൊലപെടുത്തുന്ന സംഘപരിവാര്‍ അജണ്ടയുടെ അവസാനത്തെ ഉദാഹരണമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം. ഗോവിന്ദപന്‍സാരെയും നരേന്ദ്ര ദബേല്‍ക്കറും എം എം കല്‍ ബുര്‍ഗിയും കൊല്ലപെട്ടത് സമാനമായ സ്ഥിതിയിലാണ്. പിന്നില്‍ സംഘപരിവാര്‍ സംഘടനകളും. സംഭവങ്ങളെ അപലപിക്കുക പോലും ചെയ്യാത്ത കേന്ദ്ര ഭരണകൂടത്തിന്റേയും പ്രധാനമന്ത്രിയുടേയും നടപടി ദുരൂഹമാണ്. ഗൗരിലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തി അറസ്റ്റു ചെയ്യുവാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘപരിവാര്‍ ഭീകരതയെയും വര്‍ഗീയ ഫാസിസത്തേയും ചെറുക്കുവാന്‍ എല്ലാ മതേതര കക്ഷികളും മുന്നോട്ട് വരണമെന്ന് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിററി അഭ്യര്‍ത്ഥിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ് എ.എസ്. ബിനോയ് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിററി അംഗം കെ.സി.ബിജു, വി.ആര്‍. രമേഷ്, ടി.കെ. സതീഷ് എന്നിവര്‍ സംസാരിച്ചു.

വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം : മത്സരങ്ങള്‍ ആരംഭിച്ചു

വെള്ളാങ്ങല്ലൂര്‍ : ഗ്രാമപ്പഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായ മത്സരങ്ങള്‍ ആരംഭിച്ചു. മത്സരങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ അധ്യക്ഷനായി. സീമന്തിനി സുന്ദരന്‍, എം.കെ.മോഹനന്‍, മിനി രാജന്‍, എ.കെ.മജീദ്, യൂത്ത് കോര്‍ഡിനേറ്റര്‍ എം.എം. മുകേഷ് എന്നിവര്‍ സംസാരിച്ചു. രചനാ മത്സരങ്ങള്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍.

Top
Menu Title