News

Archive for: September 20th, 2017

ബഹ്റൈനില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

വെള്ളാങ്ങല്ലൂര്‍ : ബഹ്റൈനില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് വെള്ളാങ്ങല്ലൂര്‍ സ്വദേശി മരിച്ചു. മനയ്ക്കലപ്പടി ചാണാശ്ശേരി ഗോപിയുടെ മകന്‍ സച്ചിനാണ് (36) മരിച്ചത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി കമ്പനിയില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. ജോലി സ്ഥലത്തെ കെട്ടിടത്തിലെ ഒന്നാംനിലയിലെ കോണിപ്പടിയില്‍ നിന്നാണ് വീണതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒക്ടോബര്‍ ഒമ്പതിന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു സച്ചിന്‍. അമ്മ: പത്മാവതി. ഭാര്യ: സരിക. മകള്‍: ലക്ഷ്മി. സഹോദരിമാര്‍: സിജ, സിമി. ശവസംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ ആഴ്ചകളായി മാലിന്യക്കൂമ്പാരം

ഇരിങ്ങാലക്കുട : പരിപാവനമായ ശ്രീ കൂടല്‍മാണിക്യം കിഴക്കേ ക്ഷേത്രനടയ്ക്ക് മുന്നില്‍ ആഴ്ചകളായി മാലിന്യങ്ങളും മറ്റു വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്നത് ഭക്തജനങ്ങള്‍ക്ക് വേദനയുളവാക്കുന്നു. ഒരു മാസം നീണ്ടു നിന്ന നാലമ്പല ദര്‍ശന തീര്‍ത്ഥാടനത്തിന് ശേഷം ബാക്കി വന്ന നിര്‍മാണ വസ്തുക്കളും അവശിഷ്ടങ്ങളും ആഴ്ചകളായിട്ടും ക്ഷേത്രനടയില്‍ കുന്നു കൂട്ടിയിട്ടിരിക്കുകയാണ്. ഇതിവിടെ നിന്നും മാറ്റുവാനുള്ള നടപടികള്‍ ഇതുവരെ അധികൃതര്‍ എടുത്തിട്ടില്ല. തുരുമ്പു പിടിച്ച കമ്പികളും മറ്റും ദര്‍ശനത്തിനു വരുന്നവര്‍ക്ക് അപകടകരമായ രീതിയിലാണ് കിഴക്കേ നടവഴിക്കു സമീപം അലക്ഷ്യമായി ഇട്ടിരിക്കുന്നത്. ക്ഷേത്രനടയിലെ ഭണ്ടാരത്തിനോട് ചേര്‍ന്ന് ദര്‍ശനത്തിനെത്തിയവര്‍ ഉപേക്ഷിച്ചു പോയ നൂറുകണക്കിന് ചെരുപ്പുകള്‍ കുന്നുകൂട്ടിയിട്ടുണ്ട്. ക്ഷേത്രനടയ്ക്കു മുന്നിലെ റോഡില്‍ മഴ പെയ്താല്‍ വെള്ളക്കെട്ടും പതിവായി തീര്‍ന്നിരിക്കുന്നു. ഇവിടെ ഉണ്ടായിരുന്ന ഡ്രൈനേജ് സംവിധാനത്തിന് സമീപം മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ ഇത് പ്രവര്‍ത്തന രഹിതമാണ്. നിലവിലെ ഭരണ സമിതിയുടെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളത് കൊണ്ട് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കുറവാണെന്നു പരക്കെ ആക്ഷേപമുണ്ട്.

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ക്കെതിരെ പോലിസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം

ഇരിങ്ങാലക്കുട : യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ക്കെതിരെ പോലിസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം. തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എം.എസ് മേനോന്‍ ബസ്സിലെ കണ്ടക്ടര്‍ക്ക് നേരെ ഇരിങ്ങാലക്കുട സ്വദേശിനി നല്‍കിയ പരാതിയിലാണ് ഇരിങ്ങാലക്കുട പോലിസ് നടപടിയെടുക്കാന്‍ വൈകിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. കോമ്പാറയില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ബസ്സില്‍ കയറിയ യുവതി പത്ത് രൂപ നല്‍കിയപ്പോള്‍ കണ്ടക്ടര്‍ ബാക്കി തരില്ലെന്ന് പറയുകയും തന്നോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പരാതി എഴുതി വാങ്ങിയ ജി.ഡി ചാര്‍ജ്ജുണ്ടായിരുന്ന ആള്‍ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ പോയിട്ട് ഒരു മണികൂര്‍ കഴിഞ്ഞ് വരാന്‍ പറയുയും ചെയ്തു. എന്നാല്‍ അഞ്ച് വയസ്സുള്ള മകനേയും കൂട്ടി സ്റ്റേഷനുമുന്നില്‍ അറുമണി വരെ കാത്തുനിന്നപ്പോള്‍ നാളെ വരാന്‍ പറയുകയായിരുന്നു. ഇതിനിടയില്‍ ഈ ബസ്സ് തൃശ്ശൂരില്‍ പോയി മടങ്ങി. ഇതിനെ തുടര്‍ന്ന് സ്‌റ്റേഷനിലെത്തി ജി.ഐ ചാര്‍ജ്ജുള്ളയാളോട് കണ്ടക്ടറെ വിളിപ്പിക്കാത്ത സാഹചര്യത്തില്‍ തന്നെയെന്തിനാണ് ഇത്രയും നേരം പിടിച്ചുനിറുത്തിയതെന്ന ചോദ്യച്ചു. എന്നാല്‍ ജനപ്രതിനിധികളുടെ മുന്നില്‍ വെച്ച് അതിഷ്ടപ്പെടാത്ത രീതിയിലാണ് അദ്ദേഹം സംസാരിക്കുകയും ചെയ്തതായി പിന്നിട് വനിത സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി. മാത്രമല്ല, യുവതിയുടെ പേരും നമ്പറും ബസ്സിന്റെ ഉടമയെ അറിയിക്കുകയും അവര്‍ വിളിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചതായും യുവതി വ്യക്തമാക്കി. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഇത്തരത്തിലാണ് സംഭവിക്കുന്നതെങ്കില്‍ എവിടെ നിന്നാണ് തങ്ങള്‍ക്ക് നീതി ലഭിക്കുകയെന്ന് യുവതി ചോദിക്കുന്നു.

related news  : യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭായാത്ര നടത്തി

ഇരിങ്ങാലക്കുട : ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ടേശ്വരം ക്ഷേത്ര മാതൃസമിതിയുടെയും ഭക്തജനങ്ങളുടെയും ആഭിമുഖ്യത്തില്‍ ശോഭായാത്ര നടത്തി. ചേലൂര്‍ കാവില്‍ നിന്നും വൈകീട്ട് പുറപ്പെട്ട ശോഭായാത്ര കണ്ടേശ്വരം വഴി സഞ്ചരിച്ച് വൈകീട്ട് ബ്രഹ്മകുളം ക്ഷേത്രാങ്കണത്തില്‍ എത്തിചേർന്നു. ശോഭായാത്രയില്‍ കോട്ടപ്പുറം സുരേന്ദ്രന്‍ നയിക്കുന്ന നാദസ്വര മേളം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. തുടര്‍ന്ന് ഉറിയടി മത്സരവും ഉണ്ടായിരുന്നു. രതീഷ്, അഭിലാഷ്, സരസ്വതി, ദിവാകരന്‍, ഉണ്ണികൃഷ്ണന്‍, ശരത് എന്നിവര്‍ നേതൃത്വം നല്‍കി.

ടി എ മാത്തന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനയോഗം

ഇരിങ്ങാലക്കുട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡന്റും മുന്‍ കൗണ്‍സിലറുമായ ടി എ മാത്തന്റെ നിര്യാണത്തില്‍ സര്‍വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാര്‍ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ കെ യു അരുണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍, ഡി സി സി വൈസ് പ്രസിഡണ്ട് ജോസ് വള്ളൂര്‍, ഡി സി സി സെക്രട്ടറിയുമായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, അഡ്വ തോമസ് ഉണ്ണിയാടന്‍, ദിവാകരന്‍ മാസ്റ്റര്‍, എം സി രമണന്‍, ശിവകുമാര്‍, കെ കെ ബാബു, ജോസഫ് ചാക്കോ, എല്‍ ഡി ആന്റോ എന്നിവര്‍ സംസാരിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട : പട്ടേപ്പാടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തുകയും വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ അക്രമികളെ പോലീസ് എത്രയും പെട്ടെന്ന് പിടികൂടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് പെരുമ്പിലായി, വേളൂക്കര മണ്ഡലം ഭാരവാഹികായ ഷിയാസുദ്ദിന്‍ താനത്തുപറമ്പില്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് .

അവിട്ടത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോപൂജ നടത്തി

അവിട്ടത്തൂര്‍ : കീഴ്‍തൃക്കോവില്‍ ശ്രീകൃഷ്ണ സന്നിധിയില്‍ അഷ്ടമി രോഹിണി ദിനമായ ചൊവ്വാഴ്ച്ച 53 പശുക്കള്‍ക്ക് ഗോപൂജ നടത്തി. ക്ഷേത്രം മേല്‍ശാന്തി അഭിലാഷ് എമ്പ്രാന്തിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പി എന്‍ ഈശ്വരന്‍, എ സി സുരേഷ്, സി സി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

ഒരുമയുടെ നിറവില്‍ ഗ്രാമോത്സവം സമാപിച്ചു

വെള്ളാങ്കല്ലൂര്‍ : പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ഗ്രാമോത്സവം ഉത്സവലഹരിയില്‍ കാരുമാത്ര യു പി സ്കൂളില്‍ സമാപിച്ചു. നാടിന്റെ ഐക്യം വിളിച്ചോതിയ സാംസ്കാരിക ഘോഷയാത്രയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന മെഗാ തിരുവാതിരയും മെഗാ ഒപ്പനയും നാടിന് ദൃശ്യവിരുന്നൊരുക്കി. സാംസ്ക്കാരിക സമ്മേളനം ഗാന രചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര സമ്മാനദാനം നിര്‍വഹിച്ചു. കെ മണ്ണികൃഷ്ണന്‍, എം കെ മോഹനന്‍, സീമന്തിനി സുന്ദരന്‍, ടി കെ ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുടയില്‍ ബി എസ് എന്‍ എല്‍ മേള

ഇരിങ്ങാലക്കുട : ബി എസ് എന്‍ എല്‍ സംഘടിപ്പിക്കുന്ന ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ് ടി ടി എച്ച് മേളകള്‍ക്ക് ആരംഭം. മേളയിലെടുക്കുന്ന കണക്ഷനുകള്‍ക്ക് ഇന്‍സ്റ്റാളേഷന്‍ ചാര്‍ജ് സൗജന്യമാണ്. ഇപ്പോള്‍ റീ കണക്ട് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഇരിങ്ങാലക്കുട ഠാണാവിലുള്ള കസ്റ്റമര്‍ സെന്ററില്‍ നടക്കുന്ന മേളയില്‍ ആധാര്‍ നമ്പര്‍ മാത്രം നല്‍കി സൗജന്യ ബി എസ് എന്‍ എല്‍ സിം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Top
Menu Title