News

Archive for: September 20th, 2017

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എം.എസ് മേനോന്‍ ബസ് കണ്ടക്ടര്‍ തുമ്പൂര്‍ സ്വദേശി പറപ്പുള്ളി അന്സന്‍ ജോസിനെ (23) ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്ത് അറസ്റ്റ് ചെയ്തു. കോമ്പാറയില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ബസ്സില്‍ കയറിയ യുവതി പത്ത് രൂപ നല്‍കിയപ്പോള്‍ കണ്ടക്ടര്‍ ബാക്കി തരില്ലെന്ന് പറയുകയും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നെന്ന് യുവതി ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ ബസ് ട്രിപ്പ് തുടരുകയും വീണ്ടും ട്രിപ്പ് എടുക്കുകയും ചെയ്തിട്ടും ബസ് കണ്ടക്ടര്‍ക്കെതിരെ പോലിസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപിച്ച് യുവതി വീണ്ടും രംഗത്തുവരികയിരുന്നു. ഇത് വിവാദമായതോടെ ബുധനാഴ്ച പോലീസ് ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു. ഇതിനിടെ വനിത സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ യുവതിയുടെ പേരും നമ്പറും ബസ്സിന്റെ ഉടമയെ അറിയിക്കുകയും അവര്‍ വിളിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചതായും യുവതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പോലീസ് അല്ലാ നല്‍കിയതെന്ന് ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്ത് പറഞ്ഞു. ഇത്തരം ആരോപണം വന്നതിനെ തുടര്‍ന്നു പ്രത്യേക അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് , സംഭവം നടന്നതിന് ശേഷം യുവതി സര്‍വ്വീസ് നടത്തുന്ന എം.എസ് മേനോന്‍റെ മറ്റൊരു ബസ്സില്‍ കയറുകയും അതിലെ കണ്ടക്ടര്‍ നിഖിലിന് തന്റെ വിവരങ്ങള്‍ കൈമാറുകയായിരുനെന്നും പോലീസ് പറയുന്നു. ബസ്സുകളില്‍ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്നും മോശം അനുഭവമുണ്ടായാല്‍ ബസ്സ്റ്റാന്‍ഡിലെ ഡ്യൂട്ടിയിലുള്ള പോലിസിനെയോ അല്ലെങ്കില്‍ പോലീസ് സ്റ്റേഷനിലോ അറിയിച്ചാല്‍ വേണ്ട നടപടികള്‍ ഉണ്ടാക്കുമെന്ന് എസ്.ഐ അറിയിച്ചു.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അഭിഭാഷകര്‍ ഇരിങ്ങാലക്കുടയില്‍ `വായ്‌ മൂടികെട്ടി` പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐ എ എല്‍) `വായ്‌ മൂടികെട്ടി` പ്രതിഷേധിച്ചു. അസഹിഷ്‌ണുതക്കെതിരെ മാനുഷികമായ നിര്‍ഭയകവചം തീര്‍ക്കാന്‍ അഭിഭാഷകര്‍ ഒന്നിക്കണമെന്ന്‌ ഐ എ എല്‍ ആഹ്വാനം ചെയ്‌തു. ഐ എ എല്‍ അഖിലേന്ത്യ സെക്രട്ടറിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ അഡ്വ എ ജയശങ്കര്‍ ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് മുന്‍പില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്‌തു. ഐ എ എല്‍ ഇരിങ്ങാലക്കുട യൂണിറ്റ്‌ പ്രസിഡണ്ട്‌ അഡ്വ. ജയരാജ്‌ എം.പി. യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഭിഭാഷകരാണ്‌ സാമൂഹ്യ തിന്മകള്‍ക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതെന്ന്‌ അദ്ദേഹം അഭിഭാഷകരോട്‌ ആഹ്വാനം ചെയ്‌തു. യോഗത്തില്‍ ഐ എ എല്‍ ഇരിങ്ങാലക്കുട യൂണിറ്റ്‌ സെക്രട്ടറി അഡ്വ ശ്രീകുമാരനുണ്ണി സ്വാഗതവും അഡ്വ. സച്ചിന്‍ സദാനന്ദ്‌ നന്ദിയും പറഞ്ഞു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എം. എ. ജോയ്‌, അഡ്വ. രാജേഷ്‌ തമ്പാന്‍, അഡ്വ. പി. ജെ. ജോബി, അഡ്വ. ജയന്തി സുരേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ബസ്‌ സ്റ്റാന്റിലെ ഹൈമാസ്ററ് മിഴിയടക്കല്‍ തുടരുന്നു

ഇരിങ്ങാലക്കുട : നഗര ആധുനികവത്കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ കൊട്ടിഘോഷിച്ച് ലക്ഷങ്ങള്‍ ചിലവാക്കി നടപ്പിലാക്കിയ ബസ്‌ സ്റ്റാന്റിലെ ഹൈമാസ്ററ് ലൈറ്റിങ്ങ് സിസ്റ്റം നാലാമതും പ്രവര്‍ത്തന രഹിതമായി. കഴിഞ്ഞ തവണ അറ്റകുറ്റ പണികള്‍ നടത്തിയതിന്റെ ചിലവുകള്‍ ഇത് വരെ കോണ്‍ട്രാക്ടര്‍ക്ക് നഗരസഭാ നല്‍കിയിട്ടില്ല. അതിനാല്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ഇവരെ സമീപിക്കാന്‍ ബുദ്ധിമുട്ടാണ്. ബസ് സ്റ്റാന്‍ഡും പരിസരത്തും ഹൈമാസ്‌റ് ലൈറ്റുള്ളപ്പോള്‍ രാത്രികാലങ്ങളില്‍ ഇരുളിന്റെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കുറവുണ്ടായിരുന്നു. കഴിഞ്ഞ കൌണ്‍സിലിന്റെ കാലത്താണ് നഗര ആധുനികവത്കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ ലക്ഷങ്ങള്‍ ചിലവാക്കി ബസ്‌ സ്റ്റാന്റിലെ ഹൈമാസ്ററ് ലൈറ്റിങ്ങ് സിസ്റ്റം നടപ്പിലാക്കിയത്. തുടക്കത്തിലെ തന്നെ സാങ്കേതിക പ്രശ്നങ്ങള്‍ കാണിച്ചിരുന്ന ഹൈമാസ്ററ് പിന്നീട് ഘട്ടം ഘട്ടമായി പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഇത് ശരിയാക്കുവാനുള്ള സാങ്കേതിക വിദഗ്ദരെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതുണ്ട്. അതിനു വേണ്ട നടപടികള്‍ മാസങ്ങളായിട്ടും അധികൃതര്‍ എടുക്കാത്തത് മൂലമാണ് ഈ ദുരവസ്ഥ വന്നുപെട്ടത്. തലഉയര്‍ത്തി നില്ക്കുന്ന പ്രവര്‍ത്തനരഹിതമായ ഹൈമാസ്ററ് സ്തൂപത്തില്‍ പന്ത്രണ്ടോളം ലൈറ്റുകളില്‍ ഒന്നും തന്നെ ഇപ്പോള്‍ കത്തുന്നില്ല. മാസങ്ങള്‍ക്കു മുന്‍പ് കൌണ്‍സിലര്‍ മുന്‍കൈ എടുത്ത് കത്തിച്ചെങ്കിലും , നഗരസഭാ ആറ് മാസം കൂടുമ്പോഴുള്ള സമയബന്ധിതമായ അറ്റകുറ്റപണികള്‍ നടത്താത്തത് മൂലമാണ് ഹൈമാസ്റ് ലൈറ്റിന് ഈ ദുരവസ്ഥ വന്നുചേര്‍ന്നത്. നഗരസഭാ ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഇതിനു പുറകിലുണ്ട് . ഫെബ്രുവരിയില്‍ ചെയര്‍പേഴ്‌സന്റെയും സെക്രട്ടറിയുടെയും മുന്‍കൂര്‍ അനുമതി നേടിയാണ് അറ്റകുറ്റപണികള്‍ നടത്തി വിളക്കുകള്‍ കത്തിച്ചത് , എന്നാല്‍ ഇത് വരെ കോണ്‍ട്രാക്ടര്‍ക്ക് അതിനു ചിലവായ പൈസ നല്‍കിയിട്ടില്ല . ചില മുതിര്‍ന്ന കൌണ്‍സിലര്‍മാരുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും ചില താല്‍പര്യമാണ് ഇതിനു പുറകില്‍ എന്ന് അറിയുന്നു. നാല് വര്‍ഷം മുമ്പാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭ ഓണ്‍ഫണ്ടില്‍ നിന്നും എട്ടുലക്ഷം രൂപ ചിലവഴിച്ച് സര്‍ക്കാര്‍ ഏജന്‍സിയായ സോഷ്യോ എക്കോണമിയാണ് ലൈറ്റ് സ്ഥാപിച്ചത്. ഒരു വര്‍ഷമായിരുന്നു അതിന്റെ വാറണ്ടി പിരിഡ്. ഈ സമയം അറ്റകുറ്റപണികള്‍ നടത്തുകയോ, കാലാവധി തീരും മുമ്പെ കരാര്‍ പുതുക്കി നല്‍കുകയോ ചെയ്യാതിരുന്നതാണ് തിരിച്ചടിയായത്. പിന്നിട് വന്ന ഭരണസമിതി ഹൈമാസ്റ്റ് ലൈറ്റടക്കമുള്ള വിഷയങ്ങളില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാതിരുന്നതോടെയാണ് ഈ ദുരവസ്ഥ വന്നത്. ഇതുമൂലം ബസ്സ് സ്റ്റാന്റിനകത്ത് ഇരുട്ടാണ്. അതിനാല്‍ അടിയന്തിരമായി വിളക്കുകള്‍ തെളിയിക്കാന്‍ നഗരസഭ ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടേയും നാട്ടുകാരുടേയും ആവശ്യം.

എംപ്ലോയ്‌മെന്റ് എക്സ്ചേയ്ഞ്ചില്‍ രജിസ്ട്രേഷന്‍ പുതുക്കലിനുള്ള കാലാവധി ഒക്ടോബര്‍ 31 വരെ

ഇരിങ്ങാലക്കുട : എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10/96 മുതല്‍ 05/17 വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തതും സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കും എക്സ്ചേയ്ഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്ന് യഥാവിധി പിരിഞ്ഞ വിടുതല്‍ സെര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്‌ടമായ ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷന്‍ പുതുക്കുന്നതിനായി 2017 ഒക്ടോബര്‍ 31 വരെ ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്സ്ചേയ്ഞ്ചില്‍ അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായി ഒക്ടോബര്‍ 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ എല്ലാ അസ്സല്‍ സെര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്‌മെന്റ് ഐഡന്റിറ്റി കാര്‍ഡും സഹിതം ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്സ്ചേയ്ഞ്ചില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള SPECIAL RENEWAL ഓപ്ഷന്‍ വഴിയും പുതുക്കല്‍ നടത്താവുന്നതാണ് എന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Top
Menu Title