News

Archive for: September 20th, 2017

സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ പോരാട്ടം കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മില്‍ : രാജീവ്ഗാന്ധി ഭവനുമുന്നില്‍ ഗ്രൂപ്പുകളുടെ ഫ്ളക്സ് യുദ്ധം

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയില്‍ സ്ഥിതിചെയ്യുന്ന തൃശൂര്‍ ജില്ലാ കെട്ടിട നിര്‍മ്മാണ തൊഴിലാളി സഹകരണ സംഘത്തിലേക്ക് സെപ്റ്റംബര്‍ 16ന് നടക്കാനിരിക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് ചേരിതിരിഞ്ഞു മത്സരിക്കുന്നത് കോണ്‍ഗ്രസിലെ തന്നെ രണ്ടു പാനല്‍ . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നാവശ്യപ്പെട്ടു ഇരു പാനലുകാരും ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരമായ രാജീവ്ഗാന്ധി ഭവനുമുന്നില്‍ വ്യാഴാഴ്ച ഫ്ളക്സ് പോരാട്ടം ആരംഭിച്ചു. ഗ്രൂപ്പ് തിരിഞ്ഞുള്ള ഈ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതാവട്ടെ കോണ്‍ഗ്രസിലെ നേതാക്കളും പോഷകസംഘടന ഭാരവാഹികളും ആണെന്നതാണ് ഏറെ രസകരം. കോണ്‍ഗ്രസിന്റെ ടിപ്പര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ ഭാരവാഹിയായ ബിബിന്‍ തുടിയത്ത്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആനി തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ഒരു പാനലും, കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം സെക്രട്ടറി ശ്രീനിവാസ് എന്‍ ആര്‍ നയിക്കുന്ന മറ്റൊരു പാനലും തമ്മിലാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളി സഹകരണ സംഘമെന്നാണ് പേരെങ്കിലും, ഭരണസമിതിയിലേക്കു മത്സരിക്കുന്ന 27 പേരില്‍ ഭൂരിപക്ഷവും ഈ രംഗവുമായി ഒരു ബന്ധമില്ലാത്തവരാണെന്നുള്ളതും ശ്രദ്ധേയമാണ്. കോണ്‍ഗ്രെസ്സുകാര്‍ തമ്മില്‍ പരസ്പരം ഗ്രൂപ്പ് തിരിഞ്ഞു പോര്‍വിളിച്ചു നടക്കുന്ന മത്സരത്തില്‍ ഫ്ലെക്സുകള്‍ വച്ച് തെരുവിലെത്തിയപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ ഇടപെട്ടിട്ടുണ്ട്. ഇതില്‍ ഒരു പാനലിനെ ഔദ്യോഗികമാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ഗ്രൂപ്പിന് അതീതമായി ചില എതിര്‍പ്പുകള്‍ പൊങ്ങിവന്നിട്ടുമുണ്ട്. ഇരിങ്ങലക്കുടയിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഇത് ചില മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യതയുണ്ട്.

വൃത്തിഹീനമായിരുന്ന കോന്തിപുലം പാതയോരം വിദ്യാര്‍ഥികള്‍ വൃത്തിയാക്കി

മാപ്രാണം : പറപ്പൂക്കര പി വി എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോന്തിപുലം പാതയോരം വൃത്തിയാക്കലിന് തുടക്കം കുറിച്ചു. 90 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘമാണ് വൃത്തിയാക്കലിന് ചുക്കാന്‍ പിടിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലും യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയിരുന്ന പാഴ്ചെടികളും പുല്ലും നീക്കം ചെയ്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കലും ഒപ്പം പരിസ്ഥിതി സംരക്ഷണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ അഡ്വ പി സി മുരളീധരന്‍ വൃത്തിയാക്കല്‍ ഉദ്‌ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സില്‍വി ആര്‍ വി സ്വാഗതം പറഞ്ഞു.   കോര്‍ഡിനേറ്റര്‍ സീന കെ വി , പി ടി എ പ്രസിഡണ്ട് കെ ബി സുനില്‍ കുമാര്‍, വൈസ് പ്രസിഡണ്ട് ദാസന്‍ കരവട്ട്, പി സി മോഹനന്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഗൗരി ലങ്കേഷിന്റെ ഘാതകരേയും വിദ്വേഷ പ്രകടനം നടത്തുന്ന ശശികലയെയും അറസ്റ്റ് ചെയ്യണം – കേരള മഹിളാ സംഘം

ഇരിങ്ങാലക്കുട : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകരേയും കേരളത്തില്‍ വിദ്വേഷ പ്രകടനം നടത്തുന്ന ശശികലയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള മഹിളാ സംഘം (NFIW) ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനു ശേഷം ആല്‍ത്തറയ്ക്കല്‍ നടത്തിയ യോഗം കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി സ്വര്‍ണലത ടീച്ചര്‍ ഉദ്‌ഘാടനം ചെയ്തു. അല്‍ഫോന്‍സാ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ എം സി രമണന്‍, വി കെ സരിത എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. അനിത രാധാകൃഷ്ണന്‍ സ്വാഗതവും പി വി ലീല നന്ദിയും പറഞ്ഞു.

ലാല്‍ ഹോസ്പിറ്റലില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് 17ന്

ഇരിങ്ങാലക്കുട : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് മാപ്രാണം ലാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വച്ച് സെപ്റ്റംബര്‍ 17 ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. സന്ധിവേദനകള്‍, നടുവേദന, കഴുത്തു വേദന, ഞരമ്പ് സംബന്ധമായ അസുഖങ്ങള്‍, ചലന സംബന്ധമായ അവസ്ഥകള്‍, സ്പോര്‍ട്സ് ഇന്‍ജുറി തുടങ്ങിയവയ്ക്കുള്ള ഫിസിയോതെറാപ്പിയും ഉപദേശങ്ങളും ക്യാമ്പില്‍ ലഭിക്കുന്നതാണ്. സ്പോര്‍ട്സ് ഇന്‍ജുറി മാനേജ്മെന്റിനുള്ള പ്രത്യേക വിഭാഗം ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന് ബന്ധപ്പെടുക : 0480-2826570 .

ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടങ്ങള്‍

ഇരിങ്ങാലക്കുട : 1891-ല്‍ സ്ഥാപിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാലയ മുത്തശ്ശിയായ ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം സെപ്റ്റംബര്‍ 16 ന് രാവിലെ 11.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിക്കും. പ്രൊഫ കെ യു അരുണന്‍ മാസ്റ്റര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സി എന്‍ ജയദേവന്‍ എം പി മുഖ്യാതിഥിയായിരിക്കും. നഗരസഭ അധ്യക്ഷ നിമ്യ ഷിജു മുഖ്യ പ്രഭാഷണം നടത്തുകയും നഗരസഭയുടെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ആശംസകള്‍ നേരുകയും ചെയ്യും. മുന്‍ എം എല്‍ എ യുടെ 2013-2014 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി നാല്പത്തി ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ബ്ലോക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ ഇരു വിഭാഗങ്ങളിലെയും പ്രിന്‍സിപ്പല്‍ റൂമുകള്‍, സ്റ്റാഫ് റൂം, ലാബുകള്‍, ക്ലാസ് മുറികള്‍ എന്നിവ ഉള്‍പ്പെടും. പത്രസമ്മേളനത്തില്‍ സ്വാഗത സംഘം കണ്‍വീനറും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പലുമായ എം പ്യാരിജ , പി ടി എ പ്രസിഡണ്ട് എം ബി രാജു മാസ്റ്റര്‍, പ്രോഗ്രാം കണ്‍വീനര്‍ എസ് എസ് ജയകുമാര്‍, ഹെഡ്മിസ്ട്രസ് ടി വി രമണി, വി എച് എസ് ഇ പ്രിന്‍സിപ്പല്‍ കെ ആര്‍ ഹേന, പബ്ലിസിറ്റി കണ്‍വീനര്‍ എം കെ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Top
Menu Title