News

നിറം മങ്ങുന്ന ജനമൈത്രി ”സുരക്ഷ പദ്ധതി”

15031703കൊട്ടിഘോഷിച്ച ISO – 9001 തിളക്കം ക്ലാവ് വന്ന് മങ്ങുന്ന അവസ്ഥയിലാണ് രാജ്യത്തെ ആദ്യ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന ഖ്യാതി നേടിയ നമ്മുടെ സ്റ്റേഷന്‍. കമ്മ്യൂണിറ്റി പോലീസിങ്ങ് എന്നാലെന്തെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ചില സമിതിയംഗങ്ങള്‍  . അന്യ സംസ്ഥാന തൊഴിലാളികളെ സ്വകാര്യ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുകയും അതിന് ശേഷം താമസ സ്ഥലത്ത് കയറി നിഷാമിനെ അനുകരിക്കും വിധത്തില്‍ മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്ത് നടപടിയില്‍ നിന്ന് രക്ഷപെട്ട രീതി തന്നെയാണ് ഇതിന് ഉദാഹരണം. ജനമൈത്രി എന്നാല്‍ എന്തും ചെയ്യാവുന്ന “സൂപ്പര്‍ പോലീസ്” ആണെന്ന്ഭാവമുള്ള ചിലര്‍ക്ക് വേണ്ടിയാണ് ഇത്തരം നാടകങ്ങള്‍ നടന്നത്. ആവശ്യമായ രേഖകള്‍ കൈയ്യിലില്ലെന്ന് പോലീസില്‍ നിന്ന് മനസിലാക്കിയപ്പോള്‍ തന്നെ അന്യ സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി കേസ് തേച്ച് മായ്ച്ച് കളയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. തങ്ങളുടെ കൂട്ടുകാരനെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും കമ്പി വേലിയില്‍ കുടുങ്ങിയാണ് പരിക്ക് പറ്റിയതെന്നും നല്ല വൃത്തിയുള്ള ബംഗാളിയിലും മലയാളത്തിലും പോരാത്തതിനു ഇംഗ്ലീഷിലും പേരെഴുതി ഒപ്പിട്ടു ഇവര്‍ നല്‍കിയിരിക്കുന്നു പോലും. ഇത്രയും ‘വിദ്യാഭ്യാസമുള്ള’ ഇവരാണ് സാക്ഷര കേരളത്തില്‍ ജോലിക്കായി തെണ്ടുന്നത് എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.

15031702ജനമൈത്രി എന്ന “ചക്കരക്കുടം” 8 വര്‍ഷമായി ഇരിങ്ങാലക്കുടയില്‍ എത്തിയിട്ട്, ജനമൈത്രി സമിതിയില്‍ ഭരണഘടന പ്രകാരം വിവിധ ക്ലബ്ബുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി, മറ്റ് സ്ഥാപനങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി മേധാവികള്‍ എന്നിവരടങ്ങിയ സമിതിയായിരുന്നു. ചക്കരക്കുടത്തിന്റെ സ്വാദ് അറിഞ്ഞതോടെ പിന്നീട് വന്ന സമിതികള്‍ വ്യക്തി പ്രാധാന്യമുള്ളവയായി മാറി. ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് മാറിയിട്ട് പോലും ജനമൈത്രി സമിതിയില്‍ അള്ളി പിടിച്ചിരിക്കുന്ന ഇവരുടെ തൊലിക്കട്ടി പോലീസുമായുള്ള സഹവാസത്തില്‍ നിന്ന് ലഭിച്ചതാണോ എന്ന് സംശയം. വാര്‍ത്താ ചിത്രങ്ങളില്‍ ഇടം നേടാന്‍ ജനമൈത്രിയെ കൂട്ടുപിടിക്കുന്ന ഒരു സംസ്കാരവും വരദാനങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ ഏറി വരുന്നു. നിരോധനമുള്ളിടങ്ങളില്‍ ഫ്ലക്സ് വെക്കാനും നടുറോഡില്‍ താത്ക്കാലിക സ്റ്റേജിട്ട് പരിപാടി നടത്താനും ജനമൈത്രിയെ കൂട്ടുപിടിക്കുമ്പോള്‍ ഇവ എങ്ങനെ കുറ്റകൃത്യങ്ങളല്ലാതാവും? ഇത്തരം പദ്ധതികളെയാണോ ജനമൈത്രി സുരക്ഷ പദ്ധതിയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
ജനമൈത്രി സമിതിയുടെ ആസ്ഥാന മന്ദിരത്തിലെ ബോര്‍ഡ് പോലെ ഇത്തരം “പ്രചരണ മോഹികളെ” ഉള്‍പ്പെടുത്തിയുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിറം മങ്ങി പോകുകയാണോ എന്ന സന്ദേഹം സഞ്ചാരിക്ക് മാത്രമല്ല. എഴുതിയെഴുതി സഞ്ചാരി എവിടം വരെ എത്തുമെന്ന് ഒന്ന് കാണണമെന്ന് “വാര്‍ത്താ ചിത്രങ്ങളുടെ ലാലിസത്തിലൂടെ” മുഖം നഷ്ടപെട്ട ചിലര്‍ ഭീഷണിയുമായി എത്തിയിരുന്നു. ഇതിന്റെ പരാതിയുമായി സഞ്ചാരിക്ക് സമീപിക്കേണ്ടത് ജനമൈത്രിയെ തന്നെയാണ് എന്നുള്ളതാണ് ഇപ്പോഴത്തെ മനോവിഷമം.

കുറിപ്പ്: സഞ്ചാരിയുടെ എഴുത്ത് നിര്‍ത്തണമെന്ന ഭീഷണി നിലനില്‍ക്കുമ്പോള്‍ അടുത്ത വാരം സഞ്ചാരിയെ കണ്ടില്ലെങ്കില്‍ ഒന്നുറപ്പിക്കാം ” ചത്തത് കീച്ചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ “


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Close
Menu Title