News

മീന്‍ മാര്‍ക്കറ്റ് നാടകങ്ങള്‍ – സീസണ്‍ 2

15040713“മീന്‍ അവിയല്‍ എന്തായോ എന്തോ ……..” വലിയനോമ്പിന് ശേഷം ഇരിങ്ങാലക്കുട നഗരസഭയിലെ പല കൌണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും വീടുകളില്‍ നിന്ന് കേള്‍ക്കുന്ന ഒരു ഡയലോഗ് ആണിത്. മൂന്നര കോടിയുടെ ആധുനിക മത്സ്യച്ചന്ത തുറന്നതില്‍ പിന്നെ മീന്‍ ഇല്ലാത്ത വിഭവങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥയായി. എന്നാല്‍ മീനിന്റെ വിലനിലവാരത്തെക്കുറിച്ച് ഇവരോട് ചോദിച്ചാല്‍ കൈ മലര്‍ത്തും ,കാരണം കണ്ണുരുട്ടി ഓസിന് വാങ്ങിയതായതുകൊണ്ട് . മത്സ്യ മാര്‍ക്കറ്റിന്റെ പിത്രുത്വത്തെച്ചൊല്ലി നഗരസഭ അദ്ധ്യക്ഷകളുടെ പോര് ഇനിയും തീര്‍ന്നിട്ടില്ല. ” അനുമതി വാങ്ങിയെടുത്തത് ഞാന്‍ “, “കുറ്റിയടിച്ചത് ഞാന്‍ “, “തുറന്ന് കൊടുത്തത് ഞാന്‍ ” മൂവരും അവകാശത്തിന്മേല്‍ മുറുകി പിടിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൌകര്യങ്ങള്‍ പലതും ഇല്ലാതെയാണ് ലേലക്കാര്‍ക്ക്‌ കച്ചവടത്തിന് തുറന്ന് കൊടുത്തതെന്നും ഉദ്ഘാടന മാമാങ്കത്തിന് ഇവരെ അറിയിച്ചിട്ടില്ലെന്നുമുള്ള ആരോപണത്തിനു മറുപടിയില്ലാതെ മലിഞ്ഞീനെപ്പൊലെ വഴുതി മാറുകയാണ് ഇവര്‍ പലരുമിപ്പോള്‍.

കടല്‍മത്സ്യങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെ ഉണ്ടാകുമെന്നും ആധുനിക കോള്‍ഡ് സ്റ്റൊറെജ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുള്ള വാഗ്ദാനങ്ങള്‍ ഇപ്പോള്‍ മീന്‍ കോട്ടയിലെ ഐസ് പോലെയായി ” ആധുനിക മീന്‍ മാര്‍ക്കറ്റിലെ നാറ്റം” മൂലം നഗരസഭയുടെ ജനവാതിലുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് . അടിസ്ഥാനമില്ലാത്ത വാര്‍ത്ത എഴുതിയാല്‍ വില്‍ക്കാന്‍ കൊണ്ടുവന്ന തിരണ്ടിയുടെ വാല്‍ സഞ്ചാരിയുടെമേല്‍ പ്രയോഗിക്കുമെന്ന് പോലും ഒരു കൌണ്‍സിലര്‍ കയര്‍ത്തു. സഞ്ചാരിയാണെങ്കില്‍ തലയിലെ മുള്‍കിരീടം അഴിക്കുവാനുള്ള തിരക്കിലുമാണ്. ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും കോടികളുടെ പ്രൊജക്റ്റിന്റെ കണ്‍സള്‍ട്ടെഷന്‍ ഫീയുടെ ‘കമ്മിഷന്‍ വീതം വയ്പ്പിനെക്കുറിച്ചുള്ള’ തിരക്കിട്ട ചര്‍ച്ചയിലാണ് ഉദ്യോഗസ്ഥവൃന്ദത്തോടൊപ്പം രാഷ്ട്രിയഭേദമെന്യേ ചില കൌണ്‍സിലര്‍മാരിപ്പോള്‍….

ആധുനിക മത്സ്യ മാര്‍ക്കറ്റിനെക്കുറിച്ചുള്ള സഞ്ചാരിയുടെ ആദ്യ അനുഭവം ഒന്നുകൂടെ താഴെ പുന:പ്രസിദ്ധികരിക്കുന്നു .

മീന്‍ മാര്‍ക്കറ്റിലെ ഫോട്ടോ നാടകങ്ങള്‍ !!!
ഒരു ചടങ്ങിന് എത്രതവണ കുറ്റിയടിക്കാം?.. മാധ്യമക്യാമറകളുടെ എണ്ണം എത്രയ്ണ്ടോ അത്രയും ആവാം. നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നാട്ടാരെ അറിയിക്കാന്‍ കുറ്റിയടിച്ചിടത്തു തന്നെ അതൂരി വീണ്ടും അടിക്കുന്നതില്‍ തെറ്റില്ല. രണ്ടാംതവണ ചിലരെ ഒഴിവാക്കി അടിക്കുമ്പോള്‍ അതിനൊരു മധുരവും ഉണ്ടാകും അല്ലെ? സഞ്ചാരിയുടെ പതിവ് സഞ്ചാരത്തിനിടെ നേരിട്ട് കണ്ട കാര്യങ്ങളാണ് മേല്‍പറഞ്ഞത്. അനുവാദം കൂടാതെ ഈ ദൃശ്യങ്ങള്‍ സഞ്ചാരിയുടെ ഒളിക്യാമറ പകര്‍ത്തുകയും ചെയ്തു.

sanchari-fish-marketകഴിഞ്ഞവാരം ഇരിങ്ങാലക്കുട ചന്തയിലെ മീന്‍ മാര്‍ക്കറ്റില്‍ അരങ്ങേറിയ നാടകമാണ് മേല്‍പറഞ്ഞത്. ആധുനിക ഫിഷ്‌ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി നഗരസഭാധ്യക്ഷയും പൂര്‍വ്വാധ്യക്ഷയും സംഘവും എത്തുന്ന വിവരം അറിഞ്ഞെത്തിയ മാധ്യമപടയോടൊപ്പം സഞ്ചാരിയും അവിടെയെത്തി. പൂര്‍വ്വാധ്യക്ഷയുടെ കാലത്താണ് എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമ്മാനപ്പൊതിയായി ഈ പ്രൊജക്റ്റ് നഗരസഭയ്ക്ക് ലഭിച്ചത്. പൂര്‍വ്വാധ്യക്ഷ പടിയിറക്കത്തിന് മുമ്പ് മന്ത്രിയെക്കൊണ്ട്‌ ഉദ്ഘാടനമാമാങ്കം നടത്തി. പടിയേറ്റ് കഴിഞ്ഞ പുതിയ നഗരസഭാധ്യക്ഷക്കാണ് കുറ്റിയടി ഭാഗ്യം ഉണ്ടായത്. പ്രോജക്റ്റിന്റെ വിശദാംശങ്ങള്‍ മാധ്യമപട പൂര്‍വ്വാധ്യക്ഷയോട് ചോദിച്ച് മനസിലാക്കുന്നത് അവിടെ കൂടിയ ചിലര്‍ക്ക് രസിക്കുന്നില്ലെന്നും തുടക്കത്തില്‍ തന്നെ സഞ്ചാരി മനസിലാക്കി. ഇതിനിടെ കുറ്റിയടി സംഭവം ഒരുക്കല്‍ കഴിഞ്ഞിരുന്നു. എല്ലാം കഴിഞ്ഞ് സംഘാംഗങ്ങള്‍ വണ്ടിയില്‍ കയറി പുറപ്പെട്ടു. പൂര്‍വ്വാധ്യക്ഷയുടെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ അതാ…. സഡന്‍ബ്രേക്കിട്ട പോലെ നഗരസഭാധ്യക്ഷയുടെ വണ്ടി നില്‍ക്കുന്നു. അവശേഷിച്ച മാധ്യമപടയോട് ഒന്നുകൂടി കുറ്റിയടി പകര്‍ത്താന്‍ തയ്യാറാവാന്‍ പറയുന്നു.

അടുത്തദിവസം പത്രത്തിലെ ചിത്രം കണ്ടപ്പോഴാണ് കുറ്റിയടി മാമാങ്കത്തില്‍ പങ്കെടുത്തവരെ ചിലരെ ഈ ചിത്രത്തില്‍ കാണാതായത്തിന്റെ കാരണവും, അതിന്റെ പുറകിലെ അണിയറ നീക്കങ്ങളും മാലോകര്‍ അറിഞ്ഞത്. പണിയുന്ന മീന്‍ മാര്‍ക്കറ്റിലെ കോള്‍ഡ് സ്റ്റോറേജില്‍ ഈ സംഭവക്കഥയെ പൂഴ്ത്താന്‍ ശ്രമം ആരംഭിച്ചു എന്നാണു സഞ്ചാരിക്ക് അറിയാന്‍ കഴിഞ്ഞത്. ഇക്കഥയുടെ രാഷ്ട്രീയനാടകങ്ങള്‍ വരുംദിനത്തില്‍ കോള്‍ഡ് സ്റ്റോറേജില്‍ പുറത്ത് വരുമെന്നും, തന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ലെങ്കില്‍ ചന്തയില്‍നിന്നുള്ള തുടര്‍ക്കഥകളുമായി സഞ്ചാരിയെ വരുംവാരത്തില്‍ കാണാം….


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Close
Menu Title