News

ജൈവ സെല്‍ഫിയും രാഷ്ട്രിയ സെല്‍ഫിയും !!!

15080803സ്വയംപര്യാപ്ത ജൈവ പച്ചക്കറി ഗ്രാമം എന്ന ഖ്യാതി നേടാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഊരിലെ കര്‍ഷകരിപ്പോള്‍ ഭീതിയിലാണ് , തങ്ങള്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് നേടിയ കാര്‍ഷിക വിളകള്‍ക്ക് കാവലിരിക്കുകയാണിപ്പോള്‍ . അല്ലെങ്കില്‍ ചിലര്‍ സെല്‍ഫിയെടുത്ത് ഇത് തങ്ങളുടെ വിളയാണെന്നമട്ടില്‍ അക്ഷരതെറ്റുകളില്‍ വട്ടമിട്ട് രസിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് പത്രക്കുറിപ്പുകള്‍ ഇറക്കികളയും !!! പലതരം കൃഷികളും കണ്ടു പരിചയമുള്ള ഇവിടുത്തെ കര്‍ഷകര്‍ ഇത്തരത്തില്‍ കഷ്ട്ടപെട്ടവരെ ഫ്രെയ്മില്‍ നിന്നും പുറത്താക്കുന്ന ” സെല്‍ഫി കൃഷിക്ക് ” ആതിഥ്യം അരുളുന്നതാദ്യം. ‘സെല്‍ഫ്പ്രമോഷന്‍’ എന്നും സെല്‍ഫിക്ക് അര്‍ത്ഥമുണ്ടെന്നും മനസിലാക്കിക്കൊടുത്തത് ഈ ജൈവ കൃഷിയിലൂടെയണെന്നുള്ളതാണ് ഈ ഓണക്കാലത്തെ പ്രധാന വിശേഷം…

ഇതിനിടെ ചില രാഷ്ട്രീയ സെല്‍ഫികളെയും കഴിഞ്ഞവാരം സഞ്ചാരി കാണാനിടയായി. ആസസന്നമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ കൌണ്‍സിലര്‍ / പഞ്ചായത്ത്‌ മെമ്പര്‍ സ്ഥാനങ്ങള്‍ ഊട്ടിയുറപ്പിക്കാനായി സംസ്ഥാന ക്ഷണിതാവിനോടൊപ്പം സെല്‍ഫിയെടുക്കനായി അടുത്തുകൂടിയപ്പോള്‍ പഞ്ചായത്തില്‍ താനെത്ര വോട്ടു ചേര്‍ത്തെന്ന ചോദ്യം ഉയര്‍ന്നതോടെ സെല്‍ഫി ഫ്രെയ്മില്‍ നിന്നും സ്ഥാനാര്‍ഥി മോഹിയായ ബ്ലോക്ക്‌ പ്രസിഡന്റ്‌ അപ്രത്യക്ഷനായി. ഐക്യമുണ്ടെന്ന് അവകാശപെടുന്ന മതേതര പാര്‍ട്ടി ഇത്തവണയും പതിവുപോലെ മതമേലാളന്മാരുടെ ആശ്രിതവത്സലരെ, കഴിഞ്ഞ തവണത്തേതെന്ന പോലെ ഇത്തവണയും സീറ്റ്‌ നല്‍കാനുള്ള പുറപ്പാടിലാണ്. ഇതിനെതിരെ ചോദ്യം ചെയ്തവരുടെ കുടുംബ പാരമ്പര്യം പോലും ‘ഏമാന്‍’ പരസ്യമായി ചോദിച്ചുകളഞ്ഞു. എന്നാല്‍ മലയോര ജില്ലയില്‍ ജോലി ഏല്‍പ്പിച്ച വ്യക്തി താഴ്വാരത്ത് എന്ത് ചെയ്യുന്നുവെന്ന ചോദ്യം വന്നതോടെ ഏമാന്റെ റേറ്റിംഗ് കുറഞ്ഞെന്നുമാണ് ഒടുവിലത്തെ കിംവദന്തികള്‍. പുറംപോക്കുകള്‍ മറിച്ചുനല്കി പങ്കുപറ്റുന്ന തിരക്കിനിടയില്‍ പല സീനിയര്‍മാരും ഈ വികാരം അറിഞ്ഞില്ലെന്ന് നടിക്കുകയുമാണ്‌. ബൈപാസ്‌ റോഡിലെ ഒടിഞ്ഞ സ്ലാബ് പോലെയാണ് പ്രധാന പ്രതിപക്ഷത്തിന്റെ നട്ടെല്ല് എന്നുള്ളതുകൊണ്ടും ഇനിയും അഴിമതിക്ക് വകയുണ്ടെന്ന ആശ്വാസത്തിലാണ് അവരും.

സംഗമഭൂമിയിലെ അഭിനവ വാമനന്മാര്‍ക്ക് മൂന്നടി മണ്ണ് പോരെന്നാണ് ഭാഷ്യം, അടുത്ത കാല്‍വെപ്പ് സഞ്ചാരിയുടെ തലയ് ക്കാണെന്നുള്ള ഭീഷണി അറിയാമെങ്കിലും വരും വാരം കാണാമെന്ന പ്രതീക്ഷയോടെ…


Top
Close
Menu Title