News

ഓണ കച്ചവടത്തിന് ഒന്നാം സ്ഥാനം നേടിയ വരദാനങ്ങളുടെ നാട്ടിലെ വാമനനും മഹാബലിയും

16091510ഒന്നാം ഭാഗം : മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് സര്‍ക്കാര്‍ നിയമപ്രകാരമുള്ള അന്ത്യശാസനം നിലനില്‍ക്കുമ്പോഴും, കേരളം അഭിമാനപൂര്‍വ്വം കുടിച്ചു തീര്‍ത്ത 410 കോടി രൂപയുടെ വാര്‍ത്ത സചിത്രം പ്രസിദ്ധീകരിക്കുമ്പോഴും സര്‍ക്കാര്‍ അന്ത്യശാസനം പാലിക്കേണ്ടതല്ലേ? അതില്‍ത്തന്നെ ഒന്നാം സ്ഥാനം അല്ലെങ്കില്‍ നേട്ടം ഇരിങ്ങാലക്കുടക്ക് എന്ന് പറയുന്നതിലും ഒരു ശരികേട് ഇല്ലേ? ഒരു പ്രദേശത്തെ മാത്രം കുടിയന്മാരുടെ ദേശം എന്ന് മുദ്രകുത്തുന്നതും ശരിയാണോ? ചുരുങ്ങിയ പക്ഷം ഇരിങ്ങാലക്കുടയിലെ ഭരണാധികാരികളോ പ്രദേശവാസികളോ ഇതിനോട് പ്രതികരിക്കേണ്ടതല്ലേ?  നമ്മള്‍ക്ക്  ഇതൊരു പ്രാദേശിക നേട്ടമോ അഹങ്കാരമോ അല്ലെങ്കില്‍ !

അതെങ്ങിനെ ശരിയാക്കും, നമ്മക്ക് ഫ്ളക്സ് വയ്‌ക്കേണ്ട ഈ നേട്ടത്തിന് , കഴിഞ്ഞ 15 വര്‍ഷം അതല്ലായിരുന്നോ ഒരു പതിവ് , എന്തിനും നടുറോഡില്‍ ഫ്ളക്സ്, എല്ലാം എട്ടുകാലി മമ്മൂഞ്ഞിന്റെ പോലെ ഞമ്മന്റെ നേട്ടം. ഒന്നാം സ്ഥാനം അവസാന റൗണ്ടില്‍ ഓടിപിടിച്ചതാട്ടോ , കാവിക്കാര്‍ കൊടിപിടിച്ചു സമരത്തിന് വന്നു അടപ്പിക്കാന്‍ നോക്കിട്ടോ , അതെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ ഒന്ന് ആലോചിച്ചുനോക്കൂ , നമ്മുക്ക് ഉണ്ടാകുമായിരുന്നു മാനക്കേട് , ഒന്നാം സ്ഥാനം പോയിട്ട് ആദ്യ 10 ല്‍ പോലും വരില്ലായിരുന്നു, അത്ര ഉണ്ടായിരുന്നു മത്സരം എന്ന് കേള്‍ക്കുന്നു.

16091507രണ്ടാം  ഭാഗം : വരദാനങ്ങളുടെ നാട്ടില്‍ ഈ ഓണക്കാലത്തിനു വളരെ മുമ്പേ വാമനനും മഹാബലിയും ചര്‍ച്ചയായതാണ് . വേറൊന്നുമല്ല, ഒന്നര ദശകം നാട് ഭരിച്ച പ്രജകളുടെ കണ്ണിലുണ്ണിയെ ഏതു വാമനാണ് ചവിട്ടിത്താഴ്ത്തിയത് എന്ന സംശയം ഇപ്പോളും തീര്‍ന്നിട്ടില്ല , ലഡ്ഡു കൊടുത്തതെല്ലാം വെറുതെയായെന്നു മാത്രമല്ലേ പാളയത്തില്‍നിന്നും ഇറങ്ങി പോകേണ്ടിവരികയും ചെയ്തു. ചിലര്‍ വാമന ജയന്തി ആഘോഷിക്കുന്നതിന്റെ പൊരുള്‍ ഇപ്പോളാണ് ഇരിങ്ങാലക്കുടക്കാര്‍ക്ക് മനസിലായി തുടങ്ങിയത്.

വാമനന്‍ ചവിട്ടി താഴ്ത്തിയത് മണ്ണിലേക്കല്ലേ , അതാ ഒരാശ്വാസം , മണ്ണ് നമ്മുടെ അക്ഷയഖനിയായിരുന്നല്ലോ . അധികാരത്തിന്റെ ഉച്ചകോടിയില്‍ ആസ്ഥാനസ്ഥനായി ഇരുനിരുന്ന തമ്പുരാന്‍ പക്ഷെ ഇപ്പോള്‍ പണിയില്ലാതെ വാര്‍ത്തയില്‍ ഇടം നേടാന്‍ തെരുവു നായ്ക്കള്‍ക്കെതിരെ പോലും തിരിഞ്ഞിരിക്കുന്നു, നായ്ക്കളെ കാണുമ്പോള്‍ ആട്ടിന്‍ തോലിട്ട ചിലരുടെ മുഖം ഓര്‍മ്മവരുന്നു എന്നതാണുപോലും ഇതുനു കാരണം . രണ്ടില നുള്ളിയത് ഏതു കയ്യാണെന്നു അറിയാമെന്നു പറഞ്ഞതിനുപുറകേ സമ്മതിദാനം നിര്‍വഹിച്ചെന്നു പറയുന്ന അതെ കൈ തന്നെ കോലം കത്തിക്കുകയും ചെയ്തപ്പോള്‍ ചിത്രം വ്യക്തമായി. ഇനി ആ കോഴി നികുതിയുടെ പുറകിലെ അദൃശ്യകൈ ആരുടെയെന്നുകൂടെ വ്യക്തമായാല്‍ നാട്ടില്‍നിന്നു പോകാം.

ഇത് ഒരിക്കല്‍ അനേഷിച്ചതിനു ഒരു കൊട്ടേഷന്‍ കിട്ടിയതാ സഞ്ചാരിക്ക്, ആരുമറിഞ്ഞില്ലെന്നേയുള്ളു. ഇപ്പോള്‍ ‘നാലാം ലിഗക്കാര്‍ക്കു’ അത് പതിവാണല്ലോ. അത് മറന്നു വീണ്ടും ഇറങ്ങിയാല്‍ തെരുവുനായ്ക്കള്‍ക്ക് ഇരയാകേണ്ടി വരുമോ എന്തോ…

SANCHARI  – A Political Travelogue

കുറിപ്പ്   * മദ്യപാനം ആരോഗ്യത്തിന് ഹാനികരം


Comments

Top
Close
Menu Title