News

അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളുകള്‍ പൂട്ടാന്‍ കൗണ്‍സില്‍ തീരുമാനം

ഇരിങ്ങാലക്കുട : അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും നഗരസഭക്ക് നികുതിയിനത്തില്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള എംസിപി കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളുകള്‍ പൂട്ടാന്‍ കൗണ്‍സില്‍ തീരുമാനം . ചൊവാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഒരു ഹാളിന് ലൈസന്‍സെടുത്ത് 9 ഹാളുകള്‍ എംസിപി കണ്‍വെന്‍ഷന്‍ സെന്ററില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് ബിജെപ്പിയും ഇടതുപക്ഷവും  ഒരുമിച്ചു ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ ബഹളത്തിനൊടുവിലാണ് എംസിപി കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളുകള്‍ പൂട്ടാന്‍ കൗണ്‍സില്‍ തീരുമാനം എടുത്തത്.

കെപിസിസി ജനറല്‍ സെക്രട്ടറി എം പി ജാക്‌സന്റെ ഉടമസ്ഥതയിലുള്ള എംസിപി കണ്‍വെന്‍ഷന്‍ സെന്ററിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും മിണ്ടാതിരുന്നതും ശ്രദ്ധേയമായി  . നഗരസഭയിലെ ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും അഴിമതിയും അകാരണമായി ഉണ്ടാക്കിയ കാലതാമസവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി അംഗങ്ങളായ സന്തോഷ് ബോബന്‍, രമേഷ് വാര്യര്‍, അമ്പിളി ജയന്‍ എന്നിവര്‍  നഗരകാര്യ ഡയറക്ടര്‍ക്കും കേന്ദ്ര വിജിലന്‍സ് ഡയറക്ടര്‍ക്കും നേരത്തെ പരാതി നല്‍കിയിരുന്നു. എംസിപി കണ്‍വെന്‍ഷന്‍ സെന്റര്‍ പൂട്ടാന്‍ ഇന്ന് പ്ലക്കാര്‍ഡുമായി കൗണ്‍സില്‍ യോഗത്തില്‍ എത്തിയ ബിജെപിക്കാരുടെ ആവശ്യം ന്യായമാണെന്നും, തങ്ങള്‍ പിന്തുണക്കുന്നുവെന്നും ഇടതുപക്ഷം അംഗം ശിവകുമാര്‍ പറഞ്ഞു. പൂട്ടാന്‍  പറ്റില്ലെന്ന നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവിന്റെ നിര്‍ബന്ധം കൗണ്‍സില്‍ യോഗം ബഹളത്തിലാക്കി.

ഒരു ഹാളിന് ലൈസന്‍സെടുത്ത് 9 ഹാളുകള്‍ പ്രവര്‍ത്തിക്കുന്നു. 9 ഹാളുകളും ഓപ്പണ്‍ എയര്‍ സ്റ്റേഡിയമായി 10000 ത്തിലധികം എം സ്‌ക്വയറിലായി നിര്‍മ്മിച്ചിരിക്കുന്നു. കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചുവരുന്നു. 6512 എം സ്‌ക്വയറിനാണ് നിര്‍മ്മാണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിന്റെ നികുതിയും അടക്കുന്നുണ്ട്. ബാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭാഗങ്ങള്‍ക്ക് നികുതി അടക്കുകയോ ബില്‍ഡിംഗ് നമ്പര്‍ ഇട്ട് വാങ്ങുകയോ ചെയ്തിട്ടില്ല. അനുമതി ലഭിക്കാത്ത അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കാനോ ഒരു യുഎ നമ്പര്‍ പോലും നല്‍കാനോ നഗരസഭ തയ്യാറായിട്ടില്ല. എല്ലാ തെളിവുകളും പ്രതിപക്ഷം ഒന്നിച്ചു നിരത്തിയതോടെ പ്രതിരോധത്തിലായ ഭരണപക്ഷം അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ പൂട്ടാന്‍ കൗണ്‍സില്‍ തീരുമാനം എടുക്കുന്നു എന്ന് ചെയര്‍പേഴ്‌സനെക്കൊണ്ട്  ഗത്യന്തരമില്ലാതെ  പറയിപ്പിക്കേണ്ടിവന്നു.

കഴിഞ്ഞ ആഴ്ച താന്‍ നോട്ടീസ് നല്‍കിയെന്നും, ഉദ്യോഗസ്ഥതലത്തില്‍ അകാരണമായി ഉണ്ടാക്കിയ കാലതാമസം മൂലമാണ് നടപടികള്‍ വൈകുന്നതെന്ന് നഗരസഭാ സെക്രട്ടറിക്കും കൗണ്‍സില്‍ യോഗത്തില്‍ തുറന്നു പറയേണ്ടി വന്നു . ആദ്യ കാലത്തു ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കാണിച്ച കൃത്യവിലോപമാണ് ഇതിനു കാരണമെന്നും തെളിഞ്ഞു . ഇതിനു പുറമെ എം സി പി കണ്‍വെന്‍ഷന്‍ സെന്ററിന് ഫയര്‍ പൊല്ലൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത് എന്ന പരാതിയും നഗരകാര്യ ഡയറക്ടര്‍ക്കും കേന്ദ്ര വിജിലന്‍സ് ഡയറക്ടര്‍ക്കും ലഭിച്ചിട്ടുണ്ട് . പരിസരവാസികളും കണ്‍വെന്‍ഷന്‍ സെന്ററിനെതിരായി പരാതി നല്‍കിയിട്ടുണ്ട്. മലിനീകരണ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു അടുത്തിടെ എന്‍ഒസി വാങ്ങി. ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും അടുക്കളയില്ലെന്നും കാണിച്ച് മലിനീകരണബോര്‍ഡിന് കള്ള സത്യവാങ്ങ്മൂലം നല്‍കിയാണ് എന്‍ഒസി വാങ്ങിയിരിക്കുന്നത്. ഇന്‍സിലലേറ്റര്‍, ജനറേറ്റര്‍ എന്നിവയുടെ എക്‌സ്ഹാന്‍സ്റ്റ് പൈപ്പുകള്‍ കെട്ടിടത്തിനേക്കാള്‍ ഉയരത്തില്‍ വേണമെന്നിരിക്കെ അതു ചെയ്തിട്ടില്ല. ഇത് പരിസരവാസികള്‍ക്ക് വലിയ ദുരിതമാണുണ്ടാക്കുന്നത്. വന്‍കിട ജനറേറ്റര്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതുമൂലം പരിസരത്തുള്ള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു.

കെപിസിസി ജനറല്‍ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള എംസിപി കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളുകള്‍ പൂട്ടാന്‍ കൗണ്‍സില്‍ തീരുമാനം എടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചില ഗ്രുപ്പുകള്‍ കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ തുറന്ന നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട് . നഗരസഭ ഭരണത്തില്‍ ഉള്ള നിര്‍ണായക സ്വാധീനം ഉപയോഗിച്ച് പലപ്പോളും അനര്‍ഹമായ കാര്യങ്ങള്‍ നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കുന്നതുമൂലം സമൂഹമധ്യത്തില്‍ കോണ്‍ഗ്രസ്സിന് നാണക്കേടുണ്ടാക്കുന്നു  എന്ന  മറ്റു ഗ്രൂപ്പുകളുടെ പ്രധാന ആരോപണത്തിന് ഇതോടെ ശക്തിയാര്‍ജിക്കും.

related news : കണ്‍വെന്‍ഷന്‍ സെന്റര്‍ വിവാദം : ന്യായീകരണവുമായി എം പി ജാക്സണ്‍ – നഗരസഭ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയാല്‍ നികുതി കൊടുക്കാന്‍ തയ്യാര്‍


Comments

Top
Close
Menu Title