News

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ്സിന് പൊതുസമൂഹത്തില്‍ നാണക്കേടുണ്ടാക്കുന്നതായി പരാതി

ഇരിങ്ങാലക്കുട : കെ.പി.സി.സി ജനറല്‍ സെക്രട്ടറി പൊതുസമൂഹത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പരാതി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി ആന്റണി തെക്കേക്കര, ഡി.സി.സി അംഗം പി.കെ ഭാസി എന്നിവരാണ് എം.പി ജാക്‌സനെതിരെ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, കെ.പി.സി.സി പ്രസിഡന്റ് എന്നിവര്‍ക്ക് പരാതി നല്‍കിയത്. തന്റെ കുടുംബത്തിന്റെ വ്യാപാരത്തിനും, വ്യവസായത്തിനും വേണ്ടി ജാക്‌സന്‍ പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ നാണം കെടുത്തുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ജാക്‌സണ്‍ ചെയര്‍മാനായിട്ടുള്ള എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിലെ അധിക ഹാളുകള്‍ അടച്ചുപൂട്ടാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഉത്തരവിട്ടിരിക്കുകയാണ്. ബില്‍ഡിംഗ് റൂള്‍സ് പാലിക്കാതെ നികുതി വെട്ടിപ്പുമായി മുന്നോട്ടുപോയതുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്ന മുനിസിപ്പാലിറ്റി ഐക്യകണ്‌ഠേന ഇത്തരമൊരു തീരുമാനമെടുത്തത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ചട്ടവിരുദ്ധമായി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ നമ്പര്‍ ഇടുന്നതിന് മുമ്പായി ഉദ്ഘാടന ചെയ്തത്. ഇത് പാര്‍ട്ടിക്ക് ഏറെ മാനക്കേടുണ്ടാക്കി.

കഴിഞ്ഞ നിയമസഭാ മത്സരത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ തോമസ് ഉണ്ണിയാടനെ തോല്‍പ്പിക്കാന്‍ ജാക്‌സണും കൂട്ടാളികളും വഹിച്ച പങ്ക് നാട്ടില്‍ പാട്ടാണ്. ജനറല്‍ സെക്രട്ടറി ആയതിനുശേഷം തന്റെ അധികാരമുപയോഗിച്ച് ജാക്‌സന്‍ കോണ്‍ഗ്രസ്സിനെ പാര്‍ശ്വവല്‍ക്കരിക്കുകയാണ്. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട്, മണ്ഡലം പ്രസിഡണ്ട് എന്നിവര്‍ ബാങ്കിലെ ജീവനക്കാരാണ്. ടൗണ്‍ ബാങ്കിലെ ജീവനക്കാരെ മുനിസിപ്പല്‍ കൗണ്‍സിലിലേയ്ക്ക് സ്ഥാനാര്‍ത്ഥികളാക്കി നിറുത്താനും അദ്ദേഹം ബദ്ധശ്രദ്ധനാണ്. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് തന്നിഷ്ടപ്രകാരം പാര്‍ട്ടിയെ കൊണ്ടുപോകുവാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ഇരുവരും ആരോപിച്ചു. കെ.പി.സി.സി. വയനാട് ജില്ലയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയായി നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇവിടെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. തന്മൂലം യു.ഡി.എഫിന്റെ കുത്തകമണ്ഡലമായിരുന്ന ഇരിങ്ങാലക്കുട ഇപ്പോള്‍ എല്‍.ഡി.എഫിന്റെ കൈകളിലാണ്. ഇനിയും അദ്ദേഹം ഇവിടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം എല്ലാകാലത്തേക്കുമായി യു.ഡി.എഫിന് നഷ്ടപ്പെടുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ റേഷന്‍ അരി വിഷയവും, ഐ ടി സി ബാങ്ക് ട്രേഡ് മാര്‍ക്ക് വിഷയത്തില്‍ നടക്കുന്ന കേസിനെ കുറിച്ചും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Comments

Comments are closed.

Top
Menu Title