News

ഐ ടി സി ബാങ്കിന്റെ പേര് മാറ്റം : ബാങ്ക് ചെയര്‍മാന്റെ ധിക്കാരപരമായ മുഖം മിനുക്കലിന്റെ ബാക്കി പത്രം – ആന്റണി തെക്കേക്കര

ഇരിങ്ങാലക്കുട : ഐ ടി സി എന്ന നാമധേയം യാതൊരുവിധത്തിലും ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ്‌ ബാങ്ക്‌ ഉപയോഗിക്കരുത്‌ എന്ന്‌ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയിട്ടുള്ളത്‌ മൂലം ഐ ടി സി ബാങ്കിന്റെ പരസ്യബോര്‍ഡുകളും മറ്റും ഇപ്പോള്‍ പേര് മറയ്‌ക്കുവാനും അത് മൂലമുണ്ടാകുന്ന നഷ്ടത്തിനും കാരണം നിയമാനുസൃതമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ ബാങ്ക് ചെയര്‍മാനായ എം പി ജാക്സണ്‍ നടത്തിയ ധിക്കാരപരമായ മുഖം മിനുക്കലിന്റെ ബാക്കി പത്രമാണ്‌ ഈ കൗപീനം ധരിപ്പിക്കല്‍ എന്ന് ലോയേര്‍സ് കോണ്‍ഗ്രസ് ഭാരവാഹിയും മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആന്റണി തെക്കേക്കര . ഇന്ത്യയിലെ പുരാതനവും, പ്രശസ്‌തമായതും, ആയിരക്കണക്കിന്‌ കോടി രൂപ വിറ്റുവരവുള്ളതുമായ ഇന്ത്യന്‍ ടുബാക്കോ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം ഇന്ത്യയില്‍ ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌ I.T.C. എന്ന നാമധേയത്തിലാണ്‌. ഈ കാര്യം ഏതു കൊച്ചുകുട്ടിക്കു പോലും അറിയാവുന്നതാണ്‌. അവരുടെ ബിസിനസ്സ്‌ സാമ്രാജ്യത്തിന്റെ ആകെ വിറ്റുവരവ്‌ ഉദ്ദേശം അമ്പതിനായിരം കോടി രൂപയോളം വരും. ആ കാര്യം ഗൗരവത്തിലെടുക്കാതെ, പഠിക്കാതെ തന്നിഷ്‌ട പ്രകാരം ടൗണ്‍ കോപ്പറേറ്റീവ്‌ ബാങ്കിന്റെ പ്രസിഡണ്ട്‌ ചെയ്‌ത പരിഷ്‌കാര പ്രവൃത്തി മൂലം ബാങ്കിനുണ്ടാകാന്‍ പോകുന്ന നഷ്‌ടം എത്രയാണെന്ന്‌ ഇനിയും തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു.

തങ്ങളുടെ രജിസ്റ്റേര്‍ഡ് ട്രേഡ് മാര്‍ക്ക് ദുരുപയോഗപ്പെടുത്തി കോടി കണക്കിന്‌ രൂപയോളം ലാഭമുണ്ടാക്കിയെന്നും, മറ്റും ആരോപിച്ചിട്ടാണ്‌ ഇന്ത്യന്‍ ടുബാക്കോ കമ്പനി കല്‍ക്കട്ട ഹൈക്കോടതിയില്‍ ട്രേഡ് മാര്‍ക്ക് ഫാള്സിഫയിങ്ന്‌ സെക് . 102, ട്രേഡ് ആന്‍ഡ് മെര്‍ച്ചന്റിസ് ആക്ട് അനുസരിച്ച്‌ കേസ്‌ ഫയല്‍ ചെയ്‌തിട്ടുള്ളത്‌ എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌ എന്നും അഡ്വക്കേറ്റ് ആന്റണി തെക്കേക്കര ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു . ഈ കേസിലുണ്ടായ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ്‌ ഐ ടി സി എന്ന നാമധേയം യാതൊരുവിധത്തിലും ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ്‌ ബാങ്ക്‌ ഉപയോഗിക്കരുത്‌ എന്ന്‌ വിലക്കിയിട്ടുള്ളത്‌. ആയതിന്റെ പശ്ചാത്തലത്തിലാണ്‌ ബാങ്കിന്റെ ബോര്‍ഡുകളില്‍ കൗപീനം ധരിപ്പിച്ചിട്ടുള്ളതും, ബാങ്കിംഗ്‌ സാമഗ്രികളിലും, രേഖകളിലും ഐ ടി സി എന്നുള്ളത്‌ മായ്‌ച്ചു കളയുന്നതും. ബാങ്കിന്റെ ചെക്കുകളില്‍ ഐ ടി സി എന്നുള്ളത്‌ കറുത്ത സീല്‍ വെച്ച്‌ മായ്‌ച്ചുകളയുകയുണ്ടായെന്നും, എന്നാല്‍ അത്തരത്തിലുള്ള ചെക്കുകള്‍ ക്ലിയറിങ്ങിനു ചെന്നപ്പോള്‍ തിരസ്‌ക്കരിക്കപ്പെട്ടുവെന്നും, വീണ്ടും കോടതി ഉത്തരവ്‌ ലംഘിച്ച്‌ പഴയപടി തന്നെ അനുവര്‍ത്തിക്കുന്നതായിട്ടാണ്‌ ഇപ്പോള്‍ അറിയുവാാന്‍ കഴിഞ്ഞിട്ടുള്ളത്‌ എന്നും ആദ്ദേഹം ആരോപിച്ചു . ബാങ്കിന്റെ ജനറല്‍ ബോഡിയുടെ അനുവാദമോ, അംഗീകാരമോ ഇല്ലാതെ തന്നിഷ്‌ട പ്രകാരമായി നടത്തിയ പ്രവൃത്തി മൂലം ബാങ്കിനുണ്ടായ നഷ്‌ടം പത്തുകോടിയില്‍ മാത്രം അവസാനിക്കുന്നതല്ല. എത്രയാണെന്ന്‌ ഇനിയും തിട്ടപ്പെടുത്തേണ്ടതാണ്‌.

1918 ല്‍ ഇരിങ്ങാലക്കുടയിലെ സഹകാരികള്‍ ചേര്‍ന്ന്‌ ആരംഭിച്ച നമ്പര്‍ 55 ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ്‌ ബാങ്കിന്റെ പൂര്‍ണ്ണമായ നിയന്ത്രണം കൈക്കലാക്കി പാര്‍ശ്വവര്‍ത്തികളെ ഡയറക്‌ടര്‍മാരാക്കി ഭരണം തുടര്‍ന്നു. 14 ബ്രാഞ്ചുകളാണ്‌ പുതിയതായി ആരംഭിച്ചത്‌. സ്വന്തം കുടുംബ്ബക്കാരെയും ബാക്കിയുള്ളവ തന്റെ ഗ്രൂപ്പുക്കാര്‍ക്കും, തന്റെ കുടുംബ വ്യാപാര വ്യവസായങ്ങളില്‍ അഴിമതിക്ക്‌ കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ എതിരാളികള്‍ എന്നിവര്‍ക്കുമായി വീതം വെച്ചു. ശരിയായ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നാളിതുവരെയായി യാതൊരു നിയമനവും നടത്തിയിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു .

ബാങ്കിന്റെ പേരില്‍ പരിഷ്‌കാരം പോരെന്നും തുടര്‍ന്ന്‌ ഏതാണ്ട്‌ 2013-ഓടു കൂടി ബാങ്കിന്റെ പേര്‌ I.T.C. Bank എന്ന്‌ പുനര്‍നാമകരണം ചെയ്യുകയും ചെയ്‌തു. ബാങ്കിലെ ലെഡ്ജര്‍ മുതല്‍ സ്ലിപ് വരെയും, ചെക്ക്‌ മുതല്‍ ഡ്രാഫ്‌റ്റ്‌ വരെയും ഉള്ള എല്ലാ അച്ചടി രേഖകളിലും ഐ ടി സി ബാങ്ക് എന്ന്‌ മുദ്രണം ചെയ്‌തു. ബാങ്കിന്റേതായ പുതിയ സോഫ്‌റ്റ്‌ വെയര്‍ ഉണ്ടാക്കി ആയതിനായിമാത്രം ഒരു കോടി രൂപ ചെലവഴിച്ചു. അങ്ങിനെ പ്രസിഡണ്ടിന്റെ പത്രാസിനുവേണ്ടി മുഖം മിനുക്കല്‍ നടത്തിയ വകയില്‍ ബാങ്കിന്‌ ചെലവായത്‌ അഞ്ചു കോടി രൂപയാണെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ ബാങ്ക്‌ ചെയര്‍മാന്റെ ശ്രമം ബാങ്കിന്റെ പേര്‌ ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോപ്പറേറ്റീവ്‌ ബാങ്ക്‌ എന്നാക്കി മാറ്റുന്നതിനുവേണ്ടിയാണ്‌. ആയതിനുവേണ്ടി ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുവാന്‍ ശ്രമം ചെയ്‌തു വരുന്നതായും ഇതിനിടെ 25 കോടി രൂപ കൊടുത്ത്‌ കേസ്‌ ഒതുക്കി തീര്‍ക്കുവാന്‍ പരിശ്രമങ്ങള്‍ ചെയ്യുന്നുണ്ടെന്ന്‌ പുറമെ കേള്‍ക്കുന്നുമുണ്ട്‌. കാരണം മൂന്നു വര്‍ഷം വരെ തടവും, പിഴയും ലഭിക്കാവുന്നതാണ്‌ കുറ്റം. കുറ്റകൃത്യം ചെയ്യുന്നത്‌ സ്ഥാപനങ്ങളാണെങ്കില്‍ ആ കാലയളവിലെ ഡയറക്‌ടര്‍മാരും, തത്സമയം ഉത്തരവാദികളായ ഉദ്യോഗസ്ഥരും കുറ്റക്കാരാണ്‌. 25 കോടി രൂപ കൊടുക്കുവാന്‍ ശ്രമിക്കുന്നത്‌ സഹകാരികളുടെ കണ്ണീരുവീണ പണമാണെന്ന്‌ ഓര്‍ക്കേണ്ടതാണ്‌ എന്നും ആന്റണി തെക്കേക്കര ഓര്‍മിപ്പിച്ചു .
ഒരു പട്ടണത്തെ മുഴുവന്‍ നോക്കുകുത്തികളാക്കി നടത്തികൊണ്ടിരിക്കുന്ന ഈ അഴിമതിയും , പുറമ്പോക്കു കയ്യേറ്റം, റേഷന്‍ അരി മോഷണം, സഹകരണ ആശുപത്രി ലേലം, കണ്‍വെന്‍ഷന്‍ സെന്ററിലെ തട്ടിപ്പും, നികുതി വെട്ടിപ്പും, അനധികൃത നിര്‍മ്മാണവും, പത്രസമ്മേളനങ്ങളിലെ വെല്ലുവിളികളും, തട്ടിക്കയറലും, ഭീഷണിയും, ഇപ്പോഴിതാ ടൗണ്‍ ബാങ്കിന്റെ കോടിക്കണക്കിന്‌ രൂപയുടെ നഷ്‌ടമുണ്ടാക്കലും. ഇതിനെല്ലാം മുന്‍പില്‍ മിണ്ടാതെയും, കണ്ണടച്ചും പരസ്യത്തിനും, ജോലിക്കും, സംഭാവനയ്‌ക്കും വേണ്ടി വായമൂടി കെട്ടി നില്‍ക്കുന്ന നിസ്സഹായരായ പട്ടണവാസികള്‍. തന്റെ ജീവിതത്തില്‍ എല്ലായിടത്തും ഒന്നാമനാണെന്ന്‌ ധാര്‍ഷ്‌ട്യത്തോടെ പറയുകയും , സ്വയമായി സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയും ചെയ്യുന്ന ബാങ്ക്‌ പ്രസിഡണ്ടിനോട്‌ ചോദിക്കുവാനുള്ളത്‌ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പ്രസ്സ്‌ ക്ലബ്ബില്‍ താങ്കള്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ പറയുകയുണ്ടായി ഒന്നാമനായി നില്‍ക്കുന്നതിനുവേണ്ടി ഞാന്‍ കുറി കമ്പനികളില്‍ ചേരാറില്ല എന്ന്‌. ഇരിങ്ങാലക്കുട ബ്ലേയ്‌സ്‌ കുറീസ്‌ എന്ന സ്ഥാപനത്തില്‍ താങ്കള്‍ക്ക്‌ ഷെയറുളള സാഹചര്യത്തിലാണ്‌ താങ്കള്‍ കളവു പറഞ്ഞിട്ടുള്ളത്‌. ഇതെല്ലാം ലോകം മുഴുവന്‍ കാണുകയും, കേള്‍ക്കുകയും ചെയ്‌തിട്ടുള്ളതാണ്‌. താങ്കള്‍ പറഞ്ഞത്‌ കളവല്ലെന്ന്‌ തെളിയിക്കുകയാണെങ്കില്‍ ഞാനെന്റെ പൊതുപ്രവര്‍ത്തനം നിര്‍ത്തുവാന്‍ തയ്യാറാണ്‌. മറിച്ചാണെങ്കില്‍ താങ്കള്‍ നിര്‍ത്തുമോ പൊതുചൂഷണം എന്ന് ആന്റണി തെക്കേക്കര എം പി ജാക്‌സനെ വെല്ലുവിളിച്ചു . സഹകരണ ബാങ്കില്‍ എം പി ജാക്‌സനെ അവരോധിച്ചത്‌ ഈ നാട്ടിലെ കോണ്‍ഗ്രസ്സുകാരും, സഹകാരികളും ചേര്‍ന്നാണ്‌ എന്നും അതിനാല്‍ സഹകാരികളോടും, പൊതുജനങ്ങളോടും മറുപടി പറയുവാന്‍ താങ്കള്‍ക്ക്‌ ചുമതലയുണ്ട്‌ എന്നും ആന്റണി തെക്കേക്കര പറയുന്നു.


Comments

Top
Close
Menu Title