News

നഗരത്തിലെ അനധികൃത ബോര്‍ഡുകള്‍ എല്ലാം മാറ്റി, നഗരസഭാ ജീവനക്കാരുടെ സംഘടനയുടെ ഒഴിച്ച്…

ഇരിങ്ങാലക്കുട : ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാന പ്രകാരം നഗരത്തില്‍ പല ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള അനധികൃത ബോര്‍ഡുകളും കമാനങ്ങളും നഗരസഭയുടെ ഇതിനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് ശനിയാഴ്ച എടുത്തു മാറ്റി. കാലാവധി കഴിഞ്ഞിട്ടും എടുത്ത് മാറ്റാതെ അടുത്ത പരിപാടികള്‍ക്കായി ബുക്ക് ചെയ്ത പോലെ നഗരത്തില്‍ കമാനങ്ങള്‍ കൂടിയത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഠാണാ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ പ്രധാന റോഡിനോട് ചേര്‍ന്ന് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത് കാല്നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ട്.

റോഡരികില്‍ ഫ്ലെക്സുകള്‍ കമാനങ്ങളും പാടില്ലെന്ന നിയമം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയില്‍ പോലീസ് ചൂണ്ടിക്കാണിച്ചപ്പോള്‍ ചെറിയ ഇളവുകളോടെ ഇവ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതിനനുസരിച്ച് പരിപാടികള്‍ക്ക് ഒരാഴ്ച മുന്‍പ് മാത്രമേ ഫ്ലെക്സുകള്‍, കമാനങ്ങളും സ്ഥാപിക്കാന്‍ പാടുള്ളൂവെന്നും അത് കഴിഞ്ഞാല്‍ രണ്ടു ദിവസത്തിനകം ഇത് മാറ്റണമെന്നും തീരുമാനമായി. നഗരസഭയില്‍ ആരോഗ്യം, റവന്യു, എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ അനധികൃത ബോര്‍ഡുകളും കമാനങ്ങളും എടുത്ത് മാറ്റാനായി സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ പ്രവര്‍ത്തനമായിരുന്നു ഇന്ന് ബോര്‍ഡുകള്‍ എടുത്ത് മാറ്റിയത്

എന്നാല്‍ നഗരസഭാ ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസിന്റെ 30- ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിന്റെ പല ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ഇന്നത്തെ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ എടുത്ത് മാറ്റിയിട്ടില്ല. 2017 ജനുവരി 13, 14 തീയതികളില്‍ കൊല്ലത്തു നടക്കുന്ന പരിപാടിയുടെ ഫ്ളക്സ് ബോര്‍ഡുകളാണ് ഇവ. ഒരു മാസത്തിനപ്പുറം നടക്കുന്ന പരിപാടികളുള്‍ടെ ഫ്ലെക്സുകള്‍ വയ്ക്കുന്നത് അനധികൃതമാണെന്നിരിക്കെ നഗരസഭാ ജീവനക്കാരുടെ സംഘടനയായതു കൊണ്ട് മാത്രം ഇവ ഒഴിവാക്കിയത് പരാതി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതേപ്പറ്റി അറിയില്ലെന്നാണ് നഗരസഭാ സെക്രട്ടറിയുടെ ഭാഷ്യം. നിയമം എല്ലാവരും പാലിക്കണമെന്നും എല്ലാ മാസവും ഈ സ്‌ക്വാഡ് ഇറങ്ങുമെന്നും ഇവര്‍ പറയുന്നു.


Comments

Top
Close
Menu Title