News

പ്രതിഷേധ സദസ്സെന്ന ഓലപ്പാമ്പു കാട്ടി തന്നെ ഭീഷണിപ്പെടുത്തണ്ട – എം പി ജാക്സണ്‍

ഇരിങ്ങാലക്കുട : രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടി തന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഒരു ഭീഷണി എന്ന നിലയിലാണ് ടൗണ്‍ ബാങ്ക് ,സഹകരണ ആശുപത്രി അഴിമതിക്കെതിരെയും ,എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ നികുതി വെട്ടിപ്പിനെതിരെയും സി പി എം നടത്തുന്ന പ്രതിഷേധ സദസ്സ് നടത്തുന്നത് എന്ന് എം പി ജാക്സണ്‍ പറഞ്ഞു . സഹകരണവകുപ്പും ഭരണവും കൈയിലിരിക്കുമ്പോള്‍ എന്തുകൊണ്ട് ആ രീതിയില്‍ ഒരു അന്വേഷണം സര്‍ക്കാരിനെക്കൊണ്ട് എടുപ്പിക്കാന്‍ സി പി എം ശ്രമിക്കാത്തത് എന്നും എം പി ജാക്സണ്‍ ചോദിച്ചു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തണമെങ്കില്‍ താന്‍ തന്നെ വിചാരിക്കണമെന്നും അല്ലാതെ ഇത്തരം ഓലപ്പാമ്പുകള്‍ കാട്ടി തന്നെ ഭീഷണിപ്പെടുത്തേണ്ട എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്നു തന്നെ ഈ മൂന്ന് വിഷയങ്ങളിലും ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നു എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സര്‍ക്കസ് കൂടാരമാണെന്നും അതില്‍ പലതരം മനുഷ്യരും മൃഗങ്ങള്‍ ഉണ്ടാകുമെന്നും, ഇതിൽ എല്ലാവരെയും ഒരു പോലെ കൊണ്ട് നടന്നിട്ടല്ലലോ സര്‍ക്കസിന്റെ റിംഗ് കൊണ്ടുപോകുന്നത് . ഇത് വരെ റിംഗ് കൊണ്ടുപോകുന്നതില്‍ താന്‍ വിജയിച്ചിട്ടുണ്ടെന്നും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ജയിക്കാന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നും മറ്റുള്ളവരെ തോല്‍പ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാറില്ലെന്നും ഞാന്‍ എവിടെയും ജയിക്കാന്‍ ഉള്ള പരിശ്രമം നടത്തും. ആര് എന്തു ആരോപണം പറഞ്ഞാലും ഞാന്‍ അത് നോക്കാറില്ല

സഹകരണ ആശുപത്രി വായ്‌പ വാങ്ങിയതിന്റെ ഇരട്ടി തുകയായ 9 .30 കോടി രൂപ ഹഡ്‌കോയ്ക്ക് നല്‍കി വായ്‌പ തീര്‍ക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുള്ളതാണ്. ടൗണ്‍ ബാങ്കില്‍ നിന്നും ആശുപത്രിയ്ക്ക് നല്‍കിയ വായ്‌പ പൂര്‍ണമായും തിരിച്ചടച്ചിട്ടുള്ളതാണെന്നും കോടതി നിര്‍ദേശപ്രകാരം പലിശയിളവ് ജനറല്‍ ബോഡി ഐക്യകണ്ഠേന അംഗീകരിച്ചിട്ടുള്ളതാണെന്നും എം പി ജാക്സണ്‍ പത്രക്കുറിപ്പിലറിയിച്ചു.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തില്‍ നിയമലംഘനങ്ങള്‍ നടത്തിയിട്ടില്ലെന്നും നിര്‍മാണം ആരംഭിച്ചതിനു ശേഷം 2016ല്‍ നിലവില്‍ വന്ന കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ആക്ടിന് അനുസൃതമായി ആവശ്യമായ രേഖകള്‍ കൂടി സമര്‍പ്പിക്കാന്‍ മാത്രമേ ബാക്കിയുള്ളു എന്നും മുനിസിപ്പാലിറ്റി തെറ്റായി നികുതി നിശ്ചയിച്ചതിനു എതിരെ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ മുനിസിപ്പല്‍ നടപടി നിര്‍ത്തി വയ്ക്കാന്‍ ഇടക്കാല ഉത്തരവായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തില്‍ സഹകരണ മേഖലയില്‍ ആദ്യമായി ബ്രാന്‍ഡിംഗ് കൊണ്ട് വന്നതിന്റെ ഭാഗമായാണ് ഐ ടി സി ബാങ്ക് എന്ന പേര് സ്വീകരിച്ചത്. കൊല്‍ക്കത്ത ആസ്ഥാനമായ ഇന്ത്യന്‍ ടുബാക്കോ കമ്പനി ITC BANK എന്ന ട്രേഡ്മാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും മറിച്ച് ഇരിങ്ങാലക്കുട ടൗണ്‍ ബാങ്ക് itcbank.com എന്ന വെബ്സൈറ്റ് ഡൊമെയ്ന്‍ നെയിം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇതിനെതിരെ ഇന്ത്യന്‍ ടുബാക്കോ കമ്പനി നല്‍കിയ കേസില്‍ ബാങ്കിനനുകൂലമായി വിധി ലഭിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടുബാക്കോ കമ്പനി ബാങ്കിന് അധികാര പരിധി പോലുമില്ലാത്ത കൊല്‍ക്കത്തയില്‍ കേസ് രജിസ്റ്റര്‍ ചെയ്തും ഇടക്കാല ഉത്തരവ് അനുകൂലമായി കരസ്ഥമാക്കിയിട്ടുണ്ട്. കേസില്‍ താത്കാലിക സ്റ്റേ ഉള്ളതിനാലാണ് താല്‍ക്കാലികമായി ITC എന്ന പേര് ഉപയോഗിക്കാത്തത്. കേസ് ഇപ്പോളും നടന്നു കൊണ്ടിരിക്കുകയാണ്. ബാങ്കിന് നയാപൈസ നഷ്ടമുണ്ടാകില്ല എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ദുരുപധിഷ്ടമാണ് എന്നും ബാങ്ക് ചെയര്‍മാന്‍ കൂടിയായ എം പി ജാക്സണ്‍ പറഞ്ഞു.

ടൗണ്‍ ബാങ്ക്, സഹകരണ ആശുപത്രി ധൂര്‍ത്തിനും അഴിമതിക്കുമെതിരെയും എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ നികുതി വെട്ടിപ്പിനും അനധികൃത നിര്‍മാണത്തിനുമെതിരെ ഏപ്രില്‍ 21 ന് ആല്‍ത്തറയ്ക്കല്‍ സി പി ഐ എം നടത്തുന്ന പ്രതിഷേധ സദസ്സിന്റെ ഭാഗമായിട്ടാണ് എം പി ജാക്സണ്‍ ഇത്തരമൊരു പത്രക്കുറിപ്പ് ഇറക്കിയത്.

Related News : പ്രതിഷേധ സദസ് വെറും ഓല പാമ്പല്ല , ആഞ്ഞു കൊത്തുന്ന ചുവന്ന പാമ്പെന്ന് എന്‍.ആര്‍. ബാലന്‍ : അഴിമതികള്‍ക്കെതിരെ സഹകരണ നിയമപ്രകാരം അന്വേഷണം നടത്തും


Comments

Top
Close
Menu Title