News

നഗരസഭ അറിയാതെ ബോയ്സ് ഹൈസ്കൂളിന്റെ 40 സെന്റ് സ്ഥലത്തു കൈയേറ്റവും നിര്‍മ്മാണവും


ഇരിങ്ങാലക്കുട : നഗരസഭയുടെ അധിനതയിലുള്ള മോഡല്‍ ബോയ്സ് ഹൈസ്കൂളിന്റെ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള 40 സെന്റ് സ്ഥലത്തു സ്കൂള്‍ അധികൃതരും നഗരസഭയും അറിയാതെ നിലം നികത്തലും മരം വെട്ടലും പുരോഗമിക്കുന്നു . സംഭവം അറിഞ്ഞു മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തു എത്തിയപ്പോള്‍ ആണ് സ്കൂള്‍ അധികൃതരും സംഭവത്തെക്കുറിച്ചു അറിയുന്നത് . ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്‌സിന് വേണ്ടി ജില്ലാ ഹെഡ് കോര്‍ട്ടേഴ്‌സ് ആസ്ഥാനവും ഓഡിറ്റോറിയവും പണിയുന്നതിന് വേണ്ടിയാണു ബോയ്സ് ഹൈസ്കൂളിന്റെ ഗ്രൗണ്ടിനോട് ചേര്‍ന്ന് 40 സെന്റ് സ്ഥലത്തെ മരങ്ങള്‍ വെട്ടി നിലം നിരപ്പാക്കി കൊണ്ടിരിക്കുന്നത് . ഈ വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നില്ല . കഴിഞ്ഞ അവധി ദിവസങ്ങളിലാണ് ഇവിടെ ജെ സി ബിയും ലോറികളും എത്തി മരം വെട്ടികൊണ്ടുപോയതും നിലങ്ങള്‍ നിരപ്പാക്കിയതും . ഇരിങ്ങാലക്കുട നഗരസഭയുടെ അധിനതയിലുള്ള സ്ഥലമായിട്ടു പോലും നഗരസഭയും ഇത് അറിഞ്ഞിരുന്നില്ല . പക്ഷെ ഈ സ്ഥലം ലഭിക്കാന്‍ വേണ്ടി 2012 മുതല്‍ നീക്കങ്ങള്‍ നടന്നതായി രേഖകള്‍ വ്യക്തമാക്കുന്നു . ഹെഡ് കോര്‍ട്ടേഴ്‌സ് കെട്ടിടം പണിയാന്‍ ബോയ്സ് ഹൈ സ്കൂളിന്റെ സ്ഥലം വേണമെന്ന സ്കൗട്സ് ആന്‍ഡ് ഗൈഡ്‌ അധികൃതരുടെ ആവശ്യത്തെത്തുടര്‍ന്നു അന്നത്തെ എം എല്‍ എ തോമസ് ഉണ്ണിയാടന്‍ ഇതിനു വേണ്ട ഒത്താശകള്‍ എല്ലാം സര്‍ക്കാര്‍ തലത്തില്‍ ചെയ്തു നല്‍കിയിരുന്നു . ഇതിനു പുറമെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും നല്‍കിയതായി രേഖകയില്‍ കാണുന്നു . ഇതിനു പുറമെ ആണ് ബോയ്സ് ഹൈ സ്കൂളിന്റെ സ്ഥലം പുറം ലോകം അറിയാതെ സ്കൗട്സ് ആന്‍ഡ് ഗൈഡ്‌ കെട്ടിടം നിര്‍മ്മിക്കാന്‍ നല്‍കിയത് . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് 2016 ഫെബ്രുവരി 18 ന് ഇതിനായി സര്‍ക്കാര്‍ ഉത്തരവിറക്കിയത് .അക്കാലത്ത് ഇറക്കിയ മറ്റു ഉത്തരവുകള്‍ എല്ലാം വലിയ പ്രാധാന്യത്തോടെ പത്രസമ്മേള്ളനം നടത്തി പൊതു ജങ്ങളെ അറിയിക്കാന്‍ താല്പര്യം കാണിച്ച അന്നത്തെ എം എല്‍ എ പക്ഷെ ഈ ഉത്തരവിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ചു. ഇതുമായി ബന്ധപ്പെട്ട നടന്ന ചര്‍ച്ചകളില്‍ നിന്നെല്ലാം മനഃപൂര്‍വം നഗരസഭ സെക്രട്ടറിയെ ഒഴിവാക്കിയതും ഇപ്പോള്‍ വെളിപ്പെടുന്നുണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ മരം മുറിക്കാന്‍ വേണ്ടി ഫോറെസ്റ് ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ നഗരസഭ സെക്രട്ടറിയെ അറിയിക്കാതെ ചെയര്‍പേഴ്സനും വാര്‍ഡ് കൗണ്‍സിലറും സ്ഥലം പോയി കണ്ടിരുന്നതായി ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു സമ്മതിച്ചു . തന്റെ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ബോയ്സ് ഹൈസ്കൂളില്‍ നിന്നും 40 സെന്റ് സ്ഥലം സ്കൗട്സ് ആന്‍ഡ് ഗൈഡിന് കെട്ടിടം പണിയുവാന്‍ നല്‍കുന്നതിനായി നല്‍കുമെന്ന വിവരം താന്‍ അറിഞ്ഞിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ടള മാധ്യമങ്ങളോട് ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ തന്ത്രപരമായി ഒഴിഞ്ഞു മാറുകയും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു .

40 സെന്റ് സ്ഥലം നഷപ്പെടുന്നതിന് പുറമെ ഈ കെട്ടിടത്തിലേക്കു മറ്റു വഴികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഗ്രൗണ്ടിന്റെ ഒരു വശം വഴിക്കായി നീക്കി വയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധികൃതര്‍ ഇപ്പോള്‍ . ബോയ്സ് ഹൈസ്കൂള്‍ കെട്ടിടം ഉള്ള സ്ഥലത്തു വി എച്ച് എസ് ഇ കെട്ടിടങ്ങളും ഹയര്‍ സെക്കണ്ടറി കെട്ടിടങ്ങളും ഈ അടുത്ത് നിര്‍മ്മിച്ചിരുന്നുവെങ്കിലും സ്ഥല പരിമിതി ഒരു പ്രധാന വിഷയമായി നിലനിന്നപ്പോള്‍ പോലും സ്കൂളിന്റെ ഗ്രൗണ്ടോ അതിനു സമീപത്തെ സ്ഥലങ്ങളോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കയി തങ്ങള്‍ ഉപയോഗിച്ചിരുന്നിലെന്നു ഇവിടുത്തെ അധ്യാപകര്‍ കൂട്ടത്തോടെ പറഞ്ഞു . ഇതിനു കാരണം ഭാവിയിലെ ഗ്രൗണ്ട് വികസനവും മറ്റും മുന്നില്‍ കണ്ടായിരുന്നു ഇത് എന്ന് ഇവര്‍ വ്യക്തമാക്കി .ഇതിനു തുരങ്കം വയ്ക്കുന്ന ഒരു നിലപാടാണ് മുന്‍ എം എല്‍ എ യുടെ സഹായത്തോടെ രഹസ്യമായി സ്കൗട്സ് ആന്‍ഡ് ഗൈഡ്‌ അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്നത് എന്ന് ഇവര്‍ പറഞ്ഞു . നഗരസഭ അനുമതിയില്ലാതെ നിലം നികത്തിയതിനും മരം വെട്ടിയതിനും നടപടി എടുക്കുമെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി.

Comments

Top
Menu Title