News

‘മേലാവിമാരുടെ’ പരസ്യ ശാസനയില്‍ സന്തോഷിക്കുന്നവര്‍

അങ്ങിനെ ഗുരുവിനെ ഉപദേശിക്കാന്‍ ഒരു അവസരം കിട്ടി, പലര്‍ക്കും… . ജനകിയ എംഎല്‍എയുടെ വിശദീകരണം ബീഫ് ഫെസ്റ്റ് നടത്തിയ പാര്‍ട്ടിക്ക് പക്ഷെ രുചിച്ചില്ല . എവിടെയോ എന്തോ ഒരു സ്വരച്ചേര്‍ച്ച . അറിയാതെയാണ് ആര്‍എസ്എസ് പരിപാടിക്കു പോയതെന്ന കെ.യു അരുണന്‍ എംഎല്‍എയുടെ കൈമലര്‍ത്തല്‍ സിപിഎം അംഗീകരിക്കുന്നില്ല. പാര്‍ട്ടി ഘടകങ്ങളോട് ആലോചിക്കാതെ ജനകീയനാകാന്‍ ശ്രമിച്ചതിന് പരസ്യ ശാസനയെന്ന തിരിച്ചടി. ഇതില്‍ സന്തോഷിക്കുന്നവര്‍ പക്ഷെ രാഷ്ട്രീയ ശത്രുക്കളല്ല പകരം പാര്‍ട്ടിക്കുള്ളിലെ ചില മുതിര്‍ന്ന മേലാവിമാരും, അടുത്ത തവണ നറുക്ക് വീഴണമെന്നു മോഹിക്കുന്ന ചില ‘യുവ’ തുര്‍ക്കികളും. ഒരു എം.എല്‍.എ എന്നാല്‍ ഏവരുടെയും ആണെന്നും, വെറും സങ്കുചിതമായ രാഷ്ട്രീയ കണ്ണോടെ മാത്രം ഇപ്പോള്‍ സംഭവിച്ചതിനെ കാണരുതെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഈ വിഷയത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുമ്പോളും മാഷിന് അങ്ങിനെ തന്നെ വേണമെന്ന് പറയുന്നതില്‍ മേലെ പറഞ്ഞവരുടെ ആശ്രിതരാണ് കൂടുതല്‍. സഞ്ചാരി അവരെ ഒരിക്കലും കുറ്റം പറയില്ല , കാരണം ഭരണം കിട്ടിയപ്പോള്‍ ആദ്യം ഭരിക്കാന്‍ കിട്ടുന്നത് എം എല്‍ എ ഓഫീസില്‍ ആണെന്ന സത്യം മുന്‍കൂട്ടി കണ്ട ഇവര്‍ക്ക് പക്ഷെ ആ ആഗ്രഹം മുളയിലേ നുള്ളേണ്ടതായിവന്നു. പാര്‍ട്ടി ഓഫിസിലെ പോലെ ഒരു അധികാര കസേര ചിലര്‍ അവിടെ സ്വപ്നം കണ്ടിരുന്നു. പക്ഷെ രാഷ്ട്രീയ തിമിരം ബാധിച്ചു തുടങ്ങിയിട്ടില്ലാത്ത ഇപ്പോള്‍ ജയിച്ചുകയറിവന്ന എം എല്‍ എ ആദ്യം ചെയ്ത ‘പണി’ ഇത്തരം അധികാരമോഹികളെ എം എല്‍ എ ഓഫീസില്‍നിന്നും അകറ്റിനിര്‍ത്തുകയെന്ന കാര്യമാണ് . കഴിഞ്ഞ 15 വര്‍ഷം കേരളാ കോണ്‍ഗ്രസിന് കാര്യമായി അംഗബലമില്ലാത്ത ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഉണ്ണിയാടന്‍ തുടര്‍ച്ചയായി മൂന്നുതവണ ജയിച്ചുകയറിയത് അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകള്‍ കൊണ്ടുമാത്രമായിരുന്നു. ഇത് മനസിലാക്കി അതു തുടരാനാണ് തുടക്കം മുതലേ മാഷും ശ്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്ന വിധം എം എല്‍ എ ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റി. നേതാക്കളെ ഒഴിവാക്കി അനുഭാവികളെ മാത്രമാണ് ഓഫീസില്‍ ഒപ്പം കൂട്ടിയത്. മാത്രമല്ല പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണം ഓഫീസിലുണ്ടാകരുതെന്ന് അദ്ദേഹം പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എംഎല്‍എയുടെ ജനകീയ മുഖം കാത്തുസൂക്ഷിക്കാന്‍ ചില എതിര്‍പ്പുകളെ അവഗണിച്ചും എല്ലാ പിന്തുണയും പാര്‍ട്ടി ഒരു പരിധിവരെ അദ്ദേഹത്തിന് നല്‍കുകയും ചെയ്തുവന്നിരുന്നു. പാര്‍ട്ടി നല്‍കിയ ഈ സ്വാതന്ത്ര്യം തന്നെയാണ് പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഇത്തരം അവസങ്ങള്‍ വീണുകിട്ടാന്‍ പരസ്യമായും രഹസ്യമായും ആഗ്രഹിച്ചിരുന്നത്. അരുണനെതിരെ കിട്ടിയ വടികള്‍ പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ ശക്തമായി ഉപയോഗിച്ചു. ഗ്രൂപ്പിസം കൂടിയപ്പോള്‍ കോണ്‍ഗ്രെസ്സുകാര്‍ ഇരിങ്ങാലക്കുടയിലെ അവരുടെ ആസ്ഥാന മന്ദിരത്തില്‍ ചെയ്തതുപോലെ എം എല്‍ എ ഓഫീസില്‍ ഒരു നീരിക്ഷണ ക്യാമറ വച്ചാലെന്തെന്നു ആലോചിക്കാന്‍ വരെ ഇവര്‍ തയാറായി. പക്ഷെ വാസ്തവത്തില്‍ ജനപക്ഷനിലപാട് എം എല്‍ എക്ക് അനുകൂലമായി ഇപ്പോള്‍ മാറികൊണ്ടിരിക്കുന്നതില്‍ ഈകൂട്ടര്‍ ആവലാതിയിലാണ്. ഭരണം തങ്ങളുടേതാണല്ലോ , എല്ലാം ശരിയാക്കും എന്ന വിശ്വാസത്തിലാണിവര്‍ …
SANCHARI  – A Political Travelogue


Comments

Top
Menu Title